പത്തനംതിട്ട ; കെ.സുരേന്ദ്രന് കേവലം പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥി മാത്രമല്ലെന്നും ലോകമെമ്പാടുമുള്ള ഈശ്വരവിശ്വാസികള്‍ക്കു വേണ്ടിയാണു പോരാടുന്നതെന്നും ബിജെപി ദേശീയ അധ്യഷന്‍ അമിത്ഷാ. കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ക്രൂരതകള്‍ ജനത്തിന് സഹിക്കാവുന്നതിനും അപ്പുറമായിരിക്കുന്നു. പത്തനംതിട്ടയിലെ വിജയം ഈ ഭരണത്തിന്റെ അന്ത്യം കുറിക്കുന്നതിനു തുടക്കമിടുമെന്നും അമിത് ഷാ പറഞ്ഞു.
അമിത് ഷാ നഗരത്തില്‍ നടത്തിയ റോഡ് ഷോയ്ക്ക് ആവേശകരമായ സ്വീകരണമാണു ബിജെപി ഒരുക്കിയത്. ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു. കെ.സുരേന്ദ്രനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് ഷാ പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. കനത്തമഴയെത്തുടര്‍ന്ന്, റോഡ്ഷോ പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഷാ മടങ്ങി. റോഡ്ഷോയില്‍ പങ്കെടുക്കാന്‍ ഉച്ചയോടെ തന്നെ നഗരത്തിലേക്ക് പ്രവര്‍ത്തകരെത്തിയിരുന്നു.
സെന്റ് പീറ്റേഴ്സ് ജംക്ഷനില്‍ പ്രത്യേക രഥത്തിലാണ് യാത്ര ആരംഭിച്ചത്. കെ.സുരേന്ദ്രനെ കൂടാതെ സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയും പി.സി.ജോര്‍ജും ക്രിക്കറ്റ് താരം ശ്രീശാന്തും രഥത്തില്‍ ഉണ്ടായിരുന്നു. റോഡ് ഷോ തുടങ്ങിയപ്പോള്‍ തന്നെ മഴ പ്രവര്‍ത്തകരുടെ ആവേശത്തില്‍ പങ്കാളിയായി മഴ പെയ്യാന്‍ തുടങ്ങി.
മഴ നനഞ്ഞാണ് ഷാ രഥത്തില്‍ നിന്നത്. റോഡ് ഷോ പകുതിയായപ്പോഴേക്കും മഴ കനത്തു. വാഹനത്തിനു വേഗത്തില്‍ മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെ പുതിയ ബസ് സ്റ്റാന്‍ഡിലെ പ്രസംഗവേദിയിലേക്ക് പോകാതെ, വാഹനത്തില്നിന്നുകൊണ്ട് പ്രവര്‍ത്തകരെ ചുരുങ്ങിയ വാക്കുകളില്‍ അഭിസംബോധന ചെയ്തശേഷം അമിത് ഷാ പരിപാടി അവസാനിപ്പിച്ചു.