Image

ഇന്ത്യ -പാക് വിഷയം ഒരു പ്രധാനമന്ത്രിയും തിരഞ്ഞെടുപ്പ് വിഷയമാക്കിയില്ല, മോദിക്കെതിരെ കുമാരസ്വാമി

Published on 20 April, 2019
ഇന്ത്യ -പാക് വിഷയം ഒരു പ്രധാനമന്ത്രിയും തിരഞ്ഞെടുപ്പ് വിഷയമാക്കിയില്ല, മോദിക്കെതിരെ കുമാരസ്വാമി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി. ഇന്ത്യ പാകിസ്താന്‍ വിഷയം പ്രധാനമന്ത്രി വ്യക്തിപരമായ നേട്ടം കൈവരിക്കാന്‍ ഉപയോഗിക്കുകയാണെന്നും തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുയാണ് എന്നും കുമാരസ്വാമി ആരോപിക്കുന്നു. നിരവധി തവണ ഇന്ത്യ- പാകിസ്താന്‍ യുദ്ധം ഉണ്ടായെന്നും അക്കാലമെല്ലാം ഇന്ത്യയില്‍ പ്രധാനമന്ത്രിയുണ്ടായിരുന്നെന്നും എന്നാല്‍ ഇവരില്‍ ആരും തന്നെ ഇത്തരത്തിലുളള സാഹചര്യം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ചിട്ടില്ലെന്നും കുമാരസ്വാമി പറയുന്നു.


തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ നരേന്ദ്രമോദി ബാലക്കോട്ട് വ്യോമാക്രമണം ഉയര്‍ത്തികാട്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്നത് ചൂണ്ടികാട്ടിയാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ പരാമര്‍ശം.പ്രധാനമന്ത്രി നേരിട്ടെത്തി ബാലക്കോട്ട് ബോംബ് വര്‍ഷിച്ച തരത്തിലാണ് മോദിയുടെ പരാമര്‍ശങ്ങളെന്നും ഇന്ത്യയും പാകിസ്താനും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നും ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും കുമാരസ്വാമി പറയുന്നു.

തന്റെ പിതാവ് എച്ച്‌ ഡി ദേവഗൗഡ 1995ല്‍ 10 മാസക്കാലം പ്രധാനമന്ത്രിയായ കാലത്ത് ഒരു ഭീകരവാദ പ്രവര്‍ത്തനവും ഇന്ത്യയില്‍ ഉണ്ടായില്ലെന്നും രാജ്യമാകെ സമാധാനത്തിലായിരുന്നു എന്നും ഇന്ത്യ പാക് അതിര്‍ത്തി ശാന്തമായിരുന്നു എന്നും പറയുന്നു. അദ്ദേഹം നല്ല ഭരണാധികാരിയായിരുന്നു. രാഷ്ട്രീയത്തില്‍ മികച്ച പ്രവര്‍ത്തന പാരമ്ബര്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മറ്റെല്ലാവരെക്കാളും മികച്ചത് അദ്ദേഹമായിരുന്നു. രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി നേരത്തെ തന്നെ അദ്ദേഹം അവരോധിച്ച്‌ കഴിഞ്ഞെന്നും കുമാരസ്വാമി പറഞ്ഞു.

പ്രധാനമന്ത്രിയാകാന്‍ താത്പര്യമില്ലെന്നും എന്നാല്‍ രാഹുല്‍ പ്രധാനമന്ത്രിയായാല്‍ സമീപത്തിരിക്കാന്‍ താത്പര്യമുണ്ടെന്നും ദേവ ഗൗഡ അഭിപ്രായപ്പെട്ടിരുന്നു. ഇത്തവണ ബിജെപി അധികാരത്തിലില്ലെന്നും അതിനാല്‍ പ്രാദേശിക പാര്‍ട്ടികളുടെ സംയുക്തമായുള്ള കൂട്ടുകക്ഷി ഭരണമാണ് ഉണ്ടാകാന്‍ പോകുകകയെന്നും ദേവഗൗഡയ്ക്ക് അതിനാല്‍ ദേശിയ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുണ്ടാകുമെന്നും കുമാരസ്വാമി പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക