Image

കൊളോണില്‍ `ദര്‍ശന'യുടെ നാടകം `പഞ്ചനക്ഷത്രസ്വപ്‌നം' മെയ്‌ 12,19 തീയതികളില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 23 April, 2012
കൊളോണില്‍ `ദര്‍ശന'യുടെ നാടകം `പഞ്ചനക്ഷത്രസ്വപ്‌നം' മെയ്‌ 12,19 തീയതികളില്‍
കൊളോണ്‍:ഒരു കാലത്ത്‌ കേരളത്തിന്റെ കലാശാഖയില്‍ മുഴുസ്‌പന്ദനമായി കുടികൊണ്‌ടിരുന്ന നാടകം എന്ന കല ഇന്നിപ്പോള്‍ പുത്തന്‍ യുഗത്തിന്റെ പ്രവേശത്തില്‍ കടിഞ്ഞാണിട്ട അവസ്ഥയിലാണ്‌. എന്നാല്‍ അതിനു വിപരീതമായി കഴിഞ്ഞ കാല്‍ നൂറ്റാണ്‌ടു കാലത്തിലേറെയായി യൂറോപ്പിന്റെ മണ്ണില്‍ പ്രത്യേകിച്ച്‌ ജര്‍മനിയിലെ നാടകരംഗത്തു വേറിട്ട കലാവൈഭവം കാഴ്‌ചവെച്ച കൊളോണിലെ `ദര്‍ശന' തീയേറ്റേഴ്‌സ്‌ വീണ്‌ടും അരങ്ങിലെത്തുന്നു.

മെയ്‌ 12, 19 എന്നീ ശനിയാഴ്‌ചകളില്‍ വൈകുന്നേരം 6.30 ന്‌ കൊളോണിലെ റാഡര്‍ബര്‍ഗ്‌ മരിയ എംഫേഗ്‌നസ്‌ ദേവാലയ പാരീഷ്‌ ഹാളിലാണ്‌ ദര്‍ശനയുടെ നാടകം `പഞ്ചനക്ഷത്രസ്വപ്‌നം' അരങ്ങേറുന്നത്‌.

കേരളത്തിലെ പ്രൊഫഷണല്‍ നാടക ട്രൂപ്പുകളോട്‌ കിടപിടിയ്‌ക്കുന്ന കൊളോണ്‍ ദര്‍ശന തീയേറ്റേഴ്‌സ്‌ എന്നത്‌ അഭിനയകലയെ എന്നും സ്‌നേഹിയ്‌ക്കുന്ന ജര്‍മനിയിലെ ഒരു പറ്റം കലാകാരന്മാരുടെ നാടകോപസനയുടെ ആകെത്തുകയാണ്‌. അഭിനയത്തിന്റെ മൂല്യം എന്നും മനസില്‍ ഈതിയുരുക്കി ആധുനിക സമൂഹത്തിന്റെ മുന്നില്‍ കഥാപാത്രങ്ങളായി അവതരിച്ച്‌ സമൂഹത്തിന്റെ പുഴുക്കുത്തലുകള്‍ക്കു നേരെ വിമര്‍ശനത്തിന്റെ പടവാളാകാന്‍ പ്രേരിപ്പിയ്‌ക്കുന്നത്‌ ഇവരുടെ നാടകപ്രേമം മാത്രമല്ല കലയിലൂടെ പ്രതിഫലിപ്പിയ്‌ക്കുന്ന സാമൂഹ്യ പ്രതിബദ്ധത കൂടിയാണ്‌.

1983 ല്‍ പി.ആര്‍ ചന്ദ്രന്റെ സാലഭജ്ഞിക എന്ന നാടകത്തിലൂടെ അരങ്ങത്തു വന്ന ദര്‍ശന പിന്നീട്‌ ഓരോ വര്‍ഷവും ഓരോ നാടകം വീതം കൊളോണിലെ വേദിയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അവതരിപ്പിച്ചു വന്നു. തുടക്കത്തില്‍ ജര്‍മനിയിലെ ആദ്യകാല മലയാളി പ്രവാസികള്‍ അരങ്ങത്തു വേഷമിട്ടിരുന്നത്‌ ഇപ്പോള്‍ രണ്‌ടാം തലമുറക്കാരും അവരുടെ തലമുറക്കാരും അഭിനേതാക്കളായി പരിണമിയ്‌ക്കുന്നത്‌ ഈ കലയോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെയാണ്‌. അതുകൊണ്‌ടുതന്നെ ദര്‍ശന ഒരുക്കിയ കലാ സൃഷ്‌ടികള്‍ ഇതിനോടകം യൂറോപ്പിലെ പ്രവാസി മലയാളി സമൂഹത്തിന്റെ മുക്തകണ്‌ഠ പ്രശംസ നേടിക്കഴിഞ്ഞു.

യൂറോപ്പിലെ പ്രവാസി സമൂഹത്തിന്‌ അനുയോജ്യമായ കഥകള്‍ തെരഞ്ഞെടുക്കാനും കലാമൂല്യങ്ങളുടെ പ്രസക്തി ഒട്ടും ചോര്‍ന്നു പോകാതെ രംഗത്ത്‌ അവതരിപ്പിയ്‌ക്കാനും ദര്‍ശനയിലെ കലാകാരന്മാര്‍ തികഞ്ഞ ആത്‌മാര്‍ത്ഥത പുലര്‍ത്തുന്നു. യൂറോപ്പിലെ ചരിത്രപ്രസിദ്ധമായ നാടക വേദികളില്‍ പ്രത്യേകിച്ച്‌ ജര്‍മനിയില്‍ ദര്‍ശനയെ ഒരു ഒന്നാംകിട ട്രൂപ്പാക്കി മാറ്റിയതും, കഴിവും അഭിനയ പാടവവും, കഥാപാത്രത്തിന്‌ അനുയോജ്യരെ തെരഞ്ഞുപിടിച്ച്‌ വേദിയില്‍ എത്തിക്കുകയും ചെയ്യുന്നത്‌ ദര്‍ശനയുടെ മലയാളി സമൂഹത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നു.

കലാസപര്യയുടെ പുത്തന്‍ ഭാവവുമായി പ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുന്ന പഞ്ചനക്ഷത്രസ്വപ്‌നം ദര്‍ശനയുടെ പത്തൊന്‍പതാമത്‌ നാടകമാണ്‌.


ഫ്രാന്‍സിസ്‌ ടി മാവേലിക്കര രചിച്ച പഞ്ചനക്ഷത്രസ്വപ്‌നത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒട്ടനവധിയാണ്‌. ദര്‍ശനയുടെ മിക്ക നാടകങ്ങളും ചാലിച്ചൊരുക്കിയ ജോണ്‍സണ്‍ അരീക്കാട്ട്‌ പഞ്ചനക്ഷത്രസ്വപ്‌നത്തിന്റെ സംവിധാനം നിര്‍വഹിയ്‌ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 02233 923225,0214 75609, 02233 280646.
കൊളോണില്‍ `ദര്‍ശന'യുടെ നാടകം `പഞ്ചനക്ഷത്രസ്വപ്‌നം' മെയ്‌ 12,19 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക