തിരുവനന്തപുരം പത്തനംതിട്ട മണ്ഡലങ്ങള്‍ ഇക്കുറി ബിജെപിക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ ഇപ്പോഴും പ്രവചനാതീതമാണ്. എന്നാല്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വത്തോടെ അപ്രതീക്ഷിതമായിട്ടാണ് തൃശ്ശൂര്‍ ബിജെപിയുടെ വിജയ പ്രതീക്ഷാ ചിത്രത്തിലേക്ക് കടന്നു വരുന്നത്. സിപിഐയുടെ സിറ്റിംഗ് സീറ്റായ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥി രാജാജി മാത്യു തോമസാണ് ആദ്യം പ്രചരണത്തിനെത്തിയത്. തൊട്ടു പിന്നാലെ കോണ്‍ഗ്രസിന്റെ ടി.എന്‍ പ്രതാപന്റെ സ്ഥാനാര്‍ഥിത്വവും പ്രഖ്യാപിക്കപ്പെട്ടു. ഏറ്റവുമൊടുവിലാണ് സുരേഷ് ഗോപി രംഗത്തെത്തുന്നത്.
വന്നപ്പോള്‍ തന്നെ സുരേഷ് ഗോപി ശബരിമല അയ്യപ്പന്റെ പേരെടുത്ത് പറഞ്ഞ് വോട്ട് ചോദിച്ച് വിവാദം സൃഷ്ടിച്ചു. കളക്ടര്‍ അനുപമ അതിന് നോട്ടീസ് നല്കി. വിവാദത്തോടെ തുടങ്ങയപ്പോള്‍ സുരേഷ് ഗോപി ശ്രദ്ധിക്കപ്പെട്ടു. നന്നായി പ്രസംഗിക്കാന്‍ അറിയാം എന്നത് എപ്പോഴും സുരേഷ് ഗോപിയുടെ പ്ലസ് പോയിന്റായി. പ്രസംഗത്തിനിടയില്‍ സിനിമാ ഡയലോഗുകള്‍ മേമ്പൊടിയായി തീര്‍ത്ത് കൈയ്യടികള്‍ വാങ്ങി. അതോടെ സുരേഷ്ഗോപി തൊട്ടതും പിടിച്ചതുമെല്ലാം ശ്രദ്ധ നേടുന്നതും വാര്‍ത്തയാകുന്നതും പതിവായി.
മോദി പണ്ട് പറഞ്ഞ 15 ലക്ഷം അണ്ണാക്കില്‍ തള്ളിത്തരുമെന്ന് കരുതിയോ എന്ന പിടിവിട്ട ചോദ്യത്തോടെ തനി രാഷ്ട്രീയക്കാരനായി സുരേഷ്ഗോപി. വന്ന് വന്ന് സുരേഷ് ഗോപി എവിടെയെങ്കിലും ഊണ് കഴിക്കാന്‍ കയറുന്നതും സുരേഷ് ഗോപിയുടെ മാനേജരുടെ തൊണ്ടയില്‍ മീന്മുള്ള് കുടുങ്ങിയതും വരെ വാര്‍ത്തയായി.
എന്നാല്‍ മണ്ഡലത്തിന് പുറത്തേക്ക് വാര്‍ത്തയായി എത്തുന്നത് സുരേഷ് ഗോപിയാണെങ്കിലും മണ്ഡലത്തിനുള്ളില്‍ ശക്തമായ വേരോട്ടമുള്ളവരാണ് ഇടത് വലത് സ്ഥാനാര്‍ഥികള്‍.മണ്ഡലത്തിനുള്ളില്‍ നന്നായി പ്രചരണം നടത്താന്‍ ഇരുപക്ഷത്തിനും കഴിയുന്നുമുണ്ട്.
എപ്പോഴും കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും മാറിമാറി തുണച്ചവരുമാണ് തൃശൂര്കാര്. തൃശ്ശൂര്‍, ഒല്ലൂര്‍, പുതുക്കാട്, മണലൂര്‍, ഗുരുവായൂര്‍, നാട്ടിക, ഇരിഞ്ഞാലക്കുട എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് തൃശ്ശൂരിലുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിഞ്ഞാലക്കുട, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍ എന്നീ മണ്ഡലങ്ങള്‍ യുഡിഎഫും, പുതുക്കാട്, നാട്ടിക, ഗുരുവായൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫുമാണ് വിജയിച്ചത്. ശക്തമായ ഇടതു തരംഗത്തിലും യുഡിഎഫ് തൃശ്ശൂരില്‍ നേടിയ ഈ വിജയം തുടര്‍ന്നാല്‍ ടി.എന്‍ പ്രതാപന് വിജയം ഉറപ്പ്.
ശബരിമല വിഷയം തൃശ്ശൂരില്‍ വലുതായി പ്രതിഫലിക്കുമെന്ന് ആരും കരുതുന്നുമില്ല. അതുകൊണ്ടു തന്നെ ബിജെപി ആ വിധത്തില്‍ നേട്ടമുണ്ടാക്കുമെന്ന് പറയുക വയ്യ. പക്ഷെ സ്ഥാനാര്‍ഥി സുരേഷ്ഗോപിയാണ് എന്നതാണ് ബിജെപിയുടെ പ്രതീക്ഷയാകുന്നത്. വന്‍ ജനാവലിയാണ് സുരേഷ്ഗോപിയുടെ ഓരോ പരിപാടികളിലും എത്തുന്നത്. എന്നാല്‍ വിജയിക്കാന്‍ ഇതുപോരെന്ന തോന്നലില്‍ സഭയെ പരമാവധി വിശ്വാസത്തിലെടുക്കാന്‍ സുരേഷ്ഗോപി സ്വന്തം നിലയ്ക്ക് ശ്രമിക്കുന്നുണ്ട്. സ്റ്റേജില്‍ ക്രിസ്ത്രീയ ഗാനങ്ങള്‍ ആലപിച്ച് തന്റെ സെക്യുലര്‍ ഇമേജ് പ്രചരിപ്പിക്കാനും സുരേഷ്ഗോപി ശ്രമിക്കുന്നു.
അതിനപ്പുറം തന്റെ സിനിമ ഇമേജ് സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ സഹപ്രവര്‍ത്തകരെ ഇറക്കുക എന്ന തന്ത്രത്തിലേക്കാണ് അവസാന നിമിഷം സുരേഷ് ഗോപി എത്തിയത്. തൃശ്ശൂരുകാരന് കൂടിയായ നായകതാരം ബിജുമേനോന്, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, പുതുമുഖ നടി പ്രീയാ വാര്യര്‍ എന്നിവര്‍ സുരേഷ്ഗോപിക്ക് വോട്ട് ചോദിച്ചെത്തി. സുരേഷ് ഗോപിയിലെ മനുഷ്യസ്നേഹിയെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ബിജുമേനോന് സുരേഷ് ഗോപിക്കായി വോട്ട് ചോദിച്ചത്. വോട്ട് ചോദിച്ച് പോയതിന് പിന്നാലെ ബിജുമേനോനെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അതില്‍ നിന്ന് കേരളം സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വത്തെ എങ്ങനെ കാണുന്നു എന്നതിന്റെ ആദ്യ സൂചനകള്‍ എത്തിത്തുടങ്ങിയെന്ന് മനസിലാക്കാം.
മോഹന്‍ലാലിനെ തനിക്കായി വോട്ട് ചോദിക്കാന്‍ എത്തിക്കാന്‍ സുരേഷ് ഗോപി പരമാവധി ശ്രമിച്ചതാണ്. സുരേഷ് ഗോപിയുമായി വലിയ അടുപ്പമാണെങ്കിലും രാഷ്ട്രീയ വിവാദം നേരിടേണ്ടി വരുമോ എന്ന ഭയത്താല്‍ മോഹന്‍ലാല്‍ വോട്ട് ചോദിക്കാന്‍ വരാന്‍ തയാറായില്ല. ഒരുവിധപ്പെട്ട ചലച്ചിത്രതാരങ്ങളൊന്നും തൃശ്ശൂര്‍ വഴി വരാന്‍ തയാറായതുമില്ല. വന്ന ബിജുമേനോന് തെറി വിളികൊണ്ട് ഇരിക്കാനും വയ്യാത്ത സ്ഥിതി.
മകന് ഗോകുല്‍ സുരേഷും ഭാര്യ രാധികയുമെല്ലാം സുരേഷ് ഗോപിക്കായി ഇപ്പോള്‍ മണ്ഡലത്തില്‍ സജീവ പ്രചരണത്തിലാണ്. വാഗ്ദാനങ്ങളുടെ പെരുമഴ നല്‍കിയാണ് ഓരോ തിരഞ്ഞെടുപ്പ് പ്രചരണ വേദിയും സുരേഷ് ഗോപി പിന്നിടുന്നത്. എന്നാല്‍ ഇതൊക്കെ തൃശ്ശൂരിന്റെ പള്‍സ് അറിയുന്ന തൃശ്ശൂരുകാര് കൂടിയായ പ്രതാപന്റെയും രാജാജിയുടെയുമടുത്ത് ചിലവാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.