Image

ആലുവയിലെ മൂന്ന് വയസുകാരന്‍റെ മരണം: അമ്മയ്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

Published on 19 April, 2019
ആലുവയിലെ മൂന്ന് വയസുകാരന്‍റെ മരണം: അമ്മയ്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

കൊച്ചി: ആലുവയില്‍ ക്രൂരമര്‍ദ്ദനമേറ്റ് മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ഝാര്‍ഖണ്ഡ് സ്വദേശിയായ അമ്മയെ കോടതി റിമാന്റ് ചെയ്തിരുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ഇവര്‍ കുറ്റം ചെയ്തതായി സമ്മതിച്ചിരുന്നു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൂന്ന് വയസുകാരന്റെ മരണം സംഭവിച്ചത്. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായത്. കുട്ടിയുടെ വലതുമസ്തിഷ്‌കത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ജാര്‍ഖണ്ഡ് സ്വദേശിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ടാണ് കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിക്കുന്നത്. കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകള്‍ സംബന്ധിച്ച്‌ മാതാപിതാക്കള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെയാണ് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക