Image

24 വര്‍ഷത്തിനുശേഷം മുലായവും മായാവദിയും ഒരേവേദിയില്‍

Published on 19 April, 2019
24 വര്‍ഷത്തിനുശേഷം മുലായവും മായാവദിയും ഒരേവേദിയില്‍

ലഖ്നൗ: 24 വര്‍ഷത്തെ രാഷ്ട്രീയ വൈരാഗ്യം മറന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും ബിഎസ്‌പി നേതാവ് മായാവതിയും ഒരേവേദി പങ്കിട്ടു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് ദീര്‍ഘകാലത്തെ പിണക്കം മറന്ന് ഇരുനേതാക്കളും ഒന്നിച്ചത്.

ആയിരങ്ങള്‍ അണിനിരന്ന റാലിയില്‍ ഇരുവരും പരസ്പരം പുകഴ്ത്തുകയും കേന്ദ്രഭരണത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. തന്നെ പിന്തുണയ്ക്കുവാന്‍ മായാവതി മെയിന്‍പുരിയില്‍ എത്തിയത് മറക്കില്ലെന്ന് മുലായം പറഞ്ഞു. മാത്രമല്ല ആവശ്യമുള്ള സമയത്തെല്ലാം ഞങ്ങള്‍ക്കൊപ്പം നിന്നിട്ടുള്ള നേതാവാണ് മായാവതിയെന്നും അവരോട് ബഹുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥ പിന്നാക്കസമുദായ നേതാവാണ് മുലായം സിംഗ് എന്ന് അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് മായാവതിയും പറഞ്ഞു. നരേന്ദ്ര മോദി വ്യാജ പിന്നാക്ക നേതാവാണെന്നും മായാവതി ആരോപണമുന്നയിച്ചു.

1995ന് ശേഷം ആദ്യമായിട്ടാണ് മുലായം സിംഗ് യാദവുമായി വേദി പങ്കിടുന്നതെന്ന് മായാവതി പറഞ്ഞു. ഇത് ചരിത്ര ദിനമാകുമെന്നായിരുന്നു മുലായം സിംഗിന്‍റെ ആദ്യ പ്രതികരണം. അഖിലേഷ് യാദവ്, ആര്‍എല്‍ഡി നേതാവ് അജിത് സിംഗ് എന്നിവരും റാലിയില്‍ പങ്കെടുത്തു.

ബി.ജെ.പി.യെ പരാജയപ്പെടുത്താനാണ് ബി.എസ്.പി. സമാജ് വാദി പാര്‍ട്ടിയുമായി കൈകോര്‍ത്തതെന്നും പ്രതിപക്ഷ മഹാസഖ്യത്തിന്‍റെ വിജയത്തിനായി എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും മായാവതി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക