Image

കിച്ചുവിന്റെ കണ്ണീരോര്‍മയില്‍ കിച്ചൂസിലെ ഗൃഹപ്രവേശം; ചടങ്ങില്‍ തെരഞ്ഞെടുപ്പ് തിരക്ക് മാറ്റിവെച്ച്‌ ഹൈബി ഈഡനും ഭാര്യ അന്ന ലിന്‍ഡയുമെത്തി

Published on 19 April, 2019
കിച്ചുവിന്റെ കണ്ണീരോര്‍മയില്‍ കിച്ചൂസിലെ ഗൃഹപ്രവേശം; ചടങ്ങില്‍ തെരഞ്ഞെടുപ്പ് തിരക്ക് മാറ്റിവെച്ച്‌ ഹൈബി ഈഡനും ഭാര്യ അന്ന ലിന്‍ഡയുമെത്തി
കാസര്‍കോട്: കിച്ചുവിന്റെ കണ്ണീരോര്‍മയില്‍ കിച്ചൂസിലെ ഗൃഹപ്രവേശം വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ നടന്നു. നാടൊന്നാകെ ഒഴുകിയെത്തിയ ചടങ്ങില്‍ തെരഞ്ഞെടുപ്പ് തിരക്ക് മാറ്റിവെച്ച്‌ എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനും ഭാര്യ അന്ന ലിന്‍ഡയും സന്നിഹിതരായി. പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന് ഹൈബി ഈഡനാണ് വീട് നിര്‍മിച്ചുനല്‍കിയത്. 20 ലക്ഷം രൂപ ചെലവില്‍ ഹൈബി ഈഡന്‍ ആണ് തണല്‍ പദ്ധതിയിലുള്‍പ്പെടുത്തി നിലവിലുള്ള ഒറ്റമുറി ചെറ്റക്കുടിലിന് തൊട്ടടുത്ത് അതിമനോഹരമായ വീട് 45 ദിവസത്തിനുള്ളില്‍ നിര്‍മിച്ചുനല്‍കിയത്. മൂന്ന് കിടപ്പുമുറികളും, സ്വീകരണമുറിയും, അടുക്കളയുമടങ്ങുന്നതാണ് വീട്.


ചടങ്ങില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കോണ്‍ഗ്രസ് നേതാവ് വി ഡി സതീഷന്‍, കെ പി കുഞ്ഞിക്കണ്ണന്‍, ഡിസിസി പ്രസിഡന്റ് ഹകീം കുന്നില്‍, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി, കോണ്‍ഗ്രസ് നേതാക്കളായ പി കെ ഫൈസല്‍, വിനോദ്കുമാര്‍ പള്ളയില്‍വീട്, സുരേഷ്, ബാലകൃഷ്ണന്‍ പെരിയ, സി കെ അരവിന്ദന്‍, ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.

കൃപേഷിന്റെ ഓര്‍മ്മകള്‍ തങ്ങിനിന്ന അന്തരീക്ഷത്തില്‍ അച്ഛനും, അമ്മയും, സഹോദരിമാരും കിച്ചൂസിലേയ്ക്ക് വലതുകാല്‍ വച്ചുകയറി. കിച്ചൂസ് എന്ന പേരാണ് കൃപേഷിന്റെ സുഹൃത്തുക്കള്‍ ഈ വീടിന് നല്‍കിയിരിക്കുന്നത്. പുതിയ വീട്ടിലേക്ക് കയറുമ്ബോഴും കുടുംബത്തിന്റെ കണ്ണീര്‍ തോര്‍ന്നിരുന്നില്ല. കരഞ്ഞുതളര്‍ന്ന കുടുംബാംഗങ്ങളെ ഹൈബിയും ലിന്‍ഡയും ആശ്വസിപ്പിക്കാന്‍ പാടുപെട്ടു.

വീടിന്റെ സ്വീകരണ മുറിയില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിത്രങ്ങളും, പൂമുഖത്തായി ഇരുവരുടേയും കട്ടൗട്ടുകളും കല്യോട്ടെ സുഹൃത്തുക്കള്‍ ഒരുക്കിയിരുന്നു. കൃപേഷിന്റെയും ശരത് ലാലിന്റെയും ഛായചിത്രവും ഹൈബി കുടുംബാംഗങ്ങള്‍ക്ക് കൈമാറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക