Image

ചിന്താവിഷ്ടയായ സീത (ഭാഗം 2: സുധീര്‍ പണിക്കവീട്ടില്‍)

Published on 18 April, 2019
ചിന്താവിഷ്ടയായ സീത (ഭാഗം 2: സുധീര്‍ പണിക്കവീട്ടില്‍)
(നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ കൃതിയെക്കുറിച്ച് ലഘുപഠനവും സംഗ്രഹവും)

ഈ തപസ്വിനികളുടെ സഹവാസം കൊണ്ടായിരിക്കും രൂക്ഷരായ മുനിമാര്‍ സ്‌നേഹാര്‍ദ്രരായെന്ന് സീത ചിന്തിക്കുന്നു. ക്രൗഞ്ചമിഥുനങ്ങളില്‍ ഒന്ന് വേടന്റെ അമ്പ് കൊണ്ട് പിടയുന്നത്കണ്ട് അനുകമ്പ തോന്നിയ വാത്മീകി കവിതയെഴുതിയത് ഈ വനിതാരത്‌നങ്ങളുടെ പ്രഭാവം കൊണ്ടാണെന്നു സീത അവരെ പുകഴ്ത്തുന്നു. ആശ്രമത്തിന്റെ പുണ്യങ്ങളെപ്പറ്റി പറഞ്ഞതിന് ശേഷം അവര്‍ നഗരജീവിതത്തെ ദുഷിക്കുന്നുണ്ട്. താന്‍ ചെയ്യാത്ത കുറ്റങ്ങള്‍ തന്നിലാരോപിച്ച് ഇവിടെ എത്തിച്ചത് പട്ടണസംസ്കാരത്തിന്റെ ക്രൂരതയാണെന്നു അവര്‍ പറയുന്നു. നഗരവാസികളെ സീത  "നിജദോഷനിദര്‍ശനാന്ധന്മാര്‍" എന്ന് വിശേഷിപ്പിക്കുന്നു.  തന്റെ കുറ്റങ്ങള്‍ ഉദാഹരണമായി എടുത്ത് മറ്റുള്ളവരും അങ്ങനെ തന്നെ എന്ന് കരുതി, നല്ല മനുഷ്യരുടെ ആചാരങ്ങളില്‍ അവിശ്വസിച്ച് അവര്‍ക്ക് വേദന നല്‍കി മഞ്ഞപിത്തം പിടിച്ച കണ്ണുകളിലൂടെ നോക്കി എല്ലാ മഞ്ഞമയം എന്ന് കരുതുന്ന പാപസമൂഹമായി നഗരത്തെ സീത കാണുന്നു.

പരിതൃപ്തിയെഴാത്ത രാഗമാ
മെരിതീക്കിന്ധനമായി നാരിമാര്‍
പുരിയില്‍ സ്വയമാത്മജീവിതം
കരിയും ചാമ്പലുമാക്കിടുന്നതെ

പരപുച്ഛവുമഭ്യസൂയയും
ദുരയും ദുര്‍വ്യതിയാനസക്തിയും
കരളില്‍ കുത്തിവച്ചു ഹാ ! പര
മ്പരയായ് പൗരികള്‍ കെട്ടുപോയതേ.


വിലപിടിച്ച വസ്ത്രങ്ങളും പൊന്നാഭരണങ്ങളും നഗരവാസികള്‍ അണിയുന്നതിനെ കാട്ടുകിണറുകള്‍ക്കുമേല്‍ കാണുന്ന പുഷപലതാതികളുടെ പടര്‍പ്പുപോലെ എന്ന് അവര്‍ ഉപമിക്കുന്നു.  തേന്‍ തോല്‍ക്കുന്ന മധുരവാക്കുകളും ചന്ദ്രനെവെല്ലുന്ന പുഞ്ചിരിയുമായി നടക്കുന്ന അവരുടെ നാവ് നുണപറയുന്നുവെന്നും അവര്‍ കണ്ടെത്തുന്നുണ്ട്. സീതാരാമന്‍ മാരുടെ സ്‌നേഹം പരിശോധിച്ചറിഞ്ഞതായിട്ടും (സീതയുടെ അഗ്‌നിശുദ്ധിയും തുടര്‍ന്ന് അവരെ സ്വീകരിക്കലും) പ്രജകളുടെ നുണയില്‍ രാമന്‍ അതിനെ അവഗണിച്ചുവെന്നു അവര്‍ കുറ്റപ്പെടുത്തുന്നു. ഒരു രാജാവ് മകനെ കിരീടമണിയിക്കുന്നതില്‍ നിന്നും പുറകോട്ടുപോകയും മറ്റൊരു രാജാവ് ഗര്‍ഭിണിയായ ഭാര്യയെ കാട്ടില്‍ തള്ളുകയും ചെയ്യുന്നു. ഇവിടം മുതല്‍ അവര്‍ ശ്രീരാമന്റെ പ്രവര്‍ത്തിയില്‍ ന്യായാന്യായങ്ങള്‍ വിചിന്തനം ചെയ്യുന്നുണ്ട്.

 ധര്‍മ്മിഷ്ഠരെന്നു പേരുകേട്ടവര്‍ നീതിയില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ ഭൂമി സജ്ജനങ്ങള്‍ക്ക് വാസയോഗ്യമല്ലാതാകും. ലങ്കയില്‍ വച്ച് രഹസ്യമായി തന്റെ ചാരിത്ര്യത്തെ സംശയിച്ചത് കൊട്ടാരത്തില്‍ വന്നപ്പോള്‍ അതിനെ പരസ്യമാക്കുന്നു രാമന്‍. വാല്‍മീകി രാമായണത്തില്‍ അതേക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു. യുദ്ധത്തിന്റെ പേരില്‍ അരങ്ങേറിയ ഈ പരിശ്രമം വിജയകരമായത് എന്റെ സുഹൃത്തുക്കളുടെ ശക്തികൊണ്ടാണ്. ഞാന്‍ ഇത് ഏറ്റെടുത്തത് നിനക്ക് വേണ്ടിയല്ല. നിനക്ക് നന്മകള്‍ ഉണ്ടാകട്ടെ. ഇത് ഞാന്‍ ചെയ്തത് എന്റെ വംശത്തിന്ന്‌റെ കീര്‍ത്തിക്കുവേണ്ടിയും എന്റെ ദുഷ്‌പേര് ഇല്ലാതാക്കാനുമാണ്. (വാല്‍മീകി രാമായണം സര്‍ഗം 115 :15  16 ). സീത വിശ്വസിക്കുന്നപോലെ പരിശുദ്ധമായ ഭാര്യാഭര്‍തൃ സ്‌നേഹം രാമന്റെ വാക്കുകളില്‍ കാണുന്നില്ല.

രാമനെപ്പോലെ ഭാര്യയെ ഉപേക്ഷിക്കുന്ന പുരുഷന്മാര്‍  സ്ത്രീകള്‍ അനുഭവിക്കുന്ന ക്ലേശത്തെപ്പറ്റി അറിയുന്നില്ല. പരസ്പരം സ്‌നേഹപാശത്താല്‍ കെട്ടപ്പെട്ടവരായിട്ടും ചാരിത്ര്യവിഷയമായ ശങ്ക പുരുഷന്മാര്‍ക്കുണ്ട്. ഇവിടെ സീത അതിശക്തമായി വിവാഹത്തെ പരിഹസിക്കുന്നുണ്ട്.

അതിപാവനമാം വിവാഹമേ!
ശ്രുതിമന്ദാരമാമനോജ്ഞപുഷ്പമായ്
ക്ഷിതിയില്‍ സുഖമേകി നിന്ന നിന്‍
ഗതി കാണ്‍കെയെത്രയധ:പതിച്ചു നീ 

വിവാഹം എത്രയോ പവിത്രമായ പദം. വേദങ്ങള്‍ ഭൂമിയില്‍ വിരിയിച്ച ഈ മനോഹരം പുഷ്പത്തിന്റെ അധഃ:പതനത്തിനു കാരണം  സ്ത്രീപുരുഷന്മാരുടെ വിശ്വാസമില്ലായമമൂലമാണ്. ഇവിടെ രാമായണത്തിലെ ഒരു സന്ദര്‍ഭം ഓര്‍ക്കുക. കാട്ടിലേക്ക് കൂടെ പോരേണ്ടന്ന് ഉപദേശിക്കുന്ന രാമനോട് സീത പറയുന്നു. അനഘേ, കല്യാണി ഞാന്‍ വനത്തിലേക്ക് പോകുമ്പോള്‍ നീ വൃതോപാസകയായി കൊട്ടാരത്തില്‍ കഴിയൂ എന്ന് രാമന്‍ പറയുമ്പോള്‍ സീത രാമനോട് ചോദിക്കുന്നു, ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞു സ്ത്രീക്ക് പിന്നെ ജീവിച്ചിരിക്കുക അസാധ്യമാണെന്ന് നീ തന്നെ പഠിപ്പിച്ചിട്ടില്ലേ? തന്നെയുമല്ല ഭര്‍ത്താവിന്റെ സുഖത്തിലും ദുഖത്തിലും പങ്കു ചേരേണ്ടവളല്ലേ ഭാര്യ.

പാണിഗ്രഹണമന്ത്രാര്‍ത്ഥവുമോര്‍ക്കണം
പ്രാണാവസാനകാലത്തും പിരിയുമോ? . (അദ്ധ്യാത്മരാമായണം)


നീ എന്നെ കൊണ്ടുപോയില്ലെങ്കില്‍ ഞാന്‍ വിഷം കഴിച്ചോ, വെള്ളത്തില്‍ ചാടിയോ, തീയില്‍ വെന്തോ മരിക്കും. എന്ത് പറഞ്ഞിട്ടും രാമന്‍ വഴങ്ങാതെ വന്നപ്പോള്‍ സീത രാമനോട് ചോദിക്കുന്നു. പുരുഷരൂപമുള്ള ഒരു സ്ത്രീയെയാണോ മകള്‍ക്ക് ഭര്‍ത്താവായി കിട്ടിയത് എന്ന് എന്റെ അച്ഛന്‍ ചിന്തിക്കുമെന്ന്. ഈ ചോദ്യത്തില്‍ സീതയുടെ ആത്മധൈര്യവും സ്വാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള തന്റെടവും പ്രകടമാകുന്നു.  ആശാന്‍ സീതയ്‌ക്കൊണ്ട് ചിന്തിപ്പിക്കുന്നത് സീത ആത്മബോധമുള്ള , വിഷയങ്ങള്‍ ഉള്‍ക്കൊള്ളാനും അതേപ്പറ്റി അഭിപ്രായം പറയാനും പ്രാപ്തിയുള്ള സ്ത്രീയാണെന്ന് മനസ്സിലാക്കിയിട്ട് തന്നെയാകണം.

നിന്നെയല്ലാതെ വേറെയാരേയും എന്റെ ചിന്തയില്‍ പോലും ഞാന്‍ കാണില്ല.  കുടുംബത്തിന് പേരുദോഷം വരുത്തുന്ന മറ്റു സ്ത്രീകളെപോലെയല്ല ഞാന്‍. താമരപ്പൂക്കളില്‍ നിന്നും ജലബിന്ദുക്കള്‍ പൊഴിയുന്നപോലെ സീതയുടെ കണ്ണീര്‍ വീണുവെന്ന് വാല്മീകി എഴുതുന്നു. അപ്പോള്‍ രാമന്‍ പറയുന്നു. നീ ദുഖിച്ചിരിക്കുമ്പോള്‍ എനിക്ക് സ്വര്‍ഗത്തില്‍ ഇരിക്കാന്‍ കഴിയില്ല. നീ കൂടെ പോരുക. (വാല്മീകി രാമായണം). ഇങ്ങനെ പറഞ്ഞ രാമന്‍, വിവാഹ ജീവിതത്തിന്റെ മഹത്വം മനസ്സിലാക്കുന്ന രാമന്‍ പരദൂഷണത്തിനു വില കല്‍പ്പിക്കുന്നത് കണ്ട് സീതയുടെ മനസ്സില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുകയാണ്. വിവാഹ സമയത്ത് ജനകമഹാരാജാവ്  രാമനോട് പറയുന്നുണ്ട് . നീ വിശ്വസിക്കുന്ന ധര്‍മ്മത്തെ ഇവള്‍ അനുഗമിക്കും, നിന്നില്‍ നിന്നും മാറാത്ത ഒരു നിഴല്‍ ആയിരിക്കും ഇവള്‍. അവള്‍ അങ്ങനെ തന്നെ ജീവിച്ചെങ്കിലും ആചാരങ്ങളും അനുഷ്ഠാനങ്ങളും അവര്‍ക്ക് എതിരയായി വന്നത്  സ്ത്രീയെ ഒരു വ്യക്തിയായി  ശാസ്ത്രങ്ങള്‍ കണക്കാക്കുന്നില്ലെന്ന പരാമര്‍ത്ഥത്തെ കാണിക്കുന്നു. 

മനുഷ്യനന്മക്കാണ് ശാസ്ത്രവിധികളെങ്കിലും അവയെ പാലിക്കേണ്ടവര്‍ അവരുടെ ദോഷകരമായ മനോഗതത്താല്‍ അതിനു എതിരായി പ്രവര്‍ത്തിക്കുകയും അങ്ങനെ ശാസ്ത്രങ്ങളുടെ പ്രാമാണികത നഷ്ടമാവുകയും ചെയ്യുന്നു. പിന്നെ അവര്‍ ഇങ്ങനെ ചോദിക്കുന്നു. ചാരിത്ര്യശങ്ക വന്നപ്പോള്‍ സ്‌നേഹം ഇരിപ്പിടം വിട്ടു എഴുന്നേറ്റുപോയി. പൂര്‍വകാല ജീവിതവും അന്നത്തെ വിശ്വാസങ്ങളും കാറ്റില്‍ ഉലയുന്നു. വിവാഹബന്ധങ്ങള്‍ അടിസ്ഥാനരഹിതമായ തെറ്റിദ്ധാരണകള്‍കൊണ്ട് തകര്‍ന്നുപോകുമ്പോള്‍ അതിനു എന്ത് പവിത്രത.

നെടുനാള്‍ വിപിനത്തില്‍ വാഴുവാ
നിടയായ് ഞങ്ങളതെന്റെ കുറ്റമോ ?
പടുരാക്ഷസ ചക്രവര്‍ത്തിയെ
ന്നുടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ?

കാട്ടില്‍ കഴിയേണ്ടിവന്നതും രാക്ഷസ ചക്രവര്‍ത്തിയും സമര്‍ത്ഥനുമായ രാവണന്‍ തന്റെ മേനി കണ്ട് മോഹിച്ചതും തന്റെ കുറ്റം കൊണ്ടല്ലെന്ന് സീത ആത്മഗതം ചെയ്യുന്നു. താന്‍ ഒരിക്കലും രാക്ഷസന്റെ മോഹങ്ങള്‍ക്ക് വഴങ്ങിയിട്ടില്ല. രാക്ഷസന്‍ തന്നെ തട്ടിക്കൊണ്ടുപോയിയെന്നകാരണം പറഞ്ഞു രാമന്‍ തന്നെ ശിക്ഷിക്കുന്നതില്‍ നീതിയില്ല. ഒരു രാജാവിന് തന്റെ കര്‍ത്തവ്യനിര്‍വഹണത്തില്‍ പ്രജകളുടെ അഭിപ്രായം അന്വേഷിക്കേണ്ടതുണ്ടെങ്കിലും അതൊക്കെ പരിശോധിച്ചറിയേണ്ട ചുമതലകൂടിയുണ്ടെന്നു സീത വ്യക്തമാക്കുന്നു. നുണയന്മാര്‍ എന്തും പറയും പക്ഷെ അവര്‍ പറയുന്നത്‌കേട്ട് അധികാരത്തിലിരിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നത് ഒരിക്കലും മാപ്പു കൊടുക്കാവുന്ന കുറ്റമല്ല. രാമന്‍ എല്ലായ്‌പോഴും ജനഹിതം അനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നില്ല. കൈകേയി രാമന്റെ അഭിഷേകം മുടക്കി കാട്ടിലേക്ക് അയച്ചപ്പോള്‍ പ്രജകള്‍ അതിനോട് യോജിച്ചിരുന്നില്ല. എന്നിട്ടും രാമന്‍ അത് വക വയ്ക്കാതെ കാട്ടിലേക്ക് പോകുക തന്നെ ചെയ്തു.

കരതാരിലണഞ്ഞ ലക്ഷ്മിയെ
ത്വരയില്‍ തട്ടിയെറിഞ്ഞു നിഷ്കൃപം
ഭരതന്റെ സവിത്രി, അപ്പൊഴും
നരനാഥന്‍ ജനചിത്തമോര്‍ത്തിതോ ?

ചിത്രകൂടത്തില്‍ നിന്ന് രാമനെ തിരിച്ച് അയോധ്യയിലേക്ക് വിളിക്കാന്‍ ഭരതന്‍ സന്നാഹത്തോടെ വന്നപ്പോള്‍ കൈകേയിയുടെ ആജ്ഞപ്രകാരം രാമനെ അവിടെനിന്നു ഓടിക്കാന്‍ വരികയാണെന്ന് രാമന്‍ ശങ്കിച്ച കാര്യം സീത ഓര്‍മ്മിക്കുന്നുണ്ട്. അങ്ങനെ ചിന്തിച്ച രാമന്‍ അത്ര നിഷ്കളങ്കനാണെന്നു വിശ്വസിക്കാന്‍ പ്രയാസമാണെന്നും സീത കുറ്റപ്പെടുത്തുന്നു. സീതയുടെ വ്യാഖ്യാനങ്ങളില്‍ നിന്നും രാമന്‍ ഒരു മര്യാദാപുരുഷോത്തമന്‍ എന്ന പദവിക്കര്‍ഹനല്ല എന്ന് മനസ്സിലാക്കാം. ഓരോ സംഭവങ്ങളും കാര്യകാരണസഹിതം അവര്‍ വിവരിച്ചിട്ടുണ്ട്. മഹാഭാരതത്തില്‍ ധര്‍മ്മത്തെ വ്യാഖ്യാനിക്കുന്നത് എല്ലാ ജീവജാലങ്ങളും പൊതുനന്മക്കായി നിലകൊള്ളുന്നുവെന്നാണ്.  രാജധര്‍മ്മം പുരോഹിതന്മാരും, മുനികളും വ്യാഖ്യാനിക്കുന്നതാണ്. അന്ധമായി അത് പിന്‍ തുടരുന്നത് ഭരതന്‍ എതിര്‍ത്തിരുന്നു.  മനുഷ്യഹൃദയങ്ങളെ പിളര്‍ക്കുകയും ആത്മബന്ധങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന രാജ്യതന്ത്രം ഭൂമിക്ക് എന്നും ശാപമാണെന്നു അദ്ദേഹം വിശ്വസിച്ചു. എന്നാല്‍ രാമനെന്ന മര്യാദാപുരുഷോത്തമന്‍ ആചാരങ്ങളെ അന്ധമായി പാലിച്ചുകൊണ്ട് സ്ത്രീ സമൂഹത്തിനെ അവഹേളിച്ചതായി കാണാം.  ആചാരത്തിന്റെ പേരില്‍ നിഷ്കളങ്കയായ ഒരു സ്ത്രീയെ നിഷ്ക്കരുണം  സ്വഭാവദൂഷ്യമുള്ളവളാക്കി കാട്ടില്‍ തള്ളുക എന്ന ഹീനകൃത്യം രാമന് ചെയ്യേണ്ടിവന്നത് ലജ്ജാവഹവും, ദയനീയവുമാണ്. പ്രജാഹിതം എന്ന പേരില്‍ സീതയോട് ചെയ്ത നീതികേട് പുരുഷമേധാവിത്വത്തിന്റെ ഭീകരത മാത്രമാണ്.


 ശ്ലോകം 99 മുതല്‍ സീതയുടെ ചിന്തകള്‍ നീതിബോധം ഉള്‍പ്പെടുന്ന വിധത്തിലാകുന്നു.. അവര്‍ ഭര്‍ത്താവിനെ ഈശ്വരനെപോലെ കരുതുന്നു. തന്മൂലം അവര്‍ക്ക് ദോഷം വരുന്ന കാര്യമായാലും അവരുമായി ആലോചിച്ച് രാമന്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അവര്‍ സമ്മതിക്കുമായിരുന്നു. ഗര്‍ഭ കാല പൂതികളില്‍ ഒന്നായ കാനന പുനസന്ദര്‍ശനത്തിന്റെ പേരും പറഞ്ഞു സീതയെ കാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിച്ചത് ക്രൂരമായെന്നു അവര്‍ പറയുന്നു.


അതിവത്സല ഞാനുരച്ചിതെന്‍
കൊതി വിശ്വാസമൊടന്നു ഗര്‍ഭിണി
അതിലെ പദമൂന്നിയല്ലിയി
ച്ചതിചെയ്തു ! നൃപനോര്‍ക്കവയ്യ! താന്‍

പതിയാം പരദേവതയ്ക്കഹോ
മതിയര്‍പ്പിച്ചോരു ഭക്തയല്ലി ഞാന്‍
ചതിയോര്‍ക്കിലുംഎന്നോടോതിയാല്‍
ക്ഷതിയെന്തങ്ങനെ ചെയ്തുവോ നൃപന്‍

രാമന്റെ ആ തീരുമാനം സീതയെ ഭയപ്പെടുത്തുമെന്ന്   രാമന്‍ ചിന്തിക്കരുതായിരുന്നുവെന്നും കാരണം കാണിച്ചുകൊണ്ട് സീത പറയുന്നുണ്ട്.  സീത ആ സമയത്ത് ലോകപരിചയം സിദ്ധിച്ച പ്രൗഢയായ സ്ത്രീയായിരുന്നു.  പിന്നെ താന്‍ അനുസരിക്കയില്ലെന്നും രാമന് ശങ്കിക്കേണ്ട കാര്യമില്ലായിരുന്നു കാരണം പതിവ്രതകളായ സ്ത്രീകള്‍  ഭര്‍ത്താവിന്റെ വാക്കുകളെ നിരസിക്കാറില്ല. രാമന്‍ ഏകപക്ഷീയമായ ഒരു തീരുമാനം എടുക്കുകയായിരുന്നു. രാമന്‍ എന്ത് പറഞ്ഞാലും അനുസരിക്കുന്നവളാണ് സീത എന്ന് അദ്ദേഹം അറിഞ്ഞിട്ടും തന്നോട് കളവ് പറഞ്ഞു കാട്ടില്‍ കൊണ്ട് തള്ളിയ രാമന്റെ ഹൃദയശുദ്ധിയെ ചോദ്യം ചെയ്യുന്നു സീത.

പതിചിത്തവിരുദ്ധ വൃത്തിയാം
മതിയുണ്ടോ കലരുന്നു ജാനകി?
കുതികൊണ്ടിടുമോ  മഹോദധി
ക്കെതിരായ് ജാഹ്നവിതന്നൊഴുക്കുകള്‍

സ്വന്തം മാനം  രക്ഷിക്കാന്‍ വേണ്ടി രാമന്‍ സീതയെ ഉപേക്ഷിച്ചപ്പോള്‍ സീത കുറ്റക്കാരിയെന്ന് സ്ഥാപിക്കപ്പെട്ടു. കുറ്റം ചെയ്യുന്നവര്‍ക്ക്‌പോലും ന്യായധിപന്മാര്‍ മാപ്പു കൊടുക്കുന്നു. പക്ഷെ രാമന്‍ നിശിതമായി  സീതയെ ശിക്ഷക്കയാണ് ചെയ്തത്.  സീതയുടെ സത്യാവസ്ഥ എന്താണെന്ന് കേള്‍ക്കാന്‍ സന്മനസ്സു രാമന്‍ കാട്ടിയില്ല. രാമന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സീതയോട് ജനിക്കാന്‍ പോകുന്ന കുട്ടിയോടുള്ള  സ്‌നേഹത്തിന്റെ പേരിലെങ്കിലും സീതയോട് അനുകമ്പയെങ്കിലും കാട്ടണമായിരുന്നു. വീണ്ടും സീത ധര്മശാസ്ത്രങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്. ശംഭുകന്‍ എന്ന ശൂദ്രനെ രാമന്‍ കൊന്നത് മരിച്ച്‌പോയ ഒരു ബ്രാഹ്മണ ശിശുവിനെ വീണ്ടും ജീവന്‍ കൊടുക്കാന്‍ വേണ്ടിയാണ്.  ഈ കഥയിലൂടെ താഴ്ന്ന ജാതിക്കാരനെ ജീവിനു വിലയില്ലെന്നും ബ്രാഹ്മണ ജന്മം ഉല്‍കൃഷ്ടമെന്നുമുള്ള    ശാസ്ത്രങ്ങളോട് സീത പ്രതികരിക്കയാണ്.  രാജ്യഭാരം തലയില്‍ വന്നാല്‍  രാജാക്കന്മാരുടെ ഹൃദയം കഠിനമാകുന്നു.  അവരിലെ സ്‌നേഹവികാരം മുരടിച്ചുപോകുന്നു. ദുരഭിമാനം മനുഷ്യരിലെ സ്‌നേഹമെന്ന വികാരത്തെ മുരടിപ്പിച്ചുകളയുന്നു. അപവാദം ഉയര്‍ന്നപ്പോള്‍ രാജ്യഭാരം അനുജന്മാരെ ഏല്‍പ്പിച്ച് സീതയോടൊപ്പം രാമന്‍ കാട്ടില്‍ പോയില്ല. അദ്ദേഹം രാജാവായി വാഴുകയും സീതയെ കാട്ടില്‍ തള്ളുകയും ചെയ്തു.

ജനകാജ്ഞ വഹിച്ചു ചെയ്ത തന്‍
വനയാത്രയ്ക്ക് തുണയ്ക്ക് പോയി ഞാന്‍
അനയന്‍ പ്രിയനേ ന്നെയേകയായ്
തണതാജ്ഞയ്ക്കിരയാക്കി കാടിതില്‍

ആചാരങ്ങളും  അനുഷ്ഠാനങ്ങളും പുരുഷന്മാര്‍ക്ക് വേണ്ടി തയ്യാറാക്കിയതും സ്ത്രീകളെ അവരുടെ ഇഷ്ടങ്ങള്‍ക്ക് വിധേയകളാക്കുന്ന വിധത്തില്‍ താഴ്ത്തുന്നതാണെന്നും ധീരതയോടെ സീത പ്രഖ്യാപിക്കുന്നു.പിന്നീട് കാനന വാസ സമയത്ത് ഗോദാവരിയുടെ തീരങ്ങളില്‍ താമസിക്കുമ്പോള്‍ രാമന് സീത പ്രിയയെയും പ്രിയ ശിഷ്യയുമായിരുന്നുവെന്ന് അവര്‍ ഓര്‍ക്കുന്നു. രാമന്‍ ക്രൂരമായി പെരുമാറിയിട്ടും സീതക്ക് രാമനോടുള്ള സ്‌നേഹത്തിനു കുറവ് വരുന്നില്ല.  ധര്‍മശാസ്ത്രങ്ങളുടെ പിടിയില്‍ നിന്നും മോചനം നേടാന്‍ കഴിയാതെ രാമന്‍ കുഴങ്ങുകയാണെന്നു അവര്‍ തിരിച്ചറിയുന്നു. രാമനോടുള്ള ഹൃദയത്തുടിപ്പുകളില്‍ നിന്നാണ് രാമാനോടോത്ത് കഴിഞ്ഞ നല്ല നാളുകള്‍ അവരുടെ ഓര്‍മ്മകളിലേക്ക് ഓടിയെത്തുന്നത്. 


നിയമങ്ങള്‍ കഴിഞ്ഞു നിത്യമാ
പ്രിയഗോദാവരിതന്‍ തടങ്ങളില്‍
പ്രിയനൊത്ത് വസിപ്പതോര്‍പ്പു  ഞാന്‍
പ്രിയയായും പ്രിയശിഷ്യയായുമേ

ഒരു ദമ്പതിമാരും ഈ ഭൂമിയില്‍ ഏര്‍പ്പെടാത്ത വിവിധ ലീലകളില്‍ അവര്‍ മരുവി. ഇരുമെയ്യാര്‍ന്ന ജീവിപോലെ യാതൊരു ഗര്‍വ്വുമില്ലാതെ. താമരപ്പൂക്കളിറുത്തും, തണുത്ത വെള്ളത്തില്‍ മുങ്ങിയും നദിക്കരയില്‍ ഓടിക്കളിച്ചും ശിശുക്കളെപോലെ അവര്‍ കളിയാടി.

നളിനങ്ങളറുത്തു നീന്തിയും
കുളിരേലും കയമാര്‍ന്നു    മുങ്ങിയും
പുളിനങ്ങളിലെ  ന്നോടോടിയും
കളിയാടും പ്രിയനന്നു കുട്ടിപോല്‍

 അവിടെ വനാന്തരങ്ങളില്‍ അവര്‍ അനുരാഗലോലരായി കഴിഞ്ഞു. കവി ഉപയോഗിച്ചിരിക്കുന്ന വാക്ക് സഹജാമലരാഗമേ എന്നാണു. സ്വാഭാവികമായും പരിശുദ്ധമായുമുള്ള അനുരാഗം. സ്‌നേഹം മനസ്സില്‍ വിളയുന്ന ഉത്കൃഷ്ടമായ രത്‌നമായും ജീവാത്മാവ് അണിയുന്ന ഭൂഷണമായും സീത കാണുന്നു. ഈ പ്രഭ ധര്‍മ്മമാര്‍ഗത്തില്‍ ചരിക്കുന്നവരെ സ്വര്‍ഗത്തില്‍ എത്തിക്കുമ്പോള്‍ അധര്മിഷ്ഠരെ നരകത്തിലേക്കും നയിക്കുമെന്ന് അവര്‍ പറയുന്നു. അനുരാഗത്തിന്റെ ശത്രു പുരുഷന്മാരുടെ ദുരഭിമാനമാണെന്നും രാമന്‍ അതിനു വിധേയനാണെന്നും സീത സമര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍ കാട്ടില്‍ അദ്ദേഹം തന്നോടൊപ്പം വന്നു താമസിച്ചേനെ എന്നവര്‍ വിശ്വസിക്കുന്നുണ്ട്.

രാജാവായ രാമന് രാജ്യധര്‍മം പരിപാലിക്കപ്പെടേണ്ടി വന്നപ്പോള്‍ അദ്ദേഹം സ്വന്തം ജീവിതസുഖങ്ങളെ ഉപേക്ഷിച്ച് നല്ല രാജാവാകാന്‍ ശ്രമിച്ചു. നല്ല രാജാവ് നല്ല ഭര്‍ത്താവ് ആകണമെന്നില്ല എന്ന് ശാസ്ത്രങ്ങള്‍ പറയാതെ പറഞ്ഞു വച്ചിരിക്കുന്നു. ഇത്തരം ധര്‍മ്മശാസ്ത്രങ്ങള്‍ നിര്‍മിച്ചവരെ സീത വിമര്‍ശിക്കുന്നുണ്ട്.  വാസ്തവത്തില്‍ നീതശാസ്ത്രങ്ങളെ നടപ്പിലാക്കുന്നവര്‍ പ്രായോഗികബുദ്ധിയുപയോഗിക്കാതെ വരുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുക സാധാരണമാണ്. ചാരിത്ര്യദോഷം ആരോപിക്കപ്പെട്ട സ്ത്രീയെ ഉപേക്ഷിക്കാന്‍ ശാസ്ത്രം പറയുമ്പോള്‍  അവര്‍ തെറ്റുകാരിയാണോ, അവര്‍ക്ക് എന്താണ് പറയാനുള്ളത് എന്നന്വേഷിക്കേണ്ട ചുമതല ന്യായാധിപനായ രാജാവിനുണ്ട്.

സീത പരിശുദ്ധയും ആ പരിശുദ്ധി തെളിയിച്ചവളുമാകയാല്‍  രാമന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുക തന്നെ ചെയ്യും. വ്യാഖ്യാനങ്ങള്‍ രാമന് തുണയായി വന്നാലും സത്യം മറഞ്ഞിരിക്കയില്ലല്ലോ. പ്രജകള്‍ മുഴുവന്‍ സീതാദേവിയെ കുറ്റപ്പെടുത്തിയില്ല. ഏതോ ഒരു മണ്ണാന്‍ വീട്ടുകലഹത്തിനിടെ പറഞ്ഞ കാര്യം ചാരന്മാര്‍ കേട്ട് വന്ന് രാമനെ അറിയിച്ചതാണ്. മണ്ണാന്‍ പറയുന്നതിനുമുമ്പ് തന്നെ രാമന്‍ ലങ്കയില്‍ വച്ച് സീതയെ അവിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് അവര്‍ക്ക് അഗ്‌നിശുദ്ധി തെളിയിക്കേണ്ടിവന്നത്.  ഭര്‍ത്താവിന് ഭാര്യയെ ഉപേക്ഷിക്കാമെന്ന അധികാരം  ഉപയോഗിച്ചതായി കരുതുമ്പോള്‍ രാമന്റെ മഹത്വത്തിന് വിലയിടിയുന്നു.  സീതയുടെ വ്യക്തിത്വത്തിനും അവര്‍ ഒരു സ്ത്രീയാണെന്ന ചിന്തക്കും രാമനോ അന്നത്തെ ധര്‍മ്മാധര്‍മ്മങ്ങള്‍ തീര്‍ച്ചയാക്കുന്നവരോ തീരെ പരിഗണന നല്‍കിയില്ലെന്ന്  ആശാന്റെ കാവ്യത്തില്‍ നിന്നും മനസ്സിലാക്കാം. ഭര്‍ത്താവിന്റെ അധികാരം ഉപയോഗിക്കാമെന്ന വാദം വരുമ്പോള്‍ നമ്മള്‍ മനുസ്മൃതിയിലേക്ക് മടങ്ങി പോകുന്നു. ന  സ്ത്രീ ....സ്വാതന്ത്ര്യമര്‍ഹതി"


(തുടരും)
Join WhatsApp News
Observer 2019-04-18 23:15:55
"താന്‍ ചെയ്യാത്ത കുറ്റങ്ങള്‍ തന്നിലാരോപിച്ച് ഇവിടെ എത്തിച്ചത് പട്ടണസംസ്കാരത്തിന്റെ ക്രൂരതയാണെന്നു അവര്‍ പറയുന്നു"  ട്രമ്പും  ഇത് തന്നെയാണ് പറയുന്നത് ..  
P R Girish Nair 2019-04-19 14:54:09
ചിന്താവിഷ്ടയായ സീതയെ ഇന്നത്തെ സമൂഹം അറിഞ്ഞിരുന്നെങ്കിൽ ഇന്ന് ഉള്ളതിന്റെ  ഒരു ശതമാനം പോലും സ്ത്രീകൾക്കുമേൽ തെറ്റുകുറ്റങ്ങൾ നടക്കില്ലായിരുന്നു. കാലാതീതമായി ഇന്നും നിലനിൽക്കുന്ന കാവ്യങ്ങൾ കാലത്തിൻറെ കണ്ണാടിയാണ് എന്ന് ശ്രി സുധിർ സർ സമർപ്പിക്കുന്നു. അഭിനന്ദനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക