Image

ഇവളാണ് ഹീറോ,​ പത്തൊന്‍പതുകാരി അച്ഛന് പകുത്തു നല്‍കിയത് സ്വന്തം കരള്‍: മാതൃകയെന്ന് ലോകം

Published on 18 April, 2019
ഇവളാണ് ഹീറോ,​ പത്തൊന്‍പതുകാരി അച്ഛന് പകുത്തു നല്‍കിയത് സ്വന്തം കരള്‍: മാതൃകയെന്ന് ലോകം

അച്ഛന് സ്വന്തം കരളിന്റെ 65 ശതമാനവും പകുത്തുനല്‍കി ലോകത്തിന് മാതൃകയായി ഈ മകള്‍. സ്നേഹം കൊണ്ട് തോല്‍പ്പിക്കുകയാണ് ഈ‌ പത്തൊന്‍പത് വയസുകാരി രാഖി ദത്ത. ചികിത്സയ്‌ക്കായി പല ആശുപത്രികളില്‍ കയറി ഇറങ്ങിയെങ്കിലും അച്ഛന്റെ ആരോഗ്യനിലയില്‍ വലിയ മാറ്റമൊന്നും കാണാതെ വന്നതോടെയാണ് രാഖി അച്ഛനെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോ എന്‍ഡ്രോളജിയില്‍ എത്തിച്ചത്. രാഖിയും സഹോദരിയുമാണ് അച്ഛന് മക്കളായിട്ട്. ഒരു മകന്റെ സ്ഥാനത്ത് നിന്നാണ് അവള്‍ അച്ഛനെ പരിചരിച്ചത്.

ചികില്‍സ പുരോഗമിക്കവെയാണ് അച്ഛന്റെ കരളിന്റെ പ്രവര്‍ത്തനം മോശമാണെന്നും ഉടന്‍ കരള്‍ മാറ്റിവയ്ക്കുന്നതാണ് നല്ലതെന്നും ഡോക്ടര്‍മാര്‍ രാഖിയോട് പറഞ്ഞു. ഉടന്‍ അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും കരള്‍ ദാതാവിനെ കണ്ടെത്താന്‍ കുടുംബത്തിനായില്ല. അച്ഛനെ അങ്ങനെ മരണത്തിന് വിട്ടുകൊടുക്കാന്‍ ഇൗ മകള്‍ തയാറായിരുന്നില്ല. തന്റെ കരളിന്റെ 65 ശതമാനം അച്ഛന് നല്‍കാന്‍ തയാറാണെന്ന് അവള്‍ ഡോക്ടര്‍മാരെ അറിയിച്ചു. കൗമാരം കടന്നിട്ടില്ലാത്ത ഒരു പെണ്‍കുട്ടി ശസ്ത്രക്രിയ തന്റെ ശരീരത്തിലുണ്ടാക്കിയേക്കാവുന്ന വികൃതമായ അടയാളത്തെ പറ്റിയോ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടാവുന്ന കഠിന വേദനകളെക്കുറിച്ചോ ഒന്നും അവള്‍ ചിന്തിച്ചില്ല.

അച്ഛനോടുള്ള സ്നേഹം മാത്രമായിരുന്നു അവള്‍ക്ക് മുന്നില്‍. ധീരമായ ആ തിരുമാനത്തെ എല്ലാവരും അഭിനന്ദിച്ചു. മകള്‍ നല്‍കിയ കരളുമായി ആ അച്ഛന്‍ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചതോടെ ചിത്രം വൈറലായി. പെണ്‍കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ നെറ്റി ചുളിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇൗ ചിത്രമെന്ന കുറിപ്പോടെയാണ് പലരും ഇൗ സ്നേഹത്തെ പങ്കുവയ്ക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക