Image

നിറകണ്‍ചിരി(കഥ)- നാരായണന്‍ രാമന്‍

നാരായണന്‍ രാമന്‍ Published on 18 April, 2019
നിറകണ്‍ചിരി(കഥ)- നാരായണന്‍ രാമന്‍
അച്ചാ, ഈ ചേട്ടന്‍ പറേണത് സത്യാണോ?

5 വയസ്സുകാരിയായ മകളാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ നൂലാമാലകളില്‍ മുഷിഞ്ഞു തുഴഞ്ഞു കൊണ്ടിരുന്ന ഞാന്‍ അലക്ഷ്യമായി ഒന്നു മൂളി. അല്ലെങ്കിലും പെണ്ണിന് കൊഞ്ചല്‍ മാറിയിട്ടില്ല. കലപിലാ ചോദ്യങ്ങളുമായി എപ്പോഴും ചുറ്റുവട്ടത്ത് കാണും.

'ങ്‌ഹേ, സത്യാണോ?

ഒരു ശമ്പളനിര്‍ണ്ണയം KSR ചട്ടങ്ങള്‍ക്കു് വിരുദ്ധമാണോ എന്ന് ഗഹനമായി പഠിച്ചു കൊണ്ടിരുന്ന ഞാന്‍ വീണ്ടും മൂളി.

' ങ്ഹും.

കുറേക്കഴിഞ്ഞ് ചായയും കൊണ്ടുവന്ന ഭാര്യയാണ് പറഞ്ഞത്.

'ങ്ങളെന്താ അവളോട് പറഞ്ഞത്?

' എന്തേ? ഫിക്‌സേഷനിലെ കുരുക്കഴിച്ച് തീരാതെ വിഷണ്ണനായിരുന്ന ഞാന്‍ അലക്ഷ്യമായി ചോദിച്ചു.

'ങ്ങളൊന്ന് തല പൊക്കണ്ണ്‌ടോ? കുഞ്ഞി പെണ്ണതാ കട്ടിലിക്കെടന്ന് കരയണ്ട്. '

'ശ്ശെട പാടെ, ഇതിനു മാത്രം ഞാനെന്തു പിഴച്ചു? റിപ്പോര്‍ട്ടും കുന്തവുമെല്ലാം അവിടെയുപേക്ഷിച്ച് ഞാന്‍ മുറിയിലേക്ക് നടന്നു. അവിടെതാ എന്റെ താമര ത്തുമ്പി കമഴ്ന്നു കിടന്നു ഏങ്ങലടിക്കുന്നു!!

'അമ്മൂ'

' മിണ്ടാട്ടമില്ല. കരച്ചില്‍ കര്‍ക്കിടകത്തിലെ ചാറ്റല്‍ മഴ പോലെ ശക്തി പ്രാപിക്കുകയാണ്.

' അച്ചന്റെ ചക്കര്യല്ലേ? എന്തിനാ കരയണേന്നു പറ.'

ബലം പിടിച്ചു കിടന്ന അവളെ പൊക്കിയെടുത്ത് മടിയിലിരുത്തി മുടിയിഴകള്‍ മാടിയൊതുക്കി. കൈകളില്‍ നനവു പടരുന്നു. മുഖം പിടിച്ചുയര്‍ത്തിയപ്പോള്‍ കൈതവം കാണാ കണ്ണുകള്‍ കണ്ണുനീര്‍ തടാകമായിരിക്കുന്നു, എന്റെ ഉള്ളില്‍ എന്തോ കൊളുത്തി വലിച്ചു. കണ്ണീര്‍ തുടച്ച് മൂര്‍ദ്ധാവില്‍ ചുംബിച്ച് വാത്സല്യാമൃതം ആവോളം ചൊരിഞ്ഞ് ഞാന്‍ ചോദ്യമാവര്‍ത്തിച്ചു.

' അച്ചന്റെ പൊന്നുങ്കൊടം ന്തിനാ കരേണതെന്നു പറ'

' ചേട്ടന്‍ പറയാണ്.... മുഴുവനാക്കാതെ അവള്‍ തെരുതെരെ ഉയര്‍ന്നു വരുന്ന തേങ്ങലുകളടക്കി എന്നെ നോക്കി.

'ഏട്ടനെന്താ പറഞ്ഞേ? അവനെയിന്നു ഞാന്‍....

'ഏട്ടന്‍ പറയാണ്, ന്നെ അച്ചന് അങ്ങാടീന്ന് പൂരത്തിന്റന്ന് കിട്ടീതാന്ന്. ന്നട്ട്, പാവം തോന്നീട്ട്, അച്ചന്‍ ബടെ കൊണ്ടന്ന് വളത്തീതാന്ന്. !!

അപ്പൊ അതാണ് കാര്യം. ഉള്ളില്‍ കൊളുത്തി വേദനിപ്പിക്കുന്ന ഈ അസ്തിത്വ പ്രശ്‌നമാണ് എന്നോട് വന്നു ചോദിച്ചപ്പോള്‍ ഞാന്‍ മൂളി ശരിവച്ചത്!!
ആ കുഞ്ഞ് മനസ്സ് നീറാന്‍ ഇനി എന്തു വേണം?

അഗാധതയില്‍ നിന്നുയര്‍ന്നു വന്ന ചിരിയെ തൊണ്ടയില്‍ കുരുക്കി ഞാന്‍ അവളോട് പറഞ്ഞു.

'ഏട്ടന്‍ അമ്മൂനെ കളിപ്പിക്കാന്‍ പറേണതല്ലേ? അമ്മു അച്ചന്റെ പുന്നാര മോളല്ലേ?

' ന്നട്ട് നിക്ക് ഒരു ഭംഗീല്യാന്നു പറഞ്ഞു ലോ'

'ആരു പറഞ്ഞു? അമ്മൂന് അച്ഛന്റെ ച്ഛായാണ് കിട്ടീത്. നല്ല സുന്ദരിക്കുട്ട്യാണല്ലോ?

' ആഹാ, അച്ചന്‍ സുന്ദരനാണന്നാരാ പറഞ്ഞേ?

ഈ ചോദ്യം അലമാരയിലെ അണ്ഡകടാഹത്തില്‍ എന്തോ തിരയുന്ന ഭാര്യയുടെ വകയാണ്. അനുബന്ധമായി വന്ന അടക്കിയ ചിരി ഞാന്‍ കേട്ടില്ലെന്നു വച്ചു.

' ന്റെ മൂക്ക് ചപ്പിയ മൂക്കാന്നും പരഞ്ഞു. '

' അപ്പോ, ഒറപ്പായും അച്ഛന്റെ ച്ഛായ തന്ന്യാ '
വീണ്ടും അണ്ഡകടാഹത്തില്‍ നിന്നാണ് അശരീരി. കൂട്ടിന് ചില്ലു ഗ്‌ളാസുടഞ്ഞ ചിരിയും.

'ഏയ്, അമ്മൂന് നല്ല എള്ളിന്‍ പൂവ് പോലത്തെ സുന്ദരന്‍ മൂക്കാണ്. നല്ല കണ്ണാണ്. നല്ല ചുണ്ടാണ്. അച്ചന്‍ അമ്മൂന് നല്ല മൂക്കുത്തി വാങ്ങി ഇട്ടു തരാം ട്ടോ '

' സത്യായിട്ടും?

നീര്‍മിഴിപീലികളുയര്‍ത്തി നിറകണ്‍ചിരിയോടെ അവള്‍ ചോദിച്ചു. അത്ഭുതവും സന്തോഷവും കൊണ്ട് പ്രകാശിക്കുന്ന മിഴികള്‍!

അത്താഴം കഴിഞ്ഞ് നെഞ്ചില്‍ പറ്റിക്കിടക്കുന്ന് കഥ കേള്‍ക്കുന്നതിനിടയില്‍ മുഖമുയര്‍ത്താതെ അവള്‍ വിളിച്ചു.

'അച്ചാ'

'ന്താമ്മൂ?

' അച്ചന്‍ മൂക്കുത്തി വാങ്ങാന്‍ പോവുമ്പോ ഇത്തിരി എള്ളിന്‍ പൂവ് കൊണ്ടര്വോ?

എന്തിന്?

' ന്റെ മൂക്ക് അതു പോല്യാണോന്ന് നോക്കാനാ!

ഉയര്‍ന്നു വന്ന ചിരി ഇത്തവണ ഞാനടക്കിയില്ല.

കഥാപ്രസംഗക്കാരുടെ വായ്ത്താരി പോലെ വേനലും മഞ്ഞും മഴയുമായി കാലം കുറേ കടന്നു പോയി. അന്നത്തെ അഞ്ചു വയസ്സുകാരി പഠിച്ചു, വളര്‍ന്നു, അമ്മയായി. ആസ്പത്രിയില്‍, ഇഹലോകത്തെ കാപട്യങ്ങളോട് സമരസപ്പെടാതെ മിഴി പൂട്ടിയുറങ്ങുന്ന കുഞ്ഞിളം പൈതലിനെ കണ്ട് മകള്‍ക്കരികിലെത്തി ശിരസ്സില്‍ തലോടി ഞാന്‍ വെറുതെ ചോദിച്ചു.

'നിന്റെ മോള്‍ക്കും ചപ്പിയ മൂക്കാ ണല്ലോടീ.'

ഒരു നിമിഷം പകച്ചെങ്കിലും നീലമിട്ടു തുടച്ച ചില്ലിലൂടെ ഓര്‍മ്മകള്‍ ഓടിയണഞ്ഞപ്പോള്‍ പ്രസവാലസ്യം നിഴല്‍ വീഴ്ത്തിയ മുഖത്ത് അപ്പോഴും വിളറിയ ചന്ദ്രനെ പോലെ ആ ചിരി വിരിഞ്ഞു. അന്നത്തെ നിഷ്‌കളങ്കമായ നിറകണ്‍ചിരി!

നിറകണ്‍ചിരി(കഥ)- നാരായണന്‍ രാമന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക