Image

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറുവര്‍ഷങ്ങള്‍! (ജോര്‍ജ് നെടുവേലില്‍, ഫ്‌ളോറിഡ)

Published on 17 April, 2019
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറുവര്‍ഷങ്ങള്‍! (ജോര്‍ജ് നെടുവേലില്‍, ഫ്‌ളോറിഡ)
പഞ്ചാബിലെ അമൃത്‌സര്‍ നഗരത്തിന്‍റ്റെ പ്രാന്തപ്രദേശത്തുള്ള വിസ്താരമേറിയ ഒരു ഉദ്യാനമായിരുന്നു ജാലിയന്‍വാലാബാഗ്. ഭാരതം ബ്രിട്ടീഷ് ഭരണത്തില്‍ ഞെരിപിരികൊള്ളുന്ന കാലം. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരതീയര്‍ സ്വാതന്ത്ര്യത്തെപ്പറ്റി ചിന്തിച്ചുതുടങ്ങിയിരുന്നു, ദേശീയബോധം  ജനങ്ങളില്‍ മെല്ലെ നാമ്പിട്ടു തുടങ്ങിയിരുന്നു. സ്വാതന്ത്ര്യം നിങ്ങളുടെയും എന്‍റ്റെയും ജന്മാവകാശമാണെന്ന് രാജാറാം മോഹന്‍റോയ് ഉച്ചത്തില്‍ ഉദ്‌ഘോഷിച്ചു.

 കൊളോണിയലിസം, കോമേഴ്‌സ്, ക്രിസ്ത്യാനിറ്റി എന്നിങ്ങനെയുള്ള മൂന്നു "സി"കളുമായി വന്ന് ഭാരതത്തെ സര്‍വ്വപ്രകാരേണ കൊള്ളയടിച്ചിരുന്ന സായിപ്പിന്‍റ്റെ സിരകളില്‍ ഭീതികടന്നുകൂടി. ഭാരതീയരുടെ വീര്യം നശിപ്പിച്ചു വരുതിയില്‍ നിര്‍ത്താന്‍ സകലവിധമായ അടവുകളും ക്രൂരതകളും അവര്‍ അവലംബിച്ചു. ദേശീയവാദികളായ സത്യപാലനെയും സൈഫുദീനെയും നാടുകടത്താനുള്ള കൊളോണിയല്‍ ഭരണത്തിന്‍റ്റെ നീക്കം ദേശസ്‌നേഹികളെ രോഷാകുലരാക്കി. 1919ഏപ്രില്‍ 13ന്, അനേകായിരങ്ങള്‍ ഉദ്യാനത്തില്‍ ഒത്തുചേര്‍ന്നു. സിഖ് മതസ്ഥരുടെ “ബന്ധാ” എന്ന ഉത്സവവും അന്നുതന്നെ ആയിരുന്നു.

ഭാരതീയ ജനതയുടെ ദേശീയബോധത്തിന്‍റ്റെയും, സ്വാതന്ത്രയേച്ഛയുടെയും പ്രഥമ ബഹിര്‍പ്രകടനമായിരുന്നു ജാലിയന്‍വാലാബാഗില്‍ അന്ന് ദര്‍ശിച്ചത്. പ്രക്ഷുബ്ധരായ ജനാവലിയെ ഭയന്ന് ബ്രിട്ടീഷ്ഭരണം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വിദൂരഗ്രാമങ്ങളില്‍നിന്നും വന്നവര്‍ അത് അറിഞ്ഞിരുന്നില്ല/ചെവിക്കൊണ്ടില്ല. വലിയ ഒരു ജനക്കൂട്ടത്തില്‍ അപകടം മണത്ത കേണല്‍ ഡയര്‍ ഒരു സൈന്യ വ്യൂഹവുമായി സ്ഥലത്തെത്തി. ചുറ്റുമതിലുകളും അഞ്ചു കവാടങ്ങളുമുള്ള ഉദ്യാനത്തിന്‍റ്റെ പ്രധാനകവാടം അടച്ചശേഷം, ജനക്കൂട്ടത്തിനുനേരെ വെടിയുതിര്‍ക്കുവാന്‍ കേണല്‍ ആജ്ഞാപിച്ചു. പ്രാണരക്ഷാര്‍ത്ഥീ കവാടങ്ങല്‍തേടി ഓടിയവരെ ലക്ഷ്യമിട്ട് പട്ടാളം ഉണ്ട പായിച്ചു. കേണല്‍ ഡയറിന്‍റ്റെ കണക്കനുസരിച്ചു 379 അക്രമികള്‍ കൊല്ലപ്പെട്ടു, മുറിവേറ്റവര്‍ 1100. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റ്റെ കണക്കുപ്രകാരം, മരണസംഖ്യ1000, മുറിവേറ്റവര്‍1500+.

പേരിനൊരു അന്വേഷണം നടത്തി ബ്രിട്ടീഷ്‌രാജ് തടിതപ്പാന്‍ ശ്രമിച്ചു. കൂട്ടക്കൊലക്ക് ഗൂഢാലോചന നടത്തുകയും, അംഗീകരിക്കുകയും ചെയ്ത പഞ്ചാബ് ഗവര്‍ണര്‍ മൈക്കിള്‍ ഒഡയര്‍ പട്ടാളനടപടിയെ ന്യായീകരിച്ചു. കേണല്‍ ഡയറിനെ പ്രശംസിക്കുകയും ചെയ്തു. ബ്രിട്ടന്‍റ്റെ ഉപരിസഭയായ പ്രഭുസഭ കേണല്‍ ഡയറിനു പ്രശംസകള്‍ ചൊരിഞ്ഞു. ദേശാഭിമാനികളായ ഭാരതീയരെ ഇവയെല്ലാം കൂടുതല്‍ രോഷാകുലരാക്കി. 192022 ലെ, ഗാന്ധിജിയുടെ നിസഹകരണപ്രസ്ഥാനത്തിന് മേല്‍പറഞ്ഞ സംഭവങ്ങള്‍ കാരണമായി. പ്രഭുസഭയുടെ പ്രശംസക്ക് പാത്രമായെങ്കിലും, ബ്രിട്ടനിലെ സാധാരണസഭയുടെ നിശിതമായ വിമര്‍ശം കേണല്‍ ഡയറിനു സഹിക്കേണ്ടിവന്നു. സഭയിലെ അംഗത്വവും അദ്ദേഹത്തിന് നഷ്ടമായി. ഉപരി സ്ഥാനക്കയറ്റങ്ങള്‍ക്കും അത് വിഘാതം സൃഷ്ടിച്ചു.

അദ്ദേഹത്തിന്‍റ്റെ മരണശേഷം റുഡിയാര്‍ഡ് ക്ലിപ്പിംഗ് എന്ന ആംഗല സാഹിത്യകാരന്‍, കേണല്‍ ഡയറിന്‍റ്റെ ജാലിയന്‍വാലാബാഗ് നടപടിയെപ്പറ്റി പ്രതികരിച്ചതിങ്ങനെ: "ഉ്യലൃ റശറ വശ െറൗ്യേ മ െവല മെം ശ"േ. ക്ലിപ്പിംഗിന്‍റ്റെ ഈ കാഴ്ചപ്പാട് കവീശ്വരനായ രവീന്ദ്രനാഥ ടാഗോറിനെ ഞെട്ടിപ്പിച്ചുകളഞ്ഞു. ബ്രിട്ടീഷ് രാഞ്ജി വച്ചുനീട്ടിയ സര്‍ പട്ടം തട്ടിക്കളയാന്‍ അത് ടാഗോറിനെ പ്രേരിപ്പിച്ചു. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലപോലെയുള്ള കൊടുംപാതകങ്ങള്‍ ചെയ്യാനും, ന്യായീകരിക്കാനും മടിയില്ലാത്ത കൊലപാതകികള്‍ മറ്റുള്ളവര്‍ക്ക് ബഹുമതികള്‍ നല്‍കാന്‍ അര്‍ഹരല്ലന്നായിരുന്നു അദ്ദേഹത്തിന്‍റ്റെ മതം.

ദേശസ്‌നേഹിയായ ഒരു യുവവിപ്ലവകാരിയായിരുന്നു ഉദ്ഹാം സിങ്. ജാലിയന്‍വാലാ ബാഗില്‍ 1919 ഏപ്രില്‍ 13ന് തടിച്ചുകൂടിയ ആയിരങ്ങളില്‍ ഒരുവനായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് കൂലിപ്പട്ടാളത്തിന്‍റ്റെ വെടിയുണ്ട അദ്ദേഹത്തിന്‍റ്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ആ അനുഭവം അദ്ദേഹം മനസ്സില്‍ സൂക്ഷിച്ചു.1940 മാര്‍ച്ച് 13ന് ലണ്ടനില്‍വച്ചു അദ്ദേഹത്തിന്‍റ്റെ തോക്കില്‍നിന്നുതിര്‍ത്ത വെടിയുണ്ട ലെഫ്റ്റനന്‍റ്റ് ഗവര്‍ണ്ണര്‍ മൈക്കിള്‍ ഓഡ്‌വെയറിന്‍റ്റെ ജീവന്‍ തേടിയാണ് ചീറിപ്പാഞ്ഞത്.  ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്ക് കൂട്ടുനിന്ന പഞ്ചാബ് ഗവര്‍ണര്‍ മൈക്കിള്‍ ഓഡ്‌വെയര്‍ കൂട്ടക്കൊലയുടെ സൂത്രധാരകന്‍ ആയിരുന്നു.                   

ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ജാലിയന്‍വാലാബാഗ്, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റ്റെ അസ്തമനത്തിന്‍റ്റെ ആരംഭം കുറിച്ച സംഭവമായിരുന്നു.

ജാലിയന്‍വാലാബാഗ് സംഭവത്തിന്റ്‌റെ പരിപൂര്‍ണ ഉത്തരവാദിത്വമേറ്റെടുത്തു ക്ഷമാപണം നടത്തണമെന്ന്, ബ്രിട്ടീഷ് സര്‍ക്കാരിനോട്, ഭാരതം അനേകം പ്രാവശ്യം ആവശ്യപ്പെടുകയുണ്ടായി. അടുത്തയിടയില്‍, കേവലമൊരു ഖേദപ്രകടനം നടത്തി പ്രധാനമന്ത്രിണി തെരേസ മേയ് തടിതപ്പാന്‍ ശ്രമിക്കുകയുണ്ടായി. സാമ്രാജ്യത്തില്‍ സൂര്യനസ്തമിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും, ബ്രിട്ടീഷ്കാരന്‍റ്റെ കപടമാനത്തിനും ഗര്‍വിനും ഇന്നും ശമനമായിട്ടില്ല. യൂറോപ്യന്‍ യുണിയനില്‍നിന്നും വിട്ടുനില്‍ക്കാന്‍ വോട്ടുചെയ്തു പുലിവാലുപിടിച്ചുനില്‍ക്കുന്നതും മറ്റൊന്നുകൊണ്ടുമല്ല! ദിവസങ്ങള്‍ കടന്നുപോകുമ്പോള്‍ ഗ്രേറ്റ്ബ്രിട്ടന്‍ കഷ്ടതയില്‍നിന്നും കഷ്ടതയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു.

ജാലിയന്‍വാലാബാഗ് സംഭവത്തിന്റ്‌റെ ദുഃഖസ്മരണ നിലനിറുത്തണമെന്ന തീരുമാനം 1920 ല്‍ തന്നെ ഉടലെടുത്തു. താമസിയാതെ സ്മാരകട്രസ്റ്റ് രൂപീകൃതമായി. അമേരിക്കന്‍ ശില്പകലാവിശാരദനായ ബെഞ്ചമിന്‍ പോള്‍ക് സ്മാരകം രൂപകല്പനീ ചെയ്തു. നാല്‍പ്പതുവര്‍ഷക്കാലത്തെ കാലതാമസത്തിനുശേഷം 1961ല്‍, പ്രസിഡന്‍റ്റ് ഡോക്ടര്‍ രാജേന്ദ്രപ്രസാദ് സ്മാരകം രാഷ്ട്രത്തിനു സമര്‍പ്പിച്ചു. സ്മാരകത്തിനു സമീപത്തുതന്നെ അണയാത്ത ഒരു ദീപശിഖയും ഉയര്‍ത്തി. ജാലിയന്‍വാലാ ബാഗിന്‍റ്റെ ചുറ്റുമതിലുകളിലും, ചുറ്റുമുള്ള മന്ദിരങ്ങളിലുമുള്ള വെടിയുണ്ടപ്പാടുകള്‍ തങ്ങളും ആ ക്രൂര വിനോദത്തിന്‍റ്റെ മൂകസാക്ഷികളാണെന്നു പറയാതെ പറഞു മേവുന്നു. ജീവരക്ഷാര്‍ത്ഥം അനേകര്‍ കുതിച്ചുചാടിയ ആഴമേറിയ വന്‍കിണറും മറ്റൊരു ദുഃഖസ്മാരകമായി എന്നും നിലകൊള്ളുന്നു.

പാഠമുള്‍ക്കൊള്ളാനുള്ളതാണ് ചരിത്രം. മാനവന്‍ അത് മറക്കുന്നു. ഹിറ്റ്‌ലറിന്‍റ്റെ വംശഹത്യയുടെ നൊമ്പരമനുഭവിച്ച യഹൂദര്‍ ചരിത്രം പാടെ മറന്നു പ്രവര്‍ത്തിക്കുന്നു. കൊല്ലരുതെന്നു കല്‍പ്പിച്ച കാല്‍വരിക്കുന്നിലെ കാരുണ്യമൂര്‍ത്തിയുടെ കല്ലറയിരിക്കുന്ന ഇടം വീണ്ടെടുത്തു കൊടുക്കാനെന്ന വ്യാജേന 1095നും1291നും ഇടയില്‍, മാര്‍പ്പാപ്പാമാരുടെ പ്രോത്സാഹനത്തില്‍ നടമാടിയ ക്രൂരതയില്‍ പൊലിഞ്ഞുപോയ ലക്ഷങ്ങള്‍ ദൈവമക്കള്‍തന്നെയല്ലേ? അതുകൊണ്ടും പഠിക്കാതെ യേശുവിന്‍റ്റെ അനുയായികള്‍, ആയിരക്കണക്കിന്, മുപ്പതു സംവത്സരയുദ്ധത്തിലും, മതത്തിന്‍റ്റെ പേരിലുള്ള മറ്റു കലഹങ്ങളിലും മണ്ണടിഞ്ഞു. കത്തോലിക്കാപ്പള്ളിയുടെ മതനിന്ദവിചാരണക്കോടതികള്‍ സ്‌പെയിനിലും, പോര്‍ട്ടുഗലിലും ഗോവയിലും അരങ്ങേറിയ ക്രൂരകൃത്യങ്ങള്‍ കാരുണ്യനിധിയായ ക്രിസ്തുവിന്‍റ്റെ മഹത്വത്തിനുവേണ്ടിയായിരുന്നുവെത്രെ!

എന്തിന്? ഇരുട്ടറാവധത്തെ അപലപിക്കുന്ന നമ്മള്‍തന്നെയല്ലേ 2002ല്‍ ഗുജറാത്തില്‍ ആയിരത്തിലധികം സഹോദരരെ സംഹരിച്ചു സന്തോഷിച്ചത്. 1984 ല്‍ ഡല്‍ഹിയില്‍ ഒരു വന്‍മരം (രാജീവ് ഗാന്ധിയുടെ ഉപമ) വീണതിന്‍റ്റെ പ്രതികാരമായി, അഹിംസയുടെ അവതാരമായ ഗാന്ധിയുടെ ശിഷ്യന്മാര്‍ മൂവായിരത്തിലധികം സിഖുകാരെയാണ് കാലനൂര്‍ക്കയച്ചത്.

ജാലിയന്‍വാലാബാഗ് സംഭവത്തില്‍ സായിപ്പു നടത്തിയ അന്വേഷണത്തില്‍ നാം തൃപ്തരല്ല. ഇവിടെ, നാം നമ്മോടുതന്നെ ചോദിക്കേണ്ട ഒരു ചോദ്യത്തിന് പ്രസക്തിയുണ്ട്: ”1984, 2002 വര്‍ഷങ്ങളിലെ കൂട്ടക്കൊലപാതകങ്ങളുടെ അന്വേഷണം എവിടെ നില്‍ക്കുന്നു?”. ഇതുപോലെയുള്ള മറ്റനേകം കാര്യങ്ങളില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുന്നു. മറ്റു ചിലത് അന്വേഷണത്തിനായി ദാഹിച്ചു വലഞ്ഞു കൊണ്ടിരിക്കുന്നു!

ഇതിനിടയില്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് എന്റ്‌റേതെന്നു ഓരോ ഭാരതീയനും വീമ്പിളക്കുന്നു. സായിപ്പ് ഭാരതത്തോടു വിടപറഞ്ഞപ്പോള്‍ പലതും എവിടെ ഉപേക്ഷിച്ചു. അതില്‍, അവന്‍ ഇട്ടിട്ടുപോയ ദുരഭിമാനമാണ് നമുക്കേറെ പ്രിയങ്കരമായത് എന്ന് വിചാരിക്കുന്നതില്‍ തെറ്റില്ല         

ഇമ്മാതിരി ദുഷ്കൃത്യങ്ങള്‍കൊണ്ട് ചരിത്രം വീര്‍ത്തുകൊണ്ടിരിക്കുന്നു. അവയെ അപലപിക്കുന്നവര്‍തന്നെ മാറിനിന്നുകൊണ്ട്, മറയില്ലാതെ, മടിയില്ലാതെ അതാവര്‍ത്തിക്കുന്നു പേര്‍ത്തും പേര്‍ത്തും!

                          കഷ്ടം! എന്നല്ലാതെ എന്തു പറയേണ്ടു!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക