Image

അത്താഴ പഷ്ണിക്കാരുണ്ടേ! (കവിത: മാമ്മന്‍ സി മാത്യു)

Published on 17 April, 2019
അത്താഴ പഷ്ണിക്കാരുണ്ടേ! (കവിത: മാമ്മന്‍ സി മാത്യു)
വിശന്നലഞ്ഞ് ഇന്നലെ ഞാന്‍ ഒരു ഉപവനത്തിലെത്തി.
വിരിച്ചിട്ട അത്താഴമേശയില്‍
എരിഞ്ഞുതീരുന്ന മെഴുകുതിരികളുടെ ആളിയില്‍
ബാക്കി കണ്ട കായ്കനികള്‍ ആന്തലോടെ ഞാന്‍ ഭിഷതെണ്ടി..
"അത്താഴ പഷ്ണിക്കാരുണ്ടേ"
വിശപ്പ് ഒരു നെടുവീര്‍പ്പായി എന്റെ തൊണ്ടയില്‍ കുടുങ്ങി..
ചുവന്ന കണ്ണുകളുള്ള അവര്‍ ചോദിച്ചു  നീ ആരു ?
ഞാന്‍ പറഞ്ഞു  ഒരു മനുഷ്യന്‍ !
നിന്റെ മതം ഏത് ?
മനുഷ്യമതം !
നിന്റെ ജാതി ഏത് ?
മനുഷ്യജാതി !
നിന്റെ ദേശം ഏത് ?
മനുഷ്യര്‍ വെട്ടിപിടിക്കുന്ന ഉപവനങ്ങള്‍ !
ഇടിമുഴക്കത്തോടെ അവര്‍ പറഞ്ഞു  മനുഷ്യനല്ല നീ,
നീ മാവോയിസ്റ്റ് !
നീ മരണയോഗ്യന്‍ !
അവനെ കൊന്നുകളക എന്ന്
ആക്രോശിക്കുന്ന ഒരു
മഹാസംഘത്തെ ഞാന്‍ കണ്ടു..
തലയ്ക്കു പിന്നില്‍ വെടിയുണ്ടകള്‍ തുളഞ്ഞിറങ്ങുമ്പോള്‍ അവന്റെ അന്ത്യമൊഴികള്‍ കേട്ട് ഞാന്‍ ഉണര്‍ന്നു..
"ഇങ്ക്വലാബ് സിന്ദാബാദ്"
"ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല"
"സഖാക്കളെ മുന്‍പോട്ട്"
"ഹേ റാം"
ഇവയില്‍ ഏതായിരുന്ന
ഒടുവിലായ് അകത്തേക്കെടുത്ത ആ ശ്വാസം മൊഴിഞ്ഞത് ?

* ഉപവന്‍  വയനാട്ടില്‍ വെടിവെപ്പ് നടന്ന റിസോര്‍ട്ട്.
Join WhatsApp News
observer 2019-04-18 23:28:02
എന്തൊരു മനോഹരമായ സൃഷ്ടി. മാവോയിസ്റ് എന്ന് പറഞ്ഞാൽ ഉടൻ  കൊല്ലാമെന്നോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക