Image

യൂദാ (കവിത: ജയന്‍ വര്‍ഗീസ്)

Published on 17 April, 2019
യൂദാ (കവിത: ജയന്‍ വര്‍ഗീസ്)
ന്യായ വിസ്താരം കഴിഞ്ഞു, സ്വര്‍ഗ്ഗത്തിന്റെ
ഗോപുര വാതിലടഞ്ഞു,
നീതിമാനായ ദൈവത്തിന്റെ മുന്നിലെ
വേദനയായ് യൂദാ നിന്നു !

യൂദാ ചോദിച്ചു : " ഞാനില്ലായിരുന്നെങ്കി 
ലേശുവിന്‍ ദവ് ത്യമെന്താവും ?
കാല ഘട്ടങ്ങള്‍ പ്രവാചകന്മാരിലൂ 
ടോതിയാതൊക്കെയും വ്യര്‍ത്ഥം ?

അന്നത് സംഭവിച്ചില്ലായിരുന്നെങ്കി 
ലെന്തായിരുന്നേനവസ്ഥ ?
ഇന്ന് വരെയത് വിറ്റു  കാശാക്കിയോര്‍ 
ക്കന്തുള്ളു ന്യായം നിരത്താന്‍ ?

ആടിയു, മന്തവു മെല്ലാമറിയുന്ന
നീതിമാനല്ലയോ ദൈവം ?
യൂദായിതു തന്നെ ചെയ്യുമെന്നങ്ങേക്കു
ഭാവനയില്ലായിരുന്നോ ?

വാദ മുഖങ്ങളുയരവേ ദൈവത്തിന്‍
നീതി പീഠങ്ങള്‍ നടുങ്ങി !
വേദനയോടെ യെഴുന്നേറ്റു പോയ് ദൈവം
കോടതിയന്നു പിരിഞ്ഞു !

Join WhatsApp News
യുക്തിവാദി (ബി ജെ പി) 2019-04-17 20:50:08
ശരിക്കും യൂദാസ് അല്ലെ ശരി ?  ദൈവം ഏക പുത്രനെ (ദൈവത്തിനു അനേകം പുത്രൻമാരുണ്ടായിരുന്നു എന്ന് ബൈബിൾ തന്നെ പറയുന്നുണ്ട്, അത് പോട്ടെ ഒറ്റ മകൻ എന്നുതന്നെ കരുതുക) ഭൂമിയിലേക്കു അയച്ചപ്പോൾ ഒരു പ്ലാൻ ഉണ്ടായിരുന്നലോ. ഇന്നതെല്ലാം ചെയ്യണം ഇന്നവർ  ക്രൂശിക്കണം തുടങ്ങിയവ. ആ പ്ലാൻ അനുസരിച്ചല്ലേ യൂദായെക്കൊണ്ടീ പണി ചെയ്യിച്ചത്. അന്ന് യൂദാ അത് ചെയ്തില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു. ഈ മതം തന്നെ ഉണ്ടാവില്ലായിരുന്നു. അതുകൊണ്ടു ചുരുങ്ങിയപക്ഷം യേശുവിനെ വിറ്റ്‌ ജീവിക്കുന്ന ഉപദേശിമാരും പുരോഹിതരും ഈ യൂദായെ കുറ്റപ്പെടുത്തുന്നതു ഒഴിവാക്കണം. അത് ദൈവത്തെ കുറ്റപ്പെടുത്തുന്നതിനു തുല്യം അല്ലെ. 
യൂദാ 2019-04-17 23:40:57
എന്താണ് ഏവർക്കും 
പതിവില്ലാതെന്നോടീ മമത ?
എന്തിനാണ് എന്നെ ഉയർപ്പിക്കുന്നത് 
യേശുവല്ലേ  ഉയർക്കേണ്ടത് ?
ക്രൂശിച്ചും ഉയർപ്പിച്ചും നിങ്ങൾ 
മടുത്തതാവാം, ബോറടിക്കുന്നുണ്ടാവാം !
ഒരു പക്ഷെ പുതുമ തേടുന്നതാവാം?
കള്ളന്മാരെയും കൊലപാതകികളെയും 
പാവങ്ങളെ പീഡിപ്പിക്കോരേം,
നാക്കെടുത്താൽ കള്ളം പുലമ്പു വോരേം, 
പെണ്ണുകളുടെ ജമ്പറിനുള്ളിൽ കയ്യിട്ട്, 
രോമകൂപങ്ങളെ  പിഴുതെടുപ്പോരേം, 
പ്രസിഡണ്ടും രാജാവുമാക്കി 
നിങ്ങൾക്ക് ചൂഷണം ചെയ്യണം മരിക്കുവോളം. 
ക്രൂശിച്ചു നിങ്ങളാ മനുഷ്യ സ്നേഹിയെ ക്രൂശിൽ 
കൂട്ട് നിന്ന് കളങ്കമില്ലാത്ത രക്തത്തെ ഒറ്റുവാൻ ഞാനും .
മഞ്ഞളിച്ചുപോയെൻ കൺകൾ  നിങ്ങൾ നീട്ടിയ 
വെള്ളിക്കാശിൽ തട്ടിതെറിച്ചു വന്ന ദീപ്തിയിൽ,
വീണുപോയി നിങ്ങൾ വച്ചുനീട്ടിയ വാഗ്ദാനങ്ങളിൽ. 
കൂർത്തമുള്ളാൽ നിങ്ങൾ തീർത്ത കിരീടമണിയിക്കാൻ,
നീണ്ട കുന്തത്താൽ ചങ്കിലാഞ്ഞു കുത്താൻ 
പുളിച്ച നീരിനാലവൻ ദാഹം തീർക്കുവാൻ ,
വലിച്ചു കീറിയാ കീറ്റു ശീലയ്ക്കായി  വാത് വയ്ക്കാൻ
കൂട്ട്  നിന്നാ സ്നേഹ  മൂർത്തിയെ തൂക്കിലേറ്റാൻ,
'പാവമീ' യൂദായൂം കുലദ്രോഹിയാ കയ്യഫാസുമായി ചേർന്ന്.
എന്തിനെന്നെ ഉയർപ്പിക്കുന്നു വീണ്ടും 
ചികഞ്ഞെടുക്കുന്നാ ദുർഗന്ധം വമിക്കും പഴയ കഥകൾ?
അത്ഭുതമില്ലതിൽ നിങ്ങൾ ചെയ്യും അതും അതിനപ്പുറവും 
മൃതനായ നിങ്ങളുടെ മിശിഹായുടെ ചങ്കിൽ 
കൂർത്ത കുന്തത്താൽ കുത്തി വെള്ളം ചാടിച്ച 
കശ്‌മലന്മാരല്ലേ നിങ്ങൾ നിഷ്ടൂര വർഗ്ഗമേ ?
വെറുതെ വിടുക നിങ്ങളീ 'പാവം യൂദായെ'
കിടന്നുറങ്ങട്ടെ മൃത്യുവിൻ തടങ്കലിൽ 
ഗതകാല സ്മരണകൾ ഉയർത്തെഴുന്നേൽക്കാതിൻ മുകളിൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക