Image

15 ദിവസം പ്രായമുള്ള കുഞ്ഞിന് ഹൃദയത്തില്‍ മൂന്ന് തകരാറുകള്‍, 24 മണിക്കൂറിന് ശേഷം ശസ്ത്രക്രിയ

Published on 16 April, 2019
15 ദിവസം പ്രായമുള്ള കുഞ്ഞിന് ഹൃദയത്തില്‍ മൂന്ന് തകരാറുകള്‍, 24 മണിക്കൂറിന് ശേഷം ശസ്ത്രക്രിയ


കൊച്ചി: ഹൃദയ ശസ്ത്രക്രിയക്കായി കൊച്ചി അമൃതാ ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍. ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞിന് ഹൃദയത്തിന് തകരാറുണ്ടായിരുന്നു. ഹൃദയത്തില്‍ ദ്വാരമുണ്ടെന്നും ശരീരത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാന ധമനിയായ അയോട്ട ചുരുങ്ങുന്ന അസ്ഥയും ഹൃദയ വാല്‍വിന്റെ പ്രവര്‍ത്തനത്തില്‍ തകരാറുള്ളതായും അമൃത ആശുപത്രി വക്താവ് ഡോ. കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. 24 മണിക്കൂര്‍ കുഞ്ഞ് നിരീക്ഷണത്തിലാണ്. ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമെന്ന് തെളിഞ്ഞാല്‍ മാത്രമേ ശസ്ത്രക്രിയ നടത്താന്‍ സാധിക്കു. മാത്രമല്ല മറ്റ് അണുബാധകളില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഹൃദയത്തിന് പുറമെ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ല. 24 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാനാകൂ. ഡോക്ടര്‍മാരുടെ ഒരു സംഘം കുട്ടിയെ പരിചരിക്കാനുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

ഇത്തരത്തില്‍ നിരവധി കേസുകള്‍ സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായി ഇവിടെ എത്താറുണ്ടെന്നും ജനിച്ചിട്ട് മണിക്കൂറുകള്‍ മാത്രമുള്ള കുട്ടികള്‍ക്കുപോലും ഇവിടെ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും ഡോ. കൃഷ്ണകുമാര്‍ പറയുന്നു. പ്രായമല്ല, കുട്ടിയുടെ ആരോഗ്യാവസ്ഥയാണ് പ്രധാനം. ഇത്തരം അവസ്ഥയിലെത്തിയിട്ടുള്ള നിരവധി കുട്ടികളില്‍ ശസ്ത്രക്രിയ വിജയകരമായിട്ടുണ്ട്. അതിനാല്‍ ഇക്കാര്യത്തിലും മറിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല. 

കുട്ടിയെ സുരക്ഷിതമായാണ് എത്തിച്ചത്. ഇത്തരമൊരു  സാഹചര്യത്തില്‍ സാധ്യമായ ഏറ്റവും മികച്ച സമയത്തുതന്നെയാണ് കുട്ടിയെ എത്തിക്കാനായതെന്നാണ് കരുതുന്നതെന്നും ഡോ. കൃഷ്ണകുമാര്‍ പറയുന്നു. 

കാസര്‍ഗോഡ് സ്വദേശികളായ സാനിയ  മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയാണ് മംഗലാപുരത്തെ ആശുപത്രിയില്‍ നിന്ന് കൊച്ചി അമൃതാ ആശുപത്രിയിലെത്തിച്ചത്. കുട്ടിയെ ആദ്യം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം കേരള എന്ന സന്നദ്ധ സംഘടനയാണ് ഈ ദൗത്യം ഏറ്റെടുത്തത്. ഇതിന് പിന്നാലെ കേരളത്തിലെ മാധ്യമങ്ങളും നവമാധ്യമങ്ങളും ആംബുലന്‍സിന് സുഗമമായ വഴിയൊരുക്കണമെന്ന തരത്തിലുള്ള വാര്‍ത്തകളും നിര്‍ദ്ദേശങ്ങളും നല്‍കികൊണ്ടിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക