Image

എം. കെ രാഘവനെതിരായ സ്റ്റിങ്‌ ഓപ്പറേഷനില്‍ സംശയം പ്രകടിപ്പിച്ച്‌ തെഹല്‍ക മുന്‍ മാനേജിങ്‌ എഡിറ്റര്‍

Published on 16 April, 2019
എം. കെ രാഘവനെതിരായ സ്റ്റിങ്‌ ഓപ്പറേഷനില്‍ സംശയം പ്രകടിപ്പിച്ച്‌ തെഹല്‍ക മുന്‍ മാനേജിങ്‌ എഡിറ്റര്‍


കോഴിക്കോട്‌ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ഥിയായ എം. കെ രാഘവനെതിരെ ടി വി 9 ചാനല്‍ നടത്തിയ സ്റ്റിങ്‌ ഓപ്പറേഷനില്‍ സംശയം പ്രകടിപ്പിച്ച്‌ തെഹല്‍ക മുന്‍ മാനേജിങ്‌ എഡിറ്റര്‍ മാത്യു സാമുവല്‍. ഇത്‌ ബോഗസ്‌ ആണോയെന്ന സംശയം അദ്ദേഹം ഉന്നയിക്കുന്നു. ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ ഈ സംശയം ഉന്നയിച്ചിരിക്കുന്നത്‌.

കേരള പൊലീസിന്‌ ചാനല്‍ അധികൃതര്‍ നല്‍കിയത്‌ ഇതിന്റെ ഫുട്ടേജ്‌ മാത്രമാണ്‌. റെക്കോര്‍ഡ്‌ ചെയ്യാന്‍ ഉപയോഗിച്ച ഡിവൈസും ലാപ്‌ടോപ്പും കൈമാറിയിട്ടില്ല. ഇതെല്ലാം അന്വേഷണം വരുമ്പോള്‍ രാഘവന്‌ രക്ഷപെടാനുള്ള പഴുത്‌ ഒരുക്കുമെന്നാണ്‌ മാത്യു സാമുവലിന്റെ ഭാഷ്യം.

ഫേസ്‌ബുക്‌ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :

ടി വി 9 ചാനല്‍ നടത്തിയ ഭാരത്‌ വര്‍ഷ സ്റ്റിങ്‌ ഒരു ബോഗസ്‌ ആണോയെന്ന്‌ സംശയമുണ്ട്‌. അന്വേഷണവുമായി വന്നപ്പോള്‍ കേരള പോലീസിന്‌ ചാനലുകള്‍ ഇത്‌ റെക്കോര്‍ഡ്‌ ചെയ്യാന്‍ ഉപയോഗിച്ച ഡിവൈസും അത്‌ ട്രാന്‍സ്‌ഫര്‍ ചെയ്‌ത ലാപ്‌ടോപ്പും കൈമാറിയില്ല. ഫുറ്റേജ്‌ മാത്രം കൊടുത്തു.

ഇത്‌ മൂന്നും ഇല്ലാതെ ഫോറന്‍സിക്‌ നടത്താന്‍ പറ്റില്ല. അതായത്‌ ഇപ്പോള്‍ ചാനല്‍ അധികൃതര്‍ കൊടുത്തിരിക്കുന്ന ഫുറ്റേജ്‌ കോപ്പിയാണ്‌. അതായത്‌ 15 അല്ലെങ്കില്‍ 20 ആയ കോപ്പികളാണ്‌.

ഇതില്‍, രണ്ടു പേര്‌ കോഴിക്കോട്‌ പോയി സ്റ്റിങ്‌ ചെയ്‌തു. പക്ഷെ അവരുടെ വിവരവും കൊടുത്തിട്ടില്ല. ഈ ഓപ്പറേഷനില്‍ ആകെ എത്ര പേര്‍ ഉള്ളപ്പെട്ടു എന്നതിനും ക്ലാരിറ്റിയില്ല.

അറിയാന്‍ സാധിച്ചത്‌ ബ്രിജേഷ്‌ തിവാരി, റാം കുമാര്‍, കുല്‍ദീപ്‌ ശുക്ല,ഉമേഷ്‌ പാട്ടീല്‍, അഭിഷേക്‌ ഉപാധ്യായ ഇവരായിരുന്നു ടീം. ഇത്‌ കൂടാതെ വേറെ രണ്ടുപേര്‍, അവരാണ്‌ കേരളത്തില്‍ പോയത്‌. അവരെ പറ്റി യാതൊരു വിവരവും ഇല്ല. ഈ പോയവരുടെ വോയിസ്‌ സാമ്പിള്‍ എടുക്കണം, അതും ചാനല്‍ കൊടുത്തിട്ടില്ല. ഇവരുടെ വിഷ്വല്‍സും എവിടെയുമില്ല.

അതില്‍ ഏറ്റവും രസകരം, ഈ ഹിന്ദി ചാനലിന്റെ എഡിറ്റോറിയല്‍ ഹെഡ്‌ മനപ്പൂര്‍വ്വം പുറത്ത്‌ വന്നില്ല. അതിന്റെ എഡിറ്റര്‍ ഇന്‍ ചീഫ്‌ ഹേമന്ത്‌ ശര്‍മ്മ മെഡിക്കല്‍ കോഴ ആരോപണത്തില്‍ രണ്ടു വര്‍ഷം മുന്‍പ്‌ സിബിഐ അറസ്റ്റ്‌ ചെയ്‌ത വ്യക്തിയാണ്‌. അതും മൂന്നാം പ്രതിയായി. ഇത്‌ എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്‌.

ഈയുള്ളവനും ഹേമന്തും ഒരേസമയത്തു ഇന്ത്യ-ടീവിയില്‍ ജോലി ചെയ്‌തിട്ടുണ്ട്‌. ഞാന്‍ ആറു മാസം കഴിഞ്ഞു അയാളെ പച്ച തെറി വിളിച്ചു ആ ചാനല്‍ വിട്ടിരുന്നു.

ചുരുക്കി പറഞ്ഞാല്‍, രാഘവന്‍ രക്ഷപ്പെടും!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക