Image

വിശേഷം വല്ലതുമായോ പെണ്ണേ (നെല്‍സണ്‍ ജോസഫ്)

Published on 11 April, 2019
വിശേഷം വല്ലതുമായോ പെണ്ണേ (നെല്‍സണ്‍ ജോസഫ്)
കാതറിന്‍ ലൂയി ബോമാന്‍ എന്നാണവരുടെ പേര്. ബ്ലാക് ഹോളിന്റെ ഫോട്ടോയെടുക്കാനുള്ള സൂത്രത്തിന്റെ അല്‍ഗോരിതം എഴുതിയ ഇമേജിങ്ങ് സയന്റിസ്റ്റ്.

പറഞ്ഞുവരുമ്പൊ എന്നെക്കാള്‍ ഒരു വയസ് കുറവാണ്. വ്യത്യാസം നമ്മളിവിടെ പ്രൊഫൈല്‍ പിക്ചറിടാന്‍ പടമെടുക്കുമ്പൊ അവര് ലക്ഷക്കണക്കിനു പ്രകാശവര്‍ഷമപ്പുറത്തെ ഫോട്ടോയെടുക്കാന്‍ കഴിയാത്ത തമോഗര്‍ത്തെത്തെ എങ്ങനെ കുരുക്കാമെന്ന് കണ്ടുപിടിക്കുന്നു.

അവര്‍ക്ക് നോബേല്‍ െ്രെപസ് പോലെ എന്തെങ്കിലും ഡ്യൂക്കിലി സമ്മാനങ്ങള്‍ കിട്ടുമായിരിക്കും ദാറ്റ്‌സ് ഓള്‍..

എന്നാല്‍.......

1989ല്‍ അവര് ജനിച്ചുവീണപ്പൊ പെണ്‍കുഞ്ഞാണല്ലോ, കഷ്ടമെന്ന് ആ മാതാപിതാക്കള്‍ ആലോചിച്ചിരിക്കില്ല. പ്രസവവിവരമറിഞ്ഞപ്പൊ പെണ്ണാണല്ലേ എന്ന് ബന്ധുക്കള്‍ സഹതപിച്ചുകാണില്ല. വളര്‍ന്നു വരുന്ന കുഞ്ഞു കാറ്റിയോട് മറ്റൊരു വീട്ടില്‍ ചെന്നു കയറേണ്ടതാണെന്ന് കൂടെക്കൂടെ ഓര്‍മിപ്പിച്ചുകാണില്ല.

വിരുന്നിനു വരുന്ന അമ്മായി അടുക്കളയില്‍ വച്ച് " അവക്ക് വെപ്പൊക്കെ അറിയാമോടിയേ " എന്ന് കുശുകുശുത്തുകാണില്ല. അവള്‍ കോളജില്‍ ചെന്നപ്പൊ പെണ്‍കൊച്ചിനെ അധികം പഠിപ്പിക്കണ്ട, വല്ലവന്റെയും കൂടെ ഇറക്കിവിടേണ്ടതല്ലേയെന്ന് വല്യപ്പനും വല്യമ്മയും ഉപദേശിച്ചുകാണില്ല.

ഇരുപതു തികഞ്ഞപ്പൊ കല്യാണാലോചന തുടങ്ങിക്കാണില്ല. പ്രായം കൂടിയാല്‍ ചെക്കനെ കിട്ടില്ലെന്ന് പേടിച്ചുകാണില്ല. ഒന്നും ശരിയായില്ലേയെന്ന് ആശ്ചര്യപ്പെട്ടുകാണില്ല. അവളുടെ മനസില്‍ വല്ലവരുമുണ്ടോയെന്ന് ചോദിക്കാന്‍ ശട്ടം കെട്ടിക്കാണില്ല.

എന്റെ കണ്ണടയുന്നതിനു മുന്‍പ് നിന്നെയൊരുത്തനെയേല്പിക്കണമെന്ന് ബ്ലാക് മെയില്‍ ചെയ്തുകാണില്ല. നിന്റെ പ്രായത്തിലുണ്ടായ കുട്ടികളെക്കുറിച്ച് പഴമ്പുരാണം പറഞ്ഞുകാണില്ല. കൂടെ പഠിച്ചവര്‍ക്ക് കുട്ടിയായെന്ന് കുറ്റം പറഞ്ഞുകാണില്ല. പെണ്ണിനെ കെട്ടിക്കാന്‍ കഴിയാതെ നെഞ്ചുരുക്കുന്ന നാട്ടുകാരും കാണില്ല.

കെട്ടിക്കഴിഞ്ഞു പഠിക്കാമെന്ന് വ്യാജവാഗ്ദാനം നല്‍കിക്കാണില്ല. പിള്ളേരുണ്ടായിട്ടും പഠിക്കുന്നോരെക്കുറിച്ച് സൂചിപ്പിച്ചുകാണില്ല. പെണ്ണ് ജോലി ചെയ്തിട്ട് എന്തുണ്ടാക്കാനാണെന്ന് അടക്കം പറഞ്ഞുകാണില്ല.പെണ്ണുങ്ങടെ കാര്യം ഇങ്ങനൊക്കെയാണെന്ന് സഹതപിച്ചുകാണില്ല..

ലൈബ്രറിയില്‍ വൈകുമ്പൊ പടിയടച്ച് പുറത്തുകിടത്തുന്ന വാര്‍ഡനും വീട്ടുകാരുമുണ്ടായിരിക്കില്ല. ജോലിത്തിരക്കില്‍ സമയം പോയതറിയാതെ ഈ ഭൂമിയും ഗാലക്‌സിയും കടന്ന് നീളുന്ന ചിന്തകളില്‍ പിന്നോട്ട് വലിക്കുന്ന ഫോണ്‍ കോളുകളുണ്ടാവില്ല. ഒറ്റയ്ക്ക് തിരിച്ചുനടക്കുമ്പൊ നീളുന്ന നോട്ടങ്ങളും ചോദ്യങ്ങളുമുണ്ടാവില്ല..

ഒടുവില്‍ വിവാഹം കഴിഞ്ഞപ്പോള്‍ വിശേഷമായില്ലേ പെണ്ണേയെന്ന ചോദ്യവുമായി ആ വീടിന്റെ പടികയറിക്കാണില്ല. ഇനി അഥവാ ഇതൊക്കെയുണ്ടായിരുന്നെങ്കിലും അതൊക്കെ അവള്‍ അതിജീവിച്ചിരിക്കുന്നു.

അതുകൊണ്ട്...

അവര്‍ 1000 ജി.ബി കൊള്ളുന്ന അയ്യായിരം ഹാര്‍ഡ് ഡിസ്കുകളിലെ ഡാറ്റ വച്ച് ബ്ലാക് ഹോളിന്റെ ചിത്രം നിര്‍മിക്കുന്നു. നമ്മളിവിടെ അഞ്ഞൂറ് എം.ബി സിനിമയുടെ സ്ക്രീന്‍ഷോട്ട് വച്ച് ട്രോള്‍ നിര്‍മിക്കുന്നു

അവര്‍ക്ക് ലോകത്തോട് മുഴുവന്‍ പറയാനുള്ള ഒരു വിശേഷം മുപ്പത് വയസ് തികയുന്നതിനു മുന്‍പ് അവര്‍ക്ക് സ്വന്തമായി...നമുക്കിവിടെ ഫീലിങ്ങ് ഹാപ്പി വിത്ത് ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി

ഒരുപക്ഷേ നൊബേല്‍ പോലെയുള്ള വലിയ വലിയ ബഹുമതിയിലേക്കുള്ള യാത്രയിലെ ഒരു കാല്‍ വയ്പുമായി കാറ്റി യാത്ര തുടരുന്നു. ഇനിയും ഒരുപാട് പെണ്‍കുട്ടികള്‍ക്ക് സ്വപ്നം കാണാനുള്ള വകയുമായി..

Join WhatsApp News
josecheripuram 2019-04-11 19:21:02
If you let a woman do what she wanted to do,she will function much better than man.The men knows that,so they kept women from getting education or accepting their talents.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക