Image

ആലപ്പുഴ ആര്‍ക്കൊപ്പം ? കമ്യൂണിസ്റ്റ് കോട്ടയില്‍ കൈപ്പത്തി ഉയരുമോ? (അജീഷ് ചന്ദ്രന്‍)

Ajish Chandran Published on 11 April, 2019
ആലപ്പുഴ ആര്‍ക്കൊപ്പം ? കമ്യൂണിസ്റ്റ് കോട്ടയില്‍ കൈപ്പത്തി ഉയരുമോ? (അജീഷ് ചന്ദ്രന്‍)
ലോക്‌സഭാ മണ്ഡലങ്ങളിലൂടെ 7
(തെരഞ്ഞെടുപ്പ് അവലോകനം-ആലപ്പുഴ)

കമ്യൂണിസം വേരോടിയ മണ്ണാണ് ആലപ്പുഴയിലുള്ളതെങ്കിലും പാര്‍ലമെന്റിലേക്ക് കാര്യമായ സംഭാവനകള്‍ അവിടെ നിന്നും നല്‍കാന്‍ അവര്‍ക്കായിട്ടില്ല. അതൊരു യാഥാര്‍ത്ഥ്യമാണെന്നു ഇടതുപക്ഷവും അംഗീകരിക്കുന്നു. വി.എം. സുധീരന്‍ കോണ്‍ഗ്രസിനു വേണ്ടി ഹാട്രിക്ക് നേടിയ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടു തവണയും ഐക്യജനാധിപത്യമുന്നണിയുടെ കെ.സി. വേണുഗോപാലാണ് ജയിച്ചു കയറിയത്. ഇത്തവണ സംഘടന ചുമതലയുള്ളതിനാല്‍ കെ.സി. മത്സരരംഗത്തില്ല താനും. അതുകൊണ്ട് കോണ്‍ഗ്രസ് ഇത്തവണ വയനാട് മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്ന അഡ്വ. ഷാനിമോള്‍ ഉസ്മാനെ ആലപ്പുഴയിലെത്തിക്കുകയായിരുന്നു. അരൂര്‍ എംഎല്‍എ എ.എം ആരിഫാണ് സിപിഎമ്മിനു വേണ്ടി രംഗത്തുള്ളത്. പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ ആര്‍എസ്പി (ബി)യുടെ എ.വി. താമരാക്ഷന്‍ ആയിരുന്നു ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. പോള്‍ ചെയ്ത വോട്ടിന്റെ 4.5 ശതമാനമായിരുന്നു അദ്ദേഹത്തിന് നേടാനായത്. കെ.സി. വേണുഗോപാല്‍ കഴിഞ്ഞ തവണ സിപിഎമ്മിന്റെ സി.ബി. ചന്ദ്രബാബുവിനെ 19407 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്.


കര്‍ഷകതൊഴിലാളികളുടെ വിയര്‍പ്പില്‍ നിന്നും വിരിഞ്ഞു പൊന്തിയ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് എന്തു കൊണ്ട് ആലപ്പുഴ മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് പ്രാതിനിധ്യം നല്‍കാന്‍ വിമുഖത കാണിക്കുന്നുവെന്നു ചോദിച്ചാല്‍ അതിന് ഉത്തരമില്ല. ആലപ്പുഴയുടെ പ്രധാന മേഖലകളിലൊന്നായ കുട്ടനാട് മണ്ഡലം മാവേലിക്കരയിലാണെന്നത് വലിയൊരു പ്രതിസന്ധിയായി കാണാം. കായലും കടലും അടങ്ങിയ തീരപ്രദേശവാസികളുടെ ചൂടും ചൂരും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചു കയറുന്നതും ഇവിടുത്തെ കാഴ്ചയാണ്. അവസാനം 2004-ല്‍ കെ.എസ്. മനോജാണ് ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് ഡല്‍ഹിയിലെത്തിയത്. അതിനു മുന്‍പ് 1991-ല്‍ ടി.ജെ. ആഞ്ചലോസാണ് വിജയിച്ചത്. 

ചരിത്രം നോക്കിയാല്‍ 1962-ല്‍ പി.കെ.വാസുദേവന്‍ നായര്‍ (അമ്പലപ്പുഴ മണ്ഡലം) ആലപ്പുഴയെ ചുവപ്പില്‍ കുളിപ്പിച്ചെങ്കിലും തൊട്ടടുത്ത തവണ 1977-ല്‍ വി.എം. സുധീരന്‍ കോണ്‍ഗ്രസിനു മണ്ഡലം സമ്മാനിച്ചു. 1980-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സുശീല ഗോപാലന്‍ തിരികെ ആലപ്പുഴയെ ഇടതുപക്ഷത്തേക്ക് അടുപ്പിച്ചെങ്കിലും അത് നീണ്ടു നിന്നില്ല. വക്കം പുരുഷോത്തമനിലൂടെ രണ്ടു തവണ (1984, 89) കോണ്‍ഗ്രസ് ആലപ്പുഴ തിരികെ പിടിച്ചു. 

ഇത്തവണ കോണ്‍ഗ്രസിനു വേണ്ടി ഷാനിമോള്‍ ആലപ്പുഴയില്‍ മത്സരിക്കുമ്പോള്‍ അത് ഗ്രൂപ്പുകള്‍ക്ക് അതീതമാണെന്നു പറയേണ്ടി വരും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തു നിന്നും അതിനു മുന്‍പ് 2006-ല്‍ പെരുമ്പാവൂരില്‍ നിന്നും മത്സരിച്ചെങ്കിലും ഷാനിമോള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സിറ്റിങ് എംഎല്‍എയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായ ആരിഫ്. എസ്എന്‍ഡിപിയുടെ കാര്യമായ പിന്തുണ ഉണ്ടെന്നതാണ് ഇത്തവണ സിപിഎമ്മിന്റെ ആശ്വാസം. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലം. ഇതില്‍ ഹരിപ്പാട് ഒഴികെ ശേഷിച്ച മണ്ഡലങ്ങള്‍ മുഴുവന്‍ സിപിഎം കോട്ടകള്‍. അതു കൊണ്ടാവാം എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്, ആരിഫ് ജയിച്ചില്ലെങ്കില്‍ തലമൊട്ടയടിച്ച് കാശിക്ക് പൊക്കോളാമെന്ന്. 

-അജീഷ് ചന്ദ്രന്‍
adhi.thanku@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക