Image

കോട്ടയത്തിന്റെ കോട്ട ചുവപ്പിക്കാന്‍ വാസവന്‍, മണ്ഡലം നിലനിര്‍ത്താന്‍ ചാഴികാടന്‍ (അജീഷ് ചന്ദ്രന്‍)

Ajish Chandran Published on 10 April, 2019
കോട്ടയത്തിന്റെ കോട്ട ചുവപ്പിക്കാന്‍ വാസവന്‍, മണ്ഡലം നിലനിര്‍ത്താന്‍ ചാഴികാടന്‍ (അജീഷ് ചന്ദ്രന്‍)
ലോക്‌സഭ മണ്ഡലങ്ങളിലൂടെ-6
(തെരഞ്ഞെടുപ്പ് അവലോകനം- കോട്ടയം മണ്ഡലം)

കഴിഞ്ഞ ഒരു വര്‍ഷമായി കോട്ടയം ലോക്‌സഭ മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കാന്‍ ആരുമില്ല. 2018-ല്‍ രാജ്യസഭയിലേക്ക് ജോസ് കെ. മാണി എംപി പോയതോടെയാണ് കോട്ടയം നാഥനില്ലാ കളരിയായി മാറിയത്. കോട്ടയം സീറ്റിനു വേണ്ടി യുഡിഎഫില്‍ വലിയ അലമുറയിടുന്നതു കാണേണ്ടതായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ട സീറ്റില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്നു വൈസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് പറയുന്നിടത്തു നിന്നു തുടങ്ങിയ തര്‍ക്കം ഒടുവില്‍ ചെന്നു നിന്നത് ഏറ്റുമാനൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നും മത്സരിച്ചു തോറ്റ തോമസ് ചാഴികാടനില്‍. കേരള കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള മണ്ഡലമാണ് കോട്ടയം. അതു കൊണ്ട് തന്നെ കേരള കോണ്‍ഗ്രസ് നിന്നപ്പോഴൊക്കെയും വിജയിച്ചു കയറുവാനും യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കെ.എം. മാണിയുടെ വിയോഗത്തില്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന മണ്ഡലത്തില്‍ സഹതാപ തരംഗമുണ്ടായാല്‍ നേട്ടമുണ്ടാക്കാമെന്നും ചാഴികാടന്‍ പ്രതീക്ഷിക്കുന്നു. കോട്ടയം നിയോജകമണ്ഡലത്തില്‍ കഴിഞ്ഞതവണ പരാജയപ്പെടുകയും സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയുമായ വി.എന്‍.വാസവനാണ് എതിരാളി. മറ്റൊരു കേരള കോണ്‍ഗ്രസുകാരനായിരുന്ന പി.ടി. തോമസ് എന്‍ഡിഎ യ്ക്കും വേണ്ടിയും രംഗത്തിറങ്ങിയിരിക്കുന്നു. 


കോട്ടയത്തെ സംബന്ധിച്ചിടത്തോളം ഇത്തവണ സിപിഎമ്മിനു കാര്യങ്ങള്‍ അനുകൂലമായ അവസ്ഥയായിരുന്നു. കേരള കോണ്‍ഗ്രസില്‍ പുകയുന്ന അമര്‍ഷം ജോസഫ് ഗ്രൂപ്പിന്റെ പേരില്‍ പുറത്തു വരുമെന്നും, വയനാടില്‍ ഇടതുപക്ഷത്തോട് ഒട്ടിനില്‍ക്കുന്നതിന്റെ രോഷം കോട്ടയത്ത് തീര്‍ക്കുമെന്ന കോണ്‍ഗ്രസിന്റെ ഭീഷണിയും കണക്കിലെടുത്ത് സിപിഎം സ്ഥാനാര്‍ത്തി വി.എന്‍.വാസവന്‍ സന്തോഷത്തിലായിരുന്നു. എന്നാല്‍, അങ്ങനെ നുരപൊന്തിയ ആഹ്ലാദത്തിലേക്കാണ് മാണിസാറിന്റെ വിയോഗവാര്‍ത്ത കടന്നു വന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ്‌കുറുപ്പും ഹാട്രിക്ക് അടിച്ച മണ്ഡലമാണ് കോട്ടയം. രണ്ടു തവണ കെ.എം. മാണിയുടെ മകന്‍ ജോസ് കെ.മാണിയും ജയിച്ചു കയറിയ മണ്ഡലം. കഴിഞ്ഞ തവണ ജനതാദള്‍ എസിനായിരുന്നു ഇടതുപക്ഷം സീറ്റ് നല്‍കിയത്. മാത്യു ടി. തോമസ് സ്ഥാനാര്‍ത്ഥിയായെങ്കിലും റെക്കോഡ് ഭൂരിപക്ഷം (120599) നേടിയാണ് ജോസ് കെ. മാണി ജയിച്ചത്. 2009-ല്‍ സുരേഷ് കുറുപ്പിനെ അറുപത്തയ്യായിരത്തിനു മുകളില്‍ വോട്ടിനു തോല്‍പ്പിച്ച ജോസ് കെ. മാണി തുടര്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഇരട്ടിയാക്കിയത് സിപിഎമ്മിനെ ആശങ്കയിലാഴ്ത്തിയിരുന്നു. അതു കൊണ്ടു തന്നെ ഇത്തവണ ഘടകകക്ഷിയില്‍ നിന്നും വല്യേട്ടന്‍ പാര്‍ട്ടി സീറ്റ് തിരിച്ചെടുക്കുകയും ജില്ലാ സെക്രട്ടറിയെ തന്നെ പോരിനു നിയോഗിക്കുകയുമായിരുന്നു. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ ഈഴവ വോട്ടുകളും കിഴക്കന്‍ മേഖലയിലെ ക്രൈസ്തവ വോട്ടുകളുമാണ് പാര്‍ട്ടിയും ലക്ഷ്യമിടുന്നത്.

കോട്ടയം, ഏറ്റുമാനൂര്‍, പുതുപ്പള്ളി, പിറവം, കടുത്തുരുത്തി, വൈക്കം, പാല എന്നിങ്ങനെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ നാലെണ്ണം സ്വന്തമാക്കിയത് യുഡിഎഫ് ആണെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണക്കുമ്പോഴും സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവത്തില്‍ സിപിഎം ജയിച്ചുകയറിയതിന്റെ ഉദാഹരണങ്ങളുമുണ്ട്. സുരേഷ് കുറുപ്പിന്റെ ജയത്തെ അങ്ങനെ വിശേഷിപ്പിക്കാം. എന്നാല്‍ തുടര്‍ച്ചയായ നാലാം വിജയം തേടിയിറങ്ങിയ കുറുപ്പിനു കേരള കോണ്‍ഗ്രസിനു മുന്നില്‍ കാലിടറുകയും ചെയ്തു. ഇത്തവണ ചാഴികാടന്‍ തോറ്റാല്‍ കേരള കോണ്‍ഗ്രസ് ജോസഫിന്റെ കീഴില്‍ വീണ്ടും പോരിനിറങ്ങുമെന്നും അങ്ങനെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപാളയത്തിലേക്ക് ചേക്കേറുമെന്നുമുള്ള ഒരു രഹസ്യധാരണയെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഊക്കോടെ പ്രചരിച്ചത് അടുത്തിടെയാണ്. അതായത്, ഈ തെരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പ് വി.എന്‍.വാസവനെ സഹായിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രവേശം സുഗമമാക്കി തിരിച്ച് സഹായിക്കും എന്ന ധാരണയ്ക്ക് ഇപ്പോള്‍ മാണി സാറിന്റെ വിയോഗത്തോടെ മങ്ങലേറ്റിട്ടുണ്ടോയെന്നും സംശയമുണ്ട്.

ക്രൈസ്തവ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ സഭയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താനും കഴിയും. അക്ഷരനഗരിയെന്നാണ് വിളിപ്പേരെങ്കിലും മണ്ഡലത്തില്‍ കായലും കുന്നും മലയുമൊക്കെ ധാരാളം. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും, റെയില്‍വേ വികസനവുമൊക്കെ മുഖ്യവിഷയമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും കേന്ദ്രീകൃതമായ വിഷയത്തിലൂന്നിയാണ് ഇരു സ്ഥാനാര്‍ത്ഥികളും വോട്ട് തേടുന്നത്. എന്‍ഡിഎ-യ്ക്ക് വേണ്ടി കഴിഞ്ഞ തവണ നോബിള്‍ തോമസ് 47,422 വോട്ടുകള്‍ മാത്രമാണ് നേടിയത്. ഇത്തവണ എന്തു വില കൊടുത്തും പി.ടി. തോമസ് വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചാല്‍ അത് ഗുണകരമാവുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കാവും.

-അജീഷ് ചന്ദ്രന്‍
adhi.thanku@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക