Image

കാരുണ്യ ചികിത്സാ പദ്ധതിയും മാണി സാറും

അനില്‍ പെണ്ണുക്കര Published on 09 April, 2019
കാരുണ്യ ചികിത്സാ  പദ്ധതിയും മാണി സാറും
ഒരു രാഷ്ട്രീയ നേതാവിനും അവകാശപ്പെടാനാവാത്ത ഒരു വലിയ പദ്ധതിയുടെ അമരക്കാരനായിരുന്നു മാണി സാര്‍ .ഇപ്പോഴും നൂറു കണക്കിന് സാധാരണക്കാരായ ആളുകള്‍ക്ക് മൂന്നു ലക്ഷം വരെ ചികിത്സാ സഹായം ലഭിക്കുന്ന കാരുണ്യ ബനവലന്റ് പദ്ധതിയുടെ സൂത്രധാരനായിരുന്നു മാണിസാര്‍ .കെ.എം.മാണി ധനമന്ത്രി ആയിരിക്കെയാണു കാരുണ്യ ഭാഗ്യക്കുറി ആരംഭിച്ചത്. ലോട്ടറിയിലെ ലാഭം ഉപയോഗിച്ച് എപിഎല്‍–ബിപിഎല്‍ വ്യത്യാസമില്ലാതെ മൂന്നു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കു സൗജന്യ ചികില്‍സയാണു വിഭാവനം ചെയ്തത്. കാന്‍സര്‍, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങി ഏറെ പണച്ചെലവുള്ള രോഗങ്ങള്‍ക്കാണു കാരുണ്യ ഫണ്ട് അനുവദിക്കുന്നത്.ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റും എസ്റ്റിമേറ്റും ലഭ്യമാക്കിയാല്‍ ചുവപ്പുനാടകളില്ലാതെ ആശുപത്രികള്‍ക്കു തുക അനുവദിക്കുന്നതായിരുന്നു പദ്ധതി. ചികില്‍സയ്ക്കു ശേഷം വിനിയോഗ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി, ശേഷിച്ച തുക തുക ആശുപത്രികള്‍ തിരിച്ചടയ്ക്കണം.

എന്നാല്‍  കാരുണ്യ ചികില്‍സാ പദ്ധതിയില്‍ മാറ്റംവരുത്തി ഇടതു സര്‍ക്കാര്‍  സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി അവതാളത്തിലായി  എങ്കിലും  കാരുണ്യ ബനവലന്റ് പദ്ധതി പഴയപടി നിലനിര്‍ത്താനുള്ള കാരുണ്യം സര്‍ക്കാര്‍ കാണിക്കണമെന്ന്  മാണി സാര്‍ അഭിപ്രായപ്പെട്ടിരുന്നു " തന്റെ കണ്‍മുന്നിലിട്ട് കുഞ്ഞിനെ കൊല്ലുമ്പോള്‍ ഒരമ്മയ്ക്കുണ്ടാവുന്ന വേദനയാണ് കാരുണ്യ സൗജന്യ ചികില്‍സാ പദ്ധതി നിര്‍ത്തുമ്പോള്‍ തനിക്കനുഭവപ്പെടുന്നത്. കാരുണ്യ പദ്ധതി ഒരു മൃതസഞ്ജീവനിയാണ്. ആയിരം കോടിയിലധികം രൂപ ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്ക് നല്‍കി ആഗോള മാതൃകയായ പദ്ധതിയാണിത്. കാരുണ്യയ്ക്ക് സമാനമായി ലോകത്തൊരിടത്തും മറ്റൊരു പദ്ധതിയില്ല."

വളരെ ദീര്‍ഘവീക്ഷണത്തോടെ നടപ്പിലാക്കിയ കാരുണ്യ ചികിത്സാപദ്ധതിയില്‍ ഇപ്പോഴും അര്‍ഹിക്കുന്നവര്‍ക്ക് സഹായം ലഭിക്കുന്നുണ്ട് .കേരള ലോട്ടറി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന ഫണ്ട് ഗുരുതരമായ അസുഖങ്ങള്‍ നേരിടുന്ന പാവപ്പെട്ടവര്‍ക്കുള്ള ധനസഹായമായി കാരുണ്യ ബെനവലന്റ് ഫണ്ടിലൂടെ നല്‍കുന്നു.

ക്യാന്‍സര്‍, ഹീമോഫീലിയ, കിഡ്‌നി, ഹൃദ്രോഗങ്ങള്‍, സാന്ത്വന ചികിത്സാ രംഗങ്ങളില്‍ ഗുരുതരമായ അസുഖങ്ങള്‍ നേരിടുന്നവര്‍ക്കായി കാരുണ്യ ബെനവലന്റ് ഫണ്ട് ധനസഹായം നല്‍കുന്നു. ആരോഗ്യ പദ്ധതികള്‍ക്കുള്ള തുക ലോട്ടറിയിലൂടെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മധ്യവര്‍ഗ്ഗ സമൂഹത്തിനുപോലും താങ്ങാനാകാത്ത തരത്തിലുള്ള ചികിത്സ ചെലവ് നിലനില്‍ക്കുമ്പോള്‍, ഈ ക്ഷേമപദ്ധതി ഗുരുതര രോഗങ്ങളാല്‍  കഷ്ടതയനുഭവിക്കുന്നവര്‍ക്ക് വളരെയധികം സഹായകമാണ്.

 കാരുണ്യ ലോട്ടറിയുടെ വില്‍പനയിലൂടെ ലഭിക്കുന്ന വരുമാനം ചികിത്സാ ധനസഹായപദ്ധതിക്കായി മാത്രം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.

കാരുണ്യ ഭാഗ്യക്കുറി നല്‍കുന്ന ആകര്‍ഷകമായ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടപ്പാക്കി വരുന്ന കാരുണ്യ, കാരുണ്യ പ്ലസ് എന്നീ പ്രതിവാര ഭാഗ്യക്കുറികളില്‍ നിന്നുള്ള വരുമാനമാണ് ഈ പദ്ധതിക്ക് വേണ്ടി നീക്കി വച്ചിരിക്കുന്നത്. കാരുണ്യ ചികിത്സ ധനസഹായ പദ്ധതിയില്‍ ആശുപത്രി ചിലവ് വഹിക്കാനും മരുന്ന് വാങ്ങാനും കഴിവില്ലാത്ത ഏതു രോഗിക്കും ഏതു രോഗത്തിനും അയ്യായിരം രൂപ വരെയും ; ക്യാന്‍സര്‍, ഹൃദ്രോഗം,വൃക്ക, കരള്‍,മസ്ഥിഷ്കരോഗം,നട്ടെല്ലിനും സുഷുമ്‌ന നാടിക്കുമുണ്ടാകുന്ന മാരക രോഗങ്ങള്‍, മാരകമായ ശ്വാസ കോശ രോഗങ്ങള്‍,സ്വാന്ത്വന പരിചരണം വേണ്ടി വരുന്ന രോഗികള്‍ എന്നിവര്‍ക്ക് പരമാവധി രണ്ടു ലക്ഷം രൂപ വരെയും ഒരു കുടുംബത്തില്‍ ഒന്നിലധികം ഹീമോഫീലിയ രോഗികളുണ്ടെങ്കില്‍ ഓരോ രോഗിക്കും മൂന്ന് ലക്ഷം രൂപ വരെയും ഇതില്‍ നിന്നും ധനസഹായം ലഭിക്കുന്നു.

പാവങ്ങള്‍ക്ക് ചികിത്സയ്ക്ക് പെട്ടന്ന് സഹായം ലഭിക്കുന്ന മറ്റൊരു ചികിത്സ പദ്ധതിയും ഇല്ല എന്നതാണ് സത്യം .ഈ പദ്ധതിയെ ഒരു ലോട്ടറിയുമായി ബന്ധപ്പെടുത്തി കേരളത്തിലെ എല്ലാ ജനങ്ങളെയും ഈ പദ്ധതിയുടെ ഭാഗമാക്കുവാനും അന്യനെ സഹായിക്കുവാന്‍ എല്ലാ ജനങ്ങള്‍ക്കും അവസരം ഉണ്ടാക്കുന്ന ഒരു സമ്പൂര്‍ണ്ണ പദ്ധതിയായി അത് മാറ്റുവാന്‍ അദ്ദേഹത്തിന് സാധിച്ചത് അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണം ഒന്ന് മാത്രമാണ് .

Join WhatsApp News
വിദ്യാധരൻ 2019-04-10 11:16:07

ലോകമേ യാത്ര - സിസ്റ്റർ മേരി ബനീഞ്ജ

മരിച്ചിടും ജനിച്ച മർത്ത്യരൊക്കെയും വിതർക്കമി-
ങ്ങൊരുത്തരും പറഞ്ഞിടാത്ത സത്യമാണതെങ്കിലും
മരിച്ചതിന്റെ പിമ്പു മറ്റൊരന്തമറ്റ ജീവിതം,
വരിച്ചിടുന്നതാണു മർത്ത്യനുള്ള മേന്മയോർക്ക നീ.

സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും
അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്‍.

ഒരിക്കലീജ്ജഗത്തെയും ജഡത്തെയും പിരിഞ്ഞു നാം
തിരിക്കണം വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ
തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാൽ
കരത്തിലുള്ളതൊക്കെ നാമതിർത്തിയിൽ ത്യജിക്കണം.

ഇഹത്തിലേ ധനം സുഖം യശസ്സുമാഭിജാത്യവും
വഹിച്ചു കൊണ്ടു പോകയില്ല മർത്ത്യനന്ത്യയാത്രയിൽ
അഹന്തകൊണ്ടഴുക്കു പെട്ടിടാത്ത പുണ്യമൊന്നു
താൻ മഹത്തരം പ്രയോജനം പരത്തിലും വരുത്തിടും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക