Image

കൊല്ലം പിടിക്കാന്‍ ഇടതുമുന്നണിക്കാവുമോ? പ്രേമചന്ദ്രന്‍ രണ്ടും കല്‍പ്പിച്ചു തന്നെ (അജീഷ് ചന്ദ്രന്‍)

Ajish Chandran Published on 06 April, 2019
കൊല്ലം പിടിക്കാന്‍ ഇടതുമുന്നണിക്കാവുമോ? പ്രേമചന്ദ്രന്‍ രണ്ടും കല്‍പ്പിച്ചു തന്നെ (അജീഷ് ചന്ദ്രന്‍)
ലോക്‌സഭാ മണ്ഡലങ്ങളിലൂടെ-3 (കൊല്ലം)

സിപിഎമ്മിന്റെ അഭിമാന പോരാട്ടം നടക്കുന്ന സ്ഥലമെന്ന നിലയിലാണ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇടതു സ്ഥാനാര്‍ത്ഥിയായും വലതു സ്ഥാനാര്‍ത്ഥിയായും നിന്നു ജയിച്ച എന്‍.കെ പ്രേമചന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇത്തവണ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ കെ. എന്‍. ബാലഗോപാലിനെയാണ് ഇടതുപക്ഷം നിര്‍ത്തിയിരിക്കുന്നത്. താരതമ്യേന ദുര്‍ബലമായ സ്ഥാനാര്‍ത്ഥിയാണ് എന്‍ഡിഎ-യുടേതെങ്കിലും ഒരു ലക്ഷം വോട്ടെങ്കിലും സ്വന്തമായി പിടിച്ചെടുക്കുകയെന്നതാണ് കെ.വി. സാബുവിന്റെ ലക്ഷ്യം. 


ആര്‍എസ്പിക്ക് ഏറെ വേരോട്ടമുള്ള മണ്ണാണ് കൊല്ലം. പരമ്പരാഗത തൊഴിലാളികളുടെയും മുതലാളികളുടെയും വേരുകള്‍ ആഴ്ന്നിറങ്ങിയിട്ടുള്ള ഇവിടെ എന്‍. ശ്രീകണ്ഠന്‍ നായര്‍ തുടര്‍ച്ചയായി നാലു തവണയാണ് വിജയിച്ചു കയറിയത്. അതും ആര്‍എസ്പി ടിക്കറ്റില്‍. ഇടതുപക്ഷത്തോട് അനുഭാവം പ്രകടിപ്പിച്ചു നിന്നിരുന്ന മണ്ഡലം 1980-ലെ ഇന്ദിരാ ഗാന്ധി തരംഗം മുതല്‍ കോണ്‍ഗ്രസിനോട് അനുഭാവം കാണിച്ചു തുടങ്ങി. അന്ന് ബി.കെ. നായരാണ് ഇവിടെ നിന്നു ചെങ്കൊടി തുടച്ചു നീക്കി തുടക്കമിട്ടത്. പിന്നീട്, എസ്. കൃഷ്ണകുമാര്‍ എത്തി. അദ്ദേഹം 1984, 89, 91 എന്നീ വര്‍ഷങ്ങളിലൂടെ ഹാട്രിക്ക് തികച്ചു. ദേശീയരാഷ്ട്രീയത്തിലെ തിരിച്ചടി മുതലെടുത്ത് 1996-ല്‍ എന്‍.കെ. പ്രേമചന്ദ്രന്‍ വീണ്ടും ആര്‍.എസ്.പിയിലൂടെ മണ്ഡലത്തെ ഇടതു കോട്ടയാക്കി മാറ്റി. അദ്ദേഹം തുടര്‍ച്ചയായി രണ്ടു തവണയും പിന്നീട് 1999-ലും 2004-ലും പി. രാജേന്ദ്രനിലൂടെ സിപിഎമ്മും കോട്ടയില്‍ ഇടതുതരംഗം സൃഷ്ടിച്ചു. പക്ഷേ, 2009-ല്‍ വീണ്ടും സ്ഥിതി മാറി. എന്‍.കെ. പീതാംബരക്കുറുപ്പിലൂടെ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തു. 

കൊല്ലം ബൈപാസ് അടക്കം നിരവധി വികസന പദ്ധതികള്‍ക്ക് മുന്നിട്ടിറങ്ങിയ പ്രേമചന്ദ്രന്റെ ഇമേജ് എങ്ങനെയും തകര്‍ക്കുക എന്നതാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. അതിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പരനാറി എന്നുവരെ പ്രേമചന്ദ്രനെ വിളിച്ചു. പ്രേമചന്ദ്രന്‍ കൊല്ലം എംപിയായി തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെയാണ് 2000 മുതല്‍ രാജ്യസഭാംഗമായത്. പിന്നീട് 2006-ല്‍ ചവറയില്‍ നിന്നു നിയമസഭയിലെത്തിയും കരുത്തു തെളിയിച്ചു. എന്നാല്‍ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷിബു ബേബി ജോണിനോട് ചവറയില്‍ തോറ്റതോടെ പ്രേമചന്ദ്രന്റെ ആര്‍എസ്പിയും ഇടതുമുന്നണിയും ഉടക്കിലായെന്നു വേണം പറയാന്‍. 2014-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ആയതോടെ സ്ഥിതി കൂടുതല്‍ കലുഷിതമായി. ഇടതുപക്ഷ സാരഥിയായിരുന്ന പ്രേമചന്ദ്രന്‍ എല്‍ഡിഎഫ് ബന്ധം അവസാനിപ്പിച്ച് ഐക്യജനാധിപത്യ മുന്നണിക്കൊപ്പം കൊല്ലത്ത് മത്സരരംഗത്ത് എത്തുകയും ചെയ്തു. അങ്ങനെ എല്‍ഡിഎഫില്‍ നിന്നും മാറി എല്‍ഡിഎഫിനെതിരേ മത്സരിക്കാനിറങ്ങിയ പ്രേമചന്ദ്രനെ ഒരു പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് സിപിഎം തങ്ങളുടെ അന്നത്തെ സിറ്റിങ്ങ് എംഎല്‍എയും കരുത്തനായ നേതാവുമായിരുന്ന സാക്ഷാല്‍ എം.എ. ബേബിയെ കൊല്ലത്ത് മത്സരിപ്പിച്ചത്. എന്നാല്‍, പ്രേമചന്ദ്രനെ കൊല്ലം നിവാസികള്‍ കൈവിട്ടില്ല. ബേബിയെ തോല്‍പ്പിച്ചത് 37649 വോട്ടിന്. 

പിബി അംഗമായിരുന്ന എം.എ ബേബിയുടെ തോല്‍വി പാര്‍ട്ടിക്ക് ഏറെ ക്ഷീണം ചെയ്തു. അതു മാത്രമല്ല, കൊല്ലം ലോക്‌സഭ സീറ്റില്‍ ബേബിയുടെ നിയമസഭാ മണ്ഡലമായ കുണ്ടറയും ഉള്‍പ്പെട്ടിരുന്നു. അവിടെ പോലും ബേബി 6911 വോട്ടിന് പിന്നോക്കം പോയി. സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായിട്ടു പോലും കൊല്ലം സീറ്റ് നഷ്ടപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ വേണ്ടിയാണ് ഇത്തവണ ഇടതുപക്ഷത്തിന്റെ കരുത്താര്‍ന്ന ഇടപെടല്‍ ഇവിടെയുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എംപിയായിരുന്ന പ്രേമചന്ദ്രനെ പരനാറി എന്ന മോശം പദം ഉപയോഗിച്ചു വിശേഷിപ്പിച്ചതു പോലും വലിയ വാര്‍ത്തയായിരുന്നു. പരനാറി പ്രയോഗത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞത് ഇപ്രകാരമായിരുന്നു. ഞാന്‍ പറഞ്ഞില്‍ എന്താ പ്രശ്‌നമതിലുള്ളത്. എന്തായിരുന്നു നിലപാട് സ്വീകരിച്ചത്. ഇനി നാളെ എന്താണ് നിലപാട് സ്വീകരിക്കാന്‍ പോവുന്നത് എന്ന് ആര്‍ക്കറിയാം. ഞങ്ങളോട് ചെയ്തതുപോലെ ഇപ്പോള്‍ നില്‍ക്കുന്ന യുഡിഎഫിനോട് ചെയ്യില്ലെന്ന് ആര്‍ക്കറിയാം, രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി വളരെ പ്രധാനമാണ്. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.

ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ നിയമസഭാ മണ്ഡലം ചേര്‍ന്നതാണ് കൊല്ലം ലോക്‌സഭാ മണ്ഡലം. കൊല്ലം കോര്‍പ്പറേഷനും പുനലൂര്‍, പരവൂര്‍ മുനിസിപ്പാലിറ്റിയും മണ്ഡലത്തിലുണ്ട്. എന്‍.കെ. പ്രേമചന്ദ്രന്‍ കൊല്ലംകാര്‍ക്ക് എത്ര പ്രിയപ്പെട്ടവനാണോ അതു പോലെ തന്നെയാണ് ഇടതു മുന്നണിയുടെ കെ. എന്‍. ബാലഗോപാലും. തീപാറുന്ന പോരാട്ടത്തിനു കൊല്ലം സാക്ഷിയാകുന്നതും അതു കൊണ്ടു തന്നെ.

-അജീഷ് ചന്ദ്രന്‍
adhi.thanku@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക