Image

ഒരു വര്‍ഷം ശമ്പളമില്ലാതെ വലഞ്ഞ മല്‍സ്യത്തൊഴിലാളികള്‍ മടങ്ങി

Published on 07 April, 2019
ഒരു വര്‍ഷം ശമ്പളമില്ലാതെ വലഞ്ഞ മല്‍സ്യത്തൊഴിലാളികള്‍  മടങ്ങി
ദമ്മാം: സ്‌പോണ്‍സര്‍ ഒരു വര്‍ഷമായി ശമ്പളം കുടിശ്ശിക വരുത്തിയത് മൂലം ജീവിതം ദുരിതത്തിലായ അഞ്ച് മല്‍സ്യത്തൊഴിലാളികള്‍, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ഒരേ സ്‌പോണ്‍സറിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന പ്രണോ ദിബല്‍ഷ്, തൊമ്മയ് അഭിഷേക് സ്റ്റാനിസ്ലസ്, ലൂക്കാസ് ആന്റണി, ഗോല്‍ബി ഫ്രാന്‍സിസ്, ശിവാനന്ദന്‍ സുബ്ബയ്യ എന്നീ തൊഴിലാളികളാണ് ദുരിതജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്. തമിഴ്നാട് മധുര സ്വദേശികളാണ് അഞ്ചു പേരും.

മൂന്നു വര്‍ഷമായി പ്രവാസജീവിതം നയിയ്ക്കുന്ന അവര്‍ക്ക് പലപ്പോഴും ശമ്പളം സമയത്ത് കിട്ടിയിരുന്നില്ല. ശമ്പളകുടിശ്ശിക ഒരു വര്‍ഷത്തോളമായപ്പോള്‍, അവര്‍ ശക്തമായി പ്രതിഷേധിച്ചെങ്കിലും സ്‌പോണ്‍സര്‍ വകവച്ചില്ല. കടം വാങ്ങിയും, സുഹൃത്തുക്കളുടെയും, ചില കച്ചവടക്കാരുടെയും സഹായത്തോടെയുമാണ് ഇവര്‍ ആഹാരസാധനങ്ങള്‍ പോലും വാങ്ങിയിരുന്നത്. നാട്ടിലെ ബന്ധുക്കള്‍ തമിഴ്‌നാട് സര്‍ക്കാരിനും, അധികൃതര്‍ക്കും, കേന്ദ്രവിദേശകാര്യവകുപ്പിലും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.

ഇവരുടെ ദുരിതമറിഞ്ഞ രാജേന്ദ്രന്‍ എന്ന മലയാളി, ഇവര്‍ക്ക് നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാറിന്റെ നമ്പര്‍ നല്‍കി. ഫോണില്‍ വിളിച്ചു സംസാരിച്ചപ്പോള്‍ കിട്ടിയ നിര്‍ദ്ദേശം അനുസരിച്ച്, നവയുഗം ഹെല്‍പ്പ് ഡെസ്‌ക്കില്‍ എത്തിയ ഇവര്‍ ഷിബുകുമാറിനെ നേരിട്ട് കണ്ട് സ്വന്തം അവസ്ഥ വിവരിച്ചു.

ഷിബുകുമാര്‍ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട്, ഈ കേസില്‍ ഇടപെടാന്‍ അനുമതിപത്രം വാങ്ങി.
ഷിബുകുമാറിന്റെ സഹായത്തോടെ അഞ്ചുപേരും ദമ്മാം ലേബര്‍ കോടതിയില്‍ സ്‌പോണ്‍സറിനെതിരെ കേസ് ഫയല്‍ ചെയ്തു. ഷിബുകുമാര്‍ കോടതിയില്‍ ഇവര്‍ക്കായി ഹാജരായി വാദിച്ചു.

ഇതറിഞ്ഞ സ്‌പോണ്‍സര്‍, അന്ന് രാത്രി ഇവരുടെ റൂമില്‍ എത്തുകയും, ഭീഷണിപ്പെടുത്തി ബലമായി ചില സാലറി സ്ലിപ്പുകളില്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്തു. എന്നാല്‍ മല്‍സ്യത്തൊഴിലാളികളില്‍ ഒരാള്‍, സ്പോണ്‍സറുടെ ഈ അതിക്രമവും, സംസാരവും രഹസ്യമായി മൊബൈലില്‍ റിക്കോര്‍ഡ് ചെയ്തിരുന്നു.

കോടതിയില്‍ കേസിനായി വിളിച്ചപ്പോള്‍, അവിടെ എത്തിയ സ്‌പോണ്‍സര്‍, താന്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുഴുവന്‍ നല്‍കിയിട്ടുണ്ട് എന്ന് സാലറി സ്ലിപ്പ് കാണിച്ചു വാദിയ്ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ റിക്കോര്‍ഡ് ചെയ്ത വീഡിയോ കണ്ടതോടെ ലേബര്‍ ഓഫിസറിന് സത്യം മനസ്സിലായി. തൊഴിലാളികള്‍ക്ക് കുടിശ്ശിക ശമ്പളം മുഴുവന്‍ നല്‍കി നാട്ടിലേയ്ക്ക് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു.

തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം സ്‌പോണ്‍സര്‍ ഇവര്‍ക്ക് ശബളമൊക്കെ നല്‍കി, എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി കയറ്റി വിട്ടു. നവയുഗത്തിനും ഷിബുവിനും നന്ദി പറഞ്ഞ് അവര്‍ നാട്ടിലേയ്ക്ക് മടങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക