Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 40: സാംസി കൊടുമണ്‍)

Published on 07 April, 2019
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 40: സാംസി കൊടുമണ്‍)
പല ലോകകാര്യങ്ങളിലൂടെ അവര്‍ കടന്നുപോയി. ഊണു കഴിഞ്ഞ് അവര്‍ പുതിയ ഭൂമിയിലേക്ക് സ്വാഗതവും, ഭാവിയിലേക്ക് വിജയവും നേര്‍ന്ന് പടിയിറങ്ങി. ശാന്തമ്മ അവരെ കാറോളം അനുഗമിച്ചു.

ശാന്തമ്മയുടെയും ഇടവഴിക്കുന്നേലിന്റെയും കണ്ണുകള്‍ കൂട്ടിമുട്ടുന്നതു പലതവണ കണ്ട ു. കസിന്‍ ഒരു പുക മറയോ..... എന്തിനു വേണ്ട ാത്ത ചിന്തകള്‍. മനസ്സിനെ ശാസിച്ചു. എങ്കിലും ചോദിക്കാമായിരുന്നു.... ഏതു വകയില്‍. അമ്മ വഴി അവള്‍ ഒരു ബന്ധം ഉറപ്പിച്ചേനേ....

വൈന്‍ ഒരു ലഹരിയായി തലയ്ക്കു പിടിക്കുന്നില്ല. എന്നാലും ഒരു ഭാരക്കുറവ്. ഒന്നും ചെയ്യാനില്ലാത്തവനെപ്പോലെ അയാള്‍ സോഫയിലിരുന്നു. ചുമതലകള്‍ എന്തെന്നറിയാത്ത, പുതുതായി നിയമിതനായ ഉദ്യോഗസ്ഥന്റെ മനോഭാവം. ശാന്തമ്മ അതിഥികളെ യാത്രയാക്കി സോഫയില്‍ അയാള്‍ക്കൊപ്പമിരുന്ന്, അനുനയത്തില്‍ ചോദിച്ചു.

“”എന്താ ചാച്ചന് ഒരു അസ്വസ്ഥത പോലെ.... അവര്‍ വന്നത് ഇഷ്ടപ്പെട്ടില്ലേ....?’’

എന്റെ ഇഷ്ടമല്ലല്ലോ.... നിന്റേതല്ലേ അയാള്‍ മനസ്സില്‍ പറഞ്ഞു. ഉള്ളിലെ വിചാരങ്ങള്‍ പുറത്തു കാട്ടാതെ അയാള്‍ പറഞ്ഞു. “”ഓ ഒന്നുമില്ല. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുന്നതല്ലേ ഉള്ളോ.’’

“”പിന്നെ.....’’ അവള്‍ കാര്യത്തിലേക്കു കടക്കയാണ്. “”നാട്ടിലെപ്പോലെ ഊണു കഴിഞ്ഞ് ഇവിടാരും കൈ നക്കാറില്ല. ടേബിള്‍ മാനേഴ്‌സ് ഒക്കെ പഠിക്കണം. അതുപോലെ ഡ്രിങ്ക്‌സ് എടുക്കുമ്പോള്‍ ഒറ്റ വലി പാടില്ല. ഇറ്റിച്ച് ഇറ്റിച്ച് കുടിക്കണം. എന്നാലേ സ്വാദറിഞ്ഞു കുടിക്കാന്‍ പറ്റുകയുള്ളൂ.’’

ചാണ്ട ിക്കുഞ്ഞ് അവളെ ഒന്നു നോക്കി. തിരുത്താന്‍ വന്നവളോ എന്ന ഭാവം. തികട്ടിവന്ന അഭിമാനക്ഷതത്തെ അടക്കി പറഞ്ഞു “”കൈ നക്കുന്നത് തെറ്റാണെന്നാരും പറഞ്ഞുതന്നില്ല. പിന്നെ വാറ്റു ചാരായം ഇറ്റിച്ചിറ്റിച്ചു കുടിക്കാന്‍ പറ്റിയ സാധനവും അല്ല. ശീലമായിപ്പോയി. തിരുത്താം...” സ്വരത്തിന് അല്പം കടുപ്പം കൂടിയിരുന്നു.

“”ഞാന്‍ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല. എല്ലാം പഠിക്കണമല്ലോ എന്നു വെച്ചു പറഞ്ഞതാ....’’ കഷണ്ട ി കയറിത്തുടങ്ങിയ അയാളുടെ തലയില്‍, സൂര്യകാന്തിപ്പൂവിനു ചുറ്റും ഉള്ള സംരക്ഷണ വലയംപോലെയുള്ള രോമങ്ങള്‍ കോതി ഒതുക്കി അവള്‍ സ്‌നേഹം പ്രകടിപ്പിച്ചു.

വിഷമം ഒട്ടും ഇല്ല. അജ്ഞതയാണ്. മൂന്നാം ലോകപൗരന്മാരുടെ തലേവിധി. ഏതായാലും നീ എല്ലാം അറിയാവുന്നവള്‍ കൂടെയുണ്ട ല്ലോ.... അയാള്‍ ആത്മഗതം ചെയ്തു.

“”എന്തിനാ ഇവിടിരിക്കുന്നത്. അല്പം കിടക്കൂ. യാത്രക്ഷീണം മാറിയിട്ടുണ്ട ാവില്ല. അയാളെ അവള്‍ ബെഡ്ഡിലേക്കു നയിച്ചു. അയാള്‍ അവളെ വാശിയോടെ പ്രാപിച്ചു. അയാളുടെ ഉള്ളില്‍ അകാരണമായ പക അവളോട്. അവളുടെ അധരങ്ങളില്‍ ഇടവഴികുന്നേലിന്റെ വിയര്‍പ്പ് തുള്ളികളുടെ സ്വാദ് പറ്റിയിരുപ്പുണ്ടേ ാ. അയാള്‍ തിരഞ്ഞു. അതോ മറ്റനേകര്‍! ഛെ....  വികാസം പ്രാപിക്കാത്ത മനസ്സേ അടങ്ങൂ. ആണും പെണ്ണും മിണ്ട ിയാല്‍ ഒന്നിച്ചിരുന്നാല്‍.... അതിനൊരര്‍ത്ഥം മാത്രമേയുളളൂ…?  ഞരമ്പുരോഗികളുടെ നാട്ടില്‍ നിന്നും വന്ന മനസ്സ് ഒന്നു നന്നായി കഴുകി വൃത്തിയാക്കേണ്ട ിയിരിക്കുന്നു. പുതിയ ലോകവും പുതിയ സംസ്കാരവും ഞരമ്പുകളില്‍ നിറയട്ടെ.....’’

ഉറക്കത്തില്‍ അയാള്‍ അന്നാമ്മയെ സ്വപ്നം കണ്ട ു. സ്കൂള്‍ മുറ്റത്ത് പൂത്തു നില്‍ക്കുന്ന അശോക മരത്തിന്റെ തണലില്‍. വട്ടത്തില്‍ ഇരിക്കുന്ന കുട്ടികള്‍ക്ക് നടുവില്‍. അകലെ പൊരിവെയിലില്‍ താന്‍ ഒരു ഭിക്ഷക്കാരനായി. അവള്‍ ചിരിക്കുകയാണ്. പെട്ടെന്ന് ഭൂമിയാകെ ഹിമംകൊണ്ട ് മൂടി. അവളുടെ വെളുത്ത പല്ലുകളില്‍ നിന്നും ഹിമധൂളികള്‍ ചുറ്റും പരക്കുന്നു. അവള്‍ പാടുകയാണ്. ആ പാട്ടില്‍ കൊടുങ്കാറ്റുണ്ട ാകുന്നു. അവള്‍ അകലങ്ങളിലേക്ക് പറക്കുന്നു. അയാള്‍ അവള്‍ക്കായി ഒരു കൈ നീട്ടി. അവള്‍ ആര്‍ത്തു ചിരിച്ചു. അവളുടെ മുടിക്കെട്ട് അഴിഞ്ഞാടി. പെട്ടെന്ന് പ്രളയം വന്നു. എവിടെയും ഇളകി മറിയുന്ന ആഴക്കടല്‍. ലക്ഷ്യമില്ലാതൊഴുകുന്ന ഒരു ചാളത്തടിയില്‍ താന്‍ നിലവിളിക്കുന്നു.

“”എന്താ.... എന്താ....’’ ശാന്തമ്മ അയാളെ കുലുക്കി വിളിച്ചു.

“”ഓ.... ഒന്നുമില്ല. ഒരു സ്വപ്നം.’’ അയാളെ അപ്പോഴും കിതയ്ക്കുന്നുണ്ട ായിരുന്നു.

“”ആരാ ഈ അന്നാമ്മ....’’

“”ഓ... അതോ... ഞാന്‍ പഠിപ്പിച്ച ഒരഞ്ചാം ക്ലാസ്സുകാരി. അവള്‍ക്കാരുമില്ല. ഞാന്‍ എന്നും ഓരോ മിഠായി കൊടുക്ക പതിവായിരുന്നു. ഇന്നവള്‍ ചോദിക്കുന്നു, മാഷേ എനിക്ക് മിഠായി എവിടെ എന്ന്. ഞാനവളോട് എന്തൊക്കെയോ പറഞ്ഞു.’’ പിടിക്കപ്പെട്ടവന്റെ ജാള്യത അയാളുടെ സ്വരത്തിലുണ്ട ായിരുന്നു. ശാന്തമ്മ സംശയത്തോടെ അയാളെ നോക്കി തിരിഞ്ഞുകിടന്നു.

ചാണ്ട ിക്കുഞ്ഞിന്റെ ജീവിതം ഉറയ്ക്കാത്ത നൗകപോലെ ആയിരുന്നു. എങ്ങും വേരുപിടിക്കില്ല. അഥവാ പിടിക്കും എന്നു തോന്നിയാല്‍, നട്ട ചെടിയുടെ വേരെണ്ണാന്‍ ദിവസവും ചെടിപിഴുതു നോക്കുന്ന കുട്ടിയെപ്പോലെ ആയിരുന്നു അയാള്‍. സ്വന്തം ജീവിതം പന്തയത്തിനു വെയ്ക്കുന്നവന്‍. ഒരു പ്രത്യേക ജാതകവുമായി പിറന്നവന്‍. കുട്ടികളെപ്പോലെ നിഷ്കളങ്കമായ മുഖമുള്ളവന്‍. ചെറിയ കാര്യങ്ങളില്‍ കലഹിക്കുന്നവന്‍. മനസ്സില്‍ സംശയത്തിന്റെ രോഗമുള്ളവന്‍. എന്നാല്‍ തന്റെ വാക്ചാതുരിയില്‍ ആരെയും തന്നിലേക്ക് അടുപ്പിക്കാന്‍ കഴിവുള്ളവന്‍. ഒന്നിലും ഉറച്ചു നില്‍ക്കാത്തവന്‍.

അമേരിക്കയിലും പെട്ടെന്നു കൂട്ടുകാരെ സമ്പാദിച്ചു. പള്ളിയില്‍ നിന്നുമാണതു തുടങ്ങിയത്. പിന്നെയതു വളര്‍ന്നു. ചെറു ജോലികള്‍.... അതു ചാണ്ട ിക്കുഞ്ഞിന്റെ നിലവാരത്തിനിണങ്ങിയില്ല. ചാണ്ട ിക്കുഞ്ഞ് കുടിയാന്മാരുടെ തോഴനായി. രണ്ട ും മൂന്നും ജോലി ചെയ്ത് കഷ്ടപ്പെടുന്ന നഴ്‌സുമാരുടെ ഭര്‍ത്താക്കന്മാര്‍ ബേബി സിറ്റിങ്ങുമായി വീട്ടില്‍ ചടഞ്ഞിരിക്കുമ്പോള്‍, മടുപ്പുമാറ്റാന്‍ ഒരു ചങ്ങാത്തത്തിനായി ചാണ്ട ിക്കുഞ്ഞിനെ വിളിക്കും. ഒന്നു രണ്ട ിടത്തു ചെറു ജോലികള്‍ ചെയ്ത്, ചാണ്ട ിക്കുഞ്ഞിന് എങ്ങും ഉറയ്ക്കാന്‍ കഴിയാതെ വീടിന്റെ ചുവരുകള്‍ നോക്കിയിരിക്കുന്ന സമയത്ത് അത്തരം വിളികള്‍ വലിയ ആശ്വാസമായിരുന്നു. മൂന്നു മണിയാകുമ്പോള്‍ കൊണ്ട ു പോകുന്നവര്‍ തിരികെ വിടും.

ശാന്തമ്മയ്ക്ക് മടുത്തു. ജോലിക്കു പോകാന്‍ കഴിയില്ലെങ്കില്‍ വീട്ടില്‍ അടങ്ങിയിരുന്നുകൂടേ? പ്രായമാകുമ്പോള്‍ കൂട്ടിനൊരാള്‍ എന്നേ കരുതിയുള്ളൂ. അതിപ്പോള്‍ കുരിശാകുന്ന മട്ടാണല്ലോ. അദ്ധ്യാപകനും സാഹിത്യകാരനും എന്നൊക്കെ കേട്ടപ്പോള്‍ ഒരല്പം അഭിമാനം തോന്നിയിരുന്നു. കൂടെ കൊണ്ട ുനടക്കാന്‍ കൊള്ളാവുന്നവന്‍ എന്നു കരുതി. ഇപ്പോള്‍....

ചിന്നമ്മയുടെ നോട്ടവും അവളുടെ ചിറിക്കോണിലെ ഭാവവും എന്തായിരുന്നു. പണ്ടേ  താന്‍ ചിന്നമ്മയുടെ കണ്ണിലെ കരടാ.... അവള്‍ അതു പറഞ്ഞപ്പോള്‍ തൊലിയുരിയുന്നതുപോലെ. “”ശാന്തമ്മേ.... പുള്ളിക്കാരന്‍ പറഞ്ഞു, ഇന്നലെ ചാണ്ട ിക്കുഞ്ഞ് പകല്‍ മുഴുവന്‍ അവിടെയായിരുന്നെന്ന്.... അതുകൊണ്ടെ ന്താ.... ജോലികഴിഞ്ഞു ചെന്നപ്പോ എനിക്കു ജോലിയായി....ബെയ്‌സ്‌മെന്റ് മുഴുവന്‍ നാശമായിരുന്നു. പിന്നെ അതെല്ലാം കഴുകി തുടയ്‌ക്കേണ്ട ി വന്നു.” അവള്‍ തന്നെ കൊച്ചാക്കുംപോലെ ഒന്നിരുത്തി നോക്കി. ഇനി ഇതാവര്‍ത്തിക്കരുതെന്ന ഒരു താക്കീതുപോലെ.

ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. കുടിയ്ക്കണമെങ്കില്‍ വീട്ടില്‍ ഇരുന്നു കുടിക്കട്ടെ....ഇനി എങ്ങോട്ടും പോകണ്ട ....

“”അതു പറയാന്‍ നീ ആരാടി.....’’ ശാന്തമ്മ ആകെ ആടിയുലഞ്ഞു പോയി. “”ഞാന്‍ എനിക്കിഷ്ടമുള്ളതുപോലൊക്കെ ജീവിക്കും. നിന്റെ അടുക്കളയില്‍ പാത്രം കഴുകാനും, നിന്റെ തുണി അലക്കാനും എന്നെ കിട്ടത്തില്ല.’’ ചാണ്ട ിക്കുഞ്ഞ് കുറെ നാളുകളായി മനസ്സില്‍ കൊണ്ട ു നടന്ന പകയുടെ കെട്ടഴിക്കുകയായിരുന്നു.

ശാന്തമ്മയുടെ കാലീന്നൊരു പെരുപ്പ്.... “”ഒരു കാര്യം ചെയ്യണം. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനാണുദ്ദേശിക്കുന്നതെങ്കില്‍ എവിടാണെന്നു വെച്ചാ പൊയ്‌ക്കോണം...’’ അവള്‍ പറഞ്ഞു.

ചാണ്ട ിക്കുഞ്ഞൊന്നു പതറി. ആ വാചകം അയാള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തോറ്റു കൊടുക്കാന്‍ അയാള്‍ക്കു മനസ്സില്ലായിരുന്നു. അയാള്‍ പറഞ്ഞു: “”നീയതു പറയും. പണ്ട ് ഒരുത്തനെ ഇതുപോലെ നീ ഇറക്കിവിട്ടതാ. എന്നിട്ട് മരിച്ചുപോയത്രേ.... ഞാന്‍ ഒന്നും അറിയില്ലെന്നു കരുതി അല്ലേ....’’ ചാണ്ട ിക്കുഞ്ഞിന്റെ ഉരുണ്ട  കണ്ണുകള്‍ ചുവന്നു തുടുത്ത്, ഏതു നിമിഷവും പുറത്തേക്ക് തെറിച്ചുവീഴും എന്ന നിലയിലായി.

ശാന്തമ്മ ആകെ പരുങ്ങി. അയാള്‍ എല്ലാം അറിഞ്ഞിരിക്കുന്നു. എങ്ങനെ.... അസൂയക്കാരികളാ ചുറ്റും. പിന്നെ.... അവള്‍ മൊഴിമുട്ടിയവളെപ്പോലെ പെട്ടെന്നു കരഞ്ഞു. നെഞ്ചത്തടിച്ചു വിലപിച്ചു. “”എനിക്കിതു വരണം. ഒരു ഗതിയും പരഗതിയുമില്ലാതിരുന്ന ഓരോന്നിനെ പിടിച്ച് അമേരിക്കയില്‍ കൊണ്ട ുവന്നു..... അതിന്റെ ഫലം കിട്ടി....’’ അവള്‍ പെട്ടെന്ന് ബെഡ്ഡ് റൂമില്‍ കയറി കതകടച്ചു. ഡയലോഗു തീര്‍ന്ന ഒരു കഥാപാത്രം രംഗത്തുനിന്ന് നിഷ്ക്രമിക്കുംപോലെ.....

വിചാരണയുടെയും വിധിയുടെയും ദിവസങ്ങള്‍ ആണോ..... ശാന്തമ്മ ആലോചിച്ചു. ആരുണ്ട ് വിധിക്കാന്‍ യോഗ്യന്‍....? എനിക്ക് ബോധിച്ചപോലെ ഞാന്‍ ജീവിച്ചു. ആരുടെയും വിചാരണയ്ക്ക് വിധേയയാകാന്‍ എനിക്ക് മനസ്സില്ല. ഞാന്‍ ആരുടെയും അടിമയല്ല. പെണ്ണിന് സ്വന്തമായി ഒന്നും ഇല്ലേ...? അവളുടെ മനസ്സും, ശരീരവും, ധനവും എല്ലാം മറ്റുള്ളവരുടെ ബോദ്ധ്യത്തിനു വിധേയമാണോ..? ഞാന്‍ ആരെയും ബോദ്ധ്യപ്പെടുത്താന്‍ പോകുന്നില്ല.

പതിനാലാം വയസ്സില്‍ ഒരുത്തനെന്നെ തൊട്ടു. അവനു പതിനെട്ടു വയസ്സ്. അവന്‍ വലിയ വീട്ടിലെ അയല്‍ക്കാരനായിരുന്നു. അവന്‍ പെറ്റിക്കോട്ടിനുള്ളിലേക്ക് അവന്റെ മാന്ത്രികവിരലുകള്‍ കടത്തി. അവന്റെ വിരലുകളില്‍ സംഗീതമുണ്ട ായിരുന്നു. അവന്റെ ചുണ്ട ുകളില്‍ വരിയ്ക്കചക്കയിലെ ഇറ്റുവരുന്ന തേനായിരുന്നു. കുന്നുകളിലും മലകളിലും പറവകളെപ്പോലെ പറന്നു നടന്നു. കുന്നുകള്‍ക്കപ്പുറത്തെ സ്വാതന്ത്ര്യത്തിലേക്ക് അവന്റെ കൈയ്യും പിടിച്ച് നടക്കുന്നതു സ്വപ്നം കണ്ട ു. പക്ഷേ ഒരു ദിവസം അവന്‍ സെമിനാരിയിലേക്ക് അവന്റെ കിടക്കയുമെടുത്ത് ചേക്കേറി. അപ്പന്റെ ആഗ്രഹം. ബാക്കിവെച്ച അവന്റെ മോഹങ്ങള്‍ കണ്ണുകളില്‍ ജ്വലിക്കുന്നുണ്ട ായിരുന്നു. രഹസ്യവഴികളിലൂടെ അവന്റെ ഉള്ളിലെ തേങ്ങലുകള്‍ അവന്‍ തന്നെ അറിയിക്കുന്നുണ്ട ായിരുന്നു. കൗമാരം തന്ന വേദനകളും ഓര്‍മ്മകളുമായി താനും തന്റെ മലകളെയും കുന്നുകളെയും ഉപേക്ഷിക്കുകയായിരുന്നു. നേഴ്‌സിങ്ങിന് ഡല്‍ഹിയില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ അതൊരു വഴിത്തിരിവായി. അവന്‍ കത്തുകളിലൂടെ കസിനായി വിശേഷങ്ങള്‍ അറിയിച്ചുകൊണ്ട ിരുന്നു. അവന്‍ മുതിര്‍ന്നു. വൈദികനാകുന്നവരെയും പ്രതീക്ഷ വിട്ടില്ല. പിന്നെ അവനെ മനസ്സില്‍ നിന്നും ഉപേക്ഷിച്ചു. ഇലകള്‍ കൊഴിയുന്ന വേഗത്തില്‍ മനസ്സിന്റെ നൊമ്പരങ്ങളെ കൊഴിച്ചുകളയാന്‍ കഴിയുമായിരുന്നില്ലല്ലോ.

ആണിപ്പഴുതുകളില്‍ നിന്നും ഇറ്റിറ്റുവീഴുന്ന രക്തം അവനെ ഓര്‍മ്മിപ്പിക്കുന്നു. നഷ്ടപ്പെട്ട എന്തോ ഒന്ന് തിരയുകയായിരുന്നു അതവനിലാണെന്നറിയാം. അവന്‍ സന്യാസത്തിന്റെ നീണ്ട  തടവറയിലാണെന്ന ബോധം. ഉപബോധത്തില്‍ കിടന്നു പിടയുന്നു. ജീവിതം വീട്ടുകാര്‍ നേടിത്തന്ന ഒരവനില്‍ പടര്‍ത്താന്‍ ശ്രമിച്ചു. എപ്പോഴും അതൃപ്തിയായിരുന്നു. നിറവില്ലായിരുന്നു. അതു സമര്‍പ്പണത്തിന്റെ കുറവാകാം. ചിരിച്ചും കളിച്ചും അഭിനയിച്ചു. ടോമി പിറന്നു കഴിഞ്ഞാണ് അമേരിക്കയ്ക്കു കുടിയേറിയത്. ഇവിടെ കൂട്ടുകാരന്‍ ഒരാര്‍ത്തിക്കാരനായി. പണം അതു മാത്രമായി അയാളുടെ ലഹരി. കിട്ടുന്നതൊക്കെയും സ്വന്തക്കാരെ നന്നാക്കാന്‍ അയച്ചു. ഒന്നും മറുത്തു പറഞ്ഞില്ല. രണ്ട ു ജോലി. യൗവ്വനം ആശുപത്രിയിലെ നേഴ്‌സിങ്ങ് സ്റ്റേഷനില്‍ തൂക്കി വില്‍ക്കപ്പെടുകയാണ്. ടോമി മമ്മിയെ കാണാറില്ലായിരുന്നു. അവന്‍ ഉറങ്ങിക്കഴിഞ്ഞേ വരൂ. അവനുണരുന്നതിനുമുമ്പേ പോകണം. ഉറങ്ങുന്ന അവനെ രണ്ട ുനിമിഷം നോക്കും. ഒരമ്മയുടെ ചുമതല...? ഒടുവില്‍ മനസ്സ് മായക്കാഴ്ചകള്‍ കാണാന്‍ തുടങ്ങിയപ്പോള്‍, ഒരു ജോലി നിര്‍ത്താന്‍ സ്വയം തീരുമാനിച്ചു. ഈ ജീവിതം ജീവിക്കാന്‍ കൂടിയുള്ളതാണന്നൊരു തോന്നല്‍.

കൂട്ടുകാരന് തീരുമാനം ഇഷ്ടമായില്ല. ഗുണനപ്പട്ടികയുടെ താളം തെറ്റുന്നു. അപ്പനുവേണ്ട ി നാട്ടില്‍ പണിതുടങ്ങിയ നിലകെട്ടിടത്തെക്കുറിച്ചുള്ള ആധിയില്‍ അവന്റെ മനസ്സ് മൂകമാകുന്നതറിഞ്ഞു. ജീവിതത്തിനൊരിഴച്ചില്‍. കാണുന്നതിലൊക്കെ പോരാഴ്മ. സമാധാന ദൂതന്‍ വീട്ടില്‍ നിന്നും പടിയിറങ്ങി.

“”ചേട്ടാ.... ഉള്ളത് നമുക്ക് അയച്ചു കൊടുക്കാം. ബാക്കി സാവധാനം....’’ പറഞ്ഞു നോക്കി.

(തുടരും....)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക