Image

മധുരമുള്ള വേദന (കഥ: അമ്മു സക്കറിയ)

Published on 06 April, 2019
മധുരമുള്ള  വേദന (കഥ: അമ്മു സക്കറിയ)
കോരി ചൊരിയുന്ന മഴ.കുറ്റാകൂരിരുട്ട്. ചെവി  കൊട്ടിയടക്കുന്ന  ഇടിമുഴക്കം. കൊള്ളിയാന്‍ മിന്നലില്‍  തകര്‍ന്ന  വൈദൃൂതി. വെളിച്ചമില്ലാതെ മിന്നലില്‍   പുറത്തേയ്ക്കു തുറിച്ചു  നോക്കിയിരിക്കാനേ  തോന്നിയുള്ളു. പുറത്തു  വീശിയടിക്കുന്ന  കാറ്റിന്റെ മുഴക്കം. ജനല്‍  പാളിയില്‍  തട്ടി അകത്തേക്കു  കയറുന്ന  മഴത്തുള്ളികള്‍   മുഖത്ത്  ആഞ്ഞു  പതിച്ചു കൊണ്ടിരൂന്നു.
                  
ഇതുപോലെ  ഒരു  രാത്രിയിലാണു  എനിക്ക്  എല്ലാം  നഷ്ടപ്പെട്ടത്.  ഇതേ  കാലാവസ്ഥ.  ലൈറ്റു പോയപ്പോള്‍  കത്തിച്ച   മെഴുകു  തിരിയുടെ  മങ്ങിയ  വെട്ടം  കൂട്ടിനുണ്ടായിരുന്നു  എന്നുമാത്രം. അന്നും ചറ പിറ  പെയ്യുന്ന  മഴയിലേയ്ക്ക് ഉറ്റുനോക്കി ജനലരുകില്‍  ഇരിയ്ക്കുകയായിരുന്നു
                    
ചെറുപ്പകാലംതൊട്ടെ  മഴ  ആസ്വദിക്കുന്നത്  എനിക്കിഷ്ടമാണ്.  പേടിപ്പെടുത്തുന്നവിധം  കൊള്ളിയാന്‍  മിന്നുമ്പോള്‍  അകത്തു  കയറി വാതിലടക്കാന്‍  അമ്മ  നിര്‍ദ്ദേശിക്കുമായിരുന്നു. മടിച്ചു  മടിച്ചാണ് അന്നും  മുറിയില്‍ കയറി  വാതിലടച്ചത്. ഏതാണ്ട് ഒരു  മണിക്കൂര്‍  അതേ ഇരിപ്പ്  ഇരുന്നു  കാണും.വീടിനു  തൊട്ടടുത്ത  ഇടവഴിയിലൂടെ ആരൊക്കെയോ  ഓടുന്ന  ശബ്ദം  അവൃക്തമായി കേള്‍ക്കാം. എന്തൊക്കെയൊ  വിളിച്ചു  പറയുന്നുമുണ്ട്.  ഒന്നും വൃക്തമല്ല.  പലരുടെയും കയ്യിലെ തെളിച്ചു  പിടിച്ചിരുന്ന  വെളിച്ചം കണ്ടാണ് അവരോടുകയാണെന്ന്   മനസ്സിലാക്കിയതു.  എന്തൊക്കെയാണു  നടക്കുന്നതെന്നറിയാന്‍  ആകാംഷ   തോന്നിയെങ്കിലും പുറത്തിറങ്ങിയാല്‍ അമ്മ  ചീത്ത പറയും  അതുകൊണ്ട്  അവിടെതന്നെ ഇരുന്നു.
          
വളരെ  താമസിച്ചാണ്  അന്നുറങ്ങിയത്   എണീറ്റപ്പോള്‍  നേരം നന്നെ പുലര്‍ന്നിരുന്നു. അയല്‍പക്കത്തെ  ചേച്ചി  അമ്മയെ  വിളിക്കുന്നതു  കേട്ടാണ്  കണ്ണു  തുറന്നത്. രാത്രിയിലെ  സംഭവങ്ങളൊന്നും ഓര്‍മ്മയിലേക്കുവന്നില്ല. കുറച്ചുനേരം കൂടികഴിഞ്ഞ്  എണീക്കാം  എന്നുകരുതി കണ്ണടച്ചു കിടന്നപ്പോള്‍  വീണ്ടും പാല്‍ക്കാരി  ചേച്ചിയുടെ ശബ്ദം ഉയര്‍ന്നു  കേട്ടു. അമ്മായി അറിഞ്ഞില്ലെ  ഇന്നലെ രാത്രി  ഇവിടെ വഴിയില്‍  ഒരപകടം നടന്നത് എന്നുള്ള  ചോദൃവും ഇല്ല  എന്നുള്ള  അമ്മയുടെ  മറുപടിയും  കേട്ടു.ഒരു ചെറുപ്പക്കാരന്‍  മഴയത്തു  സ്കൂട്ടറില്‍വന്നതാ. പോസ്റ്റില്‍  വന്നിടിച്ച്  തെറിച്ചുപോയി.അടുത്തു കൂട്ടിയിട്ടിരുന്ന  കരിങ്കല്‍ കൂട്ടത്തിലേക്കാ  വീണതു. തല പൊട്ടി. മുഖത്തും ഒത്തിരി മുറിവുകളുണ്ടായിരുന്നു. മഴയത്ത് ശബ്ദമൊന്നും ആരും കേട്ടില്ല. അവര്‍  നിര്‍ത്താതെ പറഞ്ഞുകൊണ്ടേയിരുന്നു. അവസാനം  മലയിലെ രാമനാ  കണ്ടത്. അവന്‍  സിനിമ കഴിഞ്ഞു വരുമ്പോ  ആരോ കിടക്കുന്നതു പോലെ തോന്നിയിട്ട്  നോക്കിയതാ. ഒത്തിരി ചോര പോയിട്ടുണ്ടായിരുന്നെന്നാ  കേട്ടത്. അവന്‍ടെ കരച്ചിലും ബഹളവും  കേട്ട്  ആളുകള്‍  ഓടിക്കൂടിയപ്പോള്‍  അല്പം ജീവനുണ്ടായിരുന്നു. പക്ഷെ  ആശുപത്രിയില്‍  എത്തുന്നതിനു മുന്‍പുതന്നെ മരിച്ചു. അവര്‍  പറഞ്ഞു നിര്‍ത്തി.

              രാവിലെതന്നെ   മരണവാര്‍ത്ത  കേട്ടതുകൊണ്ടാകാം മനസ്സാകെ  ഒരു മരവിച്ച അവസ്ഥ. തലേ  ദിവസം രാത്രി  ആളുകള്‍  ഓടിയതു  അതിനായിരിന്നു  .ഇപ്പോള്‍  എല്ലാം  ഓര്‍മ്മ  വരുന്നു. നേരം ഒരുപാടായി.  എണീറ്റു പല്ലു തേച്ചു  അമ്മ തന്ന കാപ്പിയും കുടിച്ചുകൊണ്ട്  ഉമ്മറത്തേയ്ക്  ഇറങ്ങിയപ്പോഴാണ്  അന്നത്തെ പത്രം തറയില്‍  കിടക്കുന്നതു  കണ്ടത്.ആരും പത്രം   വായിച്ചില്ലെന്നു തോന്നുന്നു. മറ്റൊന്നും ചെയ്യാന്‍  തോന്നുന്നില്ല.  എന്നാല്‍  പത്രം വായിച്ചേക്കാം എന്നു കരുതി  തുറന്നപ്പോള്‍!  ആദൃം കണ്ടത് ഒരുവശം ചെരിഞ്ഞു ചോരയില്‍  കുളിച്ചു കിടക്കുന്ന  ഒരാളിന്‍ടെ  രൂപമാണ്. മുഖത്തിന്‍ടെ  പകുതിയെ  കാണുന്നുള്ളു.  അതും മുഴുവന്‍ രക്തക്കറയും  മുറിവുകളുമാണ്.
                 
അറിയാതെ  കണ്ണുകള്‍  അതിതില്‍ ഉടക്കി  നിന്നു. ഹ്രദയത്തിലൂടെ ഒരു കൊള്ളിയാന്‍  കടന്നു പോയതു പോലെ.പരിചയമുള്ള മുഖം. ഒന്നുകൂടി സൂഷിച്ചു നോക്കി.  അതെ  ആ മുഖംതന്നെ.  ഈ നിമിഷംവരെ  ഞാന്‍  ഹ്രദയത്തില്‍  കൊണ്ടു നടന്ന     ആ മുഖം. എന്‍ടേതു  മാത്രമെന്നു  ഞാന്‍  കരുതിയിരുന്ന  ആ മനുഷൃനാണ്  പത്രതാളുകളില്‍  ചോരയില്‍  കുളിച്ചു കിടക്കുന്നത്.
                
പിന്നീട് എന്തു  സംഭവിച്ചു  എന്നറില്ല. കണ്ണു  തുറന്നപ്പോള്‍  ഞാന്‍  ആശുപത്രി  കിടക്കയിലാണു.
അമ്മയും  വേലക്കാരിയും  കട്ടിലിനരുകില്‍  നില്കുന്നുണ്ട്.  മോളെ  നിനക്കെന്തു   പറ്റി  എന്നു വിഷമത്തോടെ  ചോദിക്കുന്ന  അമ്മ.  ആരോടും  ഒന്നും  പറയാന്‍  കഴിയുന്നില്ല.  എനിക്കുമാത്രം അറിയാവുന്ന അന്നുവരെ  രഹസൃമായി  ഉള്ളിന്‍ടെ   ഉള്ളില്‍  സൂക്ഷിച്ച  സുന്ദര സ്വപ്നമാണ്  ആ  മഴയിലും കാറ്റിലും  പൊട്ടിത്തകര്‍ന്നതു.  ഇനിയും ആരോടു എന്തു പറയാന്‍.  പറഞ്ഞിട്ട്  എന്തു  ഫലം.
എല്ലാം ഉള്ളിലൊതുക്കി, വിഷമം കടിച്ചുപിടിച്ച് ആശുപത്രിയില്‍  നിന്നും വീട്ടിലെത്തിയപ്പോള്‍  ആരൊകെയൊ മരണവാര്‍ത്ത  പറയുന്നുണ്ടായിരുന്നു. ഒന്നും കേള്‍ക്കാനാകാതെ കാതുകള്‍  പൊത്തിക്കൊണ്ടു  കട്ടിലില്‍ കയറികിടന്നു.സമയമാകുമ്പോള്‍  എല്ലവരോടും  എല്ലാം പറയാമെന്നു കരുതി ഒളിച്ചുവെച്ചിരുന്ന  രഹസൃം ഒരുനിമിഷം തിമിര്‍ത്താടിയ മഴ കശക്കിയെറിഞ്ഞു.
      
വര്‍ഷങ്ങള്‍ക്കു ശേഷവും ആ ചോരക്കറ വീണ മണ്ണിലൂടെ  നടക്കമ്പോള്‍, മഴവെള്ള പ്പാച്ചിലില്‍, ഒഴുകിയിറങ്ങിയ ചോര തുള്ളികള്‍  കലര്‍ന്ന ആ മണ്ണില്‍ ചവിട്ടുമ്പോള്‍  എന്‍്‌ടെ ഹ്രദയം പിടയാറുണ്ട്.ആരും കാണാതെ  കാലിലെ ചെരിപ്പ് ഊരിയിട്ടിട്ട്  ആ മണ്ണില്‍ നില്‍ക്കാറുണ്ടു.ആ രക്തം ദേഹത്തുകൂടി കയറിയിറങ്ങുന്നുണ്ട്  എന്നൊരു തോന്നല്‍.
                
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു ഭാര്യയും രണ്ടുകുട്ടികളുടെ മാതാവായിട്ടും എല്ലാ വര്‍ഷവും നാട്ടില്‍  വരുമ്പോള്‍  ആ പതിവു മുടക്കാറില്ല. കാറ്റും മഴയും ഇടിമിന്നലും ഉള്ള രാത്രികളില്‍  ഈ ജനലരുകില്‍ ഇരിയ്കുന്നതും . ജനലഴികള്‍ക്കിടയിലൂടെ  ഓടിയെത്തുന്ന കാറ്റില്‍,  എന്‍ടെ കവിളിണകളെ തൊട്ടുതലോടുന്ന  മഴചാറ്റലില്‍  അദ്ദേഹം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.ആരോരും അറിയാതെ രഹസൃമായി എന്‍ടെ  പ്രീയതമനു  വേണ്ടിയുള്ള കാത്തിരിപ്പ്, അതിന്‌ടേതായ  ഒരുസുഖം, മധുരിക്കുന്ന  വേദന അതെന്നില്‍ മാത്രം  ഒതുങ്ങട്ടെ
.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക