Image

ചിതാഭസ്മം (കഥ-തമ്പി ആന്റണി)

Published on 04 April, 2019
ചിതാഭസ്മം (കഥ-തമ്പി ആന്റണി)

ആശുപത്രിയിലേക്കുള്ള പതിവുയാത്ര. അരവിന്ദന്‍ ഡ്രൈവറോടു വീട്ടുമുറ്റത്തുനിന്നു കാറു മുന്നോട്ടെടുക്കാന്‍ പറഞ്ഞു. കാറിന്റെ പിന്‍സീറ്റിലിരുന്ന അച്ഛന്‍ വീട്ടിലേക്കൊന്നു തിരിഞ്ഞുനോക്കി. അമ്മയുടെ മുഖത്തെ ആ നിസ്സംഗഭാവം അച്ഛനു മനസിലായിരുന്നിരിക്കണം. വീണ്ടും എന്നെ നോക്കി. എന്നിട്ടു ഒന്നുകൂടി അങ്ങോട്ടുതന്നെ
ഒന്നെത്തിനോക്കി. ആ വിശാലമായ തെങ്ങും പുരയിടവും, കുരുമുളകുതോട്ടവും നിറഞ്ഞൊഴുകുന്ന പുഴയും ഒന്നുകൂടെ കണ്‍കുളിര്‍ക്കെ കണ്ടു . അധ്വാനിച്ചുണ്ടാക്കിയ സ്വന്തം വീടും പുരയിടവും.

ചെക്കപ്പിനുള്ള സമയമായിരുന്നു. ലങ്‌സിനാണ് തകരാറ് ഓക്‌സിജന്റെ അളവ് ദിവസേന കുറയുന്നതുകൊണ്ട് ഏറിയാല്‍ ഒരാറുമാസം എന്ന് ഡോക്ട്ടര്‍ പറഞ്ഞതാണ്. എന്നാലും അച്ചന് പ്രതീക്ഷയുണ്ടായിരുന്നു .

'മരിക്കാതിരിക്കണ്ടത് മരിക്കാന്‍ പോകുന്നവരുടെ മാത്രം ആവശ്യമാണ്' എന്ന് പ്രസിദ്ധ ഇഗ്‌ളീഷ് കവിയായ തോമസ് ഗ്രേ കുറിച്ചിട്ടതാണ് അപ്പോള്‍ ഓര്‍ത്തത്. അതല്ലേ യാഥാര്‍ഥ്യം.

എത്ര ആഗ്രഹിച്ചാലും എല്ലാം ഇട്ടേച്ചു ഒരിക്കല്‍ എല്ലാവരും പോകേണ്ടതാണല്ലോ. അതൊന്നുമറിയാതെ ആര്‍ത്തലച്ചൊഴുകുന്ന പുഴുയും പുഴയോരത്തു മലര്‍ന്നു കിടക്കുന്ന പുരയിടവും. കാക്കകള്‍ പതിവില്ലാതെ കൂട്ടംകൂടി ഒച്ചവെക്കുന്നു . ഏതെങ്കിലും ഒരു കാക്ക അപകടത്തില്‍ പെട്ടിട്ടുണ്ടാവും . എന്തോ എല്ലാംകൊണ്ടും ഒരാപകട സൂചന പോലെ.

അരവിന്ദന്‍ പെട്ടന്നൊരാഘതമേറ്റതുപോലെ എന്തൊക്കെയോ ഓര്‍ത്തു. അച്ഛന്‍ പെട്ടന്നുണ്ടണ്ടായ ഒരു നിര്‍വികാരതയുടെ ചുഴിയില്‍ അകപെട്ടതുപോലെ . പക്ഷേ ആ മകന്റെ കണ്ണ് അറിയാതെ ഒന്നു നിറഞ്ഞൊഴുകി . എന്നാലും ഇഷ്ടമില്ലാത്തതൊന്നും
ആലോചിക്കേണ്ടതില്ലല്ലോ. അല്ലെങ്കിലും ഇങ്ങനെ എത്ര തവണ ആശുപത്രി കയറിയിറങ്ങിയതാ . പക്ഷെ അപ്രതീക്ഷിതമായി ആ ദിവസം, ആ യാത്ര എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകളഞ്ഞു .

ഒരു കുഞ്ഞിളം കാറ്റ് എങ്ങുനിന്നോ ഓടിക്കിതച്ചെത്തി. അപ്പോള്‍ തെങ്ങുംതോപ്പിലെ തെങ്ങോലകള്‍ എല്ലാം അറിയാമെന്ന മട്ടില്‍ ഒന്നിച്ചു തലയാട്ടുന്നതുപോലെ. പച്ചക്കുരുമുളകിന്റെ ഗന്ധം ആ കാറ്റില്‍ കാറിന്റെ ഉള്ളിലേക്കു തള്ളിക്കയറി. അച്ഛനോട് ആശ്വാസവാക്കുകള്‍ പറയാനെന്നോണം ഒരു ശീല്‍ക്കാര ശബ്ദത്തില്‍ അച്ഛന് ചുറ്റും പതുങ്ങി പതുങ്ങി നിന്നു .

'വേഗം വരൂ ഞാന്‍ കാത്തിരിക്കും ' എന്ന് മന്തിക്കുന്നതാവാം.

ആ സമയത്ത് ഒരാത്മനിര്‍വൃതിയെന്നോണം അച്ഛന്‍ ഒരുനിമിഷം കണ്ണടച്ചിരുന്നു . ഏകാന്തതകളുടെ, ഉള്ളൊരുക്കങ്ങളുടെ, നിസ്സഹായതകളുടെ, നിരാസങ്ങളുടെ എത്രയെത്ര തീവ്രനോവുകളായിരിക്കും അപ്പോള്‍ ആ മനസ്സിലൂടെ എന്നൊന്നും ഊഹിക്കാന്‍പോലും കഴിയുന്നില്ല . പോകാന്‍ മനസില്ലായിരുന്നെങ്കിലും പോകാതെ പറ്റില്ലല്ലോ. ചില ജീവിതയാത്രകള്‍ അങ്ങനെയാണ് ആര്‍ക്കും തടുക്കാനാവില്ല . തൊട്ടടുത്ത ദിവസമാണ് ആശുപത്രിയില്‍നിന്നും അച്ഛന്റെ ശവമഞ്ചവുമായി തിരിച്ചു പോരേണ്ടി വന്നതും .

ഇനിമുതല്‍ അച്ഛനില്ലാത്ത വീടാണല്ലോ എന്നൊന്നും അരവിന്ദന് അപ്പോള്‍ ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല . ഒരിക്കല്‍ എല്ലാവരുടെയും ജീവിതത്തില്‍ അങ്ങനെയൊക്കെ സംഭവിക്കേണ്ടതാണെങ്കില്‍ പോലും . ഒരവിശ്വസനീയത ഉള്ളിന്റെ ഉള്ളില്‍ തളംകെട്ടിനിന്നു.

പുഴക്കരയില്‍ ആരൊക്കെയോ ചിതയൊരുക്കി . ആചാരപ്രകാരം അരവിന്ദന്‍ തന്നെയാണ് തീ കൊളുത്തേണ്ടത് എന്നാരോക്കെയോ പറയുന്നതുകേട്ടു. ആളിക്കത്തിയ ചിതക്കപ്പുറത്ത് ഒന്നുമറിയാതെ തുള്ളിച്ചാടി ഒഴുകുന്ന പുഴ അപ്പോള്‍ അവ്യക്തമായി കാണാമായിരുന്നു. ആള്‍കൂട്ടത്തില്‍ അതു നോക്കി നിന്നു കരയുന്നവരുടെ കൂട്ടത്തില്‍ അരവിന്ദനും ഉണ്ടായിരുന്നു.

ചടങ്ങുകള്‍ക്കൊടുവില്‍ അച്ഛന്റെ ചിതാഭസ്മവുമായി പോകുന്ന പുഴയോരഹങ്കാരിയെപ്പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്നു. ആറാട്ടു കണ്ട ആനയെപ്പോലെ പുഴക്കെന്തു ചിതാഭസ്മം.

അച്ഛന്റെ പ്രിയപ്പെട്ട മണ്ണും മരങ്ങളും മാത്രം എല്ലാത്തിനും മൂകസാക്ഷിയായി പെട്ടന്നു ചലനമറ്റതുപോലെ നിന്നു. എന്തോ മനസിലായിട്ടെന്നപോലെ കാക്കകള്‍ കൂട്ടംകൂട്ടമായി പൂര്‍വാധികം ശക്തിയോടെ അപ്പോഴും ശബ്ദിച്ചുകൊണ്ടിരുന്നു. 

Join WhatsApp News
ചത്തു 2019-04-04 16:10:20
‘കഥ’ യിൽ കഥ വേണ്ടേ?

അച്ഛൻ ചത്തു ചിതയെരിഞ്ഞു
കാക്ക കരഞ്ഞു മരക്കൊമ്പിൽ

എന്ന് രണ്ടു വരിയിൽ ഒതുക്കാമായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക