Image

ഗള്‍ഫില്‍ കുറഞ്ഞ വിവാഹ പ്രായം: വ്യവസ്ഥ കൊണ്ടുവരുന്നു

Published on 21 April, 2012
ഗള്‍ഫില്‍ കുറഞ്ഞ വിവാഹ പ്രായം: വ്യവസ്ഥ കൊണ്ടുവരുന്നു
ജിദ്ദ: സ്വദേശികള്‍ക്ക്‌ കുറഞ്ഞ വിവാഹ പ്രായം നിശ്ചയിക്കുന്നതിനെ കുറിച്ച്‌ നീതിന്യായ മന്ത്രാലയം ആലോചിക്കുന്നു. ശൈശവ വിവാഹത്തിന്‍െറ കാര്യത്തില്‍ മന്ത്രാലയം വ്യക്തമായ നിലപാട്‌ എടുത്തിട്ടുണ്ടെന്നും നിയന്ത്രിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുകയാണെന്നും നീതിന്യായ മന്ത്രലയത്തിലെ വിവാഹകാര്യ വകുപ്പ്‌ തലവനെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്‌തു. പെണ്‍കുട്ടികളടെ സുരക്ഷ ഉറപ്പാക്കുന്ന വിധം ഏകീകൃത വ്യവസ്ഥ കൊണ്ടുവരുന്നതിനെ മന്ത്രാലയം പിന്തുണക്കും.

കുറഞ്ഞ വിവാഹ പ്രായം എത്രയാണെന്ന്‌ ഇതുവരെ നിജപ്പെടുത്തിയിട്ടില്ല. സൗദി ശൂറാ കൗണ്‍സിലില്‍ വിഷയം ചര്‍ച്ചക്ക്‌ വന്നിരുന്നു. സൗദിയിലെ നിലവിലെ അവസ്ഥയില്‍ വിവാഹത്തിന്‌ കുറഞ്ഞ പ്രായം എത്രയാണെന്ന്‌ നിജപ്പെടുത്തിയിട്ടില്ല. രക്ഷാകര്‍ത്താക്കള്‍ക്കാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം. ഭീമമായ സ്‌ത്രീധനം പ്രതീക്ഷിച്ചു നന്നേ പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ വൃദ്ധന്മാര്‍ക്ക്‌ നിക്കാഹ്‌ ചെയ്‌തുകൊടുക്കുന്ന സമ്പ്രദായത്തിനെതിരെ പല കോണുകളില്‍നിന്നും എതിര്‍പ്പ്‌ ഉയര്‍ന്നുവന്നിരുന്നു. ഒമ്പത്‌ വയസുള്ള പെണ്‍കുട്ടിയെ 50കഴിഞ്ഞ പുരുഷന്‌ വിവാഹം ചെയ്‌തുകൊടുത്തത്‌ വാര്‍ത്തയില്‍ ഇടം നേടുകയുണ്ടായി. കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള യു.എന്‍ ഉടമ്പടിയില്‍ സൗദി അറേബ്യയും ഒപ്പുവെച്ചിട്ടുണ്ട്‌. ഈ ഉടമ്പടി അനുസരിച്ച്‌ 18വയസിന്‌ താഴെയുള്ളവര്‍ കുട്ടികളാണ്‌.

പെരുകി വരുന്ന വിവാഹമോചനമാണ്‌ ഈ ദിശയില്‍ കാര്യക്ഷമമായ നിയന്ത്രങ്ങള്‍ കൊണ്ടുവരാന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുന്നത്‌. വിവാഹമോചനങ്ങളില്‍ 66ശതമാനവും വിവാഹം കഴിഞ്ഞ്‌ ഒരു വര്‍ഷത്തിനുള്ളിലാണെന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. വിവാഹം ഔദ്യാഗികമായി റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ പാരമ്പര്യരോഗങ്ങള്‍, എയ്‌ഡ്‌സ്‌ എന്നിവയുടെ കാര്യത്തില്‍ പൂര്‍ണമായ മെഡിക്കല്‍ പരിശോധനക്ക്‌ വിധേയമാവേണ്ടതുണ്ട്‌. വിവാഹജീവിതത്തെ കുറിച്ച്‌ അവബോധം നല്‍കാന്‍ പ്രത്യേക പരിശീലനം നല്‍കും. ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിന്‌ മന്ത്രാലയത്തിന്‌ കീഴില്‍ വിവാഹ അനുരജ്ഞന സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. 80ശതമാനം കേസുകളിലും സമിതിയുടെ ശ്രമങ്ങള്‍ ഫലം ചെയ്‌തിട്ടുണ്ട്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക