Image

സ്മൃതി ഇറാനി മോഡലില്‍ മന്ത്രിയാവാന്‍ തുഷാറും വയനാട്ടിലെ ലക്ഷ്യവും അതാണ്

Published on 02 April, 2019
സ്മൃതി ഇറാനി മോഡലില്‍ മന്ത്രിയാവാന്‍ തുഷാറും വയനാട്ടിലെ ലക്ഷ്യവും അതാണ്

ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിക്കാന്‍ വയനാട് ചുരം കയറുന്നത് കേന്ദ്രമന്ത്രിപദം സ്വപ്നം കണ്ട്. നിലവില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പൈലി വാദ്യാട്ടിനെ മാറ്റിയാണ് തുഷാര്‍ എത്തുന്നത്.

ന്യൂനപക്ഷ വോട്ടുകള്‍ക്ക് മേധാവിത്വമുള്ള വയനാട്ടില്‍ എസ്.എന്‍.ഡി.പി വോട്ടുകളുടെയും ഹിന്ദുവോട്ടുകളുടെയും ഏകീകരണമുണ്ടാക്കുമെന്നു വിശ്വസിപ്പിച്ചാണ് തുഷാര്‍ അമിത്ഷായില്‍ നിന്നും സീറ്റും നേടിയത്. സുരേഷ്‌ഗോപിയെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന സംസ്ഥാന ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം പോലും തള്ളിയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം തുഷാറിന് സീറ്റ് നല്‍കിയത്.

വയനാട്ടില്‍ രാഹുലിനെതിരെ മത്സരിച്ച്‌ പരാജയപ്പെട്ടാല്‍ കേന്ദ്രമന്ത്രിപദമാണ് തുഷാര്‍ സ്വപ്നം കാണുന്നത്. അമേഠിയില്‍ രാഹുലിനെതിരെ മത്സരിച്ച്‌ പരാജയപ്പെട്ട സ്മൃതി ഇറാനിയെ രാജ്യസഭയിലെത്തിച്ച്‌ ബി.ജെ.പി കേന്ദ്ര കാബിനറ്റ് മന്ത്രി സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ 2009തില്‍ അമേഠിയില്‍ രാഹുലിനുണ്ടായ 3,70198 വോട്ടിന്റെ ഭൂരിപക്ഷം സ്മൃതി 2014ല്‍ 1,07,903 ആയികുത്തനെ കുറക്കുകയായിരുന്നു.

വയനാട്ടിലാവട്ടെ സ്ഥിതി വ്യത്യസ്തമാണ്. എസ്.എന്‍.ഡി.പി വോട്ടുകള്‍പോലും സ്വന്തമാക്കാനുള്ള ശേഷിയില്ലാത്ത സ്ഥാനാര്‍ത്ഥിയാണ് തുഷാര്‍. ബി.ജെ.പി സംസ്ഥാനനേതൃത്വത്തിനും തുഷാറിനോട് കടുത്ത അതൃപ്തിയുണ്ട്. ഒറ്റക്കു നിന്നാല്‍ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ ശേഷി ഇല്ലാത്ത വ്യക്തിയെ വയനാടിറക്കിയതില്‍ രോക്ഷാകുലരാണ് സംഘപരിവാര്‍ അണികള്‍.

ഈ സാഹചര്യത്തില്‍ ന്യൂനപക്ഷവോട്ടുകള്‍ ഒന്നാകെ രാഹുലിന് കിട്ടുന്ന അവസ്ഥയാണ് നിലവില്‍ വയനാട്ടില്‍. 2014ല്‍ വയനാട്ടില്‍ കേവലം 8.8 ശതമാനം വോട്ടുമാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചിട്ടുള്ളത്. ബി.ജെ.പിയുടെ പി.ആര്‍ രാസ്മില്‍ നാഥ് നേടിയ 80,752 വോട്ടുകള്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ തുഷാറിന്റെ കേന്ദ്ര മന്ത്രിപദമോഹമാണ് പൊലിയുക.

മകനെ കേന്ദ്രമന്ത്രിയാക്കാന്‍ ഇപ്പോള്‍ ഇടതുചേരിയിലുള്ള എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കിണഞ്ഞു പരിശ്രമിച്ചിരുന്നു. പലതവണ മോദിയെയും അമിത്ഷായെയും കണ്ട് ചര്‍ച്ചയും നടത്തി.

എന്നാല്‍ രാജ്യസഭാ എം.പി സ്ഥാനം പോലും തുഷാറിന് നല്‍കിയിരുന്നില്ല. ഉചിതമായ സ്ഥാനം നല്‍കുമെന്ന വാഗ്ദാനം നല്‍കി ഒപ്പം നിര്‍ത്തുകയായിരുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയപ്പോഴും കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയപ്പോഴും സുരേഷ്‌ഗോപിയെയും വി. മുരളീധരനെയും എം.പിമാരാക്കിയപ്പോഴും തുഷാറിനെ തഴയുകയായിരുന്നു. എന്നാല്‍ ഇത്തവണ രാഹുലിനെതിരെ മത്സരിച്ച്‌ കേന്ദ്ര മന്ത്രി സ്ഥാനം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് തുഷാര്‍ വയനാട്ടിലെത്തുന്നത്.

ഇവിടെ വോട്ടിങ്ങ് ശതമാനത്തില്‍ ഇടിവ് ഉണ്ടായാല്‍ പിന്നെ ബി.ഡി.ജെ.എസിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടും. മറ്റു മണ്ഡലങ്ങളില്‍ ബിജെപി നേടുന്ന വോട്ടുകളില്‍ അവകാശവാദം ഉന്നയിക്കാനും പറ്റില്ല. വെള്ളാപ്പള്ളിമാരുടെ സകല കണക്കുകൂട്ടലുകളും തെറ്റും.ഇവിടെ നേരിട്ട് ഇടതുപക്ഷവുമായാണ് രാഹുല്‍ ഗാന്ധി ഏറ്റുമുട്ടുന്നത്. ബി.ജെ.പി മുന്നണിയുമായി ഒരു മത്സരം ഉണ്ടെന്ന പ്രതീതി ഉണ്ടാക്കാതെ പൂര്‍ണ്ണമായും അവഗണിക്കാനാണ് ഇടത് വലത് മുന്നണികളുടെ തീരുമാനം.തുഷാര്‍ എന്ന സ്ഥാനാര്‍ത്ഥിയെ മൈന്റ് പോലും ചെയ്യണ്ട എന്ന നിലപാടാണ് അവര്‍ അണികള്‍ക്കും നല്‍കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക