Image

ദുരിതത്തിലായ വനിത എഞ്ചിനീയര്‍, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

Published on 01 April, 2019
ദുരിതത്തിലായ വനിത എഞ്ചിനീയര്‍, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
ദുരിതത്തിലായ വനിത എഞ്ചിനീയര്‍ നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

ദമ്മാം: സിവില്‍ എഞ്ചിനീറിങ് ബിരുദധാരിയായ മലയാളി വനിത, കുടുംബപ്രാരാബ്ധം മൂലം സൗദി അറേബ്യയില്‍ വീട്ടുജോലിയ്ക്ക് എത്തി, മോശം ജോലി സാഹചര്യങ്ങളില്‍ വലഞ്ഞു നിയമക്കുരുക്കുകളില്‍ പെട്ട് ദുരിതത്തിലായി. വനിതാ അഭയകേന്ദ്രത്തിലെ ഏറെ കാത്തിരിപ്പിന് ഒടുവില്‍ നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

സൗമ്യയെന്ന 26കാരിയാണ് , ചെറിയ പ്രായത്തില്‍ തന്നെ, കുടുംബത്തെ പോറ്റാനായി പ്രവാസലോകത്തെത്തി, ദുരിതത്തിലായത്. 35 വയസ്സില്‍ താഴെ ഉള്ളവര്‍ സൗദിയില്‍ വീട്ടുജോലിയ്ക്ക് എത്താന്‍ നിയമതടസ്സം ഉണ്ടായിട്ടും, മനുഷ്യക്കടത്ത് ലോബിയാണ് ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ മറവില്‍ അവരെ സൗദിയില്‍ എത്തിച്ചത്.

സിവില്‍ എഞ്ചിനീയര്‍ ആയ സൗമ്യ നാട്ടില്‍ തുശ്ചവരുമാനത്തില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. അച്ഛന്‍ ഉപേക്ഷിച്ചു പോയ സൗമ്യ, അമ്മയോടും രണ്ട് അനുജന്മാരോടും ഒപ്പമായിരുന്നു താമസം. അപ്പോഴാണ് ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സി സൗദിയില്‍ 1500 റിയാല്‍ ശമ്പളം കിട്ടുന്ന വീട്ടുജോലിയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് സൗമ്യയെ സമീപിച്ചത്. സഹോദരങ്ങളെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിയ്ക്കുകയും, ജീവിതത്തില്‍ സ്വയംപര്യാപ്തത കൈവരിയ്ക്കണമെന്നുമുള്ള ആഗ്രഹത്തിന്റെ പുറത്ത്, സൗമ്യ ആ ജോലിവാഗ്ദാനം സ്വീകരിച്ചു.

സൗദിയില്‍ ഓഫീസ് ജോലിയ്ക്കാണ് പോകുന്നതെന്ന് അമ്മയെയും വീട്ടുകാരെയും വിശ്വസിപ്പിച്ച്, സൗമ്യ റിയാദില്‍ ഒരു സൗദി ഭവനത്തില്‍ രണ്ടു വര്‍ഷം മുന്‍പ് ജോലിയ്ക്ക് എത്തി. ആ വീട്ടില്‍ വളരെ മോശമായ ജോലി സാഹചര്യങ്ങളാണ് സൗമ്യയ്ക്ക് നേരിടേണ്ടി വന്നത്. ഒരു വര്‍ഷം അവിടെ ജോലി ചെയ്ത സൗമ്യ, അവിടത്തെ മാനസിക പീഢനം സഹിയ്ക്കാന്‍ വയ്യാതെ, ഏജന്‍സിയുടെ സഹായത്തോടെ അവിടത്തെ ജോലി മതിയാക്കി, ദമ്മാമിലെ മറ്റൊരു വീട്ടില്‍ ജോലിയ്ക്ക് എത്തി. പുതിയ സ്‌പോണ്‍സര്‍ നല്ല മനുഷ്യനായിരുന്നു. ശമ്പളം കൃത്യമായി കൊടുക്കുമായിരുന്നു.എന്നാല്‍ ആ വീട്ടിലെ സ്ത്രീകളില്‍ നിന്നും മോശമായ പെരുമാറ്റമാണ് ഏല്‍ക്കേണ്ടി വന്നത് എന്ന് സൗമ്യ പറയുന്നു. അവരുടെ ദേഹോപദ്രവം സഹിയ്ക്കാന്‍ വയ്യാതെ സൗമ്യ നാട്ടിലെ കുടുംബത്തെ വിവരമറിയിച്ചു.

ഇതിനിടെ സൗമ്യ ആ വീട്ടില്‍ നിന്നും പുറത്തു കടന്ന് പോലീസ് സ്റ്റേഷനില്‍ പോയി സഹായം അഭ്യര്‍ത്ഥിച്ചു. പോലീസുകാര്‍ സൗമ്യയെ ദമ്മാം വനിത അഭയകേന്ദ്രത്തില്‍ എത്തിച്ചു.

സൗമ്യയെപ്പറ്റി ഒരു വിവരവും കിട്ടാത്ത വീട്ടുകാര്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഷാജി വയനാടിനെ ബന്ധപ്പെട്ട് സൗമ്യയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചു. ഷാജി ഈ കേസ് നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന് കൈമാറുകയായിയിരുന്നു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും നടത്തിയ അന്വേഷണത്തിന് ഒടുവില്‍ ദമാം വനിതാ അഭയകേന്ദ്രത്തില്‍ സൗമ്യയെ കണ്ടെത്തി, വിവരം വീട്ടുകാരെ അറിയിച്ചു. മഞ്ജു സൗമ്യയുടെ സംസാരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കുകയും, നാട്ടിലേയ്ക്ക് മടക്കി അയയ്ക്കാനുള്ള നിയമനടപടികള്‍ തുടങ്ങുകയും ചെയ്തു.

മഞ്ജു സൗമ്യയുടെ സ്പോണ്‍സറെ വിളിച്ചു സംസാരിച്ചെങ്കിലും, ആദ്യമൊന്നും സഹകരിയ്ക്കാന്‍ അയാള്‍ തയ്യാറായില്ല. നിരന്തരമായ ചര്‍ച്ചകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവില്‍ സ്‌പോണ്‍സര്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാമെന്ന് സമ്മതിച്ചു. മഞ്ജു നേരിട്ട് സ്പോണ്‍സറുടെ വീട്ടില്‍ ചെന്ന്, സൗമ്യയുടെ സാധന സാമഗ്രികള്‍ ഒക്കെ എടുത്തു കൊണ്ടുവന്ന് കൊടുത്തു.

എങ്കിലും അഭയകേന്ദ്രത്തില്‍ വരാതെ സ്‌പോണ്‍സര്‍ സമയം നീട്ടികൊണ്ടു പോയി. ഒടുവില്‍ മഞ്ജു ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ സൗമ്യയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുത്തു. സൗമ്യയുടെ വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം നാട്ടുകാരായ പ്രസാദ്, വേണു എന്നീ പ്രവാസികള്‍ വിമാനടിക്കറ്റ് സൗജന്യമായി നല്‍കി.

മഞ്ജു പെട്ടെന്ന് തന്നെ വനിത അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി. എല്ലാവര്‍ക്കും നന്ദി പറഞ്ഞു സൗമ്യ നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: സൗമ്യയ്ക്ക് പ്രസാദും, വേണുവും ടിക്കറ്റ് കൈമാറുന്നു. മഞ്ജു മണിക്കുട്ടനും, അഭയകേന്ദ്രം അധികാരിയും സമീപം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക