Image

എകെജിയെ വ്യക്തിഹത്യ നടത്തി ആക്ഷേപിച്ച വി ടി ബല്‍റാമിന്റെ ഇപ്പോഴത്തെ അസ്വസ്ഥത വിചിത്രം: പി എം മനോജ്‌

Published on 01 April, 2019
എകെജിയെ വ്യക്തിഹത്യ നടത്തി ആക്ഷേപിച്ച വി ടി ബല്‍റാമിന്റെ ഇപ്പോഴത്തെ അസ്വസ്ഥത വിചിത്രം: പി എം മനോജ്‌

കൊച്ചി: പാവങ്ങളുടെ പടനായകന്‍ എന്ന് എതിരാളികള്‍ പോലും വിളിക്കുകയും ആദരിക്കുകയും ചെയ്യുന്ന സ്വാതന്ത്ര്യസമരസേനാനി കൂടിയായ കമ്യൂണിസ്റ്റ് നേതാവ് സഖാവ് എകെജിയെ നികൃഷ്ടമായ ഭാഷയില്‍ വ്യക്തിഹത്യ നടത്തി ആക്ഷേപിക്കുകയും എതിര്‍പ്പ് വന്നപ്പോള്‍ ആക്ഷേപത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്ത വി ടി ബല്‍റാമിന് പപ്പു സ്ട്രൈക്ക് എന്ന് കേട്ടപ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത വിചിത്രമാണെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ്‌ പറഞ്ഞു. ഫേസ്ബുക്കിലാണ് പ്രതികരണം .

ഫേസ്ബുക്ക് പോസ്റ്റ്‌ താഴെ:

രാഹുല്‍ഗാന്ധിയെ എന്നല്ല രാഷ്ട്രീയനേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും ഞങ്ങളുടെ രാഷ്ട്രീയമല്ല. രാഹുല്‍ഗാന്ധിയെ ബിജെപി പപ്പുമോന്‍ എന്ന് വിളിച്ചപ്പോഴും കോണ്‍ഗ്രസിന്‍റെ വടകര സ്ഥാനാര്‍ഥിയായ കെ മുരളീധരന്‍ സോണിയാഗാന്ധിയെ മദാമ്മ എന്ന വിളിച്ചപ്പോഴും ഞങ്ങള്‍ അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല; എതിര്‍ത്തിട്ടേ ഉള്ളൂ.

തിങ്കളാഴ്ച മുഖപ്രസംഗത്തില്‍ പപ്പു സ്ട്രൈക്ക് എന്ന പ്രയോഗം വന്നത് അനുചിതമാണ്. ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ ഒരു പിശകാണ് അത്. അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും ഞങ്ങള്‍ ഒട്ടും മടിച്ചു നില്‍ക്കുന്നില്ല. എന്നാല്‍ ഇന്നലെ വരെ ബിജെപി പേര്‍ത്തും പേര്‍ത്തും പപ്പുമോന്‍ വിളിക്കുകയും പരിഹസിക്കുകയും ചെയ്തപ്പോള്‍ ഒന്നും ഉണ്ടാകാത്ത വികാരവിക്ഷോഭവും ആയി ചില ആളുകള്‍ ഇറങ്ങിപ്പുറപ്പെട്ടത് പരിഹാസ്യമാണ്.

പാവങ്ങളുടെ പടനായകന്‍ എന്ന് എതിരാളികള്‍ പോലും വിളിക്കുകയും ആദരിക്കുകയും ചെയ്യുന്ന സ്വാതന്ത്ര്യസമരസേനാനി കൂടിയായ കമ്യൂണിസ്റ്റ് നേതാവ് സഖാവ് എ കെ ജിയെ നികൃഷ്ടമായ ഭാഷയില്‍ വ്യക്തിഹത്യ നടത്തി ആക്ഷേപിക്കുകയും എതിര്‍പ്പ് വന്നപ്പോള്‍ ആക്ഷേപത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്ത വി ടി ബല്‍റാമിന് പപ്പുമോന്‍ വിളി കേട്ടപ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത വിചിത്രമാണ്.

അക്കൂട്ടത്തില്‍ സമര്‍ത്ഥമായി എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിന്റെ പേര് വലിച്ചിഴക്കാനും ബല്‍റാം ശ്രമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുകി എറണാകുളം മണ്ഡലത്തില്‍ ആകെ നിറഞ്ഞുനില്‍ക്കുന്ന പി രാജീവ് ആണ് എഡിറ്റോറിയല്‍ എഴുതിയത് എന്ന് ബല്‍റാം എങ്ങനെ കണ്ടെത്തി? ചീഫ് എഡിറ്ററാണ് മുഖപ്രസംഗം എഴുതുന്നത് എന്ന് ബല്‍റാമിനോട് ആരാണ് പറഞ്ഞത്? ഉഡായിപ്പിന് കയ്യും കാലും വെച്ചാല്‍ ബല്‍റാം എന്ന് വിളിക്കാം എന്ന് തോന്നുന്നു. ഞങ്ങള്‍ ഏതായാലും രാഹുല്‍ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചല്ല ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജാഗ്രത കുറവ് എങ്ങനെ ഉണ്ടായി എന്ന് പരിശോധിച്ച്‌ തിരുത്തല്‍ വരുത്താന്‍ ഞങ്ങള്‍ക്ക് യാതൊരു മടിയും ഇല്ല എന്ന് ഒരിക്കല്‍ കൂടി പറയട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക