Image

ആഗ്രഹവും അധ്വാനവും കൂടിച്ചേര്‍ന്നപ്പോള്‍ സംഭവിച്ച അത്ഭുതമാണ് ലൂസിഫര്‍ (ഷിബു ഗോപാലകൃഷ്ണന്‍)

Published on 31 March, 2019
ആഗ്രഹവും അധ്വാനവും കൂടിച്ചേര്‍ന്നപ്പോള്‍ സംഭവിച്ച അത്ഭുതമാണ് ലൂസിഫര്‍ (ഷിബു ഗോപാലകൃഷ്ണന്‍)
ലൂസിഫറില്‍ രണ്ടു നിറങ്ങളേ ഉള്ളൂ, കറുപ്പും വെളുപ്പും. കറുപ്പിന്റെയും വെളുപ്പിന്റെയും അലകടലുകള്‍ അഭ്രപാളിയില്‍ ആര്‍ത്തിരമ്പുന്ന അവസാനമില്ലാത്ത ലാലേട്ടന്‍ മാസ്സിന്റെ അങ്ങേയറ്റമാണ് സിനിമ. പണിയും പള്‍സും അറിയാവുന്ന ഒരു എഴുത്തുകാരനും, സിനിമയുടെ ആത്മാവിലേക്ക് ക്യാമറ ചലിപ്പിക്കാന്‍ അറിയാവുന്ന ഒരു ക്യാമറാമാനും, തന്റെ സ്വപ്നങ്ങള്‍ക്കു പിന്നാലെ അടിയുറച്ച കാല്‍വയ്പുകളുമായി നടന്നുനീങ്ങുന്ന കഠിനാധ്വാനിയും കച്ചവടക്കാരനുമായ ഒരു സംവിധായകനും, കൃത്യമായ അനുപാതത്തില്‍ ഒത്തുചേര്‍ന്നപ്പോള്‍ സംഭവിച്ച ഒരു തീയറ്റര്‍ വെടിമരുന്നിന്റെ മൂന്നുമണിക്കൂര്‍ മിശ്രിതമാണ് ലൂസിഫര്‍.

അധികാരത്തിന്റെ അശോകചക്രം കര്‍ത്താവു നല്‍കിയത് വെള്ളയ്ക്കാണ്. അതുകൊണ്ടാണ് മഹിരാവണനും ഇബലീസിനും ലഭിക്കാത്ത നെടുനായകത്വം സിനിമയില്‍ ക്രിസ്ത്യാനിയായ സ്റ്റീഫന്‍ നെടുമ്പള്ളിക്കു കിട്ടിയത്. കര്‍ത്താവ് വലിയവനാണ്. സ്‌തോത്രം! പരമപവിത്രവും പാവനപരിശുദ്ധവുമായ വെളുപ്പ്. മഞ്ഞിന്റെയും മാലാഖമാരുടെയും വെളുപ്പ്. മറ്റെല്ലാ നിറങ്ങള്‍ക്കും അത്രമേല്‍ പാകമായ മറ്റൊരു നിറമില്ല. അതിനുപിന്നിലെ കട്ടപിടിച്ച കടുംകറുപ്പിന്റെ ഗാഥയാണ് ലൂസിഫര്‍. എല്ലാ കരുക്കളും കറുത്തകരുക്കളാവുന്ന ചതുരംഗക്കളി. കാലാള്‍പ്പടയും രാജാവും മന്ത്രിയും ആനയും കുതിരയും തേരും ചെകുത്താനുവേണ്ടി കളംനിറഞ്ഞു കളിക്കുന്ന കട്ടക്കറുപ്പിന്റെ വിജയകഥയാണ് ലൂസിഫര്‍.

ലൂസിഫര്‍ ഒരു മഹത്തായ മലയാള സിനിമയല്ല. കഥയിലോ കഥനത്തിലോ അതൊരു വഴിവെട്ടലല്ല. കണ്ടിരിക്കുമ്പോള്‍ ഉജാലവെള്ളയില്‍ മോഹന്‍ലാല്‍ ഇതിനു മുന്‍പവതരിച്ച ഉസ്താദിലെ കറുപ്പും വെളുപ്പും ഓര്‍മ്മവരും, രാജമാണിക്യത്തിലെ വരത്തനായ വളര്‍ത്തുമകനെ ഓര്‍മ്മവരും, കഥയില്‍ പൊളിറ്റിക്കല്‍ ഫണ്ടിങ് എന്ന മുഖ്യപ്രമേയം ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു പുതുമകള്‍ ഒന്നുമില്ല. എങ്കിലും ലൂസിഫര്‍ തലയെടുപ്പോടെ സ്ക്രീനില്‍ നിറഞ്ഞുകവിയുന്നത് അതിന്റെ ചേരുവകളുടെ പണിക്കുറ്റം പറയാനില്ലാത്ത അനുപാതത്തിലാണ്. കാണികളുടെ കരളറിഞ്ഞുള്ള മേക്കിങ്ങിലാണ്. മൂന്നുമണിക്കൂര്‍ ശ്വാസംവിടാതെ തിരശീലയ്ക്കുമുന്നില്‍ പിടിച്ചിരുത്തുന്ന കളിപഠിച്ചവന്റെ കരകൗശലത്തിലാണ്.

തിടുക്കങ്ങളൊന്നുമില്ലാത്ത ഒരു സംവിധായകനെയാണ് ലൂസിഫറില്‍ കാണാന്‍ കഴിയുക. കഥയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും തിടുക്കങ്ങളൊന്നുമില്ലാതെയാണ് അയാള്‍ സ്ഥാപിച്ചെടുക്കുന്നത്. എങ്കിലും സിനിമയെ ഒരിടത്തും ഇഴയാന്‍ അനുവദിക്കുന്നില്ല എന്നിടത്താണ് ക്യാമറാമാന്റെയും എഡിറ്ററുടെയും സമയോചിതമായ ഇടപെടലിന്റെ വ്യാപ്തി കിടക്കുന്നത്. മലയാള സിനിമയ്ക്ക് ആലോചിക്കാന്‍ കഴിയാത്ത അത്രയും ആളുകള്‍ ക്യാമറയ്ക്കു മുന്നില്‍ അണിനിരന്നിട്ടും ഇഴയടുപ്പം നഷ്ടപ്പെടാതെ കഥയില്‍ നിലനിര്‍ത്തിയ കാര്യകാരണങ്ങളുടെ കെട്ടുറപ്പാണ് തിരക്കഥയെ വിജയത്തിന്റെ കൊടുമുടി കയറ്റുന്നത്. ജനസഞ്ചയമാണ് ലൂസിഫറിന്റെ ക്യാന്‍വാസ്. ഒരാള്‍പോലും അനാവശ്യമായി വന്നുപോകുന്നില്ല, ഒരാള്‍പോലും അധികപ്പറ്റായി അനുഭവപ്പെടുന്നില്ല. എല്ലാവരെയും കൃത്യമായി അടയാളപ്പെടുത്തി അനിവാര്യമായ കൈയടിയുടെ അനന്തവിഹായസ്സിലേക്കു പൃഥ്വിരാജ് തന്റെ സിനിമയെ ആനയിക്കുന്നു.

സിനിമ ഒരു കിടുകാച്ചി പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കുമ്പോഴും, ഫാമിലി ഡ്രാമയുടെ അതിശക്തമായ സന്നിവേശം എങ്ങനെ ഇത്ര മാസ്സീവായി സാധ്യമാക്കാം എന്നതിന്റെ ഏറ്റവും പുതിയ പാഠപുസ്തകമാണ് ലൂസിഫര്‍. കാസ്റ്റിംഗിന്റെ കിടുക്കന്‍ വെള്ളിത്തിര സാക്ഷ്യം. അഭിനേതാക്കളുടെ പൊള്ളുന്ന കിടമത്സരമാണ് ഏറെക്കാലത്തിനുശേഷം മലയാളസിനിമയുടെ സ്ക്രീനില്‍ അരങ്ങേറുന്നത്. മഞ്ജു വാരിയരും, വിവേക് ഒബ്‌റോയിയും, ടോവിനോയും അവരവരോട് തന്നെയും മത്സരിക്കുന്ന സിനിമ.

ലൂസിഫര്‍ കണ്ടിറങ്ങുമ്പോള്‍ പൃഥ്വിരാജ് ഒരു പുതുമുഖ സംവിധായകനാണെന്നു തോന്നില്ല, ലാലേട്ടന്‍ ഇത്രയുംകാലം നമ്മള്‍ സ്ക്രീനില്‍ കണ്ട, കണ്ടുമടുത്ത ഒരു പഴയ നടനാണെന്നു തോന്നില്ല, കണ്ടു കൊതിതീര്‍ന്നിട്ടില്ലാത്ത ഏറ്റവും പുതിയ ഒരു നടനാണെന്നു തോന്നും. അതാണ് ലൂസിഫര്‍ നിര്‍വഹിക്കുന്ന മലയാള സിനിമയിലെ ചരിത്രദൗത്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക