Image

കലാഭവന്‍ ഷാജോണ്‍: ഫ്രം ഡ്യൂപ് ടു ഡയറക്ടര്‍

മീട്ടു റഹ്മത്ത് കലാം Published on 31 March, 2019
കലാഭവന്‍ ഷാജോണ്‍: ഫ്രം ഡ്യൂപ് ടു ഡയറക്ടര്‍
ലൂസിഫറിലെ 'അലോഷി ജോസഫി'നെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെയും സംവിധാനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെയും സന്തോഷത്തിലാണ് കലാഭവന്‍ ഷാജോണ്‍ ...

ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'മൈ ഡിയര്‍ കരടി 'യില്‍ കലാഭവന്‍ മണിയുടെ ഡ്യൂപ്പായി സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച കലാഭവന്‍ ഷാജോണ്‍, ഹാസ്യകഥാപാത്രങ്ങളും വില്ലന്‍ വേഷങ്ങളും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച കലാകാരനാണ്. 'പരീത് പണ്ടാരി' യിലെ നായകവേഷവും നിരൂപകപ്രശംസ നേടി. പൃഥ്വിരാജ് നായകനാകുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നതിന്റെ സന്തോഷം ഷാജോണിന്റെ വാക്കുകളിലൂടെ...

ഷാജിയില്‍ നിന്ന് കലാഭവന്‍ ഷാജോണിലേക്ക് ?
കലാഭവന്‍ റഹ്മാന്‍ ഇക്കയുടെ' ജോക്‌സ് ഇന്ത്യ' എന്ന ഗ്രൂപ്പിന്റെ ഭാഗമാകാന്‍ കോട്ടയത്തു നിന്ന് എറണാകുളത്തേക്ക് പുറപ്പെടുമ്പോള്‍ ഞാന്‍ ഷാജി ജോണ്‍ ആണ്.
കോട്ടയം ഷാജി എന്ന പേരില്‍ ലാലേട്ടന്റെ ശബ്ദം അനുകരിച്ച് ശ്രദ്ധിക്കപ്പെട്ട കലാകാരനും എന്നോടൊപ്പമുണ്ടായിരുന്നു. കലാഭവനിലെ മനുവാണ് അന്ന് പ്രോഗ്രാമിന് മുന്‍പ് ആളുകളുടെ പേര് അനൗണ്‍സ് ചെയ്തിരുന്നത്. രണ്ടു ഷാജിമാര്‍ ഉള്ളതു കാരണം ഉണ്ടാകുന്ന കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ ഒരാളുടെ പേര് മാറ്റിയാല്‍ നല്ലതാണെന്ന് മനു പറഞ്ഞു. ശ്രദ്ധിക്കപ്പെട്ട ആളുടെ പേര് മാറ്റുന്നത് ശരിയല്ലാത്തതു കൊണ്ട് എന്റെ പേര് മാറ്റി.ഷാജി ജോണിലെ 'ജി' എടുത്തുകളഞ്ഞ് എന്നെ ഷാജോണ്‍ ആക്കിയത് മനുവാണ്. ആബേലച്ചന്‍ അച്ചന്‍ ഉള്ള കാലത്താണ് കലാഭവനില്‍ ചേരുന്നത് അപ്പോള്‍ പേര് പരിഷ്‌കരിച്ച കലാഭവന്‍ ഷാജോണ്‍ എന്നാക്കി.

സിനിമയില്‍ നിലനില്‍ക്കാന്‍ കഴിവിനപ്പുറം ഭാഗ്യമാണ് വേണ്ടതെന്ന് തോന്നിയിട്ടുണ്ടോ?

ഏതുരംഗത്തും വിജയിക്കാന്‍ ഭാഗ്യം തുണയ്ക്കണം. ആദ്യമായി സിനിമയില്‍ അവസരം ലഭിക്കുമ്പോള്‍ തന്നെ നമ്മള്‍ കരുതും അതാണ് ഭാഗ്യം എന്ന്. തുടര്‍ച്ചയായി നല്ല കോമഡി റോളുകള്‍ ചെയ്യാന്‍ സാധിച്ചപ്പോള്‍ അതും ഭാഗ്യത്തിന്റെ കളിയായി തോന്നി. ദൃശ്യത്തിലെ സഹദേവന്‍ എന്ന കഥാപാത്രം വേറൊരാള്‍ ചെയ്തിരുന്നെങ്കിലും ശ്രദ്ധിക്കപ്പെടുമായിരുന്നു. സംവിധായകനിലൂടെ അത് കൃത്യമായി നമ്മുടെ പക്കല്‍ എത്തുന്നത് ദൈവത്തിന്റെ ഇടപെടല്‍ കൊണ്ടാണ് . ആ റോള്‍ ഭംഗിയാക്കാന്‍ ആത്മാര്‍ത്ഥമായി നമ്മള്‍ പരിശ്രമിക്കുമ്പോള്‍ ആണ് കലാകാരനെന്ന നിലയില്‍ വളരാന്‍ സാധിക്കുന്നത്. അവന്‍ അത് നന്നായി ചെയ്‌തെന്ന് വേറൊരു സംവിധായകന് തോന്നുമ്പോള്‍ തുടര്‍ന്നും അവസരങ്ങള്‍ ലഭിക്കും . കൈവരുന്ന ഭാഗ്യവും നമ്മുടെ കഴിവും ഒരേ അളവില്‍ പ്രയോജനപ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം.

ഹാസ്യം വഴങ്ങുന്നവര്‍ക്ക് എന്തും അഭിനയിച്ച് ഫലിപ്പിക്കാം എന്ന് പറയുന്നതിനോട്?
ടൈമിംഗ് തെറ്റിയാല്‍ മൊത്തത്തില്‍ പാളുന്ന ഒന്നാണ് ഹാസ്യം. ഒരാളുടെ കണ്ണുനിറഞ്ഞു കണ്ടാല്‍ നമുക്കും സങ്കടം വരും. പക്ഷേ ചിരിപ്പിക്കുന്നത് അത്ര എളുപ്പമല്ല ,പ്രത്യേകിച്ച് മലയാളികളെ. ഒരിക്കല്‍ കേട്ട് തമാശ പിന്നീട് കേട്ടാല്‍ ചിരി വരില്ല. കുതിരവട്ടം പപ്പു ,ജഗതി ശ്രീകുമാര്‍ ,സലിം കുമാര്‍ ,ഇന്ദ്രന്‍സ് തുടങ്ങി ഏത് കാലത്തെ ഹാസ്യ കലാകാരന്മാരെ നോക്കിയാലും അവരെല്ലാം ക്യാരക്ടര്‍ റോളുകളും ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട് എന്ന് കാണാം.

കൊച്ചിന്‍ ഹനീഫയുടെ പകരക്കാരനായി ശങ്കര്‍ ചിത്രത്തില്‍?
രജനി സാറിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ (2.0)ഭാഗമാകാന്‍ കഴിഞ്ഞത് അഭിനയജീവിതത്തിലെ ഏറ്റവും മധുരമുള്ള ഓര്‍മ്മകളില്‍ ഒന്നാണ്. കൊച്ചിന്‍ ഹനീഫയെ മനസ്സില്‍ കണ്ടാണ് ഞാന്‍ ചെയ്ത റോള്‍ ശങ്കര്‍ സര്‍ എഴുതിയത്. കഥയും എന്റെ റോളും വിവരിച്ചു കേട്ടപ്പോള്‍ എന്റെ മനസ്സിലും ഹനീഫിക്ക ആണ് വന്നത് . എന്റെ രംഗങ്ങള്‍ ചെയ്യാന്‍ ആവശ്യമായിരുന്നത് 13 ദിവസങ്ങള്‍ മാത്രമാണ് .ആ ദിവസങ്ങളില്‍ എല്ലാംതന്നെ ശങ്കര്‍ സര്‍, ഹനീഫയെ കുറിച്ച് സംസാരിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. അവര്‍ക്കിടയിലെ ആത്മബന്ധത്തിന്റെ ആഴം തിരിച്ചറിയാന്‍ ലഭിച്ച അവസരം കൂടി ആയിരുന്നു അത്.

ലൂസിഫര്‍ പൃഥ്വിരാജിനെ സംവിധാനത്തില്‍ ഷാജോണ്‍ അഭിനയിച്ചു. ബ്രദേഴ്‌സ് ഡേ ഷാജോണിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നു . എന്തുതോന്നുന്നു?

കുടുംബസമേതം സിനിമകള്‍ കാണുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ ഒരു ചിത്രം ചെയ്യുമ്പോള്‍ ഫാമിലി ഓഡിയന്‍സിന് ആസ്വദിക്കാന്‍ കഴിയണം എന്നാണ് ചിന്തിച്ചത്.അത്തരത്തില്‍ ഒരു ചിത്രമായിരിക്കും ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജിനൊപ്പം നായികമാരായി എത്തുന്നത് ഐശ്വര്യലക്ഷ്മിയും പ്രയാഗയുമാണ്. നടനെന്നനിലയില്‍ പ്രൂവ് ചെയ്ത ആളാണ് പൃഥ്വിരാജ്.
അതുകൊണ്ടാണ് ആദ്യമായ് ഒരു കഥ എഴുതിയപ്പോള്‍ അദ്ദേഹത്തെ നായകനായി കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചത്. 'ചേട്ടന് തന്നെ ഇത് സംവിധാനം ചെയ്തു കൂടെ' എന്ന് രാജുവിനെ ഒറ്റ ചോദ്യമാണ് സംവിധായകന്റെ കുപ്പായമണിയാന്‍ എനിക്ക് ധൈര്യം തന്നത്. ലൂസിഫറില്‍ രാജുവിന്റെ സംവിധാനത്തില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് തോന്നിയത് നടന്‍ എന്ന വ്യാജേന മികച്ച സംവിധായകര്‍ക്കൊപ്പം നിന്ന് ഇയാള്‍ ഡയറക്ഷന്‍ പഠിക്കുകയായിരുന്നു എന്നാണ്.രാജുവില്‍ നിന്ന് എനിക്കും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. നടീനടന്മാരെ ഒരുതരത്തിലും ടെന്‍ഷന്‍ അടിപ്പിക്കാതെ അവരില്‍ നിന്ന് തനിക്ക് വേണ്ട ഔട്ട്പുട്ട് എടുക്കുന്ന രീതി ശരിക്കും അത്ഭുതപ്പെടുത്തി. കടപ്പാട്: മംഗളം
കലാഭവന്‍ ഷാജോണ്‍: ഫ്രം ഡ്യൂപ് ടു ഡയറക്ടര്‍കലാഭവന്‍ ഷാജോണ്‍: ഫ്രം ഡ്യൂപ് ടു ഡയറക്ടര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക