Image

വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് റിട്ട. ജസ്റ്റിസ് സി എസ് കര്‍ണന്‍

Published on 30 March, 2019
വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് റിട്ട. ജസ്റ്റിസ് സി എസ് കര്‍ണന്‍

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചെന്നൈ സെന്‍ഡ്രലിന് പുറമേ പ്രധാനമന്ത്രിക്കെതിരെ വാരാണസിയിലും മത്സരിക്കുമെന്ന് റിട്ട. ജസ്റ്റിസ് സി എസ് കര്‍ണന്‍. ഭരണത്തിലേയും നീതിന്യായ സംവിധാനത്തിലേയും അഴിമതി തുടച്ച്‌ നീക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ജസ്റ്റിസ് കര്‍ണന്‍ പറഞ്ഞു.

സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ന്യായാധിപര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് കോടതിയലക്ഷ്യക്കേസില്‍ ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ച ന്യായാധിപനാണ് ജസ്റ്റിസ് കര്‍ണന്‍. മോദി ഭരണം സമ്ബൂര്‍ണ്ണ പരാജയമാണെന്ന് വിലയിരുത്തുന്ന കര്‍ണന്‍ അഴിമതിയ്ക്കൊപ്പം ദളിത് സമൂഹം നേരിടുന്ന പ്രതിസന്ധികളും പ്രചാരണ വിഷയമാക്കുമെന്ന് പറഞ്ഞു. ജസ്റ്റിസ് കര്‍ണന്‍ തന്നെ രൂപീകരിച്ച ആന്‍റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. നിലവില്‍ ഒരു പാര്‍ട്ടിയുമായും ജസ്റ്റിസ് കര്‍ണന്‍റെ പാര്‍ട്ടി സഖ്യത്തിനില്ല.

ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലേയും മുപ്പത്തിയഞ്ച് മണ്ഡലങ്ങളില്‍ ആന്‍റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടും. ജസ്റ്റിസ് കര്‍ണന്‍റെ പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവിയും ലഭിച്ചിട്ടുണ്ട്. സര്‍ക്കാരും നിയമസംവിധാനങ്ങളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണ് നിലനില്‍ക്കുന്നതെന്ന് ജസ്റ്റിസ് കര്‍ണന്‍ പറയുന്നു. അഴിമതിക്കെതിരെ ഇപ്പോള്‍ സംസാരിക്കുന്ന രാഹുല്‍ഗാന്ധിയും തനിക്ക് വേണ്ടി സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് പരാതിയുണ്ട്.

നരേന്ദ്രമോദി ഭരണം തികഞ്ഞ പരാജയമാണെന്നും അതുകൊണ്ടാണ് പുതിയ പാര്‍ട്ടി രൂപീകരിച്ച്‌ മോദിക്കെതിരെ മത്സരിക്കുന്നതെന്നും ജസ്റ്റിസ് കര്‍ണന്‍ പറയുന്നു. ചെന്നൈ സെന്‍ഡ്രലില്‍ നാമനിര്‍ദേശ പത്രിക നല്‍കിയ ജസ്റ്റിസ് കര്‍ണന്‍ ഉടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ വാരാണസിയിലേക്ക് തിരിക്കുമെന്നും അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക