Image

പരിത്യാഗം (കവിത : അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

അന്‍വര്‍ ഷാ ഉമയനല്ലൂര്‍ Published on 30 March, 2019
പരിത്യാഗം (കവിത : അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
നീളേ തിളങ്ങിടും പ്രതിരൂപ താരമേ,
നിത്യസ്മരണതന്‍ ഹേതുവാം പുണ്യമേ,
പാരിതില്‍ ശാന്തി പകരുന്ന സ്‌നേഹമേ,
അരികിലാ സാന്നിദ്ധ്യമറിയുന്ന ചിന്തയില്‍
നിറയുന്നു ചന്തമോ,ടീ ജന്മസുദിനവും
പുലരിയായുണരുന്നയതിരമ്യ കിരണവും
ഉലകിന്നധിപതേ,യാ ദിവ്യ വദനവും
മലരിതള്‍പോലുള്ള,യാ ധന്യ വചനവും
കമനീയ വാടിയില്‍ നിറയും സുഗന്ധവും
പാരാകെയാലപിച്ചീടുന്ന ഗീതവും.

പകലോന്റെയുദയംകണക്കെന്നുമെന്നുടെ
യിടനെഞ്ചിലേകുന്ന കരുണതന്‍ സാഗരം
പാവനയാം ജനനി നുകരട്ടെ;യനുപമ
സ്‌മേരമോടലിവിന്‍ മധുരമാം നിന്‍വരം
പ്രാര്‍ത്ഥനാപൂര്‍ണ്ണമീ രാവുകള്‍ നിര്‍ണ്ണയം
ചേര്‍ത്തണച്ചീടുവാന്‍ തോന്നുന്നു നിന്‍പദം
വേദന മാറ്റിടുന്നുലകിലാ, പ്രിയസ്വരം
നന്മയാ,യേവം സ്മരിപ്പിതേനാമുഖം.

മുള്ളുകള്‍കൊണ്ടു നിണമണിഞ്ഞപ്പോഴു
മാര്‍ദ്രമായര്‍ത്ഥിച്ചതാം മഹാജ്ഞാനമേ,
പാവനസ്മരണതന്‍ നീഹാരബിന്ദുപോ
ലുള്ളിലായ് നില്‍പ്പതാം സഹനാര്‍ദ്ര കാലമേ,
നിര്‍മ്മലസ്‌നേഹ പര്യായമാം സുദിനമേ,
സന്മാര്‍ഗ്ഗശീലം പകര്‍ന്നതാം വചനമേ,
ഉലകിന്നുണര്‍വ്വിനായ് പിറവികൊണ്ടീടിനാ
ലൊരു രമ്യ ഹര്‍മ്മ്യത്തിലല്ലയാ ജനനവും
സമ്പൂര്‍ണ്ണ ലളിതമാ, ജീവിത വഴികളും
നന്നായ് നമിയ്ക്ക!നാം; തെളിയട്ടെ ഹൃദയവും!!

പരിത്യാഗം (കവിത : അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക