Image

ആരാകണം ജനപ്രതിനിധി?- ( പകല്‍ക്കിനാവ് 141 : ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 29 March, 2019
ആരാകണം ജനപ്രതിനിധി?- ( പകല്‍ക്കിനാവ് 141 : ജോര്‍ജ് തുമ്പയില്‍)
ആരാകണം ജനപ്രതിനിധി എന്നത് നല്ല ഉശിരുള്ളൊരു ചോദ്യമാണ്. ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനു മുന്‍പ് ഇതു ചോദിക്കാനുണ്ടായ സാഹചര്യം നമുക്കൊന്നു വിലയിരുത്താം. സംഗതി ഇതാണ്. ഇന്ത്യയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് മാമാങ്കമാണ്. അതിന്റെ ആഘോഷമാണ് ടിവി ചാനലുകളിലും പത്രമാധ്യമങ്ങളിലുമൊക്കെ. തെരഞ്ഞെടുപ്പു ജ്വരം തലയ്ക്കു പിടിച്ചവര്‍ തലസ്ഥാനഗരമായ ഡല്‍ഹിയില്‍ തമ്പടിച്ചാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നുത്. ചിലര്‍ സീറ്റിനു വേണ്ടി, മറ്റു ചിലര്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യസ്ഥന്മാരായി, ഇനിയും മറ്റു ചിലര്‍ തെരഞ്ഞെടുപ്പു വേളയിലുണ്ടാകുന്ന ബിസിനസ്സ് കാര്യങ്ങള്‍ക്ക് പണമൊഴുക്കുന്നതിനു വേണ്ടി. എന്നാല്‍ കേരളത്തിലെ രണ്ടു മുന്നണികള്‍ (കോണ്‍ഗ്രസും, ബിജെപിയും) സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ഡല്‍ഹിയില്‍ താമസമുറപ്പിക്കുന്നത്. ഇതുവരെയും (ഈ ലേഖനം എഴുതുമ്പോള്‍) സ്ഥാനാര്‍ത്ഥികള്‍ മുഴുവനും ആയിട്ടില്ല. എന്നാല്‍ ഇതൊന്നുമല്ല ഇപ്പോഴത്തെ വാര്‍ത്ത. അതു നിലവില്‍ നിയമസഭാ സമാജികരാവര്‍ വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കുന്നുവെന്നതാണ്. പകരം നേതാക്കള്‍ ഇല്ലാഞ്ഞിട്ടോ, ഇവര്‍ ജയിച്ചാലേ തങ്ങള്‍ വിജയക്കൊടി പാറിക്കൂ എന്നുള്ളതു കൊണ്ടൊന്നുമല്ല, ഇവര്‍ കൊടും വാശിയിലാണത്രേ. എങ്ങനെയും തന്നെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ കാലുവാരുമെന്നാണ് ഭീഷണി. ഇതാണ് ഒരു ജനപ്രതിനിധിയുടെ അടിസ്ഥാന മാനദണ്ഡമെന്നതു പോലെയാണ് കേരളത്തില്‍ കാര്യങ്ങള്‍ നടക്കുന്നത്.

എന്തായാലും തെരഞ്ഞുടപ്പു ഫലം പ്രഖ്യാപിക്കുന്ന മേയ് മാസത്തില്‍ അവര്‍ ജയിച്ചാല്‍ നവംബറിനുള്ളില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കണം. അതൊരു വലിയ പ്രശ്‌നമാണ്. കേരളത്തിലെ ജനങ്ങളുടെ കൈയില്‍ നിന്നും നികുതി പണമെടുത്താണ് ഈ തെരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നത്. വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഒരു സന്ദേശം പ്രകാരം (ഇതിന്റെ നിജസ്ഥിയെക്കുറിച്ച് താത്പര്യമുള്ളവര്‍ക്ക് അന്വേഷണം നടത്താം.) ഒരു സീറ്റില്‍ ( 150180 ബൂത്ത് ) തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെല്ലാം കൂടി ഒരു കോടി രൂപയെങ്കിലും ചെലവാകുമത്രേ. സ്ഥാനാര്‍ഥികളുടെ ചെലവ് വേറേ 5-10 കോടി. അന്നത്തെ പൊതു അവധി. ബൂത്തുകള്‍ക്ക് രണ്ടു ദിവസം അവധി, വാഹനം, ഇന്ധനം, എല്ലാം കൂടി 12-15 കോടി രൂപ പാഴാകും. എല്‍ഡിഎഫില്‍ നിന്ന് അഞ്ചും യുഡിഎഫില്‍ നിന്നു മൂന്നുമടക്കം എട്ടു പേരാണ് ഈ വിധത്തില്‍ കേരളത്തില്‍ മത്സരരംഗത്തുള്ളത്. ഇതില്‍ ആരൊക്കെ ജയിക്കും തോല്‍ക്കുമെന്നു കണ്ടറിയണം. 

എന്തായാലും അതിനിടയ്ക്ക് ഈ വിഷയത്തില്‍ നടന്ന ഒരു കോമഡി സംഭവം കൂടി ഇവിടെ പരാമര്‍ശിക്കുകയാണ്. എംഎല്‍എ മാരെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് എല്‍ഡിഎഫിന്റെ ഗതികേടുകൊണ്ടാണെന്ന കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു നാക്ക് വായിലിടുന്നതിനു മുന്‍പേ ആശാന്‍ തന്നെ നേരിട്ടു മത്സരരംഗത്തെത്തി. ഈ പ്രസംഗം കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. കൊല്ലത്ത് എന്‍. കെ. പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്യവേയായിരുന്നു ഇടതുപക്ഷത്തിനെതിരെ മുരളീധരന്റെ പ്രസംഗം. എല്‍ഡിഎഫ് എംഎഎല്‍എ മാരെ മത്സരിപ്പിക്കുന്നത് ഗതികേടാണെന്നായിരുന്നു മുരളിയുടെ പരാമര്‍ശം. എന്നാല്‍ ഇതിനുപിന്നാലെയാണ് മുരളീധരനെ യുഡിഎഫ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് എംഎല്‍എ മാരാണ് മത്സരരംഗത്തെത്തിയത്. കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, ഹൈബി ഈടന്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന എംഎല്‍എ മാര്‍.
തിരുവനന്തപുരം സീറ്റില്‍ നെടുമങ്ങാട് എംഎല്‍എ സി. ദിവാകരനും, മാവേലിക്കരയില്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറും കോഴിക്കോട് എ. പ്രദീപ്കുമാറും ആലപ്പുഴയില്‍ അരൂര്‍ എംഎല്‍എ എ. എം ആരീഫും പത്തനംതിട്ടയില്‍ ആറന്മുള എംഎല്‍എ വീണ ജോര്‍ജും മത്സരരംഗത്തുണ്ട്. ഇതില്‍ ആരൊക്കെ ജയിക്കുമെന്നു കണ്ടറിയണം. ഇങ്ങനെ കോടികളുടെ നഷ്ടമുണ്ടാക്കുന്നവര്‍ പിന്നെയും ജനങ്ങളെ മണ്ടന്മാരാക്കി മാറ്റുമ്പോള്‍ ഒരു മറു ചോദ്യം ഉയരുന്നുണ്ട്. ഇതിനെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാണല്ലോ, എങ്കില്‍ പിന്നെ അവരെ ജയിപ്പിക്കാതെ ഇരുന്നു കൂടെയെന്ന്. തെരഞ്ഞെടുപ്പിന്റെ മാമാങ്കമഹോത്സവത്തില്‍ സമ്മതിദായകര്‍ ഇതൊക്കെയും മറക്കുമെന്നും അവര്‍ വോട്ട് വാശിക്കു കുത്തുമെന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് നന്നായറിയാം. അതു കൊണ്ടാണല്ലോ, പൊതുജനത്തിനെ കഴുത എന്നു വിളിക്കുന്നത്. എന്നാലും ഈ കഴുതത്തരം അല്‍പ്പം കൂടി പോയെന്നേ ഇപ്പോള്‍ പറയാനാവു. എട്ടു മണ്ഡലങ്ങളില്‍ ഒരിടത്തു മാത്രമെങ്കിലും ഉപതെരഞ്ഞെടുപ്പു വന്നാല്‍ പോലും അതു കേരളത്തിലെ ജനങ്ങളുടെ പോക്കറ്റിലെ നികുതിപണം കൊണ്ടാണെന്നും അങ്ങനെയുള്ള പണമെടുത്ത് വോട്ട് ചോദിച്ചെത്താന്‍ ഇവര്‍ക്കു നാണമില്ലേയെന്നും ചോദിച്ചാല്‍ ഒരേയൊരു മറുപടി മാത്രം. ഇത് ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിലെ പാവം പ്രജകള്‍ അഞ്ചു കൊല്ലത്തിലൊരിക്കല്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരു പൊറാട്ടു നാടകമാണ്. അതില്‍ ചോദ്യമില്ല.

ഇവിടെയാണ് ആദ്യം ചോദിച്ച ചോദ്യത്തിനു പ്രസക്തിയേറുന്നത്. ആരാകണം ജനപ്രതിനിധി? അതു ജനങ്ങള്‍ തീരുമാനിക്കേണ്ടിയിരിക്കുന്നു. ജനപ്രാതിനിധ്യനിയമമൊക്കെ നിലവിലുണ്ടെന്നത് ഓര്‍മ്മിച്ചു കൊണ്ട്, രാഷ്ട്രീയ പാര്‍ട്ടിക്കു വശംവദരാവാതെ തങ്ങളെ വഞ്ചിക്കുകയില്ലെന്ന് ഉറപ്പുള്ളവരെ മാത്രം തെരഞ്ഞെടുക്കാനുള്ള ചങ്കൂറ്റമാണ് നമ്മള്‍ കാണിക്കേണ്ടത്. അതാവണം ഒരു പൗരന്റെ ധര്‍മ്മം. അതാവണം, ഒരു രാഷ്ട്രത്തിലെ പ്രജയുടെ അടിസ്ഥാനദൗത്യവും.

ആരാകണം ജനപ്രതിനിധി?- ( പകല്‍ക്കിനാവ് 141 : ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക