Image

ന്യായ്‌ പദ്ധതി: മിനിമം വേതനം തുക നല്‍കുക കുടുംബനാഥയുടെ അക്കൗണ്ടില്‍

Published on 26 March, 2019
ന്യായ്‌ പദ്ധതി: മിനിമം വേതനം തുക നല്‍കുക കുടുംബനാഥയുടെ അക്കൗണ്ടില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ പ്രകടന പത്രികയില്‍ മുന്നോട്ടു വെക്കുന്ന ന്യൂന്‍തം ആയോജന (ന്യായ്‌) പദ്ധതി പ്രകാരം പാവങ്ങള്‍ക്കുള്ള മിനിമം വേതനം തുക കുടുംബനാഥയുടെ അക്കൗണ്ടിലാണ്‌ നല്‍കുകയെന്ന്‌ കോണ്‍ഗ്രസ്‌ വ്യക്തമാക്കി.

പദ്ധതി സ്‌ത്രീ കേന്ദ്രീകൃതമായിരിക്കുമെന്നും ന്യായ്‌ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മറ്റേതെങ്കിലും പദ്ധതി റദ്ദാക്കുകയോ സബ്‌സിഡികള്‍ വെട്ടിക്കുറക്കുകയോ ചെയ്യില്ലെന്നും പാര്‍ട്ടി വക്താവ്‌ രണ്‍ദീപ്‌ സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മിനിമം വേതനം പദ്ധതിയെ എതിര്‍ക്കുന്ന കേന്ദ്ര മന്ത്രിമാര്‍ക്കൊപ്പമാണോ പ്രധാന മന്ത്രി നരേന്ദ്ര മോദിയെന്നു വ്യക്തമാക്കണമെന്ന്‌ സുര്‍ജേവാല ആവശ്യപ്പെട്ടു.

വോട്ടര്‍മാരെ കബളിപ്പിക്കാനാണ്‌ പദ്ധതി വാഗ്‌ദാനമെന്നാണ്‌ ബി ജെ പിയുടെ ആരോപണം. എന്നാല്‍, 15 ലക്ഷം രൂപ ജനങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന വാഗ്‌ദാനം ലംഘിച്ചത്‌ ബി ജെ പിയാണെന്ന്‌ കോണ്‍ഗ്രസ്‌ തിരിച്ചടിക്കുന്നു.

12,000 രൂപയില്‍ താഴെ പ്രതിമാസ വരുമാനമുള്ള കുടുംബങ്ങള്‍ക്ക്‌ പ്രതിവര്‍ഷം 72000 രൂപ ബേങ്ക്‌ അക്കൗണ്ട്‌ വഴി നല്‍കുന്നതാണ്‌ ന്യായ്‌ പദ്ധതി. രാജ്യത്തെ പാവപ്പെട്ട 20 ശതമാനം പേര്‍ക്ക്‌ മിനിമം വേതനം ഉറപ്പു വരുത്തുകയാണ്‌ ലക്ഷ്യം. അഞ്ച്‌ കോടി കുടുംബങ്ങളും 25 കോടി ജനങ്ങളും പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളാകും.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക