Image

പത്ത് വര്‍ഷം; ശശി തരൂര്‍ തിരുവനന്തപുരത്തിന് വേണ്ടി എന്ത് ചെയ്തു? (ബിജു നായര്‍)

Published on 26 March, 2019
പത്ത് വര്‍ഷം; ശശി തരൂര്‍ തിരുവനന്തപുരത്തിന് വേണ്ടി എന്ത് ചെയ്തു? (ബിജു നായര്‍)
മോദിജി വെറും അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത ഭരണനേട്ടങ്ങള്‍ നമുക്ക് നന്നായറിയാം. അവയെ കുറിച്ച് വിവിധ മേഖലകല്‍ തരം തിരിച്ച്, വിശദമായതും, എന്നാല്‍ ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതുമായ ഒരു ഡാഷ്‌ബോര്‍ഡ് തന്നെ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ട് ആറ് മാസത്തോളമായി.

എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷം അനന്തപുരിയുടെ എം പി ആയിരിക്കുവാന്‍ നമ്മള്‍ അവസരം നല്‍കിയ ഡോ: ശശി, തിരുവനന്തപുരത്തിന് വേണ്ടി അക്കാലയളവില്‍ എന്ത് ചെയ്തു എന്ന് നമുക്കാര്‍ക്കെങ്കിലും അറിയാമോ. അദ്ദേഹം അത് എവിടെയെങ്കിലും പറഞ്ഞ് വച്ചിട്ടുണ്ടോ? എവിടെയെങ്കിലും എഴുതി ചേര്‍ത്തിട്ടുണ്ടോ?

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില് ദിനം പ്രതി പതിനായിരക്കണക്കിന് പോസ്റ്റുകളും പടങ്ങളുമൊക്കെ വരുന്നുണ്ടെങ്കിലും, അവിടേയും അദ്ദേഹം തട്ട് കടയീന്ന് ചായ കുടിച്ചതും ബ്യൂട്ടി പാര്‍ലര്‍ ഉത്ഘാടനം ചെയ്തതും, ഹോളി കളിക്കുന്നതും, അമ്പലങ്ങള് തൊഴാന്‍ പോകുന്നതും മറ്റുമാണ് വാര്‍ത്തയാക്കിയിരിക്കുന്നത്.

പിന്നെ ആകെയുള്ളത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന കലാപരിപാടിയാണ്.
അത് പക്ഷേ ഓപ്പണായിട്ട് പറഞ്ഞാ കേരളത്തിലെ പ്രബുദ്ധ ജനത ചോദ്യം ചെയ്യുമെന്ന് ഉള്ളത് കൊണ്ട്, പന്ത്രണ്ട് ലക്ഷത്തോളം പേര്‍ ഫോളോ ചെയ്യുന്ന ഫേസ്ബുക്ക് പേജിലൊന്നും കൊടുക്കാതെ, ഇന്നേ വരെ നാലായിരം പേര് പോലും തിരിഞ്ഞ് നോക്കിയിട്ടില്ലാത്ത, എംപിതിരുവനന്തപുരം ഡോട്ട് കോം എന്നൊരു പ്രത്യേക തരികിട വെബ്‌സൈറ്റ് തന്നെ, അതിന് വേണ്ടി ഉണ്ടാക്കി അതിനകത്ത് ഒളിപ്പിച്ച് വച്ചിരിക്കുകയാണ് ഡോ: ശശിയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടുകള്‍.

ഇനി ഈ പ്രോഗ്രസ്സ് റിപ്പോര്‍ട്ടുകള് പരിശോധിക്കുമ്പോഴുള്ള ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ചാല്‍, യുപിഎ സര്‍ക്കാരിന്റേയും എന്‍ഡിഎ സര്‍ക്കാരിന്റേയും കാലത്തുള്ള പ്രോഗ്രസ്സ് റിപ്പോര്‍ട്ടുകള്‍, താരതമ്യം ചെയ്ത് നോക്കിയാല്‍ തന്നെ അറിയാം, ഈ രണ്ട് സര്‍ക്കാരുകളും തമ്മിലുള്ള പ്രകടനത്തിലെ അന്തരം.
ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍, ഒരു എംബി പോലും തികച്ച് എടുക്കാനില്ലാത്ത യുപിഎ സര്‍ക്കാരിന്റെ കാലത്തുള്ള പ്രോഗ്രസ്സ് റിപ്പോര്‍ട്ടില് ആകെ കൂടെ 37 പേജില് വളുവളാന്ന് കൊറേ സാഹിത്യം എഴുതി പിടിച്ച് വച്ചിരിക്കുന്നതല്ലാതെ ഒരു പടവുമില്ല, കളറുമില്ല, മണവുമില്ല, ഗുണവുമില്ല, ഒന്നുമില്ല.

എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തുള്ള പ്രോഗ്രസ്സ് റിപ്പോര്‍ട്ടിലോ?

അമ്പത്തൊന്ന് എംബിയും അറുപത്താറ് പേജുള്ള ആ സാധനത്തില് കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിച്ച റോഡുകളുടെ പടമുണ്ട്, പാലങ്ങളുടെ പടമുണ്ട്, തുറമുഖത്തിന്റെ പടമുണ്ട്, ആധുനികവത്കരിച്ച വിമാനത്താവളത്തിന്റെ പടമുണ്ട്, റെയില്‍വേ സ്റ്റേഷന്റെ പടമുണ്ട്, കേന്ദ്ര സര്‍ക്കാര്‍ 460 കോടി രൂപ അനുവദിച്ച ശ്രീ ചിത്തിര തിരുനാള്‍ ഇന്‌സ്ടിട്യൂട്ടിന്റെ പടമുണ്ട്, 47 കോടി രൂപ അനുവദിച്ച റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ പടമുണ്ട്, 76 കോടി രൂപ അനുവദിച്ച ശ്രീ പത്മനാഭ ക്ഷേത്രത്തിന്റെ പടമുണ്ട്, എന്തിനേറെ ആറര കോടി രൂപ അനുവദിച്ച വിഴിഞ്ഞം ലൈറ്റ് ഹൗസിന്റെ പടം വരെ അതിലുണ്ട്.ഇനി ഓരോ മേഖലയിലും അനുവദിച്ച തുകയുടെ കാര്യമെടുത്താലും ഈ അജഗജാന്തരം നമുക്ക് കാണാം.
ഉദാഹരണത്തിന്, ഹൈവേകള്‍ക്ക് വേണ്ടി യുപിഎ സര്‍ക്കാര്‍ 1170 കോടി രൂപയാണ് അനുവദിച്ചതെങ്കില്, എന്‍ഡിഎ സര്‍ക്കാര്‍ അതിന്റെ ഇരട്ടിയോളമായി 2013 കോടി രൂപ അനുവദിച്ചു.

ഗ്രാമീണ റോഡുകള്‍ക്ക് യുപിഎ സര്‍ക്കാര്‍ വെറും 8 കോടി രൂപയാണ് അനുവദിച്ചതെങ്കില്, എന്‍ഡിഎ സര്‍ക്കാര്‍ അതിന്റെ രണ്ടര ഇരട്ടിയിലേറെയായി 22 കോടിയോളം രൂപ അനുവദിച്ചു

മറ്റ് മേഖലകളുടെ കാര്യവും ഏതാണ്ട് ഇങ്ങനൊക്കെ തന്നെ.
അങ്ങനെ ഡോ: ശശി താന്‍ വലിയ വികസന നായകനാണെന്നൊക്കെ വീമ്പടിക്കാന്‍ വേണ്ടി അച്ചടിച്ചിറക്കിയ പ്രോഗ്രസ്സ് റിപ്പോര്‍ട്ടുകള് വച്ച് നോക്കിയാല്‍ തന്നെ നമുക്ക് നിഷ്പ്രയാസം പറയുവാന്‍ സാധിക്കും മോദിജി ഇന്ത്യാ മഹാരാജ്യത്തിന് വേണ്ടി ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തില്എന്ത് ചെയ്തു എന്ന്.

കാരണം, ഡോ: ശശിയെ പോലെ തന്നെ വേറേയും അഞ്ഞൂറ്റിനാല്പത് എംപി മാര് ഇത് പോലെ ഞെളിഞ്ഞ് നില്‍ക്കുന്നുണ്ടാകും നമ്മുടെ രാജ്യത്തില് അങ്ങോളമിങ്ങോളം. മോദിജിയുടെ പേരില്.
അങ്ങനെ മോദിജിയുടെ വികസന പദ്ധതികള് മുഴുവനും സമ്പൂര്‍ണ്ണ കളര്‍ ചിത്രങ്ങളടക്കം പുസ്തകമായി അച്ചടിച്ചിറക്കി സ്വന്തം പേരിലാക്കിയിട്ടാണ്, 'The Paradoxical Prime Minister' അഥവാ 'വിരോധാഭാസങ്ങളുടെ പ്രധാനമന്ത്രി' എന്നുള്ള ബുക്കുകളും മറ്റും എഴുതി, ഡോ: ശശി മോദിജിയെ താറടിച്ച് കാണിക്കുവാന്‍ ശ്രമിച്ചത്.

അതാണ് ഡോ: ശശിയുടെ കഥയിലെ ഏറ്റവും വലിയ വിരോധാഭാസവും.
ഇനി, ഓരോ വര്‍ഷവും അഞ്ച് കോടി രൂപ വച്ച്, അമ്പത് കോടി രൂപ, എം പി ഫണ്ട് വകയിനത്തില്‍ ഡോ: ശശിക്ക് ലഭിച്ചതിന്റെ കണക്കുകളും കാര്യങ്ങളുമോ?യുപിഎയുടെ കാലത്തുള്ള കണക്കുകള് വിസ്തരിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, എന്‍ഡിഎയുടെ കാര്യത്തെ കുറിച്ച് മിണ്ടാട്ടമില്ല. കിട്ടുന്ന പൈസ ഒന്നിനും തികയുന്നില്ല എന്നൊരു പരാതിയും, കണക്കുകളെല്ലാം പ്രത്യേക പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നുള്ള ഒരു അവകാശ വാദവും മാത്രം. വെബ്‌സൈറ്റിലൊന്നും ആ ബുക്ക് കണ്ടമാനം പരതി നോക്കിയെങ്കിലും ഒട്ട് കാണാനും കഴിഞ്ഞില്ല.

പക്ഷേ ഒന്ന് നമുക്കറിയാം. ആ കോടികളുപയോഗിച്ച് അവിടെയും ഇവിടെയും വഴിവിളക്കുകള് കുത്തിനിറുത്തിയതും വെയ്റ്റിംഗ് ഷെഡുകളും മറ്റും നിര്‍മ്മിച്ച് കൂട്ടിയതുമല്ലാതെ തിരുവനന്തപുരം നഗരത്തിന്റെ ഉത്പാദന ക്ഷമതയെ സ്ഥായിയായി വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും Productive Assets നമുക്കായി നിര്‍മ്മിച്ച് നല്‍കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടോ?

തിരുവനന്തപുരം നഗരത്തിന്റെ കീറാമുട്ടികളായ മാലിന്യ നിര്‍മാര്‍ജ്ജനം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് എന്തെങ്കിലും ശാശ്വതമായ പരിഹാരം നേടിയെടുക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടോ?
അദ്ദേഹത്തിന്റെ തന്നെ മോഹനവാഗ്ദാനങ്ങളായ ഹൈക്കോടതി ബെഞ്ചിനെ കുറിച്ചും, മെട്രോ റെയ്‌ലിനെ കുറിച്ചുമെല്ലാം മുടന്തന്‍ ന്യായങ്ങള് മാത്രമാണ് പ്രോഗ്രസ്സ് റിപ്പോര്‍ട്ടില് പറഞ്ഞിരിക്കുന്നത്.

പത്ത് വര്‍ഷം കഴിഞ്ഞ് 2029-ഇല്‍ നമ്മള്‍ പിന്നോട്ട് നോക്കുമ്പോള്‍, പത്ത് വര്‍ഷം ഇവിടെ എംപിയായിരുന്ന ഡോ: ശശിയുടെ ശ്രമഫലമായി ഉണ്ടായതെന്ന് വിശേഷിപ്പിക്കുവാന്‍ പറ്റുന്ന രീതിയില്‍, എന്തെങ്കിലുമൊന്ന് തിരുവനന്തപുരം നഗരത്തിലോ പ്രാന്തപ്രദേശത്തോ ചൂണ്ടി കാണിക്കുവാന്‍ നമുക്കുണ്ടാകുമോ?
ഞാന്‍ റോഡ് നീളെ നടന്ന് ജനങ്ങളോട് സംസാരിച്ചു, റോഡ് നിര്‍മ്മിച്ച് കൊണ്ടിരുന്ന തൊഴിലാളികളോട് സംസാരിച്ചു, പിന്നെ റോഡ് നിര്‍മ്മിക്കുവാന്‍ പൈസ അനുവദിച്ച കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥന്മാരോട് സംസാരിച്ചു, എന്ന സൈസ് തള്ളുകളല്ല ഞാന്‍ ഉദ്ദേശിക്കുന്നത്.

ഞാന്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ടീമില്‍ ഉള്ളവരേയും വെല്ലുവിളിക്കുകയാണ്. എന്റെ ഈ ലളിതവും കാര്യമാത്രപ്രസക്തവുമായ ചോദ്യത്തിന് നേരായതും നേരിട്ടുള്ളതുമായ ഒരു ഉത്തരം നിങ്ങളുടെ ആരുടെയെങ്കിലും കൈകളിലുണ്ടോ?ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് ഒരു ചെറിയ വീഡിയോ ആയോ, പോസ്റ്റ് ആയോ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കാമോ?

ഇക്കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ തിരുവനന്തപുരത്ത് ചെയ്തതെന്താണെന്ന് വ്യക്തമാക്കാതെ, ഞങ്ങള്‍ ഇന്ത്യയെ കണ്ട് പിടിക്കും, തിരിച്ച് പിടിക്കും എന്നൊക്കെ പറഞ്ഞ് വീണ്ടും വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത് കഴിഞ്ഞ രണ്ട് വട്ടം വലിയ പ്രതീക്ഷകളോടെ താങ്കള്‍ക്ക് വോട്ട് ചെയ്ത ആളുകളോടുള്ള നന്ദികേടാണ് സാര്‍.
അവരോടും, അവരുടെ വരും തലമുറയോടും താങ്കള്‍ കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ് സാര്‍.ഇന്ത്യയെ കണ്ട് പിടിക്കാനും, പിടിച്ച് നടത്താനുമൊക്കെ ഇവിടെ വേറേ ആളുകളുണ്ട് സാര്‍

പുസ്തകങ്ങള്‍ എഴുതാനും ട്വീറ്റ് ചെയ്യാനും മാത്രമായിട്ട് ഇനിയൊര് ഒരു എംപി നമുക്ക് വേണ്ട സാര്‍. അതില് കുറഞ്ഞുള്ള അഭിമാനമൊക്കെ തിരുവനന്തപുരത്ത്കാര്‍ക്ക് മതി.
നമുക്ക് വേണ്ടത് തിരുവനന്തപുരത്തിന്റെ സര്‍വ്വതോന്‍മുഖമായ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിവും സന്നദ്ധതയുമുള്ള ഒരു എംപിയെയാണ്. അല്ലാതെ ഓണത്തിനും സംക്രാന്തിക്കുമെല്ലാം ഇവിടെ വന്ന് മുഖം കാണിച്ച് പോകുന്ന ഒരു ഇന്റര്‍നാഷണല്‍ സെലിബ്രിറ്റിയെയല്ല.

ഏതായാലും, താങ്കളുടെ മറുപടിക്കായി ഞാന്‍ കാക്കുന്നില്ല. കാത് കൂര്‍പ്പിച്ച് കുത്തിയിരിക്കുന്നുമില്ല. നിര്‍ന്നിമേഷനായി നോക്കി നില്‍ക്കുന്നുമില്ല.
കാരണം നമുക്ക് വേണ്ട എംപി സ്ഥാനാര്‍ത്ഥിയെയൊക്കെ നമുക്ക് വേറേ കിട്ടിക്കഴിഞ്ഞു.അദ്ദേഹം താങ്കള്‍ക്ക് കാണിച്ച് തരും, ഒരു യഥാര്‍ത്ഥ എംപി എങ്ങനെയായിരിക്കണമെന്ന്.

കാത്തിരുന്ന് കാണുക!

Join WhatsApp News
Komali 2019-03-26 08:51:55
നായരു പിടിച്ച പുലിവാൽ !!! കാത്തിരുന്ന് കാണാം!
Vayanakkaran 2019-03-26 11:51:00
ബിജു നായരെപ്പോലെയുള്ള മോഡി ഭക്തർ പറയുന്നത് ഇന്ത്യ അഞ്ചു വര്ഷം മുമ്പാണ് മുട്ടിലിഴയാൻ തുടങ്ങിയത് എന്നിട്ടു ഇപ്പോൾ ലോക രാജ്യങ്ങളുടെ ഒറ്റ മത്സരത്തിൽ ഒന്നാമതായി നില്കുന്നു എന്നല്ലേ. വിവരക്കേടെന്നു പറയുന്നത് ഇന്ത്യൻ ഭരണഘടനയിൽ ഒരു കുറ്റമല്ലാത്തതു  കൊണ്ടും ചിലർക്ക് അത് ജന്മനാ ഉള്ളതായതുകൊണ്ടും ഈ ലേഖനം മറുപടി അർഹിക്കുന്നില്ല. കാരണം ശശി തരൂർ ആരാണെന്നു അറിയണമെങ്കിൽ നാലു ക്‌ളാസ്സെങ്കിലും പള്ളിക്കൂടത്തിൽ പോയിരിക്കണം. തിരുവന്തപുരത്തെ ജനങൾക്ക് വിദ്യാഭ്യാസം ഉണ്ട് വിവരവും ഉണ്ട്. അതുകൊണ്ടു ബിജു നായരെപ്പോലെയുള്ളവർ  വേഗം വടക്കേ ഇന്ത്യയിലേക്ക് വണ്ടി കേറിക്കോ സമയം കളയാതെ.
പൊട്ടകിണറ്റിലെ തവള 2019-03-26 09:15:50
കേരളത്തിൽ രണ്ടു മന്ത്രിസഭയുണ്ടായി ഈ പത്തു വർഷത്തിനിടയിൽ . എന്നിട്ട് അവർക്ക് എന്ത് കോപ്പ് ചെയ്യാൻ കഴിഞ്ഞു തിരുവനന്തപുരത്തിനായി. കേരളം നാന്നാകില്ലെന്ന് നമ്മൾക്കറിയാം . പക്ഷെ അല്പം വിശാല വീഷണം ഉള്ളവരെ ഡൽഹിയിലേക്ക് പറഞ്ഞു വിട്ടാൽ അത് ഇന്ത്യക്ക് മുഴുവൻ ഉപകാര പ്രധമാകും. അല്ലെങ്കിൽ ഇന്ത്യ ഋഷിമാരുടെയും സ്വാമിമാരുടെയും നാടായി ഒരിക്കലും രക്ഷപ്പെടാതെ അധോഗതിയിൽ കിടക്കും . കുമ്മനത്തിനൊന്നും യാതൊരു ലോക വീക്ഷണവും ഇല്ല. പൊട്ടകിണറ്റിലെ തവള 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക