Image

കടലിലെ വെടിവയ്പ്പ്: നഷ്ടപരിഹാരക്കേസ് ഒത്തുതീര്‍പ്പിലേക്ക്

Published on 20 April, 2012
കടലിലെ വെടിവയ്പ്പ്: നഷ്ടപരിഹാരക്കേസ് ഒത്തുതീര്‍പ്പിലേക്ക്
കൊച്ചി: ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്റിക്ക ലെക്‌സിയില്‍നിന്നുള്ള വെടിവയ്പില്‍ രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ നഷ്ടപരിഹാരം സംബന്ധിച്ച് ഒത്തുതീര്‍പ്പിനു സാധ്യത തെളിഞ്ഞു. മത്സ്യതൊഴിലാളികുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമം. ഇതോടെ കപ്പല്‍ വിട്ടുകിട്ടാനും ഇറ്റാലിയന്‍ നാവികര്‍ക്കെതിരേയുള്ള കേസ് മയപ്പെടുത്താനും കഴിയും. മരിച്ചവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി യിലാണ് കപ്പല്‍ ഇപ്പോള്‍ തടഞ്ഞിട്ടിരിക്കുന്നത്. 

വെടിവെയ്പില്‍ തകര്‍ന്ന ബോട്ടിന്റെ ഉടമയ്ക്ക് 17 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കും. ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രതിനിധികളും മത്സ്യതൊഴിലാളി കുടുംബങ്ങളും തമ്മില്‍ ഇതു സംബന്ധിച്ച ധാരണയിലെത്തി. കേസ് സംബന്ധിച്ച നിയമനടപടികള്‍ അനശ്ചിതമായി നീളുന്ന പശ്ചാത്തലത്തിലാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ നടത്തുന്നത്. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയത്തിലേയും പ്രതിരോധ മന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരാണ് കേരളത്തില്‍ നേരിട്ടെത്തി ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്. മരിച്ച മത്സ്യതൊഴിലാളി കുടുംബങ്ങളുടെ അഭിഭാഷകരുമായിട്ടായിരുന്നു പ്രാഥമിക ചര്‍ച്ച. നഷ്ടപരിഹാര കേസില്‍ കപ്പല്‍ കമ്പനി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല.

മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് 70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നായിരുന്നു ആദ്യം വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ബന്ധുക്കള്‍ ഇത് നിഷേധിച്ചതോടെ ഇറ്റാലിയന്‍ സര്‍ക്കാര്‍ നേരിട്ട് മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറായത്. സംഭവവുമായി ബന്ധപ്പെട്ട് മത്സ്യതൊഴിലാളി കുടുംബങ്ങള്‍ നല്‍കിയിട്ടുള്ള എല്ലാ കേസുകളും പിന്‍വലിക്കും. ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കെ പ്രശ്‌നം മധ്യസ്ഥതയിലൂടെ പരിഹരിക്കാനായി വെടിവയ്പില്‍ മരിച്ച വാലന്റൈന്റെയും അജീഷ് പിങ്കിന്റെയും ബന്ധുക്കള്‍ ലോക് അദാലത്തില്‍ അപേക്ഷ നല്കിയതോടെയാണ് ഒത്തുതീര്‍പ്പിനു സാധ്യത തെളിയുന്നത്.

വാലന്റൈന്റെ ഭാര്യ ഡോറമ്മ, അജീഷ് പിങ്കിന്റെ സഹോദരങ്ങളായ അഭിനയ, അഗുണ എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ മൂന്നു കോടി രൂപ ബാങ്ക് ഗാരന്റി കെട്ടിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ ഒത്തുതീര്‍പ്പ് സാധ്യതകള്‍ പരിഗണിക്കണമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിനായി ഇറ്റാലിയന്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. നഷ്ടപരിഹാര കേസിന്റെ നടപടിക്രമങ്ങള്‍ക്കു കാലതാമസം നേരിട്ടേക്കാം എന്നതിനാലാണ് അവര്‍ ഇപ്പോള്‍ മധ്യസ്ഥശ്രമങ്ങള്‍ക്കു വഴങ്ങുന്നതെന്നാണു കരുതുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക