Image

കേന്ദ്ര സര്‍വകലാശാല വിവാദ സര്‍ക്കുലര്‍: ബോര്‍ഡ് അംഗം മീന പിള്ള രാജിവച്ചു

Published on 25 March, 2019
കേന്ദ്ര സര്‍വകലാശാല വിവാദ സര്‍ക്കുലര്‍: ബോര്‍ഡ് അംഗം മീന പിള്ള രാജിവച്ചു

തിരുവനന്തപുരം: കേന്ദ്രസര്‍വകലാശാലകളില്‍ ദേശീയ മുന്‍ഗണനയുള്ള വിഷയങ്ങളില്‍ മാത്രം ഗവേഷണം നടത്തിയാല്‍ മതിയെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് കേന്ദ്രസര്‍വ്വകലാശാലയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിന്നും ഡോ. മീന ടി.പിള്ള രാജിവച്ചു. 'അപ്രസക്തമായ' വിഷയങ്ങളില്‍ ഇനി ഗവേഷണങ്ങള്‍ നടക്കേണ്ടതില്ലെന്നും, മറിച്ച്‌ 'ദേശീയ പ്രാധാന്യം' അര്‍ഹിക്കുന്ന വിഷയങ്ങള്‍ മാത്രം ഗവേഷണത്തിനായി വിവിധ പഠനവകുപ്പുകള്‍ അംഗീകരിച്ചാല്‍ മതിയെന്നുമായിരുന്നു മാര്‍ച്ച്‌ 13ന് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

ഇതിനെതിരെ വിദ്യാര്‍ത്ഥികളടക്കം പ്രതിഷേധിച്ച്‌ രംഗത്തെത്തിയിരുന്നു. ദേശീയ പ്രാധാന്യമുള്ളതും അല്ലാത്തതുമായ വിഷയങ്ങള്‍ ആരാണ് തീരുമാനിക്കുന്നത് ആരുടെ പ്രയോരിറ്റിയാണ് ഈ പറയുന്ന നാഷണല്‍ പ്രയോരിറ്റി​ എന്നും മീന ദേശീയമാദ്ധ്യമത്തോട് പറഞ്ഞു. സര്‍ക്കുലര്‍ പുറത്തു വന്നതിനു ശേഷവും വിദ്യാര്‍ത്ഥികളുടെയിടയിലുള്ള അതൃപ്തികളല്ലാതെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നില്ല. എതിര്‍ശബ്ദങ്ങള്‍ ഉയര്‍ത്തുന്നവരെ തേടിപ്പിടിച്ച്‌ ലക്ഷ്യം വച്ച്‌ ഉപദ്രവിക്കുന്ന കേന്ദ്ര സര്‍വകലാശാലയുടെ നയങ്ങളില്‍ ഭയന്നാണ് തങ്ങള്‍ പരസ്യ പ്രതിഷേധത്തിന് തയ്യാറാകാത്തതെന്ന് വിദ്യാര്‍ത്ഥികളും വെളിപ്പെടുത്തിയിരുന്നു.

വിഷയത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'ഇനിമുതല്‍ രാജ്യത്തെ ബുദ്ധിജീവികള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ബുദ്ധിശാലിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മന്ത്രിയും (പ്രകാശ് ജാവേദ്കര്‍) അതിബുദ്ധിമാനായ പ്രധാനമന്ത്രി നരേന്ദ്രമോദിയും നിര്‍ദേശിക്കു'മെന്ന് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പരിഹസിച്ചു.

'അല്പജ്ഞാനം അപകടമാണെന്നുപറഞ്ഞത് ശരിയാണ്' എന്നും അദ്ദേഹം കുറിച്ചു. കേന്ദ്ര നിര്‍ദേശവും അതില്‍ പ്രതിഷേധിച്ചുള്ള പ്രൊഫസര്‍ മീന ടി. പിള്ളയുടെ രാജിയും പ്രതിപാദിക്കുന്ന വാര്‍ത്തയ്ക്കൊപ്പമാണ് രാഹുല്‍ ഈ കുറിപ്പ് പോസ്റ്റുചെയ്തത്. വിഷയത്തില്‍ ശശിതരൂര്‍ എം.പിയും പ്രതികരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക