Image

താരമണ്ഡലം തിരുവനന്തപുരം; ഒപ്പത്തിനൊപ്പം കോണ്‍ഗ്രസും ബിജെപിയും

കലാകൃഷ്ണന്‍ Published on 24 March, 2019
താരമണ്ഡലം തിരുവനന്തപുരം; ഒപ്പത്തിനൊപ്പം കോണ്‍ഗ്രസും ബിജെപിയും

തിരുവനന്തപുരം ലോക്സഭാ മണ്ഡലം രാജ്യത്ത് തന്നെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന മത്സരത്തിന് സാക്ഷ്യം വഹിക്കുകയാണ്. ആകാംക്ഷയില്‍ ശരിക്കുമൊരു താരമണ്ഡലം തന്നെയാണ് തിരുവനന്തപുരം. ചരിത്രത്തില്‍ ആദ്യമായി ബിജെപി കേരളത്തില്‍ താമര വിരിയിച്ചത് തിരുവനന്തപുരത്ത് നേമത്താണ്. പൊളിറ്റിക്കല്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിയെ സഹായിച്ച ജില്ല. തിരുവനന്തപുരത്ത് ബിജെപി ജയിച്ചാല്‍ മോദി സര്‍ക്കാര്‍ വന്നാല്‍ ജയിച്ചാല്‍ കേന്ദ്ര മന്ത്രി. ഇനി കോണ്‍ഗ്രസ് ജയിച്ചാല്‍ രാഹുല്‍ സര്‍ക്കാര്‍ വന്നാല്‍ ജയിച്ചയാള്‍ കേന്ദ്ര മന്ത്രി. 
കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി ശശി തരൂര്‍, ഇടതുപക്ഷത്തിന്‍റെ സ്ഥാനാര്‍ഥി സി.ദിവാകരന്‍, ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ഏറ്റവും ലളിതമായി പറഞ്ഞാല്‍ കുമ്മനവും തരൂരും തമ്മില്‍ ബലാബലം പരീക്ഷിക്കും എന്നതാണ് യഥാര്‍ഥ്യം. 
2009ലും 2014ലും ശശി തരൂരിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചു തിരുവനന്തപുരം. ജയിച്ച് കഴിഞ്ഞാല്‍ പിന്നെ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കുന്ന പരിപാടി ശശി തരൂരിനില്ല എന്നൊരു വിമര്‍ശം നടാടെയുണ്ട്. 
കഴിഞ്ഞ തവണത്തെ ലോക്സഭയില്‍ 34.9 ശതമാനം വോട്ടാണ് ശശി തരൂര്‍ നേടിയത്. എന്നാല്‍ എതിരാളിയായി ബിജെപി മത്സരിപ്പിച്ച ഒ.രാജഗോപാല്‍ 32.32 ശതമാനം വോട്ട് നേടി തൊട്ടു പിന്നിലെത്തി. 
എന്നാല്‍ 2009ലെ ലോക്സഭയില്‍ ആദ്യമായി തിരുവനന്തപുരത്ത് മത്സരിക്കാന്‍ എത്തിയ ശശി തരൂര്‍ 44 ശതമാനം വോട്ടാണ് നേടിയത്. പത്ത് ശതമാനം വോട്ടാണ് 2014 കുറഞ്ഞത്. എന്നാല്‍ 2009ല്‍ ബിജെപിയിലെ പി.കെ കൃഷ്ണദാസ് നേടിയത് വെറും പതിനൊന്ന് ശതമാനം വോട്ട്. ഇരുപത് ശതമാനം വോട്ട് ഷെയര്‍ വര്‍ദ്ധിപ്പിച്ചാണ് 2014ല്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത്. ശശി തരൂരിന് കഴിഞ്ഞ ഇലക്ഷനില്‍ നഷ്ടമായ പത്ത് ശതമാനം വോട്ടുകള്‍ ഇക്കുറി വീണ്ടും കുറഞ്ഞേക്കാമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്. 
ഇടതിന്‍റെ കാര്യത്തില്‍ തിരുവനന്തപുരം പ്രതീക്ഷകള്‍ ഒന്നുമില്ലാത്ത മണ്ഡലമാണ്. 1996ല്‍ സിപിഐ മണ്ഡലം പിടിച്ചെടുത്തിട്ടുണ്ട്. 1977ല്‍ എം.എന്‍ ഗോവിന്ദന്‍ നായരും സിപിഐയ്ക്ക് വേണ്ടി മണ്ഡലം പിടിച്ചു. 2004ല്‍ പി.കെ വാസുദേവന്‍ നായര്‍ മണ്ഡലം സിപിഐയ്ക്ക് നേടിക്കൊടുത്തു. 2005ലെ ബൈ ഇലക്ഷനിലും മണ്ഡലം സിപിഐയ്ക്ക് ഒപ്പം നിന്നു. പന്ന്യന്‍ രവീന്ദ്രന്‍ വിജയിച്ചു. ബാക്കി എല്ലായിപ്പോഴും കോണ്‍ഗ്രസിന് അനുകൂലമാണ് മണ്ഡലം. 
എന്നാല്‍ ഇക്കുറി താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു എന്ന മട്ടിലാണ് സി.ദിവാകരന്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായി എത്തിയത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ഒതുക്കാന്‍ സി.ദിവാകരനും ഇസ്മയില്‍ പക്ഷവും ചേര്‍ന്ന് കളമൊരുക്കി. കാനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ നിര്‍ബന്ധിതനാക്കുക. കാനം തോറ്റാല്‍ രാഷ്ട്രീയത്തില്‍ കാനത്തിന് അതൊരു ക്ഷീണമാകും. തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന് സി.ദിവാകരന്‍ സിപിഐ സംസ്ഥാന കമ്മറ്റിയില്‍ വാദിച്ചത് അങ്ങനെയാണ്. എങ്കില്‍ പിന്നെ ദിവാകരന്‍ സഖാവ് തന്നെയങ്ങ് മത്സരിച്ചാട്ടെ എന്നായി കാനം രാജേന്ദ്രനും സംഘവും. താന്‍ അശക്തനാണ് എന്ന് പറഞ്ഞ് ഒഴിയാന്‍ വയ്യാത്ത നിലയിലായി ദിവാകരന്‍. അങ്ങനെയാണ് സി.ദിവാകരന്‍ തിരുവനന്തപുരത്ത് എത്തിയത്. എന്നാല്‍ പോയ തവണത്തെ പോലെ വെറുമൊരു റബര്‍സ്റ്റാപ് സ്ഥാനര്‍ഥിയല്ല സി.ദിവാകരന്‍. അതുകൊണ്ട് അട്ടിമറിയൊന്നും സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല. 
68.51 ശതമാനം ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലമാണ് തിരുവനന്തപുരം. ഈ വോട്ട് ബാങ്കിലാണ് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ കണ്ണുവെക്കുന്നത്. ഹിന്ദു വോട്ടുകളില്‍ വലിയൊരു ഭാഗം നായര്‍ വോട്ടുകളാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരാണ് ഇവര്‍. എന്നാല്‍ ഇത്തവണ ശബരിമല മാറി ചിന്തിപ്പിക്കുന്നതിന് ഒരു കാരണമാകും എന്ന് തീര്‍ച്ച. പത്തനംതിട്ട കഴിഞ്ഞ ശബരിമല ഏറ്റവും കൂടുതല്‍ സമരവിഷയമായി മാറിയത് തിരുവനന്തപുരം ജില്ലയിലാണ്. 
ശബരിമല സമരത്തില്‍ എന്‍.എസ്.എസും ബിജെപിയും തോളോട് തോള്‍ ചേര്‍ന്ന് സമരം ചെയ്തത് എല്ലാവരും കണ്ടതുമാണ്. ഈ ഗ്രൗണ്ടിലേക്കാണ് കുമ്മനം രാജശേഖരന്‍ എത്തുന്നത്. കഴിഞ്ഞ നിയമസഭയില്‍ വട്ടിയൂര്‍കാവില്‍ മികച്ച മത്സരം കാഴ്ചവെച്ചതാണ് കുമ്മനം. കുമ്മനത്തിന്‍റെ തീവ്രഹിന്ദുത്വ പൊളിറ്റിക്സ് ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ നന്നായി വര്‍ക്ക് ചെയ്യുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. ഒപ്പം ശബരിമല വിഷയം നടന്നപ്പോഴൊന്നും കളത്തിലേ ഇല്ലാതിരുന്ന ശശി തരൂരിനോട് മണ്ഡലത്തിലെ വിശ്വാസികള്‍ക്ക് താത്പര്യക്കുറവുണ്ട് എന്നതും യഥാര്‍ഥ്യമാണ്. 
16.79 ശതമാനം ക്രിസ്ത്യന്‍ വോട്ടുകളുണ്ട് തിരുവനന്തപുരം മണ്ഡലത്തില്‍. ലാറ്റിന്‍ കത്തോലിക്കാ സഭയ്ക്കും മലങ്കര കത്തോലിക്കാ സഭയ്ക്കും ഈ വോട്ട് ഷെയറില്‍ വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ സഭയുടെ പിന്തുണ പ്രധാനമാണ്. പതിവായി ആ പിന്തുണ ലഭിക്കുന്നത് കോണ്‍ഗ്രസിനാണ്. 
ശബരിമലയില്‍ ഉന്നം വെച്ച് കുമ്മനത്തെ വിജയിപ്പിക്കാമെന്ന് ബിജെപി പ്രതീക്ഷിക്കുമ്പോഴും ഭയപ്പെടുത്തുന്നത് സിപിഎമ്മിന്‍റെ ലാസ്റ്റ് മിനിറ്റ് ഗെയിമുകളാണ്. കുമ്മനമോ ബിജെപിയോ തിരുവനന്തപുരത്ത് ജയിക്കേണ്ടതില്ല എന്ന് സിപിഎം തീരുമാനിച്ചാല്‍ അത് നടപ്പാക്കാനുള്ള വോട്ട് ബാങ്ക് സിപിഎമ്മിന് തിരുവനന്തപുരത്തുണ്ട്. അവസാന മണിക്കൂറുകളില്‍ വോട്ട് മറിച്ച് കുമ്മനത്തിന്‍റെ പരാജയം ഉറപ്പാക്കാന്‍ സിപിഎം തീരുമാനിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. സിപിഎമ്മില്‍ നിന്ന് ഈ വോട്ട് ഷെയര്‍ കോണ്‍ഗ്രസും ശശി തരൂരും തിരുവനന്തപുരത്ത് പ്രതീക്ഷിക്കുന്നുമുണ്ട്. 
ദേശിയ നേതാക്കളെ തന്നെ തിരുവനന്തപുരത്ത് എത്തിച്ച് ഇലക്ഷനില്‍ തേരോട്ടം നടത്താന്‍ ബിജെപിയും കോണ്‍ഗ്രസും തീരുമാനിച്ചിട്ടുണ്ട്. രാഹുലും മോദിയും പ്രീയങ്കയും യോഗിയുമൊക്കെ തിരുവനന്തപുരത്ത് വന്നുപോകുമെന്ന് തീര്‍ച്ച. ഒപ്പം ശബരിമലയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിഷയമാകും. തരൂരും കുമ്മനവും ഒപ്പത്തിനൊപ്പം എന്ന് മാത്രമേ ഇപ്പോഴത്തെ സ്ഥിതിയില്‍ പറയാന്‍ കഴിയുകയുള്ളു. 
Join WhatsApp News
Kummanam 2019-03-24 17:00:36
ശശിതരൂരിനെപ്പോലെയുള്ള ഒരു വ്യക്തിയുടെ സ്ഥാനത്ത് കുമ്മനമല്ല പോവേണ്ടത്. കേരളത്തിൽ നിന്നും യാതൊരു വിധേനയും ഒരു വർഗീയ പാർട്ടിയിൽ വിശ്വസിക്കുന്ന ഒരാളെ പാർലമെന്റിൽ അയക്കാൻ പാടില്ല! 

നായന്മാർ പുറമെ മതസൗഹാർദ്ദം കാണിക്കുമെങ്കിലും അവർ തങ്ങളുടെ ജാതിയും തങ്ങളുടെ ജാതിയുടെ തൊലിവെളുപ്പുള്ളവർക്കേ വോട്ടു ചെയ്യുകയുള്ളൂ. അക്കാര്യത്തിൽ അവർ കൂട്ടമായി ശശി തരൂരിന് വോട്ടു ചെയ്യും. 

തിരുവനന്തപുരം ക്രിസ്ത്യാനികൾ പാരമ്പര്യമായി കോൺഗ്രസ്സുകാരാണ്. അവരുടെ ഒറ്റ വോട്ടും ബിജെപിക്ക് ലഭിക്കില്ല. കുറേക്കാലങ്ങൾക്ക് മുമ്പ് സെന്റ് തോമസ് കുരിശിന്റെ പേരിൽ ശബരിമലയിൽ ക്രിസ്ത്യാനികൾക്കെതിരെ ആക്രമണണം നടത്തിയവരുടെ നേതാവായിരുന്നു കുമ്മനം. പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച ശശി തരൂർ ക്രിസ്ത്യാനികളുടെ പ്രിയങ്കരനാണ്. മുസ്ലിമുകളുടെയും ഉറ്റ സുഹൃത്താണ്. 

ഈഴവരുടെ കാര്യം എടുത്താൽ അവർ ഒന്നുകിൽ കമ്യുണിസ്റ്റ് അല്ലെങ്കിൽ കോൺഗ്രസ്സ് എന്ന നിലപാടാണ്. എല്ലാ വിധത്തിലും എങ്ങനെ ചിന്തിച്ചാലും കുമ്മനത്തിന് അവിടെ കെട്ടി വെച്ച പണം നഷ്ടപ്പെടുമെന്നും തീർച്ചയാണ്. 

പരസ്യമായ ഒരു ഡിബേറ്റിനു തയ്യാറാണോയെന്ന രാഹുലിന്റെ വെല്ലുവിളി മോദി എന്തുകൊണ്ട് സ്വീകരിക്കുന്നില്ല? അദ്ദേഹത്തിന് അത് കഴിയില്ല എന്നതാണ് വാസ്തവം. മോദിയെപ്പോലെ കൊണ കൊണ ഡിഗ്രിയല്ല രാഹുലിനുള്ളത്. അദ്ദേഹത്തിന് ഇംഗ്ലണ്ടിൽനിന്നും Camebridge യൂണിവേഴ്സിറ്റിയിൽ നിന്നും എംഫിൽ ഡിഗ്രിയുണ്ട്. ശശി തരൂരിന്റെ വിദ്യാഭ്യാസ യോഗ്യതകളും അക്കാദമിക്ക് നിലവാരങ്ങളും നോക്കുമ്പോൾ പാർലമെന്റിൽ ഇരിക്കേണ്ടത് കുമ്മനമല്ല ശശിതരൂർ തന്നെയാണ്. 

മോദിയെപ്പോലെ കാണുന്ന പുരുഷന്മാരെ കെട്ടിപിടിച്ചു നടക്കുന്ന നാണംകെട്ട പരിപാടിക്ക് രാഹുലിനെ കിട്ടില്ല. രാഹുലിനെ വർഗീയവാദികൾ 'ഇറ്റാലിയൻ പാപ്പു' എന്ന് വിളിക്കുമെങ്കിലും ചായ വിറ്റു  തെരുവുഗുണ്ടയായി നടന്ന പാരമ്പര്യം രാഹൂലിനില്ലെന്നും ഇതിലെ പ്രതികരണ ഗുരു ശ്രീ വിക്ടർ മനസിലാക്കിയാൽ കൊള്ളാം. 
JOHN 2019-03-25 13:56:34
ശശി തരൂർ തീർച്ചയായും തോൽക്കാൻ പാടില്ല. അദ്ദേഹത്തെ പോലുള്ള  വ്യക്തികൾ തീർച്ചയായും പാർലമെന്റിൽ ഉണ്ടാവണം. എന്നാൽ കഴിഞ്ഞ രണ്ടു പ്രാവശ്യവും അദ്ദേഹത്തെ തോൽപ്പിക്കാൻ  ഗ്രൂപ് പോലും മറന്നാണ് കേരളത്തിലെ  കോൺഗ്രസ് നേതാക്കൾ ശ്രമിച്ചത്.
ജയരാജനെ/ശ്രീമതിയെ/ഇന്നൊസെന്റിനെ അപേക്ഷിച്ചു കുമ്മനം ആണ് ഭേദം. ചുരുങ്ങിയത് ലോകസഭയിൽ പറയുന്നത് മനസ്സിലാവുമല്ലോ. (ബിരുദാനന്ദ ബിരുദം ഉള്ള ആളാണ് എന്ന് കണ്ടാൽ പറയില്ല) 
രാഹുൽ ഗാന്ധി, എത്ര വിദ്യാഭ്യാസം ഉണ്ടെന്നു പറഞ്ഞാലും കാര്യമില്ല.  തല്ലി പഴുപ്പിക്കുക എന്നൊരു ചൊല്ലുണ്ട്. തനിയെ പഴുക്കുന്നതും തല്ലി പഴിപ്പിക്കുന്നതും തമ്മിൽ രുചിയിൽ വളരെ വ്യത്യാസം ഉണ്ട്.
അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസ്സും ബി ജെ പി യും മൽസരിക്കുന്ന കാഴ്ച ആണ്. രണ്ടു കാലിലും മന്തുള്ള കോൺഗ്രസ്  ഒരു കാലിൽ മന്ത് ലക്ഷണം കണ്ടു  തുടങ്ങിയ ബി ജെ പി യെ ആണ് മന്താ മന്താ എന്ന് വിളിക്കുന്നത് നല്ലതാണ്. അവർ രണ്ടു കാലിലും വരാതെ തോക്കിയാൽ അവർക്കു കൊള്ളാം.
കേരളത്തിൽ  എലെക്ഷൻ ആവുമ്പോൾ എട്ടുകാലി മമ്മൂഞ്ഞു മാരെ പോലെ കുറെ മെത്രാന്മാരും ജാതി കോമരങ്ങളും ഇറങ്ങും. അവരാണ് ജയിപ്പിക്കുന്നതും തോൽപ്പിക്കുന്നതും 
Anthappan 2019-03-25 16:04:03
I hope the Kerala (TVM) people will have the will to elect Shashi Tharoor to represent Malayalees. We need such leaders along with young leaders like Rahul to  outs Modi and bring  India together
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക