Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 38: സാംസി കൊടുമണ്‍)

Published on 24 March, 2019
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 38: സാംസി കൊടുമണ്‍)
വരാന്‍പോകുന്ന സോഷ്യലിസത്തില്‍ അടിമയും ഉടമയും ഒന്നാകുന്നു. ആ സുദിനം എന്നാണ്. എല്ലാ ബുദ്ധി ജീവികളും അതാണു നമുക്ക് തരാന്‍ കൊതിക്കുന്നത്. പക്ഷേ അതു മാത്രം വന്നില്ല. ചാണ്ടിക്കുഞ്ഞും ഒത്തിരി പ്രസംഗിച്ചതാ.... ഒടുവില്‍ പ്രസംഗത്തിലെ ഉറപ്പില്ലായ്മ ചാണ്ട ിക്കുഞ്ഞ് തിരിച്ചറിയുകയും സ്വയം പരിവര്‍ത്തനത്തിന് ഒരുങ്ങുകയും ചെയ്ത നാളുകളിലാണ്, ശാന്തമ്മ ചാണ്ടിക്കുഞ്ഞിനെ കണ്ടെ ത്തിയത്.

ചാണ്ട ിക്കുഞ്ഞിന്റെ കല്യാണത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ചാണ്ട ിക്കുഞ്ഞിന്റെ അമ്മയാണ്. മോനെ നോക്കാന്‍ ഒരാള്‍. അവന്റെ മദ്യപാനത്തിനൊരറുതി. വീട്ടില്‍ അവനൊരധികപറ്റാണെന്നവന്റെ അനുജനും ഭാര്യയും പിറുപിറുക്കുന്നതവരെ അത്ര വേദനിപ്പിച്ചിരുന്നു.

കല്യാണം വളരെ ലളിതം. അധികം ആരെയും വിളിച്ചില്ല. ശാന്തമ്മയുടെ അവിടെ നിന്നും കുറച്ചുപേര്‍. അവളുടെ ആങ്ങളമാര്‍ ആരും എത്തിയില്ല. നാല്പതു കഴിഞ്ഞ പെങ്ങളെക്കുറിച്ചവര്‍ക്ക് ഒത്തിരി കണക്കു കൂട്ടലുകള്‍ ഉണ്ട ായിരുന്നിരിക്കാം. കല്യാണത്തിരക്ക് കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞപ്പോള്‍, ഒരു പിരിമുറുക്കം. അത്ര നേരം പിടിച്ചുനിന്നു. ഇനി വയ്യ. ബാഗിന്റെ രഹസ്യ അറയില്‍ നിന്നും രണ്ടൗണ്‍സ് വെള്ളം ചേര്‍ക്കാതെ വിഴുങ്ങി. ഒരുന്മേഷം. ആദ്യ രാത്രിക്കുവേണ്ടിയുള്ള ഒരുക്കമായിരുന്നു. ഈ പ്രായത്തിനിടയില്‍ ചാണ്ട ിക്കുഞ്ഞ് ഒരു പെണ്ണിനെ തൊട്ടിട്ടില്ല.

ശാന്തമ്മ നവവധുവിനെപ്പോലെ നാണം കുണുങ്ങിയൊന്നുമല്ല വന്നത്. വന്നപാടെ പറഞ്ഞു. “”നാളെ വെളുപ്പിനെ മദ്രാസിനു പോകണം. എംബസിയില്‍ പേപ്പര്‍ ഫയല്‍ ചെയ്യണം. ഇപ്പോള്‍ കിടന്നുറങ്ങ്.’’ ശാന്തമ്മ പറയുകയും ചാണ്ട ിക്കുഞ്ഞ് അനുസരിക്കുകയും ചെയ്തു.

മദ്രാസിലെ മൂന്നാലു ദിവസം ചാണ്ട ിക്കുഞ്ഞ് മദ്യപിച്ചില്ല. വൈകിട്ട് കിടക്കാന്‍ നേരം രണ്ട ു ഗ്ലാസ് വൈന്‍. ശാന്തമ്മ ഒരു ഗ്ലാസ്. പകല്‍ മുഴുവന്‍ കാഴ്ചകളുമായി നടന്നു. എന്തും നേടിക്കൊടുക്കാന്‍ പോകുന്ന ഡോളര്‍ ശാന്തമ്മയുടെ കയ്യില്‍ ഉണ്ട ായിരുന്നു.  ചാണ്ട ിക്കുഞ്ഞ് നാലു ദിവസംകൊണ്ട ് സോഷ്യലിസം എന്ന വാക്കുതന്നെ മറന്നു. അഞ്ചാം ദിവസം ചാണ്ട ിക്കുഞ്ഞിനെ കയറ്റിയിടത്തുതന്നെ ഇറക്കി ശാന്തമ്മ അമേരിക്കക്കു പറന്നു. ഈ നാലു ദിവസത്തെ മധുരം ചാണ്ട ിക്കുഞ്ഞിന് ഒരു ജീവിതകാലത്തെ ഓര്‍മ്മയായി.

നാലുമാസത്തിനകം ചാണ്ട ിക്കുഞ്ഞ് അമേരിക്കയില്‍, ഒരു വ്യത്യസ്തലോകത്തില്‍ കാലു കുത്തി. കളര്‍ ചിത്രങ്ങളും ചരിത്രവും ചാണ്ട ിക്കുഞ്ഞിനെ അസ്വസ്തനാക്കിയില്ല. തന്റെ സ്വാതന്ത്ര്യവും വ്യക്തിത്വവും നഷ്ടപ്പെട്ടിരിക്കുന്നു. താന്‍ കെട്ടപ്പെട്ടവനും വഞ്ചിതനും ആയിരിക്കുന്നു. ശാന്തമ്മയുടേത് പുനര്‍വിവാഹം എന്നേ പറഞ്ഞിരുന്നുള്ളൂ.

ഒന്നാം ദിവസം ഒരു പതിനാലുകാരനെ ഊണു മേശയ്ക്കരികിലേക്ക് വിളിച്ച് ശാന്തമ്മ പരിചയപ്പെടുത്തി. “”ഇവന്‍ ടോമി എന്റെ മകനാണ്.’’ കഴിച്ചുകൊണ്ട ിരുന്ന അന്നം തൊണ്ട യില്‍ തടഞ്ഞപോലെ. ഒന്നും മനസ്സിലാകാത്ത ഒരു മന്ദബുദ്ധിയെപ്പോലെ ചുറ്റിനും നോക്കി. പൊടിമീശക്കാരനായവന്റെ കണ്ണില്‍ വെറുപ്പിന്റെ അഗ്നി. അവള്‍ മോനോടായി പറഞ്ഞു. “”ഇത് ചാച്ചന്‍ ഇനി നമ്മുടെ കൂടെയാണു താമസം.’’ അവന്‍ ഒന്നും ഉരിയാടാതെ അവന്റെ മാളത്തിലേക്ക് വലിഞ്ഞു. കതക് വലിച്ചടക്കുന്നതിന്റെ ഒച്ച. വീടാകെ ഒന്നു കുലുങ്ങി.

ശാന്തമ്മയുടെ കണ്ണുകളില്‍ ഭീതിയുടെ നെരിപ്പോട്. ഊണ് കഴിച്ചെന്നു വരുത്തി ബെഡ്‌റൂമിലെത്തി. മനസ്സില്‍ വല്ലാത്ത നീറ്റല്‍. ഒരു നാല്പത്തഞ്ചുകാരനു പ്രതീക്ഷകള്‍ പാടില്ലായിരുന്നു.

മകനുള്ള വിവരം എന്തിനു മറച്ചുവച്ചു. അഥവാ മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ പിന്മാറുമായിരുന്നുവോ. പ്രായം ഒരു കൂട്ടു കൊതിച്ചിരുന്നു. അത് അമേരിക്കയില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ ഭാഗ്യമെന്നു കരുതി. അമ്മയും ഏറെ സന്തോഷിച്ചു. അമ്മ തനിക്കുവേണ്ട ി ഒത്തിരി കരഞ്ഞിരിക്കുന്നു. എന്നും തനിക്കുവേണ്ട ി കരയാനായിരിക്കാം അവരുടെ വീഥി. എന്തേ ഈ ജീവിതം ഇങ്ങനെയായി. പ്രേമം സഫലമാകാത്ത എത്രയോ ജന്മങ്ങള്‍ അവരുടെ വഴികള്‍ കണ്ടെ ത്തിയിരിക്കുന്നു. അന്നമ്മ ടീച്ചര്‍ക്ക് തന്നില്‍ ഇഷ്ടപ്പെടുന്നതായി ഒന്നും കണ്ടെ ത്താന്‍ കഴിഞ്ഞില്ല. അതില്‍ എന്തിനു പരിഭവം. ആകാരപുഷ്ടിയില്ലാത്തവനോടുള്ള അവജ്ഞ എന്നു കരുതിയാല്‍ പോരേ.... പക്ഷേ അവളോടുള്ള മനസ്സ് ഉറച്ചു പോയതായിരുന്നു. ആറാം ക്ലാസ്സുമുതല്‍ അവള്‍ മനസ്സില്‍.   അതവള്‍ക്കറിയില്ല. ഒരുമിച്ച് ഒരേ സ്കൂളില്‍ അദ്ധ്യാപകരായപ്പോള്‍ മനസ്സു തുറക്കുവാന്‍ ശ്രമിച്ചു. അവള്‍ ചിരിച്ചതേയുള്ളൂ. ഒരു കോമാളിയോടെന്നപോലെ. അവള്‍ക്ക് ബാബുവിനെയായിരുന്നു ഇഷ്ടം. അവന്‍ ഗള്‍ഫുകാരന്‍. തന്റെ ആത്മമിത്രം. എന്നിട്ടും അവനും എല്ലാം തന്നില്‍ നിന്നും മറച്ചു. നൊമ്പരം തോന്നി. അന്നമ്മയെ കിട്ടാഞ്ഞതിലല്ല. തനിക്കു ചുറ്റുമുള്ള ലോകം തിരിച്ചറിയാത്തവന്‍. തന്നെ അവഗണിക്കുന്ന ഒരു ലോകം. അതിനു നേരെയുള്ള നീരസം. അല്പാല്പം മദ്യം ചിന്തകളെ ലഘുവാക്കി. സ്വയം ഇല്ലാതായി. ശൂന്യതയിലേക്കുള്ള ഒളിച്ചോട്ടം.

അന്നമ്മയുടെയും ബാബുവിന്റെയും കല്യാണദിവസം നന്നായി മദ്യപിച്ചു. ഒരു ദിവസം മുഴുവന്‍ തല നേരെ നിന്നില്ല. ഉറങ്ങി. അമ്മ കരഞ്ഞു. പിന്നെ അമ്മയുടെ കണ്ണുനീരിനെ അവഗണിച്ചു. കിട്ടുന്നിടത്തു നിന്നെല്ലാം കുടിച്ചു. നന്നായി പ്രസംഗം ശീലിച്ചു. ഓരോ സ്റ്റേജും സ്വയം ആവഷ്കരിക്കലായി. എല്ലാം മനസ്സിലങ്ങനെ തെളിഞ്ഞുവരും. വാഗ്‌ദേവത കൂടെ ഉണ്ട ായിരുന്നു. “ഒരു കുപ്പിയുണ്ടെ ങ്കില്‍ ചാണ്ട ിക്കുഞ്ഞു സാര്‍ എത്രനേരം വേണമെങ്കിലും എന്തിനെക്കുറിച്ചും പ്രസംഗിക്കും.’ അതൊരു പറച്ചിലായി. പലപ്പോഴും അവധിയില്‍ ആയിരുന്നു. അലഞ്ഞു നടക്കുന്നതൊരു ശീലമായി.

അപ്പന്‍ ഒന്നും അറിയാതെ എന്നേ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. അമ്മ പറഞ്ഞു, “”എടാ ചാണ്ട ിക്കുഞ്ഞേ.... നീ ഇങ്ങനെ നടന്നാല്‍ മതിയോ. നിന്റെ എളേതുങ്ങളുടെ കാര്യമെങ്കിലും നോക്കണ്ടേ ..... നീയൊരു കല്യാണം കഴിക്ക്.... ഇപ്പോ വയസ്സ് ഇരുപത്തെട്ടായി. ഇനി മൂക്കിപല്ലു വന്നിട്ടു മതിയോ...?’’ അമ്മയോടൊന്നും പറഞ്ഞില്ല. പിറ്റേന്ന് ബ്രോക്കര്‍ പാപ്പിച്ചായനോടു പറഞ്ഞ് ഇരുപത്താറു വയസ്സുള്ള അനുജന്‍ ജോയിക്ക് ആലോചന കൊണ്ട ുവന്നു. നല്ല ഒരു കൃഷിക്കാരനായ അവന്‍ പകച്ചുപോയി. “”ജോയി നിന്റെ കഴിയട്ടെ..... ഞാനിപ്പം കെട്ടുന്നില്ല.’’ അങ്ങനെ ഓരോരുത്തരുടെയും കഴിയുമ്പോള്‍ പട്ടികയുടെ താഴെയറ്റത്തേക്ക് മാറ്റപ്പെടുകയും, അമ്മയുടെ നെറ്റിയിലെ ചുളിവ് കൂടിവരികയും ചെയ്തുകൊണ്ട ിരുന്നു.

അമ്മ പ്രായമാകുന്നു. രാത്രിയുടെ ഏതോ യാമത്തില്‍ വീട്ടില്‍ വരുന്ന തന്നെയും കാത്തിരിക്കാന്‍ അവര്‍ക്കിനി ആവില്ല. ഏതു പാതിരാത്രിയിലും അവര്‍ ചടഞ്ഞു പിടഞ്ഞെഴുന്നേല്‍ക്കും. വേണ്ടെ ന്നു പറഞ്ഞാല്‍ ആ കണ്ണുകള്‍ അനന്തതയിലേക്ക് നീളും. അവിടെ നീര്‍ച്ചാലുകള്‍ പൊടിയും. ഊണു മേശയില്‍ തണുത്തു വിറങ്ങലിച്ചിരിക്കുന്ന ചോറും കറികളും അമ്മയ്ക്കുവേണ്ട ി വാരി കഴിക്കും. ഏറ്റവും ഇളയ അനുജന്‍ തോമസുകുട്ടിയ്ക്കും ഭാര്യയ്ക്കും താന്‍ ഒരധിക പറ്റാകുന്നില്ലേ എന്നൊരു തോന്നല്‍. അമ്മേ ഓര്‍ത്താല്‍ വൈകിയാണെങ്കിലും വീട്ടില്‍ വരാതിരിക്കാനും കഴിയുന്നില്ല. ഒരു ദിവസം തോമസുകുട്ടിയുടെ ഭാര്യ അടുക്കളയില്‍ നിന്ന് ആരോടോ പറയുന്നു.

“”രാത്രി ഒരു നേരമാകുമ്പോഴാ ഒന്നു കിടക്കുന്നത്. അന്നേരവും ഒന്ന് ഉറങ്ങണ്ട . നേരം വെളുക്കാറാകുമ്പളാ കേറി വരുന്നത്. പിന്നെ അമ്മയും മോനുംകൂടെ വിശേഷം പറച്ചിലാ....’’ കേട്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. ഇനി ആരെയും സങ്കടപ്പെടുത്തരുത്. ഒരു വഴി.

“”അമ്മേ ഞാനൊരു കല്യാണം കഴിച്ചാലോ...?’’ അമ്മയുടെ കണ്ണുകളില്‍ പ്രകാശം.

“”അവളേക്കാള്‍ നല്ലൊരു പെണ്ണിനെ നിനക്കു കിട്ടും....’’ അമ്മ പറയുന്നു. അമ്മ പടിഞ്ഞാറേക്കു നോക്കുന്നു. അമ്മ എല്ലാം അറിഞ്ഞിരിക്കുന്നു. അയല്‍പക്കത്തെ ഉമ്മറത്തേക്ക് നോക്കി അമ്മ നെടുവീര്‍പ്പിട്ടിട്ടുണ്ട ാകാം. “എടീ അന്നമ്മേ നീ മുഖാന്തരം എന്റെ കുഞ്ഞ് എന്തു വേദനിക്കുന്നു എന്ന് നീ അറിയുന്നുണ്ടേ ാ....’ മൂകമായി പലവട്ടം അങ്ങനെ ചോദിച്ചിട്ടുണ്ട ാകാം.

“”മൂക്കിലെ വരെ നരച്ചു. ഇനിയാ കല്യാണം കഴിക്കുന്നത്.’’ ഇളയ മരുമകള്‍ അമ്മയോടു ചോദിക്കുന്നു.

“”അവനു വിധിച്ചതെവിടെങ്കിലും കാണും.’’ അമ്മയുടെ അചഞ്ചലമായ മറുപടി.

മുറ്റത്തെ മുല്ല വള്ളിയില്‍ ഒരു മൊട്ട് അടര്‍ത്തി. ഒപ്പം ഒരിലയും. ഒന്നും കേട്ടതായി ഭാവിച്ചില്ല. തന്റെ പേരിലുള്ള ഒന്നരയേക്കറിനെക്കുറിച്ചു അനുജനും അനുജത്തിക്കും പദ്ധതികള്‍ കാണും. അതിനവകാശികള്‍ വരുന്നതിലുള്ള ഈര്‍ഷ്യ അവളുടെ ശബ്ദത്തില്‍ അമ്മ തിരിച്ചറിഞ്ഞിട്ടുണ്ട ാകും. എല്ലാ ബന്ധങ്ങളും മൂല്യാധിഷ്ഠിതമാണ് എന്നോര്‍ത്ത് ചാണ്ട ിക്കുഞ്ഞ് ചിരിച്ചു.

ശാന്തമ്മയായിരുന്നിരിക്കാം തനിക്കു വിധിച്ച പെണ്ണ്. എല്ലാം വിധിക്ക് കീഴ്‌പ്പെട്ടിരിക്കട്ടെ. ചാണ്ട ിക്കുഞ്ഞു മനസ്സിനെ അടക്കാന്‍ ശ്രമിച്ചു.

ശാന്തമ്മ ഒരു പുതുജീവിതത്തിലേക്കുള്ള തയ്യാറെടുപ്പോടെ വന്നിരിക്കയാണ്.

“”എന്താ ആലോചിക്കുന്നത്?’’ അവള്‍ ചോദിക്കുന്നു.

“”ഓരോരുത്തരുടെയും വിധിയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.’’

“”എന്താണിപ്പോള്‍…?’’

“”അങ്ങനെയൊന്നും ഇല്ല..... എന്നാലും എല്ലാം തുറന്നു പറഞ്ഞിരുന്നുവെങ്കില്‍.....’’ അയാളുടെ സ്വരത്തില്‍ ചെറു പരിഭവം കലര്‍ന്നിരുന്നു.

“”എല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിലും നിങ്ങള്‍ എന്നെ കെട്ടുമായിരുന്നുവല്ലോ...’’ അവള്‍ വളരെ ലാഘവത്തോടെ അയാളെ നോക്കി മന്ദഹസിച്ചു. അവളുടെ സ്വരത്തില്‍ അഹന്തയും അഹങ്കാരവും കലര്‍ന്നിരുന്നു. ഒരു ഗതിയുമില്ലാതെ അലഞ്ഞവനൊരു താവളം തന്നവള്‍ എന്ന ഭാവം. അതോ അവള്‍ വിധിയെക്കുറിച്ചാണോ പറഞ്ഞത്. താന്‍ അവളുടെ താവളത്തില്‍ എത്തിച്ചേരേണ്ട വന്‍ എന്ന് മുന്നമേ കുറിക്കപ്പെട്ട വിധിയോ...? എല്ലാ ജീവിതവും എഴുതപ്പെട്ടതാണ്. അവള്‍ പ്രവാചകിയാണോ...? തന്റെ ജീവിതം അവള്‍ പ്രവചിച്ചിരിക്കുന്നു. മദ്യം വേണം എന്ന ഒരു തോന്നല്‍. ജീവിതത്തിന്റെ താളം വീണ്ട ും തെറ്റുകയാണോ. ഒന്നു മാറ്റിയെഴുതാം എന്നു കൊതിച്ചു. വീണ്ട ും പടുകുഴിയിലേക്കാണോ...?

ലോലഹൃദയനാണ്. ചെറു ഓളങ്ങള്‍പോലും തിരമാലകളാണെന്നു തോന്നും.

മെരുക്കപ്പെടാന്‍ കൂട്ടിലാക്കിയ വന്യമൃഗം.... ആദ്യം അതു ചീറും. പരിശീലകന്‍ ഓരോ തവണയും വിദഗ്ദ്ധമായി ഒഴിഞ്ഞു മാറുന്നു. പിന്നെ ആവര്‍ത്തനങ്ങളാണ്. ആവര്‍ത്തനങ്ങളിലൂടെ മൃഗം മെരുങ്ങിയ വിവരമറിയാതെ വീണ്ട ും ചീറ്റലും മുരളലുമായി കൂട്ടില്‍ സ്വന്തം ഗരിമ കാണിക്കുന്നു. ശബ്ദങ്ങളും ചാട്ടയുടെ സീല്‍ക്കാരങ്ങളുമാണവന്റെ അടയാളങ്ങള്‍. പിന്നെ അവന്‍ അടയാളങ്ങളെ തിരിച്ചറിയുന്നു. പരിശീലകന്റെ കണ്ണുകളിലെ ഭാവങ്ങള്‍ അളക്കുന്നു. പരിശീലകന്‍ കൊടുക്കുന്ന ഒരു കഷണം മാംസം പ്രചോദനമാകുന്നു. ആത്യന്തികമായി മാംസം അവനുള്ള പ്രതിഫലമാകുന്നു. അവന്‍ കളി ആവര്‍ത്തിക്കുന്നു. കാണികള്‍ ആര്‍ത്തു ചിരിക്കുന്നു. ചാണ്ട ിക്കുഞ്ഞ് തന്റെ അവസ്ഥ ഓര്‍ത്ത് ഊറിച്ചിരിച്ചു.

ശാന്തമ്മ ഒരു നല്ല അഭ്യാസിയാണ്. അവള്‍ ലൈറ്റു കെടുത്തി. അവര്‍ക്ക് ഒന്നും പറയാനില്ല. മരുമകള്‍ക്ക് അച്ചാറും ഇടിച്ചമ്മന്തിയും കായ വറുത്തതും കരുതലോട് കൊടുത്തുവിട്ട അയാളുടെ അമ്മയെക്കുറിച്ച് അവള്‍ക്കൊന്നും ചോദിക്കാനില്ല. ആ കിഴവി സുഖമായിരിക്കുന്നോ എന്നെങ്കിലും.... മനസ്സില്‍ പക തേട്ടി തേട്ടി വരുന്നു. നീണ്ട  യാത്രയ്ക്കു ശേഷവും ഉറക്കം അകലെ.... നാടും വീടും ചുറ്റുവട്ടങ്ങളും, അമ്മയും അന്നമ്മ ടീച്ചറും ഒക്കെ സ്മൃതിയില്‍ തെന്നി മറയുന്നു. പെട്ടെന്ന് മെരുങ്ങാത്ത മൃഗത്തെപ്പോലെ ചാണ്ട ിക്കുഞ്ഞ് ശാന്തമ്മയെ… പക തീരുവോളം കീഴ്‌പ്പെടുത്തി. അവള്‍ ഞരങ്ങുകയും മൂളുകയും ചെയ്യുന്നു. അത് സംതൃപ്തിയുടെ വായ്പ്പാട്ടായിരുന്നുവോ...? അയാള്‍ ശ്രദ്ധിക്കാന്‍ പോയില്ല.

പുത്തരിയില്‍ കല്ലു കടിച്ചപോലെയായിരുന്നു അവര്‍ ജീവിതം തുടങ്ങിയത്. ടോമി രാവിലെ തന്നെ സ്കൂളിലേക്ക് പോയി. രണ്ട ് ബ്ലോക്കു നടന്നാല്‍ സ്കൂളായി. എട്ടാം ക്ലാസ്സുകാരന് പ്രായത്തില്‍ കവിഞ്ഞ തണ്ട ും തടിയും. ചാണ്ട ിക്കുഞ്ഞ് അവനെ നോക്കി ലിവിങ്ങ് റൂമിലിരുന്ന് ചിരിച്ചു. അവന്‍ പ്രതികരിച്ചില്ല. ഒരപരിചിതനോടെന്നവണ്ണം അവന്‍ മുഖം തിരിച്ചു.

അയാള്‍ക്കവനോട് സഹതാപം തോന്നി. അപ്പനില്ലാത്ത കുട്ടി. അവനു വേദന കാണും. ഇനി അവന്‍ തന്റേതു കൂടിയാണ്. അവനെ സ്‌നേഹിക്കണം. അവന്റെ ഉള്ളിലേക്ക് എങ്ങനെ കടക്കും. വഴികള്‍ തനിയെ തുറക്കട്ടെ.

ശാന്തമ്മ ഒരു കപ്പ് ചായയുമായി അയാള്‍ക്കരുകില്‍ ഇരുന്നു. അവള്‍ക്ക് എന്തൊക്കെയോ പറയാനുണ്ട ായിരുന്നു. അവള്‍ തുടങ്ങി. “”അവധി ഇന്നു തീരും. നാളെ മുതല്‍ ജോലിക്കു പോകണം. ഈ വീട് സ്വന്തമാണ്. ഞാന്‍ തനിയെ വാങ്ങിയത്.’’ അവളുടെ വാക്കുകള്‍ക്ക് ആധികാരികതയും ഊന്നലും ഉണ്ട ായിരുന്നു. “”ഇതിന് മോര്‍ഗേജ് കൊടുക്കണം.’’ അതെന്താണെന്നു മനസ്സിലാകാതെ അയാള്‍ പകച്ചു. അതു കണക്കിലെടുക്കാതെ അവള്‍ പറഞ്ഞു. “”അതുകൊണ്ട ് അധികം അവധി എടുക്കാന്‍ പറ്റില്ല. പുറത്തൊക്കെ അവധി ദിവസങ്ങളില്‍ പോകാം. ഇവിടമൊക്കെ ഒന്നു പരിചയമാകുന്നതുവരെ ചാച്ചന്‍ വീട്ടില്‍ത്തന്നെ ഇരിക്കുക. വല്ലതും പഠിക്കാന്‍ സാധിച്ചാല്‍ ഒരു നല്ല ജോലി കിട്ടും. ഇവിടെ രണ്ട ാളും ജോലി ചെയ്താലെ ജീവിക്കാന്‍ പറ്റുകയുള്ളൂ. അത്യാവശ്യം പാചകമൊക്കെ പഠിക്കണം.’’ അവളൊന്നു നിര്‍ത്തി. അതൊരോറിയന്റേഷന്‍ ആയിരുന്നു. പുതുതായി ജോലിക്കു കയറുന്നവര്‍ക്ക് സ്ഥാപനത്തെക്കുറിച്ച് നല്‍കുന്ന പ്രാഥമിക വിവരങ്ങള്‍.

അയാള്‍ ഒന്നും പറയാതെ അവളെ ശ്രദ്ധിച്ചു.

“”എന്നോട് ഇപ്പോഴും ദേഷ്യമാണോ..?’’ ഒന്നു മയപ്പെട്ടവളെപ്പോലെ അവള്‍ ചോദിച്ചു. അയാള്‍ എന്തിനെന്ന് മറുനോട്ടം കൊണ്ട ് ചോദിച്ചു. “”എനിക്കൊരു കുട്ടിയുണ്ടെ ന്നു ഞാന്‍ പറഞ്ഞില്ല. വീട്ടുകാര്‍ പറഞ്ഞുകാണുമെന്നും. ഒരു രണ്ട ാം കെട്ടില്‍ ഇതൊക്കെ പ്രതീക്ഷിച്ചു കാണുമെന്നും കരുതി.’’

“”സാരമില്ല. അവനെ ഞാന്‍ എന്റെ സ്വന്തമായി കരുതുന്നു.’’ അയാളുടെ സ്വരത്തില്‍ ആത്മാര്‍ത്ഥതയുണ്ട ായിരുന്നു. അതു തിരിച്ചറിഞ്ഞ് അവള്‍ ഉള്ളുതുറന്നു ചിരിച്ചു.

“”ബാത്ത് റൂമില്‍പോയി വരൂ. ഞാന്‍ ബ്രെയ്ക്ക് ഫാസ്റ്റ് ഉണ്ട ാക്കാം.’’ അവള്‍ അടുക്കളയിലേക്ക് ഒഴിഞ്ഞ കപ്പുമായി പോയി.

ചാണ്ട ിക്കുഞ്ഞ് ലിവിങ്ങ് റൂം ആകെ ഒന്നു നോക്കി. വായിക്കാന്‍ എന്തെങ്കിലും പ്രഭാതകര്‍മ്മങ്ങളിലെ ശീലം. പത്രം ഇല്ല. വേണ്ട  എന്തെങ്കിലും പുസ്തകങ്ങള്‍. അതും എങ്ങും കണ്ടില്ല. വായനയില്ലാത്ത വീട്!.... ശീലങ്ങളൊക്കെ മറക്കേണ്ട ിയിരിക്കുന്നു. ചാണ്ടിക്കുഞ്ഞ് സ്വയം പറഞ്ഞു.

(തുടരും....)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക