Image

പ്രേംനസീറിന്റെ തട്ടകത്ത് അനിരുദ്ധന്‍ സമ്പത്തും അടൂര്‍ പ്രകാശും അരങ്ങു തകര്‍ക്കുന്നു (കുര്യന്‍ പാമ്പാടി)

രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി Published on 24 March, 2019
പ്രേംനസീറിന്റെ തട്ടകത്ത് അനിരുദ്ധന്‍ സമ്പത്തും അടൂര്‍ പ്രകാശും അരങ്ങു തകര്‍ക്കുന്നു (കുര്യന്‍ പാമ്പാടി)
ഷേക്‌സ്പീയറിന്റെ ഹാംലെറ്റിനെ പോലെ വേണോ വേണ്ടയോ എന്ന് ആലോചിച്ച് ഉറക്കം വരാത്ത രാത്രികള്‍ ചെലവഴിച്ച മലയാളത്തിലെ നിത്യഹരിത നായകന്‍--എവര്‍ഗ്രീന്‍ ഹീറോ--ആയിരുന്നു ചിറയിന്‍കീഴുകാരനായ പ്രേംനസീര്‍. ചിറയിന്‍കീഴ് ഉള്‍പ്പെടുന്ന ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ അനിരുദ്ധന്‍ സമ്പത്തും അടൂര്‍ പ്രകാശും അരങ്ങു തകര്‍ക്കുമ്പോള്‍ അസംബ്ലിയിലേക്കോ പാര്‍ലമെന്റിലേക്ക് മത്സരിച്ച് മന്ത്രി വരെ ആകാമായിരുന്ന നസീറിനെ ഓര്‍ത്തു നെടുവീര്‍പ്പിടുന്ന നൂ റുകണക്കിന് സമ്മതിദായകരെ കാണാന്‍ കഴിഞ്ഞു. മുപ്പതു വര്‍ഷം മുമ്പ് 63 എത്തിയപ്പോഴായിരുന്നു നസീറിന്റെ അന്ത്യം.

വഞ്ചിനാട് എക്‌സ്പ്രസ്സില്‍ ചിറയിന്‍കീഴിലിറങ്ങിയാല്‍ തൊട്ടുരുമ്മി നില്‍ക്കുന്ന ബസ് സ്റ്റാന്‍ഡില്‍നിന്ന് ഏഴു കി.മീ. അകലെയുള്ള ആറ്റിങ്ങലേക്ക് തുരുതുരെ ബസുകള്‍. അധികവും പ്രൈവറ്റ്. നിറയെ യാത്രക്കാര്‍. മിക്കവാറും എല്ലാ ബസിലും ചിറയിന്കീഴു ശാര്‍ക്കര ഭഗവതിയുടെ പേരുണ്ട്. ചിറയിന്‍കീഴ് നിന്ന് ആറ്റിങ്ങല്‍ വഴി വെഞ്ഞാറമൂട് വരെ പോകുന്ന കാര്‍ത്തിക ബസില്‍ (ശാര്‍ക്കര ഭദ്രകാളി ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവം പേരുകേട്ടത്) ശാര്‍ക്കരേശ്വരി എന്നു കൂടി ആലേഖനം ചെയ്തിരിക്കുന്നു.

ശാര്‍ക്കര ക്ഷേത്രത്തിലാണ് പ്രേംനസിര്‍ ഒരു കൊമ്പനാനയെ നടക്കിരുത്തിയത്. 2000ല്‍ 31 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തില്‍ പ്രതി കല്ലുവാതുക്കല്‍ മണിച്ചന്‍ എന്ന അബ്കാരി പണിതു കൊടൂത്ത തകര്‍പ്പന്‍ കവാടം കടന്നു ആനക്കൊട്ടിലില്‍ എത്തുമ്പോള്‍ അതിനുള്ളിലെ മണ്ഡപത്തില്‍ കല്യാണം നടക്കുന്നു. വരന്‍ കവലയൂര്‍ സ്വദേശി ബിനു, വധു ചിറയിന്‍കീഴ്കാരി ഗ്രീഷ്മ. ഓട്ടോഓടിക്കുന്ന ബിനു യുഡിഎഫ് അനുഭാവിയെന്നു കൂട്ടുകാരന്‍ പോത്തന്‍കോട്ടെ ജൂവലറി സെയില്‍സ്മാന്‍ സബീര്‍ പറയുന്നു. ഗ്രീഷ്മയുടെ കാര്യം അറിയില്ല.

ചിറയിന്‍കീഴില്‍ നിന്ന് ആറ്റിങ്ങലെക്കു പോകും വഴി കീഴുവിലം പഞ്ചായത്തില്‍ പതിനേഴാം വാര്‍ഡിലാണ് പ്രേംനസീറിന്റെ വീട്. വാര്‍ഡിനു പേര് പുളിമൂട്. പഞ്ചായത്തു ഭരിക്കുന്നത് യുഡിഎഫ്. പ്രസിഡന്റ് എ അന്‍സാര്‍. വാര്‍ഡ് മെമ്പര്‍ എസ് സുജ. ഏപ്രില്‍ 20നു നടക്കുന്ന മകള്‍ സുസ്മിതയുടെ വിവാഹം പ്രമാണിച്ച് സുജയും ഭര്‍ത്താവ് സുരേഷും ഓടിനടക്കുന്നു. നെയ്യാറ്റിന്‍കര സ്വദേശി രാഹുല്‍ ആണ് വരന്‍. ബിടെക്. ദുബൈയില്‍ ജോലി. സുസ്മിത ബിഎസ്സി, എംഎല്‍ടി. ആറ്റിങ്ങല്‍ പൂജാ കണ്‍വന്‍ഷന്‍ സെന്ററിലാണ് വിവാഹം.

കോണ്‍ഗ്രസിലെ വയലാര്‍ രവിയും എഎ റഹീമും തലേക്കുന്നില്‍ ബഷീറും ജയിച്ചിട്ടുള്ള ലോക് സഭാമണ്ഡലമാണ് ആറ്റിങ്ങല്‍. 1996. 2009, 2014 വര്‍ഷങ്ങളില്‍ ജയിച്ച സിപിഎമ്മിലെ എ സമ്പത്ത് വീണ്ടും മാറ്റുരക്കുന്നു. എംഎ, എല്‍എല്‍എം, പിഎച്ച്ഡി ആണ്. എഴുത്തുകാരന്‍. ലോക് സഭയില്‍ മികച്ച പ്രകടനം കാഴ്ച വച്ചു. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ ബിന്ദു കൃഷ്ണയെയാണ് തോല്പിച്ചത്. സമ്പത്തിനു 3,92,478 വോട്ടും ബിന്ദുവിന് 3,23,100 വോട്ടും ലഭിച്ചു. പ്രഗത്ഭനായ അച്ഛന്റെ മകന്‍ എന്ന സല്‍പ്പേരുമുണ്ട് സമ്പത്തിന്. പിതാവ് കെ. അനിരുദ്ധന്‍ മൂന്നു തവണ നിയമസഭയിലും ഒരു തവണ ലോക് സഭയിലും അംഗം ആയിരുന്നു. തെരഞ്ഞെടുപ്പില്‍ രണ്ടുതവണ മുഖ്യമന്ത്‌റി ആയിരുന്ന ആര്‍.ശങ്കറെ തോല്‍പ്പിച്ച ആള്‍.

കോന്നി നിയമസഭാ സീറ്റ് മാര്‍ക്‌സിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത് 1996, 2001, 2006, 2011, 2016 വര്‍ഷങ്ങളില്‍ ജയിച്ച അടൂര്‍ പ്രകാശ് ആണ് പ്രബലനായ എതിരാളി. ബിജെപിയിലെ ശോഭാ സുരേന്ദ്രനുമുണ്ട്. ആറ്റിങ്ങല്‍ ബാലികയറാമലയൊന്നുമല്ലെന്നാണ് കെഎസ്യുവില്‍ കൂടി രാഷ്ട്രീയത്തില്‍ പ്രവേശിച്ച പ്രകാശ് പറയുന്നത്. താന്‍ മന്ത്രിയായിരുന്ന കാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന തീരദേശ കയര്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രചാരണത്തുടക്കം. . ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലെ ഫഹദ് ഫാസിലിനെപ്പോലെ ബൈക്കില്‍ പറക്കുന്ന 'ഞാന്‍ പ്രകാശ്' ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. .

ആറ്റിങ്ങല്‍ ലോക് സഭാമണ്ഡലത്തിലെ ഏഴു നിയമസഭാമണ്ഡലങ്ങളില്‍ ആറും എല്‍ഡിഎഫിന്റേതാണ് എന്നതാണ് പ്രകാശിന്റെ തലവേദന. വര്‍ക്കല: അഡ്വ.വി. ജോയ്, സിപിഎം, ആറ്റിങ്ങല്‍: അഡ്വ.ബി. സത്യന്‍, സി.പി.എം., ചിറയിന്‍കീഴ്: അഡ്വ. വി.ശശി, സിപിഎം, നെടുമങ്ങാട്: സി.ദിവാകരന്‍, സിപിഐ, വാമനപുരം ഡികെ മുരളി, സിപിഎം, കാട്ടാക്കട അഡ്വ. ഐബി സതീഷ്, സിപിഎം. അരുവിക്കര മാത്രം കോണ്‍ഗ്രസ് ജയിച്ചു--കെഎസ് ശബരിനാഥ്. സ്പീക്കര്‍ ആയിരുന്ന ജി കാര്‍ത്തികേയന്റെ മകന്‍.

എഴുനൂറ്റി ഇരുപതു സിനിമകളില്‍ നായകനായി അഭിനയിച്ചതിനും ഷീല എന്ന ഒരൊറ്റയാളുടെ നായകനായി 130 ചിത്രങ്ങളില്‍ അഭിനയിച്ചതിനും ലോക റിക്കാര്‍ഡ് നേടിയ ആളാണല്ലോ നസീര്‍. മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, കള്ളിച്ചെല്ലമ്മ, നദി തുടങ്ങി എണ്ണമറ്റ ചിത്രങ്ങള്‍. എണ്‍പതു നായികമാര്‍. 1979ല്‍ മാത്രം 41 ചിത്രങ്ങളില്‍ നായകനായി പ്രത്യക്ഷപെട്ടു. 1983 പദ്മഭൂഷണ്‍ ലഭിച്ചു. മുപ്പത്താറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് 2019ല്‍ മറ്റൊരു മലയാളനടന്--മോഹന്‍ ലാലിന്--ആ ബഹുമതി ലഭിക്കുന്നത്.
.
റിക്കാര്‍ഡുകള്‍ തകര്‍ത്ത അശ്വമേധം സിനിമയിലും പ്രേംനസീര്‍ ആയിരുന്നു നായകന്‍. ഷീല നായിക. സത്യനും മധുവും അടൂര്‍ ഭാസിയും ഒപ്പം. വയലാര്‍ എഴുതി ദേവരാജന്‍ ട്യൂണ്‍ ചെയ്തു സുശീല പാടിയ ഏഴു സുന്ദര രാത്രികള്‍, ഉദയഗിരി ചുവന്നു തുടങ്ങിയ പാട്ടുകള്‍ കൊണ്ട് സമ്പന്നമായ ചിത്രത്തിന്റെ കഥയും തിരക്കഥയും തോപ്പില്‍ ഭാസിയുടേതായിരുന്നു. ചിറയിന്‍കീഴ്ക്കാര്‍ നിരവധി തവണ കണ്ടു ഹര്‍ഷാരവം മുഴക്കിയ അശ്വമേധം പ്രേംനസീറിന്റെ ജീവിതത്തിലെ അശ്വമേധം പോലെയായിരുന്നു. നാടാകെ കീഴടക്കിയ ജൈത്രയാത്ര. തച്ചോളി ഒതേനന്‍ നൂറു ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ പുത്തരിക്കണ്ടം മൈതാനത്തു നടന്ന ആഘോഷത്തില്‍ റോസാദളങ്ങള്‍ വിരിച്ച പാതയിലൂടെയാണ് നസീറിന്റെ ആനയിച്ചത്. തികച്ചും രാജകീയം.

നസീറിന്റെ കുടുംബം പരമ്പരാഗതമായി കോണ്‍ഗ്രസ് അനുഭാവം ഉള്ളവര്‍. നസീര്‍ ആണെങ്കില്‍ തോപ്പില്‍ ഭാസിയെയും വയലാറിനെയും കാമ്പിശ്ശേരിയെയും പോലുള്ള ഇടതുപക്ഷക്കാരുടെ ചങ്ങാതിയും. ഇടയ്ക്കിടെ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് നസീര്‍ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുമായിരുന്നു. മറു വശത്ത് ഇളയ പെങ്ങള്‍ സുഹറയുടെ ഭര്‍ത്താവും ഉറച്ച കോണ്‍ഗ്രസ്‌കാരനുമായ തലേക്കുന്നില്‍ ബഷീറിന്റെ (എംഎല്‍എയും എംപിയും ആയിരുന്നു) നേതൃത്വത്തിലുള്ള സമ്മര്‍ദ്ദം. കെ. കരുണാകരന്റെ കാര്‍മികത്വത്തില്‍ നസീറിനു കോണ്‍ഗ്രസിന്റെ നാലണ മെമ്പര്‍ഷിപ് വരെ നല്‍കി.

എന്നിട്ടും പ്രേംനസീര്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയോ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്തില്ല. അദ്ദേഹം ഏതെല്ലാം തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തോ അവിടെല്ലാം സ്ഥാനാര്‍ഥി തോറ്റു എന്നാണ് അയല്‍ക്കാരനും എഴുത്തുകാകാരനുമായ ചിറയിന്‍കീഴ് സലാം പറയുന്നത്. പ്രേംനസീര്‍ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ നിന്ന് റിട്ടയര്‍ചെയ്ത അദ്ധ്യാപകന്‍. എണ്‍പതു കഴിഞ്ഞെങ്കിലും ഊര്‍ജസ്വലന്‍. പുസ്തകം എഴുതാനായി നസീറിന്റെ ജീവിതം നന്നായി പഠിച്ച ആള്‍. നാല് നോവലുകള്‍ എഴുതി. പൂര്‍ണ പ്രസിദ്ധീകരിച്ച ദേശം ജീവിതമെഴുതുമ്പോള്‍ എന്ന പുതിയ നോവല്‍ ചിറയിന്‍കീഴ് ഉള്‍പ്പെടെയുള്ള ആറ്റിങ്ങല്‍ തീരദേശത്തിന്റെ സ്പന്ദനങ്ങളാണ്.

നസീറിന്റെ സ്മൃതിമണ്ഡപം ഒരുക്കി എല്ലാവര്‍ഷവും ഓര്‍മ്മപുതുക്കുന്ന സ്‌കൂളാണ് പ്രേംനസീറിന്റെ പേരിലുള്ളത്. നസീര്‍ അവിടെ പഠിച്ചിട്ടില്ല. പക്ഷേ സി എച് മുഹമ്മദ്കോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് ആ യുപി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്തു ഹൈസ്‌കൂള്‍ ആക്കുന്നതിനു 25,000 രൂപ കെട്ടിവച്ച ആളാണ്. ആ അഭിമാന ബോധത്തോടെ അടുത്ത വര്‍ഷം പടിയിറങ്ങുകയാണ് മുരിക്കുംപുഴക്കാരിയായ ഹെഡ്മിസ്ട്രസ് സലീന. ഇരുപതു വര്‍ഷമായി സ്‌കൂളില്‍ അനുസ്മരണച്ചടങ്ങു സംഘടിപ്പിക്കുന്ന സോഷ്യല്‍ സയന്‍സ് അദ്ധ്യാപകന്‍ ഷുജാമോന്‍ ഈ മാര്‍ച്ച് 31നു റിട്ടയര്‍ ചെയ്യും.

നസീറിന്റെ ഇളയമകള്‍ റീത്തയുടെ ഭര്‍ത്താവ് ഡോ. ഷറഫുദ്ദിന്റെ ബന്ധു കൂടിയാണ് ഷുജാമോന്‍. സാമൂഹ്യശാസ്ത്രത്തില്‍ പാഠപുസ്തക സമിതി അംഗം. ആറ്റിങ്ങല്‍ കലാപത്തിന്റെ സിരാകേന്ദ്രം ആയിരുന്ന കീഴാറ്റിങ്ങലില്‍ വീട്--ലവ്‌ഡെയ്ല്‍. ദീര്‍ഘകാലം ഗള്‍ഫില്‍ ആയിരുന്ന ഡോ. ഷറഫുദിന്‍ ആറുമാസം മുമ്പ് അന്തരിച്ചു. നസീര്‍ ചിറയിന്‍കീഴില്‍ പണിയിച്ച പുതിയ വീട് റീത്തയുടെ പേരിലാണ്. പ്രേംനസീര്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയ ഫലകം മുന്‍വാതിലിനരികില്‍ ഭിത്തിയില്‍ കാണാം. വീട് താഴിട്ടു പൂട്ടിയ നിലയില്‍. റീത്ത തിരുവനന്തപുരത്തെ ഭര്‍തൃഗൃഹത്തിലാണ്.

മലയാളത്തിന്റെ അഭിമാനം പ്രേംനസീറിന്റെ ഏറ്റവും വലിയ സ്മാരകം അദ്ദേഹത്തിന്റെ പേരിലുള്ള സ്‌കൂള്‍ തന്നെ. ഹെഡ്മിസ്ട്രസിന്റെ മുറിയില്‍ തൂക്കിയ നസീറിന്റെ പെയിന്റിംഗ് മദ്രാസിലെ പോസ്റ്റര്‍ കലാകാരനായ കെ. മാധവന്‍ സൃഷ്ടിച്ചതാണ്. നസീര്‍ സ്‌കൂള്‍ ലൈബ്രയില്‍ ഇരുന്നു പോസ് ചെയ്തതു വരപ്പിച്ചു. എംജിആര്‍, ശിവാജി ഗണേശന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ വരച്ച ആളാണ് മാധവന്‍. നസീര്‍ പഠിച്ച നോബിള്‍ ഗ്രൂപ് ഓഫ് സ്‌കൂള്‍സ് പണം മുടക്കി അദ്ദേഹത്തിന്റെ ഒരു ഭീമന്‍ പ്രതിമ കാമ്പസില്‍ സ്ഥാപിച്ചിട്ടുണ്ട്. പക്ഷെ അതിനു നസീറിന്റെ രൂപസാദൃശ്യമില്ലെന്നു നാട്ടുകാര്‍ ആക്ഷേപിക്കുന്നു. .

നാട്ടുകാര്‍ സംഘടിച്ച് പ്രേംനസീറിന്റെ പേരില്‍ ഒരു പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2017ല്‍ നടി ശാരദക്കാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചത്. ഇരുട്ടിന്റെ ആത്മാവ് ഉള്‍പ്പെടെയുള്ള നസീര്‍ ചിത്രങ്ങളില്‍ നായികയായിരുന്നല്ലോ ശാരദ. എംടിയുടെ കഥയും തിരക്കഥയും. പി.ഭാസ്‌കരന്റെ സംവിധാനം. സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ ലഭിക്കുകയും ചെയ്തു.

ഇങ്ങിനെയൊക്കെ ആണെങ്കിലും 1995ല്‍ പ്രേംനസീര്‍ മെമ്മോറിയല്‍ സ്‌കൂളിലെ സ്മൃതിമണ്ഡപം ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ഷീല ഉള്‍പ്പെടയുള്ള താരങ്ങള്‍ക്കു മടിയായിരുന്നുവെന്നതാണ് സംഘാടകന്‍ ഷുജാമോന്റെ അനുഭവം. ഷൂട്ടിങ്ങിനു ഹൈദ്രബാദിലായിരിക്കും എന്ന് പറഞ്ഞ ഷീല ഏതാനും ദിവസം കഴിഞ്ഞു തൊട്ടടുത്ത് ഒരു പ്രൈവറ്റ് സ്‌കൂളിന്റെ ചടങ്ങില്‍ പങ്കെടുത്തു. ജയറാമിനും സുരേഷ് ഗോപിക്കും ഒരുലക്ഷം രൂപ വേണം. നടന്‍ സായി കുമാര്‍ വരാമെന്നേറ്റു. പക്ഷെ അസുഖമായിപ്പോയി. 'അമ്മ എന്ന സംഘടനാ ഭാരവാഹി ഇടവേള ബാബു കാശു കൊടുക്കാതെ ആരും വരില്ല എന്ന് പറഞ്ഞു അപമാനിച്ചു.

പക്ഷെ ഇതൊന്നും നാട്ടുകാര്‍ക്ക് അറിഞ്ഞുകൂടാ. അവര്‍ നസീര്‍ ചിത്രങ്ങളിലെ പാട്ടുകളുടെ പാരഡികള്‍ പാടിക്കൊണ്ട് മുഷ്ടിചുരുട്ടി നീങ്ങുന്നു.

പ്രേംനസീറിന്റെ തട്ടകത്ത് അനിരുദ്ധന്‍ സമ്പത്തും അടൂര്‍ പ്രകാശും അരങ്ങു തകര്‍ക്കുന്നു (കുര്യന്‍ പാമ്പാടി)പ്രേംനസീറിന്റെ തട്ടകത്ത് അനിരുദ്ധന്‍ സമ്പത്തും അടൂര്‍ പ്രകാശും അരങ്ങു തകര്‍ക്കുന്നു (കുര്യന്‍ പാമ്പാടി)പ്രേംനസീറിന്റെ തട്ടകത്ത് അനിരുദ്ധന്‍ സമ്പത്തും അടൂര്‍ പ്രകാശും അരങ്ങു തകര്‍ക്കുന്നു (കുര്യന്‍ പാമ്പാടി)പ്രേംനസീറിന്റെ തട്ടകത്ത് അനിരുദ്ധന്‍ സമ്പത്തും അടൂര്‍ പ്രകാശും അരങ്ങു തകര്‍ക്കുന്നു (കുര്യന്‍ പാമ്പാടി)പ്രേംനസീറിന്റെ തട്ടകത്ത് അനിരുദ്ധന്‍ സമ്പത്തും അടൂര്‍ പ്രകാശും അരങ്ങു തകര്‍ക്കുന്നു (കുര്യന്‍ പാമ്പാടി)പ്രേംനസീറിന്റെ തട്ടകത്ത് അനിരുദ്ധന്‍ സമ്പത്തും അടൂര്‍ പ്രകാശും അരങ്ങു തകര്‍ക്കുന്നു (കുര്യന്‍ പാമ്പാടി)പ്രേംനസീറിന്റെ തട്ടകത്ത് അനിരുദ്ധന്‍ സമ്പത്തും അടൂര്‍ പ്രകാശും അരങ്ങു തകര്‍ക്കുന്നു (കുര്യന്‍ പാമ്പാടി)പ്രേംനസീറിന്റെ തട്ടകത്ത് അനിരുദ്ധന്‍ സമ്പത്തും അടൂര്‍ പ്രകാശും അരങ്ങു തകര്‍ക്കുന്നു (കുര്യന്‍ പാമ്പാടി)പ്രേംനസീറിന്റെ തട്ടകത്ത് അനിരുദ്ധന്‍ സമ്പത്തും അടൂര്‍ പ്രകാശും അരങ്ങു തകര്‍ക്കുന്നു (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക