Image

ഹീറോയിന്‍ ഫ്രം ദുബൈ (മീട്ടു റഹ്മത്ത് കലാം)

Published on 24 March, 2019
ഹീറോയിന്‍ ഫ്രം ദുബൈ (മീട്ടു റഹ്മത്ത് കലാം)
അഭിനയിക്കാനുള്ള മോഹം തീവ്രമാണെങ്കില്‍ ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് പറന്നെത്തുന്നത് നിസാരമാണെന്ന് പറയുകയാണ് സൗമ്യ മേനോന്‍.

ഏഴാം വയസ്സുമുതല്‍ നൃത്തം അഭ്യസിക്കുകയും അഞ്ച് വര്‍ഷം യൂ എ ഇ യില്‍ കലാതിലകപ്പട്ടം സ്വന്തമാക്കുകയും ചെയ്ത സൗമ്യ മേനോന് സിനിമയിലേക്കുള്ള വാതില്‍ തുറന്നുകിട്ടിയത് മോഡലിങ്ങിലൂടെയാണ്. ഷാഫിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന യുവതാര ചിത്രം ചില്‍ഡ്രന്‍സ് പാര്‍ക്കിലും ഗിന്നസ് പക്രുവിനൊപ്പം ഫാന്‍സി ഡ്രസ്സിലും നായികയാണ് സൗമ്യ.

ദുബൈയില്‍ നിന്നൊരാള്‍ക്ക് നാട്ടിലെത്തി അഭിനയിക്കുന്നത് എളുപ്പമാണോ?
എന്താണെന്ന് അറിയുംമുന്‍പ് തന്നെ സിനിമാനടി ആകണമെന്ന് പറഞ്ഞ് നടക്കുന്ന കുട്ടിയായിരുന്നു ഞാനെന്ന് വീട്ടില്‍ പറയാറുണ്ട്. എനിക്കൊരു ചേച്ചിയും അനിയത്തിയുമാണുള്ളത്. പത്താം ക്ളാസ് വരെ ദുബൈയിലായിരുന്നു ഞങ്ങള്‍. ചാലക്കുടിയാണ് സ്വദേശമെങ്കിലും വെക്കേഷന് മാത്രമാണ് നാട്ടില്‍ വന്നിരുന്നത്. പ്ലസ് ടു മുതല്‍ ബിരുദപഠനം വരെ കേരളത്തില്‍ നിന്ന സമയത്ത് കുറച്ച് ആല്‍ബങ്ങള്‍ ചെയ്തിരുന്നു. മിഴിനീര്‍ എന്ന ആല്‍ബത്തിലെ വണ്ണാത്തി എന്ന ഗാനം ഹിറ്റ് ആയപ്പോള്‍ മലയാളത്തില്‍നിന്നും തമിഴില്‍ നിന്നുമെല്ലാം അവസരങ്ങള്‍ വന്നു. എന്റെ ഒരാളുടെ അഭിനയമോഹംകൊണ്ട് അമ്മയ്ക്ക് ദുബൈ വിട്ട് നാട്ടില്‍ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. സിനിമ വിധിച്ചിട്ടില്ലെന്ന് കരുതി അവിടൊരു ക്യാമ്പനിയില്‍ അസിസ്റ്റന്റ് എച്ച് ആര്‍ മാനേജര്‍ ആയി ജോലി ചെയ്തു, മോഡലിംഗ് ചെയ്യുന്നുണ്ടായിരുന്നു. സുഗീതേട്ടന്‍ സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചത് വഴിത്തിരിവായി. തുടര്‍ന്ന് ബ്രേക്ക് ഇല്ലാതെ സിനിമകള്‍ വന്നുകൊണ്ടിരുന്നപ്പോള്‍ ജോലി രാജിവച്ചു. ഭര്‍ത്താവും വളരെ സപ്പോര്‍ട്ടീവ് ആണ്. ഒരു കുഞ്ഞിന്റെ അമ്മയായ ശേഷവും എനിക്കെന്റെ ആഗ്രഹം പോലെ അഭിനയിക്കാന്‍ സാധിക്കുന്നത് ഇരുകുടുംബങ്ങളുടെയും പിന്തുണ കൊണ്ടാണ്. ഈ ഫീല്‍ഡിലേക്ക് എളുപ്പത്തില്‍ വന്നുപെട്ടതല്ലെങ്കിലും, ആഗ്രഹം തീവ്രമായതുകൊണ്ട് ഒരുപാട് കഷ്ടപ്പെടാതെ കൃത്യസമയത്ത് ദൈവം അതെന്റെ അരികില്‍ എത്തിച്ചെന്നു പറയാം.

നൃത്തവും മോഡലിംഗും അഭിനയത്തിന് എത്രത്തോളം സഹായകമാണ്?
ദുബൈയില്‍ നൂറ്റമ്പതില്പരം ശിഷ്യഗണമുള്ള പ്രേം മേനോന്‍ മാഷിന്റെ ആദ്യ ശിഷ്യ ഞാനാണ്. ഏഴാം വയസ്സുമുതല്‍ നൃത്തം അഭ്യസിക്കുന്നുണ്ട്. യു എ ഇ യില്‍ അഞ്ച് വര്‍ഷം കലാതിലകമായിരുന്നു. ഭരതനാട്യം അറിഞ്ഞിരിക്കുന്നത് ഇമോഷന്‍സ് മുഖത്ത് വരുത്തുന്നതിന് സഹായകമാണ്. ഇപ്പോള്‍ നാച്ചുറല്‍ ആക്ടിങ് ആയതുകൊണ്ട് അത്രയ്ക്ക് ഭാവം ആവശ്യമില്ല. മോഡലിംഗിലെ അനുഭവപരിചയം കാമറയെ എങ്ങനെ അഭിമുഖീകരിക്കാമെന്ന് പഠിപ്പിച്ചു.

സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് സ്വന്തം ജീവിതവുമായി തോന്നിയ സാമ്യതയും വ്യത്യസ്തതയും?
കിനാവള്ളിയില്‍ ഞാന്‍ ചെയ്തത് പത്രപ്രര്‍ത്തകയുടെ റോളാണ്. സൗഹൃദത്തിന് പ്രാധാന്യം കൊടുക്കുന്ന ബോള്‍ഡായ ആ കഥാപാത്രം ചെയ്യാന്‍ പ്രത്യേക തയ്യാറെടുപ്പ് വേണ്ടിവരാത്തത് ഞാനും അങ്ങനൊരാള്‍ ആയതുകൊണ്ടാണ്. എല്ലാവരും പുതുമുഖങ്ങള്‍ ആയിരുന്നതുകൊണ്ട് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. എ.കെ.സാജന്‍ സാറിന്റെ നീയും ഞാനും എന്ന സിനിമയിലെ മുസ്ലിംകുട്ടിക്ക് നല്ല പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. പ്രത്യേകിച്ച് €ൈമാക്സ് സീനിന്. വിഷ്ണു ചേട്ടന്‍( വിഷ്ണു ഉണ്ണികൃഷ്ണന്‍) ആ രംഗം നന്നാക്കാന്‍ ഒരുപാട് സഹായിച്ചു. കോമഡി എനിക്ക് വഴങ്ങുമെന്ന് ഓര്‍ത്തതല്ല. ഷാഫി സാറിന്റെ ചില്‍ഡ്രന്‍സ് പാര്‍ക്ക് അനാഥാലയവുമായി ചുറ്റിപ്പറ്റിയ രസകരമായൊരു സിനിമയാണ്. അതിലും കോമഡി ചെയ്തിട്ടുണ്ട്. പക്രു ചേട്ടനൊപ്പം ചെയ്യുന്ന ഫാന്‍സി ഡ്രസ്സില്‍ അധ്യാപികയുടെ വേഷമാണ്. ഇനിയും വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ കിട്ടണമെന്നാണ് ആഗ്രഹം. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടരുതെന്നുണ്ട്.

അറുപത്തിയഞ്ച് ദിവസം നീണ്ട ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഷൂട്ടിങ്ങിനിടയില്‍ മനസില്‍ തങ്ങിനില്‍ക്കുന്നത്?
മൂന്നാറിലായിരുന്നു ഷൂട്ടിംഗ്. ഷറഫിക്ക(ഷറഫുദ്ദീന്‍), വിഷ്ണു ചേട്ടന്‍( വിഷ്ണു ഉണ്ണികൃഷ്ണന്‍), ധ്രുവന്‍, മാനസ രാധാകൃഷ്ണന്‍, ഗായത്രി സുരേഷ് എന്നിവര്‍ക്കൊപ്പം ഷാഫി സാറും ചേര്‍ന്ന് വളരെ ആസ്വദിച്ച് ചെയ്ത സിനിമ എന്ന നിലയില്‍ ആ സെറ്റിലെ വിശേഷങ്ങള്‍ എപ്പോഴും എന്റെ മനസ്സില്‍ കാണും. ഗായത്രി എന്റെ കസിനാണെന്ന് ആ സെറ്റില്‍ വച്ചാണ് മനസിലാക്കുന്നത്. മാനസ എന്നെപ്പോലെ ദുബൈയില്‍ ജനിച്ചുവളര്‍ന്ന ആളാണ്. 75 കുട്ടികളുണ്ട് ഈ സിനിമയില്‍, അവരും രക്ഷിതാക്കളും ഞങ്ങള്‍ക്കൊപ്പം ബംഗ്ളാവിലായിരുന്നു താമസം. ശബ്ദങ്ങളില്ലാതെ ഒരു മിനിറ്റ് കിട്ടിയാല്‍, എന്തുപറ്റി എല്ലാര്‍ക്കും എന്ന് ചിന്തിക്കുന്ന അവസ്ഥ. ഷൂട്ട് കഴിഞ്ഞ് പാക്കപ്പ് ആകുമ്പോള്‍ എല്ലാരും കൂട്ടക്കരച്ചിലായിരുന്നു. അത്രയും ദിവസം ഒരുമിച്ച് ഒരുകുടുംബം പോലെയാണ് ഞങ്ങള്‍ കഴിഞ്ഞത്. കടപ്പാട്: മംഗളം

ഹീറോയിന്‍ ഫ്രം ദുബൈ (മീട്ടു റഹ്മത്ത് കലാം)ഹീറോയിന്‍ ഫ്രം ദുബൈ (മീട്ടു റഹ്മത്ത് കലാം)ഹീറോയിന്‍ ഫ്രം ദുബൈ (മീട്ടു റഹ്മത്ത് കലാം)ഹീറോയിന്‍ ഫ്രം ദുബൈ (മീട്ടു റഹ്മത്ത് കലാം)ഹീറോയിന്‍ ഫ്രം ദുബൈ (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക