Image

ദുഖങ്ങളെ വിട (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 23 March, 2019
ദുഖങ്ങളെ വിട (കവിത: മാര്‍ഗരറ്റ് ജോസഫ്)
മനസ്സേ, നിരന്തരം കരയരുതേ,
സമനില തെറ്റരുതേ,
നൈരാശ്യത്തിന്റെ നെരിപ്പോടില്‍ എരിഞ്ഞു തീരരുതേ,
ജീവിതമേല്‍പ്പിക്കുന്ന യാതനകളില്‍ തളര്‍ന്നുപോകരുതേ,
ആദിയും അന്തവും കൃത്യമായി അതിരിട്ട വഴിത്താരയില്‍,
യാത്രികര്‍ വ്യത്യസ്താനുഭവങ്ങളിലൂടെ കടന്നുപോകുന്നവര്‍,
എങ്കിലും എന്തേ ചിലര്‍ക്കുമാത്രം ദുര്‍ഘടങ്ങളേറെ?
പെറ്റമ്മയായ ഞാനും അവരില്‍ ഒരാള്‍ മാത്രം, ആയുര്‍വീഥിയില്‍ നീളെ കല്ലും മുള്ളും
"മാതൃത്വം' എത്ര പവിത്രമായ നിയോഗം! പരമസത്യം!
ക്ഷമയുടെ ആള്‍രൂപം, സൃഷ്ടികര്‍മ്മത്തില്‍ പങ്കാളി, അമ്മിഞ്ഞയ്ക്കുറവിടം,
തലമുറകളെ വാര്‍ത്തെടുക്കുന്നവര്‍ക്ക് അര്‍ഹമായ നീതി, അംഗീകാരം, സംരക്ഷണം, എവിടെ?
ഒക്കെ കടമകളുടെ കര്‍മ്മവീഥിയില്‍ ഒതുക്കിയിരിക്കുന്നുവോ?
കാലത്തിന്റെ പടവുകള്‍ തോറും കയറിയിറങ്ങുമ്പോള്‍-
സഹയാത്രികരായവര്‍, എന്റേതെന്ന് നിനച്ചവര്‍, പരസ്പരം പങ്കുവെച്ചവര്‍,
നെഞ്ചിലെ ചൂടും ചൂരും പകര്‍ന്നവര്‍,
ജീവരക്തത്താല്‍ ഫലപുഷ്ടി പ്രാപിച്ചവര്‍,
ഹൃദയത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചവര്‍, എവിടെ?
അടുക്കാനാവിത്തവിധം അകന്നുപോയിരിക്കുന്നുവോ?
മധുരം പങ്കിട്ട നാളുകള്‍ മറവിയുടെ മറക്കുട ചൂടിയിരിക്കുന്നുവോ?
നിസ്സഹായതയുടെ നൂല്‍പ്പാലത്തിലൂടെ യാനം തുടരുമ്പോള്‍
പ്രതിസന്ധികളുടെ ചുഴിയില്‍ ചുറ്റികറങ്ങി,
കാറ്റുംകോളും ഇളക്കി മറിക്കുന്ന ജന്മനദി,
വേഗത മന്ദതയാകുന്ന ഒഴുക്കില്‍ കനിവിനായി കരം നീട്ടുമ്പോള്‍,
ഒരു വാക്ക്, ഒരു നോക്ക്, ഒരു സ്പര്‍ശം, മതി സായൂജ്യമടയാന്‍;
പക്ഷെ, കേവലം വ്യാമോഹങ്ങള്‍, എല്ലാം നിഷിധം
അഭയമേകി ഈ വൃദ്ധസദനമുണ്ടല്ലോ സാന്ത്വനമായി ഇന്ന്.
അന്തേവാസികള്‍ക്കിടയിലും ഏകാന്തതയുടെ അരങ്ങൊരുങ്ങുമ്പോള്‍,
ചിന്തകള്‍ക്ക് തീപിടിക്കാതിരിക്കാന്‍ ഒരിടം, എന്തൊരനുഗ്രഹം!
അതിജീവനത്തിന്റെ പാതയില്‍ മറക്കാനും, പൊറുക്കാനുംവേണ്ടി;
നിത്യവിശ്രാന്തിയോളം ചിരിയോടെ....
ദുഖങ്ങളേ വിട....


Join WhatsApp News
Sudhir Panikkaveetil 2019-03-24 12:51:42
ജീവിതത്തിന്റെ നാടകവേദിയിൽ അമ്മയുടെ 
ഭാഗം അഭിനയിക്കുന്ന ഒരാളുടെ ആത്മഗതം 
(soliloqy) ആയി ഇതിനെ കാണാം. കവിത 
സാധാരണ മനുഷ്യന്റെ നിർവ്വചനങ്ങൾക്ക് 
മീതെയാണിപ്പോൾ.  എന്ത് പേര് വിളിച്ചാലും 
ചിന്താക്ലാന്തമായ (pensive ) ഒരു മനസ്സിന്റെ 
ആത്മപരിശോധനകൾ (introspection) കവയിത്രി 
വിവരിക്കുന്നുണ്ട്.  വാർദ്ധക്യം ദുഖമാണ്,
നരകമാണ്, എങ്കിലും അവർക്കായുള്ള വീടുകൾ 
അൽപ്പം സാന്ത്വനം തരുന്നു എന്ന് സമാധാനിക്കുന്നു 
ഒരു മാതൃഹൃദയം.ഭാഗ്യവാന്മാർ ദൈവത്തെ സ്തുതിക്കുന്നു. നിർഭാഗ്യവാന്മാർ 
മറ്റു മനുഷ്യരിലെ നന്മയെ ദൈവമായി കാണുന്നു. 
വൃദ്ധസദനങ്ങൾ ചിലർക്ക് അനുഗ്രഹമാകുന്നു. 
ഭൂരിപക്ഷമുള്ള ഭാഗ്യവാന്മാർ ദൈവത്തെ ജീവിപ്പിക്കുന്നു. 
അതുകൊണ്ട് ദൈവം ഒരിക്കലും   മരിക്കുന്നില്ല. 
 
വിവരണം ഹൃദയസ്പര്ശിയാണ്.
കവിതയാണോ, ഗദ്യമാണോ എന്നതിന് 
പ്രസക്തിയുണ്ടോ? വികാരങ്ങൾ ഒഴുകിവരുന്ന 
ഭാഷക്ക് ഒരു രീതി വേണമെന്ന് ആവശ്യപ്പെടാം.
ആവശ്യപ്പെടാതിരിക്കാം. ഒന്നും മനസ്സിലാകാത്തവിധത്തിൽ  വായനക്കാരെ 
കഷ്ടപ്പെടുത്തുന്നതിലും ഭേദമാണ് അത്. 
Mother the Artist 2019-03-24 13:36:55
Character formation is an art  & Mother is the Artist.
some mothers are painters, some are Sculptors,
some are lucky to have a Smith-like mine.
Fire> Hammer> Fire> hammer >>>>>
   **********************************************************
   Life itself is an inspiration, as an opening of a flower.
Eliminate/avoid Negative people.
They won't be of any use to you.
  Grief itself is Negative; stand up and walk away from Grief
Enjoy your Life in its fullness every moment.
Walk forth and enjoy> enjoy> enjoy.- andrew
വിദ്യാധരൻ 2019-03-24 18:19:47
എന്തുണ്ടായിട്ടെന്തു ഫലം 
അന്തരംഗമേകാന്തമെങ്കിൽ ?
രോഗത്തിന്റെ കരാളഹസ്തങ്ങളിൽ 
കിടന്നു ശ്വാസം മുട്ടിടുമ്പോൾ 
'മരണമേ വന്ന് പുൽകെന്നെ'യെന്ന് 
കരയുന്നു വയോവൃദ്ധർ ലോകമെങ്ങും 
കാലം കടന്നുപോയി വൃദ്ധരെ 
കാലനും വേണ്ടാതായി.
വൃദ്ധസദന കച്ചവടക്കാർ
കാലന് കോഴ നൽകി മടക്കിയോ ?
ആരും വിമുക്തരല്ലിതിൽ  നിന്ന് 
തൂങ്ങുന്നു നമുക്കു മുന്നിലാ പരസ്യപ്പലക 
"ഇന്നു ഞാൻ നാളെ നീ "

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക