Image

പിണറായിയോട് കൂറ്, മകനോട് കലഹം

Published on 22 March, 2019
പിണറായിയോട് കൂറ്, മകനോട് കലഹം
ഈ അടുത്തകാലത്ത് വെള്ളാപ്പള്ളിയോളം  അപഹാസ്യനായ ഒരു സാമുദായിക നേതാവ് വേറെ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയാം.
 ഇപ്പോള്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുന്ന വാക്കുകള്‍ ഒരു മനുഷ്യനും വിശ്വസിക്കാന്‍ ഇടയില്ല.ആദ്യം പൊട്ടിച്ച പടക്കം ആലപ്പുഴയില്‍ ഇടത് സ്ഥാനര്‍ത്ഥി ആരിഫ് തോറ്റാല്‍ താന്‍ തല മൊട്ടയടിച്ച് കാശിക്ക് പോകുമെന്നായിരുന്നു . ഇപ്പോള്‍ അവിടെയും മലക്കം മറിഞ്ഞ് താന്‍ തമാശ പറഞ്ഞതാണെന്നാണ് വെള്ളാപ്പള്ളി തിരുത്തിയത്. മുന്‍പ് പി.സി വിഷ്ണുനാഥ് തോറ്റില്ലെങ്കില്‍ മീശ വടിക്കുമെന്ന് പ്രഖ്യാപിച്ച ഈ മഹാന്‍ വിഷ്ണുനാഥ് വിജയിച്ചപ്പോള്‍ പറഞ്ഞത് വിഴുങ്ങി. ഇതേ തുടര്‍ന്ന് മീശ വടിക്കാന്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ബ്ലയ്ഡ് അയച്ച് കൊടുത്താണ് പ്രതികരിച്ചത്. പിറവത്ത് വി.ഡി.സതീശനും, ആലപ്പുഴയില്‍ തന്നെ വേണുഗോപാലും വി.എം സുധീരനും മുന്‍പ് വിജയക്കൊടി പാറിച്ചതും വെള്ളാപ്പള്ളി ശപഥം മറികടന്നാണ്. ആര് തോല്‍ക്കണമെന്ന് വെള്ളാപ്പള്ളി തുറന്ന് പറഞ്ഞുവോ, അവര്‍ വിജയിച്ചതാണ് ചരിത്രം. അതു കൊണ്ട് തന്നെയാണ് ആലപ്പുഴയിലെ ശപഥം കേട്ട് ഇടതുപക്ഷം പോലും ഇപ്പോള്‍ ഞെട്ടിയിരിക്കുന്നത്.

കേരളാ മുഖ്യമന്ത്രി പിണറായിയോടുള്ള അടുപ്പം  വ്യക്തമാക്കാന്‍ മകനോട് പോലും കലഹിച്ച വെള്ളാപ്പള്ളി നടേശന്‍ തുഷാര്‍ മത്സരിക്കുകയാണെങ്കില്‍ എസ്.എന്‍.ഡി.പി യോഗം ഭാരവാഹിത്വം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ നിലപാട് മാറ്റിയിരിക്കുകയാണ് വെള്ളാപ്പള്ളി. തുഷാര്‍ മത്സരിക്കുന്നതിനോട് താന്‍ എതിരല്ലെന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്. എസ്.എന്‍.ഡി.പിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക സ്‌നേഹമോ രാഷ്ട്രീയ വിരോധമോ ഇല്ലെന്നാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നിലപാട്. തുഷാറിനോട് എസ്.എന്‍.ഡി.പി യോഗത്തിന് ശരി ദൂരമായിരിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കുന്നു.

പറയുന്നത് നിന്ന നില്‍പ്പില്‍ വിഴുങ്ങുന്ന ഏര്‍പ്പാട് ഈ സാമുദായിക നേതാവിനെ സംബന്ധിച്ച് പുത്തരിയല്ല. അദ്ദേഹത്തിന്റെ ചരിത്രം തന്നെ അതാണ്. ഇവിടെ മകന്‍ മത്സരിക്കുന്നതിനെ എതിര്‍ക്കുന്നതിനെതിരെ ബി.ജെ.പി കണ്ണുരുട്ടിയത് കൊണ്ടാണോ അതോ എല്ലാം ഒരു നാടകമായിരുന്നുവോ എന്നതാണ് ഇനി വ്യക്തമാകാനുള്ളത്.ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരനും എ.എന്‍ രാധാകൃഷണനും കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളിയെ വണങ്ങുന്ന കാഴ്ച കണ്ടാല്‍ എല്ലാം ഒരു നാടകമല്ലേ എന്ന സംശയത്തിന് തന്നെയാണ് മുന്‍തൂക്കം.കേന്ദ്രസംസ്ഥാന സര്‍ക്കാറുകളെ പിണക്കിയാല്‍ കേസുകളില്‍ കുരുങ്ങുമോ എന്ന ഭയമാണ് രണ്ട് വഞ്ചിയില്‍ കാല് വച്ച വെള്ളാപ്പള്ളിയുടെ നിലപാടെന്നാണ് മുന്‍ എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍ തന്നെ വ്യക്തമാക്കുന്നത്.

വനിതാ  മതിലിന്റെ മുഖ്യ സംഘാടകനായി വെള്ളാപ്പള്ളി നിന്നപ്പോള്‍ തന്നെ മതില്‍ കഴിഞ്ഞ ഉടനെ അതിനെ തള്ളി വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശന്‍ പരസ്യമായാണ് രംഗത്ത് വന്നിരുന്നത്. സര്‍ക്കാര്‍ വഞ്ചിച്ചു എന്നായിരുന്നു പ്രതികരണം.വെള്ളാപ്പള്ളി മുന്‍കൈ എടുത്ത് രൂപീകരിച്ച ബി.ഡി.ജെ.എസിനെ തുടക്കം മുതല്‍ തന്നെ കാവി പാളയത്തില്‍ കൊണ്ടുപോയി കെട്ടിയതും വെള്ളാപ്പള്ളി നടേശന്‍ തന്നെയാണ്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള സ്‌പൈസസ് ബോര്‍ഡ് ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുടെ തലപ്പത്ത് ബി.ഡി.ജെ.എസ് നേതാക്കള്‍ ആണ് ഉള്ളത്.പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടും അര്‍ഹത ഇല്ലാഞ്ഞിട്ടും ഈ പദവികള്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ബി.ഡി.ജെ.എസിനു നല്‍കിയത്.

ഇപ്പോള്‍ 5 ലോകസഭാ സീറ്റാണ് ബി.ഡി.ജെ.എസിനായി ബിജെപി മാറ്റി വച്ചിരിക്കുന്നത്. ചരിത്രപരമായ മണ്ടത്തരമാണ് ബി.ജെ.പി കാണിച്ചത് എന്നാണ് ഇക്കാര്യത്തെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ വിലയിരുത്തുന്നത്. എസ്.എന്‍.ഡി.പി യോഗത്തിന് തന്നെ ഈഴവ വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള ശേഷി ഇല്ലെന്നിരിക്കെ എങ്ങനെ ബി.ഡി.ജെ.എസിന് കഴിയുമെന്നതാണ് ചോദ്യം.പ്രത്യേകിച്ച് വെള്ളാപ്പള്ളി തന്നെ ഇപ്പോള്‍ ഇടത്തോട്ട് ചരിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ചെറിയ വിഭാഗത്തിന്റെ പിന്തുണ പോലും ബി.ഡി.ജെ.എസിന് കിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.തൃശൂര്‍ പോലെ ബി.ജെ.പിക്ക് ശക്തമായ വോട്ട് ബാങ്കും സംഘടനാ ശേഷിയുമുള്ള മണ്ഡലം ബി.ഡി.ജെ.എസിന് വിട്ടുകൊടുക്കാന്‍ ആലോചന നടന്നപ്പോള്‍ തന്നെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കിടയിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.എപ്പോഴേ പ്രഖ്യാപിക്കേണ്ടിയിരുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക ബി.ഡി.ജെ.എസ് ധാരണയില്‍ കുരുങ്ങി നീണ്ടതും കേഡര്‍ പാര്‍ട്ടി എന്നവകാശപ്പെടുന്ന ബി.ജെ.പിക്ക് പ്രഹരമായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക