Image

ഇന്ത്യക്കാരുടെ റിക്രൂട്ട്‌മെന്‍റിന്‌ ഓണ്‍ലൈന്‍ അറ്റസ്‌റ്റേഷന്‍ മേയ്‌ ഒന്നു മുതല്‍

Published on 20 April, 2012
ഇന്ത്യക്കാരുടെ റിക്രൂട്ട്‌മെന്‍റിന്‌ ഓണ്‍ലൈന്‍ അറ്റസ്‌റ്റേഷന്‍ മേയ്‌ ഒന്നു മുതല്‍
അബൂദബി: ഇന്ത്യയില്‍നിന്ന്‌ യു.എ.ഇയിലേക്ക്‌ തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യാനുള്ള രേഖകള്‍ ഓണ്‍ലൈനില്‍ സാക്ഷ്യപ്പെടുത്തുന്ന സംവിധാനം മേയ്‌ ഒന്നിന്‌ നിലവില്‍ വരും. ഇന്ത്യന്‍ എംബസിയും യു.എ.ഇ തൊഴില്‍ മന്ത്രാലയവും ഇന്ത്യയിലെ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ്‌ എമിഗ്രന്‍റ്‌സും ചേര്‍ന്ന ത്രിതല ഓണ്‍ലൈന്‍ സംവിധാനമാണിത്‌. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഏപ്രില്‍ മൂന്നിന്‌ ഒപ്പുവെച്ചിരുന്നു. ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രാലയ ജോയിന്‍റ്‌ സെക്രട്ടറി അതുല്‍ കുമാര്‍ തിവാരിയും യു.എ.ഇ തൊഴില്‍ മന്ത്രാലയ അസിസ്റ്റന്‍റ്‌ അണ്ടര്‍ സെക്രട്ടറി മെഹര്‍ അല്‍ ഉബൈദുമാണ്‌ ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, യു.എ.ഇ തൊഴില്‍ മന്ത്രി സഖ്ര്‌! ഗൊബാഷ്‌ എന്നിവരുടെ സാന്നിധ്യത്തില്‍ ഒപ്പിട്ടത്‌.

യു.എ.ഇയുമായി ചേര്‍ന്ന്‌ ഓണ്‍ലൈന്‍ അറ്റസ്‌റ്റേഷന്‍ നടപ്പാക്കുന്ന ആദ്യ രാജ്യമാണ്‌ ഇന്ത്യ. താമസിയാതെ മറ്റു രാജ്യങ്ങളുമായും യു.എ.ഇ ഈ സംവിധാനമുണ്ടാക്കും. ഇന്ത്യയില്‍നിന്ന്‌ വിദേശത്ത്‌ ജോലിക്ക്‌ പോകാന്‍ എമിഗ്രേഷന്‍ ക്‌ളിയറന്‍സ്‌ ആവശ്യമുള്ള (ഇ.സി.ആര്‍) വിഭാഗങ്ങളിലുള്ളവരുടെ തൊഴില്‍ കരാറുകള്‍ ഇരു രാജ്യങ്ങളിലും ഓണ്‍ലൈനില്‍ സാക്ഷ്യപ്പെടുത്തിയ ശേഷമേ യാത്ര തിരിക്കാന്‍ സാധിക്കുകയുള്ളൂ. എമിഗ്രേഷന്‍ ക്‌ളിയറന്‍സ്‌ ആവശ്യമില്ലാത്ത (ഇ.സി.എന്‍.ആര്‍) പ്രഫഷനലുകള്‍ക്കും മറ്റും ഇത്‌ ബാധകമല്ല. അവിദഗ്‌ധ തൊഴിലാളികളെ, പ്രത്യേകിച്ച്‌ നിര്‍മാണ മേഖലയിലും മറ്റും വരുന്നവരെ തട്ടിപ്പിന്‌ ഇരയാക്കുന്നത്‌ തടയുകയാണ്‌ ഇതിന്‍െറ ലക്ഷ്യം.
പുതിയ സംവിധാനത്തിന്‍െറ ഭാഗമായി പ്രത്യേക വെബ്‌സൈറ്റ്‌ നിലവില്‍ വരും. ഇന്ത്യയില്‍നിന്ന്‌ തൊഴിലാളികളെ ആവശ്യമുള്ള യു.എ.ഇയിലെ തൊഴിലുടമകളോ അവര്‍ അധികാരപ്പെടുത്തുന്ന റിക്രൂട്ടിങ്‌ ഏജന്‍സികളോ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ്‌ ചെയ്യണം. ഇന്ത്യയില്‍നിന്ന്‌ റിക്രൂട്ടിങ്‌ നടത്താന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കമ്പനികളും വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന യൂസര്‍ നെയിം, പാസ്വേഡ്‌ എന്നിവ ഉപയോഗിച്ചാണ്‌ പിന്നീട്‌ വെബ്‌സൈറ്റില്‍ പ്രവേശിച്ച്‌ റിക്രൂട്ട്‌മെന്‍റ്‌ നടപടികള്‍ നടത്തേണ്ടത്‌.

തൊഴില്‍ കരാറുകള്‍ എംബസി/കോണ്‍സുലേറ്റിന്‌ പുറമെ യു.എ.ഇ തൊഴില്‍ മന്ത്രാലയവും പരിശോധിക്കും. തൊഴിലുടമ/ബന്ധപ്പെട്ട റിക്രൂട്ടിങ്‌ ഏജന്‍സിയും തൊഴിലാളിയും കരാറില്‍ ഒപ്പുവെക്കണം. ഇന്ത്യയിലെ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ്‌ എമിഗ്രന്‍റ്‌സ്‌ രേഖകള്‍ പരിശോധിച്ച ശേഷം, എല്ലാ രേഖകളും തൃപ്‌തികരമാണെങ്കില്‍ എമിഗ്രേഷന്‍ ക്‌ളിയറന്‍സ്‌ നല്‍കും. ഈ രീതിയില്‍ അനുമതി ലഭിച്ച ശേഷമാണ്‌ തൊഴിലാളിക്ക്‌ യു.എ.ഇ തൊഴില്‍ മന്ത്രാലയം വര്‍ക്ക്‌ പെര്‍മിറ്റ്‌ അനുവദിക്കുക. ഓണ്‍ലൈനില്‍ സാക്ഷ്യപ്പെടുത്തുന്ന തൊഴില്‍ കരാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഇന്ത്യന്‍ എംബസിക്കും കോണ്‍സുലേറ്റിനും യു.എ.ഇ തൊഴില്‍ മന്ത്രാലയത്തിനും ലഭിക്കുന്നതിനാല്‍ പിന്നീട്‌ ഉടമയുടെ ഭാഗത്തുനിന്ന്‌ വ്യവസ്ഥാ ലംഘനമുണ്ടായാല്‍ പരാതി നല്‍കാനും നടപടി സ്വീകരിക്കാനും എളുപ്പമാണ്‌. ഉടമക്കും ഏജന്‍സിക്കുമെതിരെ നടപടിയുണ്ടാകും. എന്നാല്‍, ഉടമയും തൊഴിലാളിയും ചേര്‍ന്ന്‌ തീരുമാനിച്ചാല്‍ കരാറിലെ മാറ്റങ്ങള്‍ക്ക്‌ നിയമപരമായി അനുമതി നല്‍കും. ഓണ്‍ലൈന്‍ അറ്റസ്‌റ്റേഷന്‍െറ പേരില്‍ തൊഴിലാളിയില്‍നിന്ന്‌ പ്രത്യേക സംഖ്യ ഈടാക്കരുത്‌. അങ്ങനെ ഈടാക്കിയെന്ന്‌ പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും.

തൊഴിലുടമകള്‍ അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബൈ കോണ്‍സുലേറ്റിലോ നേരിട്ടുചെന്ന്‌ കരാര്‍ സാക്ഷ്യപ്പെടുത്തുന്ന രീതി ഇതോടെ ഇല്ലാതാകും. ആകര്‍ഷക വാഗ്‌ദാനങ്ങള്‍ നല്‍കി തൊഴിലാളികളെ ഇവിടെയെത്തിച്ച ശേഷം കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന ഉടമകള്‍ക്കും റിക്രൂട്ട്‌മെന്‍റ്‌ ഏജന്‍സികള്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന്‌ യു.എ.ഇ തൊഴില്‍ മന്ത്രി സഖ്ര്‌! ഗൊബാഷ്‌ മുന്നറിയിപ്പ്‌ നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക