Image

കോണ്‍ഗ്രസിന്റെ ഹിന്ദുത്വ രാഷ്ട്രീയം ഫലിക്കുമോ? (ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 22 March, 2019
കോണ്‍ഗ്രസിന്റെ ഹിന്ദുത്വ രാഷ്ട്രീയം ഫലിക്കുമോ? (ഡല്‍ഹികത്ത് : പി.വി.തോമസ് )
പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പുകാല ഗംഗാ പ്രണാമം, രാഹുല്‍ഗാന്ധിയുടെ ക്ഷേത്രപ്രദക്ഷിണം നരേന്ദ്രമോഡിയുടെ കുംഭസ്‌നാനം എല്ലാം ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്റെ കപടമായ ഒരു മുഖം ആണ് തുറന്നു കാണിക്കുന്നത്. പൊയ്മുഖം. മതവും മതവിശ്വാസവും കപടം ആണെന്ന് ഇവിടെ വിവക്ഷയില്ല. അത് രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ദുരുപയോഗിക്കുമ്പോള്‍ ആണ് അത് ചോദ്യം ചെയ്യപ്പെടുന്നത്. അതുകൊണ്ടാണ് ബി.ജെ.പി.യുടെ മതാധി്ഷ്ഠിത രാഷ്ട്രീയത്തെയും മതധ്രൂവീകരണ തന്ത്രങ്ങളെയും സ്വീകരിക്കുവാന്‍ ആകാത്തത്. അത് തന്നെയാണ് ഇപ്പോള്‍ കോണ്‍ഗ്രസും രാഹുലും പ്രിയങ്കയും അനുകരിക്കുവാന്‍ ശ്രമിക്കുന്നതും. ബി.ജെ.പി. ഇത് ചെയ്യുമ്പോള്‍ മനസിലാക്കുവാന്‍ സാധിക്കും. കാരണം അതിന്റെ ആധാരശില മതരാഷ്ട്രീയം ആണ്. മതമൗലീക വാദം ആണ്. അല്ലെങ്കില്‍ തീവ്രഹിന്ദുത്വയാണ്. പക്ഷേ കോണ്‍ഗ്രസ് വിശ്വസിക്കുന്നതെന്ന് പറയുന്നതും പ്രചരിപ്പിക്കുന്നതും മതേതരത്വം ആണ്. അത് മൃദു ഹിന്ദുത്വയിലേക്ക് പോയാലോ? അതാണ് ഇവിടെ പ്രശ്‌നം.

മതവും ജാതിയും രാഷ്ട്രീയവും ഇന്‍ഡ്യയുടെ രാഷ്ട്രീയത്തിന്റെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും അഭിഭാജ്യഘടകങ്ങള്‍ ായിരുന്നു കാലാകാലങ്ങള്‍ ആയി. അവയാണ് ഭരണത്തെയും തെരഞ്ഞെടുപ്പിനെയും നിര്‍ഭാഗ്യവശാല്‍ നിയന്ത്രിക്കുന്നത്. 1980-ല്‍ ബി.ജെ.പി.യുടെ ആവിര്‍ഭാവത്തോടെ(ബാബരിമസ്ജിദ് ഭേദനം-രാമക്ഷേത്രം) അത് അതീവരൂക്ഷമായി. അതിന് മുമ്പും മതവും ജാതിയും ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ നിര്‍ണ്ണായക ശക്തി ആയിരുന്നിട്ടുണ്ട്, കള്ളപ്പണവും കയ്യൂക്കും പോലെ. ആര്‍.എസ്.എസ്സും.(1923) ഹിന്ദുമഹാസഭയും ജനസംഘും ഇതിന് ഉദാഹരണങ്ങള്‍ ആണ്. മുസ്ലീം ലീഗാണ് മറ്റൊന്ന്. അതിന്റെ വകഭേദങ്ങളും. കേരളത്തിലെ കേരള കോണ്‍ഗ്രസുകളും ഒട്ടും പിറകോട്ടല്ല. സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസിനെ ഹിന്ദുക്കള്‍ അവരുടെ ചിഹ്നം ആയി കണ്ടിരുന്നു. കാരണം മുസ്ലീംലീഗ് ആ മതത്തിന്റെ പ്രതിനിധിയായി കാണപ്പെട്ടിരുന്നു. അങ്ങനെ രാജ്യവിഭജനവും മറ്റും സംഭവിച്ചു. പക്ഷേ, കോണ്‍ഗ്രസ് മതേതരത്വത്തിന് വേണ്ടി നിലകൊണ്ടു. ഗാന്ധിയും നെഹ്‌റുവും പ്‌ട്ടേലും ഇതിന്റെ പ്രതിനിധികള്‍ ആയിരുന്നു. ക്രമേണ മതേതരത്വം ന്യൂനപക്ഷ പ്രീണനം ആയി ചിത്രീകരിക്കപ്പെട്ടു. അവിടെയാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. അവിടെയാണ് ആര്‍.എസ്.എസും ബി.ജെ.പി.യും സ്ഥാനം പിടിച്ചതും. ഈ തെരഞ്ഞെടുപ്പിലും ഇതൊക്കെ തന്നെയാണ് അടിസ്ഥാനപരമായ വിഷയവും. പ്രശ്‌നം പ്രധാനമായും വികസനം അല്ല. മതവും ദേശീയതയും അതിന്റെ പേരിലുള്ള മതധ്രുവീകരണവും ആണ്. മായാവതിയുടെയും അഖിലേഷിന്റെയും ജാതി രാഷ്ട്രീയം വേറെ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. മമതയുടെയും ചന്ദ്രബാബുനായിഡുവിന്റെയും സ്റ്റാലിന്റെയും ചന്ദ്രശേഖരറാവുവിന്റെയും പ്രാദേശിക രാഷ്ട്രീയവും ഇതിനൊപ്പം തന്നെയാണ്. ബി.ജെ.പി.യുടെയും ആര്‍.എസ്.എസി.ന്റെ മറ്റ് സംഘപരിവാര്‍ കാവിസംഘത്തിന്റെയും ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടുവാനാണത്രെ രാഹുലും പ്രിയങ്കയും ഈ മുദുഹിന്ദുത്വ രാഷ്ട്രീയം തെരഞ്ഞെടുപ്പ് കാലത്ത് കളിക്കുന്നത്. ഇത് പരിതാപകരം ആണ്. അടവു രാഷ്ട്രീയം ആണെങ്കില്‍ തന്നെയും എന്ത് രാഷ്ട്രീയ മൂല്യം ആണ് അതിനുള്ളത്? രാഷ്ട്രീയ സന്ദേശം ആണ് അത് നല്‍കുന്നത്?

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ഉത്തരവാദിത്വം ഉള്ള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായ പ്രിയങ്കഗാന്ധി നടത്തിയ മൂന്നു ദിവസത്തെ ഗംഗാ യാത്ര പ്രയാഗ് രാജില്‍ നിന്നും ആരംഭിക്കുകയും (പഴയ അലാഹാബാദ്) വാരണാസിയില്‍ അവസാനിക്കുകയും ചെയ്തു(പഴയ കാശി). അലാഹാബാദ് നെഹ്‌റു കുടുംബത്തിന്റെ തറവാട് ആണ് (ആനന്ദഭവനം). അത് ഉചിതം തന്നെ. വാരണാസി മോഡിയുടെ ലോകസഭ മണ്ഡലം ആണ്. അതും രാഷ്ട്രീയമായി പ്രധാനപ്പെട്ടത് തന്നെ. പക്ഷേ, പ്രിയങ്കയുടെ ഈ ഗംഗായാത്ര ഇരുകരളിലുമുള്ള ക്ഷേത്രസന്ദര്‍ശനവേദിയായി മാറി. ഇടയ്ക്കിടക്ക് മുസ്ലീം ദേവാലയങ്ങളും സന്ദര്‍ശിച്ചു. ഇതില്‍ ഒരു തെറ്റും ഇല്ല വ്യക്തിപരമായി. പക്ഷേ, രാഷ്ട്രീയമായി ഇത് ശരിയല്ല. മതവും രാഷ്ട്രീയവും കൂ്ട്ടിക്കുഴക്കരുത്. മതം തികച്ചും വ്യക്തിപരം ആണ്. രാഷ്ട്രീയം രാജ്യത്തെ സംബന്ധിക്കുന്നതാണ്. ഭരണഘ്ടനാപരം ആണ്. ഭരണഘടന അനുസരിച്ച് ഇന്‍ഡ്യക്ക് ഔദ്യോഗികമായി ഒരു മതവും ഇല്ല. ബി.ജെ.പി.ക്ക് എതിരെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷകക്ഷികളും ഉയര്‍ത്തുന്ന പ്രധാന ആരോപണവും, മതവും രാഷ്ട്രീയവും തമ്മിലുള്ള ഈ കൂടിക്കലര്‍ത്തല്‍ ആണ്. അല്ലെങ്കില്‍ മതത്തെ രാഷ്ട്രീയത്തിനായി, വോട്ടിനായി, അധികാരത്തിനായി ചൂഷണം ചെയ്യുന്നതാണ്. രാഹുലിലൂടെ, പ്രിയങ്കയിലൂടെ കോണ്‍ഗ്രസും ഇതേ പാതയില്‍ തന്നെ ആണ്. അത് ഒട്ടും ആശ്വാസകരം അല്ല ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്. ഇതുകൊണ്ടൊക്കെ ജനങ്ങളെ വിഡ്ഢികള്‍ ആക്കുവാന്‍ സാധിക്കുമോ? മോഡിയുടെ കുംഭസ്‌നാനവും ഇതുപോലുള്ള ഒരു രാഷ്ട്രീയപ്രഹസനം മാത്രം ആയിരുന്നു. പക്ഷേ, മോഡിയേയോ ബി.ജെ.പി.യെയോ സംഘപരിവാറിനെയോ ആരും കുറ്റം പറയുകയില്ല. കാരണം അവര്‍ക്ക് രാഷ്ട്രീയം തന്നെ ഒരു പ്രഹസനം ആണ്. ഭരണം ഒരു ചൂതാട്ടവും.

രാഹുല്‍ഗാന്ധി ഗുജറാത്തിലും കര്‍ണ്ണാടകയിലും അനേകം ക്ഷേത്രങ്ങള്‍ ആണ് നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ സന്ദര്‍ശിച്ചത് ഗുജറാത്തില്‍ തന്നെ 26 ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചുവെന്നും പൂജയില്‍ പങ്കെടുത്തുവെന്നും ആണ് കണക്ക്. പൂണൂല്‍ധാരിയായ ഒരു ശിവഭക്തന്‍ ആണ് രാഹുല്‍ എന്ന് കോണ്‍ഗ്രസ് പ്രസ്താവിക്കുകയും ചെയ്തു. അതും നല്ലത്. പക്ഷേ, ഒരു പാഴ്‌സിക്കും ഇറ്റാലിയന്‍ കത്തോലിക്ക സ്ത്രീക്കും ജനിച്ച രാഹുല്‍ എങ്ങനെ ഒരു ബ്രാഹ്മിണ്‍ ആയി എന്നത് അന്വേഷിക്കേണ്ട കാര്യം ഇവിടെ ഇല്ല. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രചരണവേളയിലെ ക്ഷേത്രദര്‍ശനവും നെറ്റിയില്‍ ചാര്‍ത്തുന്ന കളഭക്കുറിയും മറ്റും രാ്ഷ്ട്രീയമായും മതപരമായും വെറും കാപട്യമാണ്. അത് ഭാവിയില്‍ ഇന്‍ഡ്യയുടെ മതേതരത്വ സങ്കല്പത്തെയും മതസങ്കല്പത്തെയും കോണ്‍ഗ്രസിന്റെ തന്നെ വിശ്വാസ പ്രമാണങ്ങളെയും ഹനിക്കും. ഈ രാഷ്ട്രീയം കാപട്യം ആണ്. അത് ബി.ജെ.പി.യുടെ കപട രാഷ്ട്രീയത്തിന്റെ വൃത്തികെട്ട അനുകരണം ആണ്. അതാണ് പ്രിയങ്ക ഇപ്പോള്‍ ഗംഗായാത്രയിലൂടെ ഉത്തര്‍പ്രദേശിലും ചെയ്യുന്നത്. അത് തെരുവ് സാമര്‍ത്ഥ്യത്തിന്റെ വികലരാഷ്ട്രീയം ആണ്. നെഹ്‌റു അത് ചെയ്യുമായിരുന്നില്ല. പക്ഷേ, ഇന്ദിരയും രാജീവും  അത് തെറ്റിച്ചു. ഇപ്പോള്‍ രാഹുലും  പ്രിയങ്കയും.

ഇവര്‍ ഇതിലൂടെ ശക്തമാക്കുന്നത് മതമൗലീകവാദികളുടെ കരങ്ങളെ ആണ്. അവര്‍ മാത്രം ആണ് മോഡി ഭരണത്തില്‍ ശക്തരായിട്ടുള്ളത്. ഒപ്പം ചങ്ങാത്ത മുതലാളിമാരും. മോഡിയുടെ ചങ്ങാത്ത മുതലാളിമാരെ വേട്ടയാടുന്ന രാഹുല്‍ എന്തുകൊണ്ട് പശുസംരക്ഷകഗുണ്ടകളെ സഹായിക്കുന്നു മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നു? നോക്കുക രാഹുലിന്റെ മുഖ്യമന്ത്രി കമല്‍നാഥ് എന്താണ് അധികാരത്തിലേറിയ ഉടന്‍ മദ്ധ്യപ്രദേശില്‍ ചെയ്തതെന്ന്. പശുവ്യാപാരം നടത്തുന്നവരെ കള്ളക്കടത്തുകാരും ഗോഹത്യക്കാരുമായി കുറ്റം ചുമത്തി ദേശീയ സുരക്ഷ നിയമപ്രകാരം അനന്തമായി കാരാഗൃഹത്തില്‍ അടക്കുവാനാണ് തീരുമാനം. ഇതും മൃദുഹിന്ദുത്വയാണ്. പ്രീണനം ആണ്. ഇതുകൊണ്ട് രാ്ഷ്ട്രീയമായി അധികാരത്തില്‍ തിരിച്ചു വരുവാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ? സാധിച്ചാല്‍ തന്നെ എന്തു കോണ്‍ഗ്രസ് ആണ് രാജ്യം ഭരിക്കുക? ബി.ജെ.പി.യുടെ ബി.ട്രീമോ?

ഇതുപോലുള്ള മലീമസമായ, അവസരവാദപരമായ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളിലൂടെ ജനാപത്യത്തിന്റെ അര്‍ത്ഥവ്യാപ്തി നഷ്ടപ്പെടുകയാണ്. രാഷ്ട്രീയ മൂല്ല്യങ്ങള്‍ ബലികഴിക്കപ്പെടുകയാണ്. രാഷ്ട്രീയവും ഭരണവും ആത്മീയതയും ചന്തവല്‍ക്കരിക്കപ്പെടുകയാണ്, കമ്പോളവല്‍ക്കരിക്കപ്പെടുകയാണ്. തെരഞ്ഞെടുപ്പുകളും നേതാക്കന്മാരും വരുകയും പോവുകയും ചെയ്യും. പക്ഷേ, ആദര്‍ശങ്ങളും മൂല്ല്യങ്ങളും രാജ്യതന്ത്രജ്ഞരും നിലനില്‍ക്കും. വെറും തെരുവ് രാ്ഷ്ട്രീയക്കാരായി ഇന്നത്തെയും നാളത്തെയും ഭരണാധികാരികള്‍ അധപതിക്കരുത്.

ആവര്‍ത്തിക്കട്ടെ അമ്പലത്തിലും പള്ളിയിലും മസ്ജിദിലും പോകുന്നതിനെ അല്ല ഇവിടെ വിമര്‍ശിക്കുന്നത്. അത് വ്യക്തിയുടെ സ്വകാര്യതയാണ്. പക്ഷേ, തെരഞ്ഞെടുപ്പ് സമയത്ത് ഇമാമിനെ കാണുന്നതും ബിഷപ്പുമാരെ സ്തുതിക്കുന്നതും ക്ഷേത്രപുരോഹിതരെ വന്ദിച്ച് വണങ്ങുന്നതും ശുദ്ധ അല്ലെങ്കില്‍ അവിശുദ്ധ രാഷ്ട്രീയം ആണ്. അതാണ് മോഡിയും രാഹുലും പ്രിയങ്കയും ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുമായി സംവേദിക്കുക. മതങ്ങളും മതാദ്ധ്യക്ഷന്മാരും ആരാധനാലയങ്ങളും ആയിട്ടല്ല. ഭരിക്കേണ്ടത് ജനങ്ങളെ ആണ്. ദൈവങ്ങളെ അല്ല. അവരുടെ പ്രശ്‌നങ്ങള്‍ ആണ് രാഷ്ട്രീയക്കാര്‍ അറിയേണ്ടതും പരിഹരിക്കേണ്ടതും. അതിന് അവരുമായി ഇടപഴകുകയാണ് വഴി. ആരാധനാലയങ്ങളില്‍ പോവുക അല്ല. ഗംഗ ഇന്‍ഡ്യയുടെ പുണ്യ നദികളില്‍ ഒന്നാണ്. പക്ഷേ അത് ഇന്ന്  മലിനം ആണ്. ഗംഗാപ്രണാമത്തിലൂടെ പ്രിയങ്ക നല്ല ഒരു മുന്‍കൈ എടുത്തു. പക്ഷേ, ഗംഗയെ ശുദ്ധീകരിക്കുമോ? അതിനെ രാഷ്ട്രീയവല്‍ക്കരിച്ചുകൊണ്ട് കാര്യം ഇല്ല. രാഷ്ട്രീയപ്രചരണത്തെ പൊള്ളയായി ആത്മീയവല്‍ക്കരിക്കരുത്. രാഹുലിന്റെ ക്ഷേത്ര പ്രദക്ഷിണവും മോഡിയുടെ കുംഭസ്‌നാനാവും എല്ലാം ഈ പൊള്ളയായ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ആത്മീയതയുടെ നഗ്നപ്രദര്‍ശനം ആണ്.

കോണ്‍ഗ്രസിന്റെ ഹിന്ദുത്വ രാഷ്ട്രീയം ഫലിക്കുമോ? (ഡല്‍ഹികത്ത് : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക