Image

ഞങ്ങള്‍ പ്രവാസികള്‍ക്കുവേണം, തിരുവനന്തപുരം വിമാനത്താവളം (പകല്‍ക്കിനാവ്: ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 22 March, 2019
ഞങ്ങള്‍ പ്രവാസികള്‍ക്കുവേണം, തിരുവനന്തപുരം വിമാനത്താവളം (പകല്‍ക്കിനാവ്: ജോര്‍ജ് തുമ്പയില്‍)
തിരുവനന്തപുരം വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കി നിരവധി വിമാനകമ്പനികള്‍ സര്‍വീസ് അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത ആശങ്ക ജനിപ്പിക്കുന്നതാണ്. പ്രവാസികള്‍, പ്രത്യേകിച്ച് യുഎസ് മലയാളികള്‍ ഏറെ പേര്‍ ആശ്രയിക്കുന്ന വിമാനത്താവളമാണിത്. ഗള്‍ഫില്‍ നിന്നുള്ള കണക്ടറ്റഡ് ഫ്‌ളൈറ്റിലൂടെയാണ് പലരും നാട്ടിലെത്തുന്നത്. രണ്ടുമാസത്തിനിടെ അഞ്ച് വിമാനകമ്പനികളാണ് തിരുവനന്തപുരത്ത് നിന്ന് പിന്‍മാറിയതത്രേ. ഇങ്ങനെ സംഭവിച്ചാല്‍ ഈ വിമാനത്താവളത്തെ ആശ്രയിച്ച് കേരളത്തിലേക്കു വരുന്ന പ്രവാസികളുടെ കാര്യം കൂടുതല്‍ കഷ്ടത്തിലാവും. ഈ നിലയ്ക്ക് പ്രവാസികളുടെ പണം, സമയ നഷ്ടത്തെക്കുറിച്ച് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? പ്രവാസികള്‍ കൂടി ഇവിടം ഉപേക്ഷിച്ചാല്‍ ഇന്ത്യ സ്വതന്ത്രമായതിന് ശേഷം നിര്‍മ്മിച്ച ആദ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന് ചരമഗീതം മുഴങ്ങാന്‍ അധിക കാലം വേണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

ആകെയുണ്ടായിരുന്ന 16 വിമാനകമ്പനികളില്‍ 5 എണ്ണമാണ് തിരുവനന്തപുരം ഉപേക്ഷിക്കുന്നത്. ജിദ്ദയിലേക്കും റിയാദിലേക്കും ആഴ്ചയില്‍ മൂന്ന് സര്‍വീസ് ഉണ്ടായിരുന്ന സൗദി എയര്‍ലെന്‍സ് ജനുവരിയോടെ അതെല്ലാം നിര്‍ത്തിയത്രേ. ദുബായ്‌ലേക്ക് ആഴ്ചയില്‍ നാലു ദിനം പറന്നിരുന്ന ഫ്‌ളൈ ദുബായും ഇനി തലസ്ഥാനത്തേക്കില്ല. ദമാമിലേക്കുള്ള സര്‍വീസും ജെറ്റ് എയര്‍വേയ്‌സ് ഒഴിവാക്കി. ഘട്ടം ഘട്ടമായി സര്‍വ്വീസ് കുറച്ചുകൊണ്ടുവന്നിരുന്ന സ്‌പൈസ് ജെറ്റും സില്‍ക്ക് എയറും ഇതോടൊപ്പം പൂര്‍ണ്ണമായും പിന്‍മാറുകയാണ്. 240 ഷെഡ്യൂളുകളാണ് ഇങ്ങനെ ഒരു മാസം മാത്രം മുടങ്ങുക. ഒരോ വിമാനമവും ഇറങ്ങുമ്പോള്‍ നല്‍കേണ്ട നാവിഗേഷന്‍ ചാര്‍ജ്, യൂസര്‍ ഡെവലപ്‌മെന്റ് ഫീ, വാഹന പാര്‍ക്കിംഗും ഷോപ്പിംഗും അടക്കം വരുമാനത്തിലെ വലിയ കുറവ് വിമാനത്താവളത്തിന്റെ പ്രര്‍ത്തനത്തെ ബാധിച്ചാല്‍ കൂടുതല്‍ വിമനകമ്പനികള്‍ ഇവിടം വിട്ടേക്കാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പെട്ടികളും നീണ്ട യാത്രയുമായി എത്തുന്ന അമേരിക്കന്‍ മലയാളികള്‍ ഇനി കൊച്ചി വിമാനത്താവളത്തെ പൂര്‍ണ്ണമായും ആശ്രയിക്കേണ്ടി വരുമെന്ന് ഉറപ്പായി. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള അമേരിക്കന്‍ മലയാളികളാണ് ഇനി വഴിയാധാരമാകാന്‍ പോകുന്നത്. ഇവരില്‍ ഭൂരിഭാഗവും തിരുവനന്തപുരം വിമാനത്താവളത്തെയാണ് ആശ്രയിച്ചിരുന്നത്.

തിരുവനന്തപുരത്ത് ലൈസന്‍സ് പുതുക്കാത്ത സൗദി എയര്‍ലൈന്‍സ് കണ്ണൂരില്‍ നിന്നും ഫ്‌ളൈ ദുബായ് കോഴിക്കോട് നിന്നും പ്രവര്‍ത്തനം തുടങ്ങുന്നുവെന്നു കൂടി അറിയണം. വടക്കന്‍ കേരളത്തോട് വിമാക്കമ്പനികള്‍ക്ക് ഇത്രയും പ്രിയം തോന്നാന്‍ എന്തൊക്കെയാവാം കാരണം എന്ന് ചോദിച്ചാല്‍ തലസ്ഥാനത്തിന് വേണ്ടി ഇടപെടാന്‍ ആരുമില്ലെന്ന് സംരംഭകര്‍ കുറ്റുപ്പെടുത്തുന്നു. ഇതോടെ തിരുവനന്തപുരത്ത ടെ്ക്‌നോപാര്‍ക്കിലെ പല സംരംഭകരും പിന്മാറുമെന്നും സൂചനയുണ്ട്. അന്താരാഷ്ട്ര വിമാനസര്‍വ്വീസിനു പുറമേ, ആഭ്യന്തര വിമാനങ്ങളുടെ കാര്യത്തിലും തലസ്ഥാനം ഏറെ പിന്നിലേക്ക് പോയിരിക്കുന്നുവത്രേ.

1932-ല്‍ തിരുവിതാംകൂര്‍ നല്‍കിയ 258.06 ഏക്കര്‍ ഭൂമിയിലാണ് വിമാനത്താവളം നിര്‍മിച്ചത്. ഈ ഭൂമി ഇപ്പോഴും സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണുള്ളതെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. പിന്നീട് 2003-ല്‍ 27 ഏക്കര്‍ ഭൂമി പണം മുടക്കി ഏറ്റെടുത്തു സൗജന്യമായി നല്‍കി. ആകെയുള്ള ഭൂമിയില്‍ 0.5756 ഹെക്ടര്‍ മാത്രമാണ് എയര്‍പോര്‍ട്ട് അഥോറിറ്റിക്കു(എഎഐ) സ്വന്തം. വിമാനത്താവളത്തിന്റെ നടത്തിപ്പിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള കമ്പനിക്ക് (എസ്പിവി) രൂപം നല്‍കാമെന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വില സര്‍ക്കാറിന്റെ ഓഹരിയായി കണക്കാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നതാണ്. ഇതിപ്പോള്‍ ലംഘിച്ചെന്നൊക്കെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 
സര്‍ക്കാര്‍ വക ഭൂമി വിമാനത്താവളത്തിനായി വിനിയോഗിച്ചിട്ടുണ്ട് എന്നതൊക്കെയും ശരി തന്നെ. എന്നാല്‍, അതിനെ വേണ്ട വിധം വിനിയോഗിക്കാതെ അധികൃതര്‍ ഇപ്പോള്‍ ഇരുട്ടത്തു തപ്പുന്നതു പ്രവാസി മലയാളികളോടു ചെയ്യുന്ന കൊടും ക്രൂരതയാണെന്നു പറയാതെ വയ്യ. കൊച്ചി എയര്‍പോര്‍ട്ടിന്റെ മാതൃകയില്‍ വികസന പ്രവര്‍ത്തനങ്ങളും നടത്തിപ്പും തിരുവനന്തപുരത്ത് സാധ്യമാണെന്നതു മറക്കരുത്. ആ നിലയ്ക്ക് അതിനു തയ്യാറാവാതെ, സ്വകാര്യനടത്തിപ്പിനെ എതിര്‍ക്കുന്നവര്‍ എന്നിനി കാര്യങ്ങള്‍ മനസ്സിലാക്കും. ആരു വേണമെങ്കിലും നടത്തട്ടെ, കേരളം നന്നാകണം, ഞങ്ങള്‍ പ്രവാസികളുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കണം എന്നു മാത്രമേ ഇപ്പോള്‍ ആവശ്യപ്പെടാനാവുന്നുള്ളു.

മികച്ച വിമാനങ്ങള്‍ ഉപയോഗിച്ച് വ്യോമയാത്ര സൗകര്യം വര്‍ദ്ധിപ്പിക്കണമെന്ന് ഓരോ തവണയും അധികൃതര്‍ ഇവിടെയെത്തുമ്പോള്‍ ഒറ്റയ്ക്കും കൂട്ടായുമൊക്കെ നാം പറയാറുണ്ട്. എന്നിട്ടും ഇപ്പോഴും അതിനു തയ്യാറാകാതെ കൂടുതല്‍ ദുരിതത്തിലേക്ക് യാത്രക്കാരെ തള്ളിയിടുന്നതിനു ന്യായീകരണമില്ല. വിമാനമിറങ്ങിയതിനു ശേഷം സ്വന്തം വീട്ടിലേക്കെത്താന്‍ മണിക്കൂറുകള്‍ വേണമെന്ന നിലയ്ക്ക് കാര്യങ്ങള്‍ മാറിയാല്‍ നാട്ടിലേക്കു തിരിച്ചു വരാന്‍ തന്നെ പ്രവാസികള്‍ മടിച്ചേക്കും. അതു മാറേണ്ടിയിരിക്കുന്നു. ആറന്മുള വിമാനത്താവളം വരുന്നുവെന്നു കേട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് പ്രവാസികളായിരുന്നു. പ്രത്യേകിച്ചും അമേരിക്കന്‍ മലയാളികള്‍. പിന്നീട് അതു നിലച്ചെന്നും വീണ്ടും ശബരിമല കേന്ദ്രീകരിച്ച് വിമാനത്താവളം വരുന്നുവെന്ന വാര്‍ത്ത കേട്ടപ്പോഴും പ്രവാസികള്‍ ആശ്വസിച്ചു. എന്നാല്‍ അതൊക്കെയും വെറും പാഴ് വാക്കുകളായിരുന്നുവെന്നും പ്രവാസികളുടെ ക്ഷേമം ആര്‍ക്കും ആവശ്യമില്ലെന്നും അവരുടെ പണം മാത്രമാണ് നാടിന് ആവശ്യമെന്നും തിരുവനന്തപുരം വിമാനത്താവള കാര്യത്തിലൂടെ വീണ്ടും തെളിയുകയാണ്. പാലം തകര്‍ന്നാലും കേളന്‍ കുലുങ്ങില്ലെന്ന പഴഞ്ചൊല്‍ എത്ര സത്യമാണെന്നു മാത്രം ഈ അവസരത്തില്‍ ഓര്‍ക്കട്ടെ...

ഞങ്ങള്‍ പ്രവാസികള്‍ക്കുവേണം, തിരുവനന്തപുരം വിമാനത്താവളം (പകല്‍ക്കിനാവ്: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
Sudhir Panikkaveetil 2019-03-22 09:50:26
നാട്ടിലുള്ളവരെ സഹായിക്കലും, നാട്ടിലെ 
പ്രമുഖരെ ഇവിടെ കൊണ്ടുവന്നു ഫോട്ടോ 
സെഷൻ നടത്തുകയും ചെയ്യുന്നവരുണ്ടെങ്കിൽ 
അവർ ഇത് ദയവു ചെയ്തു വായിക്കണം. 
അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങളാണ് , 
ആദ്യം പരിഹരിക്കേണ്ടത്.നാട്ടിലുള്ളവരുടെയല്ല.
 ശ്രീ തുമ്പയിൽ  താങ്കളുടെ ലേഖനങ്ങൾ സമൂഹ നന്മ ലക്ഷ്യമാക്കുന്നവയാണ് .
ഇ മലയാളിയോട് ചോദിക്കാം താങ്കളുടെ 
ലേഖനം എത്ര പേര് വായിച്ചുവെന്നു. വിവരങ്ങൾ 
മുന്നിൽ വച്ച് കൊടുത്തിട്ടും ജനം ശ്രദ്ധിക്കാതെ 
നടക്കുന്നത് അവർ അടങ്ങുന്ന സമൂഹത്തിനു 
ഹാനികരമാകുന്നു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക