Image

വധശിക്ഷ തന്നെ ഇല്ലാതാക്കണമെന്നു കമലാ ഹാരിസ്

Published on 19 March, 2019
വധശിക്ഷ തന്നെ ഇല്ലാതാക്കണമെന്നു കമലാ ഹാരിസ്
വധശിക്ഷനടപ്പാക്കുന്നതിനോട് കാലങ്ങളായി താന്‍ എതിരാണന്നും അധാര്‍മികവും തിരുത്താനാവാത്തതുമായ ശിക്ഷാരീതിയാണിതെന്നും 2020ലെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഇന്ത്യന്‍ വംശജയായ കമല ഹാരിസ്. രാജ്യത്തെ താറുമാറായ ക്രിമിനല്‍ നീതിസമ്പ്രദായത്തെ നേരെയാക്കണമെങ്കില്‍ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയാനുള്ള ധൈര്യം നാം കാണിക്കണമെന്നും വധശിക്ഷയ്ക്കെതിരായ നിവേദനത്തില്‍ ഒപ്പിടുന്ന കാമ്പെയിന് നേതൃത്വം നല്‍കി പ്രസിഡന്റ് സ്ഥാനാര്‍ഥി പറഞ്ഞു. 

കാലങ്ങളായി സമ്പൂര്‍ണപരാജയമെന്ന് തെളിയിക്കപ്പെട്ട ഈ ശിക്ഷാരീതിയെ വിലക്കി തന്റെ സംസ്ഥാനമായ കാലിഫോര്‍ണിയ കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയത് കമല ഹാരിസ് ചൂണ്ടിക്കാട്ടി. നികുതിദാതാക്കളുടെ പണം വെറുതേ ചെലവാക്കുന്നതിനപ്പുറം ഈ ശിക്ഷ നടപ്പാക്കുന്നതുകൊണ്ട് സമൂഹത്തിന് നേട്ടമൊന്നും ലഭിക്കുന്നില്ല. വര്‍ണവിവേചനവും മാനസികദൗര്‍ബല്യവും നേരിടുന്നവരാണ് വധശിക്ഷയ്ക്ക് ഇരയാകുന്നതിലേറെയുമെന്നതാണ് ഏറെ പരിതാപകരം. കാലിഫോര്‍ണിയ ഇക്കാര്യത്തില്‍ സ്വീകരിച്ച ചുവടുവയ്പ് വളരെ പ്രധാനമായി. 

എന്നാല്‍ ഒരുപടി കൂടി കടന്ന് മുന്നോട്ടുപോകണമെന്നും ഫെഡറല്‍ വധശിക്ഷയെ തന്നെ ഇല്ലാതാക്കണമെന്നുമാണ് തന്റെ നിലപാടെന്ന് കമലഹാരിസ് ചൂണ്ടിക്കാട്ടി.
ഈ ശിക്ഷാരീതി അധാര്‍മികമാണ്, പ്രസിഡന്റെന്ന നിലയില്‍ വധശിക്ഷ ഉന്‍മൂലനം ചെയ്യാനുള്ള പോരാട്ടത്തിന് താന്‍ മുന്നിലുണ്ടാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
`നീതിക്കുവേണ്ടി നിലകൊള്ളുക എന്നത് ഈ രാജ്യത്തെ പൗരന്‍മാരെന്നനിലയില്‍ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതുകൊണ്ടാണ് നിങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നത്. ദേശീയതലത്തില്‍ തന്നെ വധശിക്ഷ ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ എനിക്കൊപ്പം ചേരുക, പെറ്റിഷനില്‍ ഒപ്പ് വെക്കുക,' കമല ഹാരിസ് പറഞ്ഞു. 

`ഒരു വ്യക്തി മറ്റൊരാളെ കൊല്ലുമ്പോള്‍ അതിന് ഗുരുതരമായ പരിണിതഫലങ്ങളുണ്ടാവുമെന്ന് മുന്‍ പ്രോസിക്യൂട്ടറെന്ന നിലയില്‍ എനിക്ക് ബോധ്യമുണ്ട്. ഇരകളാകുന്നവര്‍ക്ക് നീതി നടപ്പായി കിട്ടാന്‍ നാം ശ്രമിക്കണം. ദുഖിക്കുന്ന കുടുംബങ്ങളുടെ അന്തസ് കാക്കാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്.

എന്നാല്‍ നമ്മുടെ നീതിസംവിധാനത്തില്‍ നീതി നടപ്പാകുമ്പോള്‍ വധശിക്ഷ വിധിക്കപ്പെട്ടശേഷം നിരപരാധികളെന്ന് വിധിക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാന്‍ മാര്‍ഗമൊന്നുമില്ല. മുമ്പ് മരണത്തിന് വിധിക്കപ്പെട്ട പത്തിലൊരാള്‍ നിരപരാധികളായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

നിറത്തിന്റെയും മാനസികദൗര്‍ബല്യത്തിന്റെയും പേരിലെ വിവേചനവും പണമില്ലാത്തതുകൊണ്ട് ലീഗല്‍ കൗണ്‍സലിനെ വാദിക്കാന്‍ വെക്കാന്‍ സാധിക്കാത്തവരുമായവര്‍ക്കെതിരെയാണ് വധശിക്ഷകളിലേറിയ പങ്കും നടപ്പാക്കിയതെന്നാണ് കണക്കുകള്‍ പറയുന്നത്. 

ധാര്‍മിക വാദങ്ങള്‍ക്കപ്പുറം സാമ്പത്തികമായി നോക്കുമ്പോഴും വധശിക്ഷ ഒഴിവാക്കുന്നതുതന്നെയാണ് ലാഭമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. വധശിക്ഷയ്ക്ക് പകരം ജീവപര്യന്തം നടപ്പായാല്‍ ബില്യണ്‍ കണക്കിന് ഡോളര്‍ ലാഭം ലഭിക്കുമെന്നും ഈ പണം രാജ്യത്തിന് പ്രയോജനപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും  കമലാ ഹാരിസ് പറഞ്ഞു
Join WhatsApp News
Sudhir Panikkaveetil 2019-03-20 08:04:49
കുറ്റങ്ങൾക്ക് മാപ്പു കൊടുക്കുന്ന കോടതികൾ 
(വോട്ട് കിട്ടാൻ തുറക്കുന്നവ) ഭൂമിയെ നരക 
തുല്യമാക്കുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക