Image

ലെസ്റ്റര്‍ അഥീനയില്‍ 'ശ്രീരാഗം 2019' ന്റെ ടിക്കറ്റ് വില്പന ആരംഭിച്ചു

Published on 19 March, 2019
ലെസ്റ്റര്‍ അഥീനയില്‍ 'ശ്രീരാഗം 2019' ന്റെ ടിക്കറ്റ് വില്പന ആരംഭിച്ചു


ലെസ്റ്റര്‍ (യുകെ): പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ എം.ജി. ശ്രീകുമാറും സംഘവും നയിക്കുന്ന ഗാനമേള 'ശ്രീരാഗം 2019' ന്റെ ലെസ്റ്റര്‍ ഷോയുടെ ഔപചാരിക ഉദ്ഘാടനം ലെസ്റ്ററില്‍ നടന്നു. പരിപാടിയുടെ സംഘാടകരായ യുകെ ഇവന്റ് ലൈഫ് ഡയറക്ടര്‍ സുദേവ് കുന്നത്ത് ലെസ്റ്റര്‍ കേരള കമ്യൂണിറ്റി ഭാരവാഹികള്‍ക്ക് ആദ്യടിക്കറ്റുകള്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. എല്‍കെസി പ്രസിഡന്റ് ബിന്‍സു ജോണ്‍, സെക്രട്ടറി ബിജു ചാണ്ടി, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ടോമി ജോസഫ്, അജീഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റുകള്‍ ഏറ്റുവാങ്ങിയത്.

ഗായകന്‍ എം.ജി. ശ്രീകുമാറിനെ കൂടാതെ ഗ്രാമി അവാര്‍ഡ് വിജയിയും പ്രശസ്ത വയലിനിസ്റ്റുമായ മനോജ് ജോര്‍ജ്, ഗായികമാരായ ടീനു ടെലന്‍സ്, ശ്രേയ തുടങ്ങിയവര്‍ അണിനിരക്കുന്ന ഗാനമേള കേരളത്തില്‍ നിന്നെത്തുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ പിന്‍ബലത്തില്‍ അരങ്ങേറുമ്പോള്‍ അത് യുകെ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറുമെന്ന് ഉറപ്പാണ്. രണ്ടായിരത്തിലധികം ആളുകള്‍ക്ക് സൗകര്യപ്രദമായി പ്രോഗ്രാം വീക്ഷിക്കാന്‍ പറ്റുന്ന അത്യാധുനിക സജ്ജീകരണങ്ങള്‍ ഉള്ള ലെസ്റ്റര്‍ അഥീന തിയേറ്റര്‍ ആണ് ശ്രീരാഗം 2019ന് വേദിയാവുന്നത് എന്നത് മറ്റൊരു ആകര്‍ഷണമാണ്.

ഷോയുടെ പ്രവേശനം ടിക്കറ്റുകള്‍ വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. ഡയമണ്ട്, പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ കാറ്റഗറിയിലാണ് ടിക്കറ്റുകള്‍ ലഭിക്കുക. ഡയമണ്ടില്‍ മുതിര്‍ന്നവര്‍ക്ക് 60 പൗണ്ടും കുട്ടികള്‍ക്ക് 50 പൗണ്ടുമാണ് നിരക്ക്. പ്ലാറ്റിനം വിഭാഗത്തില്‍ മുതിര്‍ന്നവര്‍ക്ക് 40 പൗണ്ടും കുട്ടികള്‍ക്ക് 30 പൗണ്ടും ഗോള്‍ഡ് വിഭാഗത്തില്‍ മുതിര്‍ന്നവര്‍ക്ക് 30 പൗണ്ടും കുട്ടികള്‍ക്ക് 20 പൗണ്ടും സില്‍വര്‍ വിഭാഗത്തില്‍ മുതിര്‍ന്നവര്‍ക്ക് 20 പൗണ്ടും കുട്ടികള്‍ക്ക് 10 പൗണ്ടുമാണ് ടിക്കറ്റ് നിരക്ക്. 

ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഷോയുടെ ടിക്കറ്റുകള്‍ എല്‍കെസി ഭാരവാഹികള്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് സ്‌പെഷല്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: ടോമി ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക