Image

കോണ്‍ഗ്രസ്-എഎപി സഖ്യത്തെ ചൊല്ലി അഭിപ്രായ ഭിന്നത; മധ്യസ്ഥതയുമായി ശരദ് പവാര്‍

Published on 19 March, 2019
കോണ്‍ഗ്രസ്-എഎപി സഖ്യത്തെ ചൊല്ലി അഭിപ്രായ ഭിന്നത; മധ്യസ്ഥതയുമായി ശരദ് പവാര്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എഎപി സഖ്യസാധ്യതകള്‍ക്ക് ഊര്‍ജം പകര്‍ന്ന് എന്‍സിപി നേതാവ് ശരദ് പവാറിന്റെ ഇടപെടല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഎപി നേതാവ് സഞ്ജയ് സിങ് എന്നിവരുമായി ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തി. ഇതിനെ തുടര്‍ന്നു ഡല്‍ഹി പിസിസി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് പ്രവര്‍ത്തകരുമായി വീട്ടില്‍ ചര്‍ച്ച നടത്തി.

തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആംആദ്മിയുമായി സഖ്യമുണ്ടാക്കരുതെന്ന് ഷീലാ ദീക്ഷിത് പറഞ്ഞു. സഖ്യമുണ്ടാക്കിയാല്‍ അത് കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം കാണിച്ച്‌ ഷീല ദീക്ഷിത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിക്കും കത്തയച്ചു.

എ.എ.പിയുമായുള്ള സഖ്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷം ചെയ്യുമെന്നാണ് കത്തില്‍ പറയുന്നത്. മുഖ്യ എതിരാളിയുമായി സഖ്യത്തിലേര്‍പ്പെടുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും ഒറ്റക്ക് മത്സരിക്കാമെന്നും അവര്‍ എഴുതുന്നു. എ.എ.പി സഖ്യം സംബന്ധിച്ച പ്രവര്‍ത്തകര്‍ക്കിടയിലെ ആശയക്കുഴപ്പം നീക്കാന്‍ നേതൃത്വം വ്യക്തമായ നിലപാട് അറിയിക്കണമെന്നും ഷീല ദീക്ഷിത് ആവശ്യപ്പെട്ടു.

ബി.ജെ.പിക്കെതിരെ മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുക എന്ന കോണ്‍ഗ്രസ് നയത്തെ ഡല്‍ഹിയിലെ നേതാക്കളും അനുസരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ഡല്‍ഹി ചുമതലയുള്ള നേതാവ് പി.സി ചാക്കോയുടെ നിലപാട്. വിഷയത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പി.സി ചാക്കോ വ്യക്തമായ തീരുമാനം കൈക്കൊള്ളുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.

എ.എ.പിയുമായുള്ള സഖ്യത്തോട് ഷീല ദീക്ഷിത് ഉള്‍പ്പെടെയുള്ള ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശക്തമായ എതിര്‍പ്പാണുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹി പി.സി.സി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ എ.എ.പിയുമായി സഖ്യം വേണ്ടെന്നായിരുന്നു വിലയിരുത്തല്‍. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ സഖ്യം തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിച്ച്‌ ബി.ജെ.പിയെ സഹായിക്കുകയാണ് കോണ്‍ഗ്രസെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച്‌ എ.എ.പി ഏഴില്‍ ആറ് സീറ്റിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക