Image

പ്രണയ സാഫല്യം (കഥ: ജയചിത്ര)

Published on 16 March, 2019
പ്രണയ സാഫല്യം (കഥ: ജയചിത്ര)
“പോസ്റ്റ്”...
മുറ്റത്ത് പോസ്റ്റുമാന്റെ നീട്ടിയുള്ള വിളി കേട്ടാണ് നീതു പുറത്തേക്ക് വന്നത്. ആരാണ് തനിക്കിപ്പോള്‍ കത്തയക്കാന്‍..? അയാള്‍ നീട്ടിയ കത്ത് അവള്‍ ആകാംക്ഷയോടെ വാങ്ങി.. പുറമേ അയച്ചതാരെന്നുള്ള വിവരവും അറിയാനില്ല.മെല്ലെ അവളാ കത്ത് പൊട്ടിച്ചു..വരികളിലൂടെ കണ്ണോടിക്കവേ കണ്ണുനീര്‍ കവിള്‍ത്തടങ്ങളെ നനയിച്ചു കൊണ്ട് ധാരയായി പെയിതിറങ്ങാന്‍ തുടങ്ങി..കൈകള്‍ വിറകൊണ്ടു.

“പ്രിയ നീതു..,
സുഖമാണോ നിനക്ക്...എത്രയോ നാളായെടോ തന്നെ കണ്ടിട്ട്...എന്തുണ്ട് വിശേഷങ്ങള്‍....?
എല്ലാത്തില്‍ നിന്നും ഒഴിഞ്ഞു മാറിയുള്ള പ്രവാസ ജീവിതം.ഈ നീണ്ട അഞ്ചു കൊല്ലത്തിനിടയിലും ഞാന്‍ ഒരു കാര്യം മനസ്സിലാക്കി.നിന്നെ എനിക്കൊരിക്കലും  മറക്കാനാകില്ലെന്ന്.. പ്രവാസത്തിന്റെ തീച്ചൂളയിലും ആ ഓര്‍മ്മകള്‍ മാത്രമായിരുന്നു ഒരാശ്വാസം..നിന്റെ പ്രണയം നിറഞ്ഞ മിഴികളിലെ നക്ഷത്രത്തിളക്കം എന്റെ ഹൃദയത്തിനെ ഇന്നും കൊളുത്തി വലിക്കാറുണ്ട്.. ആ മിഴികളിലാണ് ഞാന്‍ എന്റെ പ്രണയം ആദ്യമായി മനസ്സിലാക്കിയതും.. ഇട തൂര്‍ന്ന മുടിയിഴകള്‍ കാറ്റലിളകുന്ന കാഴ്ച പൊടിക്കാറ്റിന്റെ തീക്ഷണതയെ മറയ്ക്കാന്‍ കഴിയുന്ന നിമിഷങ്ങള്‍.. നീ നല്‍കിയ സ്‌നേഹമൊന്നു മാത്രമാണ് കൊടും ചൂടിനേയും കടുത്ത തണുപ്പിനേയും അതിജീവിക്കാന്‍ എനിക്ക് സഹായമായത്.. പിരിഞ്ഞിരിക്കുന്ന നിമിഷങ്ങളിലാണ് നിന്നെ ഞാന്‍ എത്രമാത്രം സ്‌നേഹിച്ചിരുന്നു എന്നറിയുന്നത്  പൂര്‍ണ്ണചന്ദ്ര ശോഭയാര്‍ന്ന നിന്റെ മുഖത്തിലെ പുഞ്ചിരി എന്നെ ജോലിയുടെ പ്രയാസങ്ങള്‍ മറക്കാന്‍ സഹായിക്കുമായിരുന്നു. നാമൊന്നിച്ചുള്ള നിമിഷങ്ങള്‍.. അതൊന്നു മാത്രമാണ് നീതു എനിക്കെന്നും ഒരാശ്വസമായതും.
അടുത്ത മാസം ഞാന്‍ നാട്ടിലെത്തും.. അച്ഛനേയും അമ്മയേയും കൂട്ടി നിന്റെ വീട്ടില്‍ ഞാനെത്തും.  നീയില്ലാത്ത ഒരു ജീവിതം എനിക്കിനിയാവില്ല. നിസ്സാരമായ ചില പിണക്കങ്ങള്‍ മാത്രമാണ് നമ്മെ ഇത്രയും അകറ്റിയത്. നീ അതെല്ലാം മറക്കണം.എന്റെ സ്‌നേഹം നീ മനസ്സിലാക്കണം നീതൂ. നിന്റെ കണ്ണുകളില്‍ നോക്കി എനിക്കെന്റെ പ്രണയം അറിയിക്കണം. ആ പുഞ്ചിരിയില്‍ മയങ്ങി, തുടുത്ത കവിളില്‍ ഒരു ചുംബനം നല്‍കണം.. ആ മുടിയിഴകളില്‍ തലോടി മാറോടണയ്ക്കണം..കൈകള്‍ കോര്‍ത്തു പിടിച്ച് നിനക്കൊപ്പം നമ്മള്‍ നടന്നു നീങ്ങിയ മരങ്ങള്‍ ഇടതൂര്‍ന്ന പാതയിലൂടെ നടക്കണം.
നീതൂ നീയെനിക്ക് എല്ലാമാണ് പ്രിയേ..നിര്‍ത്തട്ടെ..ഇനിയെല്ലാം നേരില്‍ കാണുമ്പോള്‍ പറയാം.. സ്‌നേഹത്തോടെ...."
                                         നിന്റെ വിഷ്ണു.

നീതുവിന് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു.ദേഹം തളരുന്നതു പോലെ തോന്നിയ അവള്‍ കട്ടിലിലേക്ക് വീണു..നെഞ്ചു പൊട്ടുമാറുച്ചത്തില്‍ കരഞ്ഞു.. എത്ര നേരം അങ്ങനെ കിടന്നൂന്ന് അവള്‍ക്കറിയില്ല...

മനസ്സൊന്നടങ്ങിയപ്പോള്‍ അവള്‍ പതിയെ എഴുന്നേറ്റു.. നിലക്കണ്ണാടിക്കു മുന്നിലെത്തി.അവിടെ പ്രതിഫലിച്ച അവളുടെ രൂപം...!!

 പ്രണയം നിറഞ്ഞ അവളുടെ കണ്ണുകളിലൊന്നിന്റെ കാഴ്ച ഇല്ലാതായി.. പൊള്ളലേറ്റ് കരിഞ്ഞ കവിള്‍ത്തടങ്ങള്‍.. ഇടതൂര്‍ന്ന മുടിയിഴകളില്ലാത്ത മുണ്ഡനം ചെയ്ത തല..  പ്രതീക്ഷകള്‍ അറ്റ പുഞ്ചിരിയില്ലാത്ത നീതു.. കരിഞ്ഞു മെലിഞ്ഞ കൈകള്‍.ഹോ; ആ കാഴ്ച അതി ഭീകരമായിരുന്നു അവള്‍ക്കു തന്നെ.

അവള്‍ വീണ്ടും ആര്‍ത്തു കരഞ്ഞു. വിഷ്ണു.  അവന്‍ ഈ രൂപത്തെ കാണുമ്പോള്‍ അറപ്പോടെ മുഖം തിരിക്കില്ലേ..
"എന്റെ ഈശ്വരന്മാരേ അവനെത്തും മുന്നേ നിനക്കെന്റെ ജീവനങ്ങ് എടുത്തു കൂടെ.. അവന്റെ അറപ്പോടെയുള്ള മുഖം കാണാനുള്ള ശക്തി എനിക്കില്ല.  അത്രയേറെ ഇഷ്ടപ്പെട്ടതാണവനെ.. "

ജോലികഴിഞ്ഞ് വീട്ടിലെത്തിയ അമ്മ കണ്ടത് കരഞ്ഞു തകര്‍ന്ന മകളെയാണ്. ഭയന്നു പോയ ആ അമ്മ മകളോട് വിവരം ആരാഞ്ഞു. അമ്മയോട് അവള്‍ കാര്യങ്ങള്‍ എല്ലാം പറഞ്ഞു.

 “മോള്‍ വിഷമിക്കണ്ട അവരെത്തുമ്പോള്‍ അമ്മ എന്തേലും പറഞ്ഞ് മടക്കി അയച്ചോളാം..”

ഒരു ഞായാറാഴ്ച മുറ്റത്ത് സംസാരം കേട്ടാണ് അമ്മ പുറത്തേക്ക് നോക്കിയത്. സുമുഖനായ ഒരു ചെറുപ്പക്കാരനും..അവന്റെ അതേ ഛായയിലുള്ള ആഢ്യത്വം തുളുമ്പുന്ന ഒരു സ്ത്രീയെയുമാണ് കണ്ടത്. അവര്‍ക്ക് വിഷ്ണുവും അമ്മയും ആണെന്ന് മനസ്സിലായിരുന്നു. കയറിയിരിക്കാന്‍ അവരോട് പറഞ്ഞ ശേഷം ആ അമ്മ അവരോട് വന്ന കാര്യം ചോദിച്ചറിഞ്ഞു.

“നീതുവിനെത്തേടിയാണോ..അവള്‍ കല്യാണം കഴിഞ്ഞ് ഭര്‍തൃ വീട്ടിലാണല്ലോ മകനേ.. നിന്നെ കല്യാണം ക്ഷണിച്ചില്ലാരുന്നോ അവള്‍..”

"ഇല്ലമ്മേ ഞാന്‍ വിദേശത്തായിരുന്നു,ഇന്നലെയാണ് നാട്ടിലെത്തിയത്. അവള്‍ക്ക് സുഖമാണോ..? "

"അതെ മോനേ.."

"ശരി എങ്കില്‍ ഞങ്ങള്‍ ഇറങ്ങട്ടെ.അവളോട് എന്റെ അന്വേഷണം പറയണം."

 ഇതെല്ലാം കണ്ട് ഹൃദയം തകര്‍ന്നു നീതു അകത്ത് നില്‍പ്പുണ്ടായിരുന്നു. ജനാലയിലൂടെ അവളവനെ മതിവരുവോളം നോക്കി നിന്നു. എത്ര നാളായി അവനെ ഒന്നു കണ്ടിട്ട്.ഈശ്വരന്‍ അതിനും ഒരു വഴി കാട്ടിത്തന്നല്ലോ.. ഇനി മരിച്ചാലും വേണ്ടില്ല. ആ അമ്മയും മകനും അവിടുന്ന് നിരാശയോടെ പോയി..കാറില്‍ കയറിയ ഉടനെ അവന്‍ പൊട്ടിക്കരയാന്‍ തുടങ്ങി.അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ  അവന്റെ അമ്മയും വിഷമിച്ചു.

 പിറ്റേന്ന് വിഷ്ണു തന്റെ പ്രിയ സുഹൃത്തായ അജയനെ കാണാന്‍ പോയി.ഒത്തിരി നാള്‍ കൂടി അവനെ കണ്ട വിഷ്ണു വിവരങ്ങള്‍ ഒക്കെ തിരക്കി..മറ്റു സുഹൃത്തുക്കളുടെ വിവരങ്ങളും തിരക്കിയറിഞ്ഞു.

"ആ വിഷ്ണു നീ നീതുവിനെ കാണാന്‍ പോയിരുന്നോ..? പാവം കുട്ടി ..എന്തു വിധിയാണ് അവളുടെ.. "

വിഷ്ണു തെല്ലൊരത്ഭുതത്തോടെ അവനെ നോക്കി..
"എന്തു വിധി അവള്‍ കല്യാണം കഴിഞ്ഞ് സുഖമായി താമസിക്കുകയല്ലേ..? "

"ങേ! കല്യാണമോ..അവള്‍ക്കോ..ആരു പറഞ്ഞു നിന്നോട് ഇതൊക്കെ...?"

"ഞാന്‍ അവളുടെ വീട്ടില്‍ പോയിരുന്നല്ലോ..അവളുടെ അമ്മ പറഞ്ഞതാണ്.. "
വിഷ്ണു അവനോട് തലേന്ന് നടന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞു.

"ഇല്ലെടാ.. അവള്‍ ദേഹമാസകലം പൊള്ളലേറ്റ് മരണത്തിനും ജീവിതത്തിനുമിടയിലായിരുന്നു. മണ്ണെണ്ണ വിളക്ക് തട്ടി മറിഞ്ഞ് വീടിന് തീ പിടിച്ചു.. അവള്‍ അതിനുള്ളിലായിരുന്നു.ആള്‍ക്കാര്‍ ഓടിക്കൂടി എങ്ങനേലും ആണ് രക്ഷപെടുത്തിയത്.അവളുടെ ഇന്നത്തെ രൂപം കണ്ടാല്‍ ആരും അറപ്പോടെയേ നോക്കൂ. "

വിഷ്ണു സ്തംബ്ധനായി നിന്നു പോയി ഇതൊക്കെ കേട്ടപ്പോള്‍..തന്റെ പ്രിയപ്പെട്ടവള്‍..അവള്‍ക്ക് ഈ ദുര്‍വിധിയോ..അവന് ബോധം മറയുന്നതു പോലെ തോന്നി.ഉണര്‍ന്നപ്പോള്‍ ഹോസ്പിറ്റലില്‍ ആയിരുന്നു.  അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.അവന്‍ ചില തീരുമാനങ്ങള്‍ എടുത്തു.

"അമ്മേ ഇവിടെ ആരും ഇല്ലേ...? "

"ആരാണ് ദേ വരുന്നു.. ങേ വിഷ്ണുവോ..എന്താ മോനേ..?"

"അതമ്മേ എനിക്ക് നീതുവിനെ ഒന്നു കാണണം.അവളുടെ അഡ്രസ് തന്നാല്‍ ഞാനൊന്നു പോയി കണ്ടിട്ടു വരാം.. "

"അതു വേണ്ട മോനേ ശരിയാകില്ല.മോനായിട്ട് അവളുടെ ജീവിതം ഇല്ലാതാക്കരുത്. "

"അതെങ്ങനെയാ അമ്മേ എനിക്കൊന്ന് അവളെ കണ്ടാല്‍ മാത്രം മതി.. "

"ഇല്ല അതു വേണ്ട. "

 "അമ്മേ എന്നോട് എന്തിനീ കളവൊക്കെ പറയുന്നു.നീതുവിന് സംഭവിച്ചതെല്ലാം ഞാനറിഞ്ഞു എനിക്കവളെ കണ്ടേ മതിയാകൂ.."

മുള ചീന്തുന്ന പോലെയുള്ള കരച്ചില്‍ അവനകത്തു നിന്ന് കേട്ടു... ഓടി അകത്തേക്ക് കയറി..അവിടെ അവന്‍ കണ്ടു..തന്റെ പ്രിയപ്പെട്ടവള്‍..!!
"ഹോ ദൈവമേ ..നീ ഇത്ര ക്രൂരനോ..എന്റെ പ്രിയപ്പെട്ടവളോട് ഇത് വേണമായിരുന്നോ..?"
അവന്‍ അവളെ തന്റെ നേര്‍ക്ക് പിടിച്ചു നിര്‍ത്തി..സഹിക്കാവുന്നതിനും അപ്പുറമായിരുന്നു ആ കാഴ്ച..അവനവളെ തന്റെ നെഞ്ചിലേക്ക് ചേര്‍ത്തമര്‍ത്തി.. അവളാ നെഞ്ചില്‍ വീണു പൊട്ടിക്കരഞ്ഞു.. അതെല്ലാം കണ്ട ആ അമ്മമാരും...

മനസ്സ് കൊണ്ട് സ്‌നേഹിച്ചവരാണ് അവര്‍..അവരെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല.. സ്‌നേഹം നിറഞ്ഞ മനസ്സാണ് ഏറ്റവും വലുത്..ശരീരം വികൃതമായാലും മനസ്സ് നന്മയുള്ളതും സ്‌നേഹമുള്ളതും ആയാല്‍ മതി.പ്രണയം ശരീരത്തോടാകരുത്...

പ്രണയ സാഫല്യം (കഥ: ജയചിത്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക